ടെഹ്റാൻ: നിർബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്‌ത യുവതി മരിച്ച സംഭവത്തിൽ ഇറാനിൽ വൻ പ്രതിഷേധം. സഗേസ് സ്വദേശിയായ 22 വയസുകാരി മഹ്‌സ അമിനിയാണ് മരിച്ചത്. ഇവരുടെ മൃതദേഹം സംശയാസ്പദമായ സാഹചര്യത്തിലാണ് കണ്ടെത്തിയത്. വെള്ളിയാഴ്‍ചയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഡിറ്റൻഷൻ സെന്ററിലേക്കു മാറ്റുന്നതിനിടെ പൊലീസ് വാനിൽ മഹ്‌സ ക്രൂര മർദനത്തിന് ഇരയായെന്നു ബന്ധുക്കൾ ആരോപിക്കുന്നു. ആക്രമണത്തിനു പിന്നാലെ കോമയിലായ യുവതിക്ക് ആശുപത്രിയിൽ വച്ച് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നുവെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിലെ സദാചാര പോലീസ് ആയ ഗഷ്‌തെ ഇര്‍ഷാദ് (ഗൈഡന്‍സ് പട്രോള്‍) ആണ് മഹ്‌സയെ കസ്റ്റഡിയിൽ എടുത്തത്. മതപരമായ രീതിയിലുള്ള വസ്ത്രധാരണം ഉറപ്പു വരുത്തുക എന്നതാണ് ഗൈഡന്‍സ് പട്രോളിന്റെ ചുമതല.
ടെഹ്റാനിൽ സഹോദരൻ കൈരാഷിനൊപ്പം അവധി ദിനം ചെലവിടാൻ എത്തിയതായിരുന്നു മഹ്‍സ അമിനി. സെപ്റ്റംബർ 13ന് ഇരുവരും ഷാഹിദ് ഹഗാനി എക്‌സ്പ്രസ് വേയിൽ എത്തിയപ്പോൾ ഉചിതമായ രീതിയിൽ ശിരോവസ്ത്രം ധരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പൊലീസ് ഇവരെ തടഞ്ഞു.
യുവതിയെ പൊലീസ് നിർബന്ധിച്ച് വാനിൽ വോസാര അവനുവിൽ ഉള്ള സ്റ്റേഷനിലേക്കു കൊണ്ടുപോയെന്നു യുവതിയുടെ സഹോദരൻ ആരോപിച്ചു. തടയാൻ ശ്രമിച്ച തനിക്കും മർദനമേറ്റു. പൊലീസ് സ്റ്റേഷനിൽ ഒരു മണിക്കൂറോളം നീണ്ടുനിൽക്കുന്ന ബോധവത്‌കരണത്തിനു ശേഷം മഹ്‌സയെ വിട്ടയ്ക്കുമെന്നാണ് പൊലീസ് തന്നോട് പറഞ്ഞിരുന്നതെന്നും സഹോദരൻ പറയുന്നു.
താൻ പൊലീസ് സ്റ്റേഷനിൽ എത്തുമ്പോൾ തട്ടമിടാതെ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടുവെന്ന് ആരോപിച്ച് പൊലീസ് കസ്‌റ്റഡിയിൽ എടുത്ത പന്ത്രണ്ടോളം യുവതികൾ അവിടെയുണ്ടായിരുന്നു. പലരും ഉച്ചത്തിൽ നിലവിളിക്കുന്നത് കേൾക്കാമായിരുന്നു. മഹ്‌സയെ പൊലീസ് വാനിൽ വച്ച് ക്രൂരമായി പൊലീസ് ആക്രമിച്ചുവെന്നും സഹോദരൻ ആരോപിച്ചു.
മഹ്‌സയെ പൊലീസ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജനങ്ങൾ മഹ്‌സയെ ചികിത്സിച്ചിരുന്ന ആശുപത്രി ഉപരോധിച്ചു. ആശുപത്രിയിലും പൊലീസ് സ്റ്റേഷൻ പരിസരത്തും പ്രതിഷേധമുണ്ടായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates