കോംഗോ: വാക്‌സീന്‍ സര്‍വേക്ക് എത്തിയ ആരോഗ്യപ്രവര്‍ത്തകരെ ചുട്ടുകൊന്ന് ഗ്രാമവാസികള്‍. രോഗം പടര്‍ത്താനെത്തിയവരാണെന്നു തെറ്റിധരിച്ചാണ് ഗ്രാമവാസികള്‍ നാലുപേരെ ചുട്ടുകൊന്നത്. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 2025 ഒക്ടോബര്‍ 6 നാണ് സംഭവം. കോംഗോയിലെ ടിഷോപ്പോ പ്രവശ്യയിലെ ഇലാംബിയിലാണ് വാക്‌സീന്‍ പഠനവുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകരെത്തിയത്. എന്നാല്‍ പുരുഷന്മാരുടെ ലൈംഗികാവയവങ്ങള്‍ ചുരുങ്ങിപ്പോകുന്ന 'അദൃശ്യ രോഗം' പടര്‍ത്താനാണ് ഇവരെത്തുന്നതെന്ന വ്യാജവാര്‍ത്ത അതിനു മുന്‍പു തന്നെ ഗ്രാമത്തില്‍ പടര്‍ന്നിരുന്നു.
ജോണ്‍ തംഗകേയ, പ്ലാസിഡ് എംബുംഗി എന്നിവരുള്‍പ്പെട്ട മെഡിക്കല്‍ സംഘം ഗ്രാമത്തിലെത്തിയപ്പോള്‍ നൂറുകണക്കിന് ആളുകള്‍ ഇവരെ വളയുകയായിരുന്നു. ഹൈവിസിബിലിറ്റി ജാക്കറ്റുകളും കയ്യിലുണ്ടായിരുന്ന ഡിജിറ്റല്‍ ടാബ്ലറ്റുകളും ഗ്രാമവാസികളുടെ സംശയം വര്‍ധിപ്പിച്ചു.
വാക്‌സിന്‍ ഗവേഷണത്തിന് എത്തിയതാണെന്ന് പറഞ്ഞിട്ടും ഗ്രാമവാസികള്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. അക്രമാസക്തരായ കൂട്ടം ഇവരെ മര്‍ദ്ദിച്ച് അവശരാക്കുകയും ശേഷം തീയിടുകയും ചെയ്തു. ആക്രമണത്തില്‍നിന്നും ഒരാള്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
പുരുഷന്മാരുടെ ലൈംഗികാവയവങ്ങള്‍ അപ്രത്യക്ഷമാകുന്ന രോഗമാണ് 'ഇമാജിനറി ഡിസീസ്' എന്ന പേരില്‍ പ്രചരിക്കപ്പെട്ട വ്യാജരോഗം. ഇത് ആഫ്രിക്കയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ലോകാരോഗ്യ സംഘടനയ്ക്കു കീഴിലുള്ള ആഫ്രിക്ക ഇന്‍ഫോഡെമിക് റെസ്‌പോണ്‍സ് അലയന്‍സ് റിപ്പോര്‍ട്ടു പ്രകാരം കോംഗോയില്‍മാത്രം 17 ആരോഗ്യപ്രവര്‍ത്തകര്‍ ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates