ടെക്സസ്: സാമ്പത്തിക ഇടപാടുകൾക്കായി ബാങ്കിലെത്തിയ വയോധിക മാസ്‌ക്ക് ധരിക്കാൻ വിസമ്മതിച്ചതിന് പിന്നാലെ വിലങ്ങുവച്ച് പൊലീസ്. ഗാൽവെസ്റ്റോണിലെ ബാങ്ക് ഓഫ് അമേരിക്കയിൽ എത്തിയ 65കാരിയാണ് മാസ്‌ക് ധരിക്കാൻ വിസമ്മതിച്ചത്. ബാങ്കിന്റെ നിബന്ധനകൾ അനുസരിക്കാത്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
പൊതുസ്ഥലത്ത് മാസ്‌ക്ക് ധരിക്കേണ്ടെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് ടെറി റൈറ്റ് എന്ന സ്ത്രീ മാസ്‌ക് ധരിക്കില്ലെന്ന് പറഞ്ഞത്. എന്നാൽ അവർ പൊതുസ്ഥലത്തല്ലെന്നും ബാങ്ക് പ്രൈവറ്റ് സ്ഥാപനമാണെന്നും പൊലീസുകാരൻ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥന്റെ വസ്ത്രത്തിൽ ഘടിപ്പിച്ചിരുന്ന ബോഡി കാമറയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്ത്രീ മാസ്‌ക് ധരിക്കാതായപ്പോൾ ബലമായി വിലങ്ങുവച്ച് ബാങ്കിൽ നിന്ന് ഇവരെ നീക്കി. പ്രായമായ തന്നോട് ഇത്തരത്തിൽ പെരുമാറാൻ പാടില്ലെന്നും ശരീരത്തിൽ സ്പർശിക്കരുതെന്നും പറയുന്നത് വിഡിയോയിൽ കേൾക്കാം.
കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ ഒന്നൊന്നായി ഒഴിവാക്കി ബിസിനസ് സുഗമമാക്കാനുള്ള ഒരുക്കത്തിലാണ് ടെക്‌സാസ് അടക്കമുള്ള അമേരിക്കൻ നഗരങ്ങൾ. ഇതിന്റെ ഭാഗമായാണ് മാസ്‌ക് ധരിക്കണമെന്ന നിബന്ധന എടുത്തുമാറ്റിയത്. എന്നാൽ ഇത് പൊതുഇടങ്ങളിലെ കാര്യമാണെന്നാണ് പൊലീസ് പറയുന്നത്. അതിക്രമിച്ച് കടന്നതിനും അറസ്റ്റ് തടഞ്ഞതിനും ടെറിക്കെതിരെ വാറന്റ് പുറപ്പെടുവിക്കുമെന്ന് പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates