ലണ്ടൻ: ഇന്ത്യൻ വംശജയായ ഭാര്യയെ കുത്തിക്കൊന്ന ബ്രിട്ടൺ പൗരന് ജീവപര്യന്തം തടവ്. ലോറൻസ് ബ്രാൻഡ് എന്നയാൾക്കാണ് ബ്രിട്ടണിലെ
റീഡിംഗ് ക്രൗസ് കോടതി ശിക്ഷ വിധിച്ചത്. ക്രിസ്മസ് ദിനത്തിൽ ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തിക്കൊന്ന കേസിലാണ് ശിക്ഷ.
2018ലാണ് സംഭവം. ഇന്ത്യൻ വംശജയായ ഭാര്യ എയ്ഞ്ചല മിത്തലിനെ ലോറൻസ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.കഴുത്തിലും നെഞ്ചിലുമായി 59 തവണ എയ്ഞ്ചലയെ ലോറൻസ് കുത്തി. സംഭവം നടന്ന ബെർക്ഷെയറിലെ വീട്ടിലെ കിടപ്പുമുറിയിൽ എയ്ഞ്ചലയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.കുത്തുന്നതിനിടെ ഒരു കത്തി ഒടിഞ്ഞുപോയതിനെ തുടർന്ന് മറ്റൊരു കത്തി കണ്ടെടുത്ത് ഇയാൾ ഭാര്യയെ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വിവാഹമോചനം ആവശ്യപ്പെട്ടതിനാണ് എയ്ഞ്ചലയെ ലോറൻസ് കൊലപ്പെടുത്തിയത് എന്നാണു പോലീസ് പറയുന്നത്. ഉറങ്ങിക്കിടക്കവെയാണ് ഇയാൾ ഭാര്യയെ അടുക്കളയിലുപയോഗിക്കുന്ന കത്തിയുപയോഗിച്ച് തുടരെ തുടരെ കുത്തിയത്. തുടർന്ന് ഇയാൾ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അതേസമയം ജീവന് വേണ്ടി മല്ലിട്ടുകൊണ്ടിരുന്ന എയ്ഞ്ചലയെ രക്ഷിക്കാൻ ആംബുലൻസ് വേണമെന്ന് പറയാൻ അദ്ദേഹം തയ്യാറായില്ലെന്നും പൊലീസ് പറയുന്നു. ആശുപത്രിയിൽ എത്തിക്കാൻ വൈകിയതും മരണകാരണമായെന്ന് പൊലീസ് വ്യക്തമാക്കുന്നു.
വർഷങ്ങളായി ലോറസ് ശാരീരികമായും മാനസികമായും എയ്ഞ്ചലയെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും, ഇതേുടർന്നാണ് അവർ വിവാഹമോചനം ആവശ്യപ്പെട്ടതെന്നും ശിക്ഷ വിധിച്ചുകൊണ്ട് കോടതി പറഞ്ഞു. 2006-ൽ ഹോളണ്ടിലെ റോട്ടർഡാമിൽവെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഒരു കുഞ്ഞിന്റെ അമ്മ കൂടിയായിരുന്നു എയ്ഞ്ചല. ഭാരത് - കമല മിത്തൽ ദമ്പതികളുടെ മകളാണ് എയ്ഞ്ചല
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates