ജനീവ: റഷ്യൻ അധിനിവേശം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ലാബുകളിൽ സൂക്ഷിച്ചിരിക്കുന്ന അപകടകാരികളായ രോഗാണുക്കളെ നശിപ്പിച്ച് കളയാൻ യുക്രൈന് ലോകാരോഗ്യ സംഘടനയുടെ നിർദേശം. യുദ്ധത്തിന് അയവു വരാത്ത സാഹചര്യത്തിൽ ലാബുകൾ തകർന്ന് രോഗാണുക്കൾ പുറത്തുവന്നേക്കാമെന്ന് ആശങ്കകൾ ഉണ്ട്. ഈ സാധ്യത മുന്നിൽ കണ്ടാണ് ഡബ്ല്യുഎച്ഒ നിർദ്ദേശം നൽകിയത്.
ആകസ്മികമോ ബോധപൂർവമോ ആയി രോഗാണുക്കൾ പുറത്തുവരുന്നത് തടയാൻ ലാബുകളിലെ സുരക്ഷാ നടപടികൾ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടു വർഷങ്ങളായി ഡബ്ല്യുഎച്ഒ യുക്രൈനുമായി സഹകരിക്കുന്നുണ്ട്. ഈ പ്രവർത്തനത്തിന്റെ ഭാഗമായി, യുക്രൈനിലെ ആരോഗ്യ മന്ത്രാലയത്തിനും മറ്റ് ഉത്തരവാദപ്പെട്ട സ്ഥാപനങ്ങൾക്കും, അപകടകാരികളായ രോഗാണുക്കളെ നശിപ്പിച്ച് കളയാൻ നിർദേശം നൽകിയതായി ഡബ്ല്യുഎച്ഒ അറിയിച്ചു.
എന്നാൽ യുക്രൈനിലെ ലാബുകളിൽ സൂക്ഷിച്ചിരിക്കുന്ന രോഗാണുക്കളെ കുറിച്ച് ഡബ്ല്യുഎച്ഒ വ്യക്തമാക്കിയിട്ടില്ല. എപ്പോഴാണ് ഈ നിർദേശം നൽകിയതെന്നു എന്ന കാര്യവും പുറത്തു വന്നിട്ടില്ല. മറ്റു പല രാജ്യങ്ങളെയും പോലെ, യുക്രൈനിലെ ലാബുകളിലും കോവിഡ് ഉൾപ്പെടെ മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന അപകടകരമായ രോഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. പരീക്ഷണങ്ങൾക്ക് യുഎസ്, യൂറോപ്യൻ യൂണിയൻ, ഡബ്ല്യുഎച്ഒ എന്നിവയുടെ പിന്തുണയുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates