ബീജിങ്; കോവിഡ് 19 ന് പിന്നാലെ ലോകത്തെ ആശങ്കയിലാക്കി ചൈനയിലെ ബ്യൂബോണിക് പ്ലേഗ്. ചൈനയിലെ ബായനോറിൽ ബ്യൂബോണിക് പ്ലേഗ് സംശയിക്കുന്നതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകി. പ്ലേഗ് പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ലെവൽ III ജാഗ്രതാനിർദേശമാണ് നൽകിയിരിക്കുന്നത്. പ്ലേഗ് മനുഷ്യരിലേക്ക് പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാൽ സുരക്ഷാമാർഗങ്ങൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചതായി പീപ്പിൾസ് ഡെയ്ലി ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
ചൈനയിലെ ബായനോറിലാണ് പ്ലേഗ് രോഗലക്ഷണങ്ങളോടു കൂടി ഒരാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ബ്യൂബോണിക് പ്ലേഗാണെന്നുള്ള സംശയത്തെ തുടർന്നാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. 2020 അവസാനം വരെ മുൻകരുതൽ തുടരണമെന്ന് പ്രാദേശിക ആരോഗ്യ അധികൃതർ അറിയിച്ചു. പ്ലേഗ് പടർന്നു പിടിക്കുന്നത് തടയാൻ പൊതുജനങ്ങൾ സുരക്ഷാമാർഗങ്ങൾ സ്വീകരിക്കണമെന്നും രോഗലക്ഷണങ്ങൾ പ്രകടമാകുന്നവർ വിവരമറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഖോവ്ഡ് പ്രവിശ്യയിൽ രോഗലക്ഷണങ്ങളുമായെത്തിയ രണ്ട് പേർക്ക് ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചതായി ഷിൻഹ്വാ വാർത്താ ഏജൻസി ജൂലായ് ഒന്നിന് റിപ്പോർട്ട് ചെയ്തിരുന്നു. ഇരുപത്തിയേഴുകാരനും സഹോദരനായ പതിനേഴുകാരനുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവർ ഇപ്പോൾ ചികിത്സയിലാണ്.
എലി വർഗത്തിൽ പെട്ട മാമറ്റിന്റെ(Marmot)മാംസം ഭക്ഷിച്ചതിൽ നിന്നാണ് ഇവർക്ക് രോഗബാധയുണ്ടായതെന്നും മാമറ്റിന്റെ മാംസം കഴിക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട 146 പേർ വിവിധ ആശുപത്രികളിൽ നിരിക്ഷണത്തിലാണ്. മാമറ്റ് ഉൾപ്പെടെയുള്ള എലി വർഗത്തിൽ പെട്ട ജീവികളുടെ ശരീരത്തിലെ ഒരുതരം ചെള്ളാണ് രോഗം പരത്തുന്നത്. സമയത്തിന് ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗബാധയുണ്ടായി 24 മണിക്കൂറിനകം രോഗിയുടെ മരണം സംഭവിക്കാമെന്ന് ലോകാരോഗ്യസംഘടന(ഡബ്ല്യുഎച്ച്ഒ)പറയുന്നു.
പാകം ചെയ്യാത്ത മാമറ്റ് മാംസം ഭക്ഷിച്ചതിനെ തുടർന്ന് ബയാൻ-ഉൽഗി പ്രവിശ്യയിൽ ദമ്പതിമാർ ഒരു കൊല്ലം മുമ്പ് രോഗം ബാധിച്ച് മരിച്ചിരുന്നു. പന്നികളിൽ നിന്നുണ്ടായേക്കാമെന്ന് സംശയിക്കുന്ന മഹാമാരിയെ കുറിച്ചുള്ള മുന്നറിയിപ്പിന് ശേഷമാണ് ബ്യൂബോണിക് പ്ലേഗിനെ കുറിച്ചുള്ള ജാഗ്രതാനിർദേശം ചൈനയിൽ നൽകിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates