ഐ ആം ഗേ: സ്വവര്‍ഗാനുരാഗ വീഡിയോകള്‍ പിന്‍വലിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം
ബെയ്ജിങ്: സ്വവര്‍ഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യുമെന്ന അറിയിപ്പിന് പിന്നാലെ ചൈനയില്‍ ശക്തമായ പ്രതിഷേധം. പ്രമുഖ മൈക്രോബ്ലോഗിങ് സൈറ്റായ സിനാ വീബോ തങ്ങളുടെ സൈറ്റില്‍ നിന്ന് സ്വവര്‍ഗാനുരാഗ വീഡിയോകള്‍ നീക്കം ചെയ്യുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി സ്വവര്‍ഗാനുരാഗികള്‍ രംഗത്തെത്തിയത്.
സോഷ്യലിസത്തിനുകീഴില്‍ സ്വവര്‍ഗ ലൈംഗികത തെറ്റാണോയെന്നാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന ചോദ്യം. സാമ്പത്തികമായും സൈനികമായും മാത്രമാണ് പുരോഗതി നേടിയിട്ടുള്ളതെന്നും ആശയങ്ങളുടെ കാര്യത്തില്‍ പഴയ ഫ്യൂഡല്‍യുഗത്തിലേക്ക് ചൈന തിരിച്ചുപോകുകയാണെന്നും പ്രതിഷേധക്കാര്‍ അഭിപ്രായപ്പെട്ടു.
'ഐ ആം ഗേ' എന്ന ഹാഷ്ടാഗില്‍ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രതിഷേധ പ്രചാരണത്തിന് ലക്ഷകണക്കിന് ഉപയോക്താക്കളാണ് പിന്തുണയറിയിച്ചിട്ടുള്ളത്.
സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ ഇന്റര്‍നൈറ്റില്‍നിന്ന് നീക്കം ചെയ്യാനുള്ള ചൈനീസ് സര്‍ക്കാര്‍ നടപടികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്വവര്‍ഗാനുരാഗ വീഡിയോകള്‍ നീക്കം ചെയ്യാനുള്ള തീരുമാനം. നിയമവിരുദ്ധവും അശ്ലീല ഉള്ളടക്കങ്ങളുള്ളതും അക്രമത്തെയും സ്വവര്‍ഗ ലൈംഗികതയെയും പ്രോത്സാഹിപ്പിക്കുന്നതുമായ വീഡിയോകള്‍ തങ്ങളുടെ സൈറ്റില്‍ നിന്ന് നീക്കം ചെയ്യുന്നതിനായുള്ള പ്രചാരണം ആരംഭിക്കുന്നതായി വെള്ളിയാഴ്ചയാണ് വീബോ പ്രസ്താവനയിറക്കിയത്. ഇതിനു പിന്നാലെയാണ് ശനിയാഴ്ച ഉപയോക്താക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 40 കോടിയിലേറെ ഉപയോക്താക്കളാണ് വീബോയ്ക്കുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

