വാഷിങ്ടൻ: ചൈനയിലെ വുഹാനിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ പരിശീലനാർത്ഥി അബദ്ധത്തിൽ ചോർത്തിയതാണ് നോവൽ കൊറോണ വൈറസെന്ന് യുഎസ് മാധ്യമം. ഫോക്സ് ന്യൂസാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
വൈറസ് ജൈവ ആയുധമല്ലെന്നും വവ്വാലുകളിൽ കാണപ്പെടുന്ന ഒരു ശ്രേണിയിൽപ്പെടുന്നതാണെന്നും ഫോക്സ് ന്യൂസ് വാർത്തയിൽ പറയുന്നു. ഈ വവ്വാലിനെ ലബോറട്ടറിയിൽ പരീക്ഷണത്തിന് ഉപയോഗിച്ചിരുന്നു. ഈ വവ്വാലിൽ നിന്നാണ് മനുഷ്യനിലേക്ക് വൈറസ് പകർന്നത്. ആദ്യമായി വൈറസ് കയറിയ മനുഷ്യ ശരീരം (പേഷ്യന്റ് സീറോ) ലബോറട്ടറിയിൽ ജോലി ചെയ്തയാളുടേതാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
അബദ്ധത്തിലാണ് പരിശീലനാർത്ഥിയായ പെൺകുട്ടിയുടെ ശരീരത്തിൽ വൈറസ് കയറിയത്. ഇവരുടെ ആൺ സുഹൃത്തിലേക്ക് എത്തിയ വൈറസ് പിന്നീട് വുഹാൻ മാർക്കറ്റിലേക്കും ബാക്കിയുള്ളവരിലേക്കും പകരുകയായിരുന്നു.
നേരത്തെ, വുഹാനിലെ വെറ്റ് മാർക്കറ്റിൽ നിന്നാണ് വൈറസ് പകർന്നതെന്ന് ആരോപണം ഉയർന്നിരുന്നു. ഈ വെറ്റ് മാർക്കറ്റിൽ വവ്വാലുകളെ വിൽപ്പനയ്ക്കു വച്ചിരുന്നില്ല. എന്നാൽ ലബോറട്ടറിയെ പഴിക്കാതിരിക്കാൻ ചൈന വെറ്റ് മാർക്കറ്റിനെയാണ് കുറ്റപ്പെടുത്തിയത്. പകർച്ച വ്യാധിയെക്കുറിച്ചുള്ള വാർത്ത പുറത്തു വരുന്നത് ചൈന മൂടിവയ്ക്കാൻ ശ്രമിച്ചു. ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ഇതിന്റെ ഭാഗമായെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
വൈറസിനെപ്പറ്റിയുള്ള പഠനം ഈ ലബോറട്ടറിയിൽ നടന്നിരുന്നു. യുഎസ്സിനെക്കാൾ മെച്ചമായതോ ഒപ്പം നിൽക്കുന്നതോ ആയ ഗവേഷണ സംവിധാനം ഉണ്ടെന്നു കാണിക്കാനാണ് വുഹാൻ ലാബിൽ നോവൽ കൊറോണ വൈറസിനെക്കുറിച്ചു പഠനം ചൈന നടത്തി എന്നാണ് വാർത്തയിൽ പറയുന്നത്. ഔദ്യോഗികമായി ആരെയും ഉദ്ധരിക്കാതെയാണ് ഫോക്സ് ന്യൂസിന്റെ റിപ്പോർട്ട്.
എന്നാൽ ഫോക്സ് ന്യൂസിന്റെ ഈ റിപ്പോർട്ടിനെ അംഗീകരിക്കാനോ തള്ളിക്കളയാനോ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറായിട്ടില്ല. കൂടുതൽ കാര്യങ്ങൾ അറിയേണ്ടതുണ്ടെന്നും എന്താണ് സംഭവിക്കുന്നതെന്നു നോക്കാമെന്നുമാണ് ട്രംപിന്റെ നിലപാട്.
ഇക്കാര്യം ട്രംപിന്റെ ദിവസേനെയുള്ള വൈറ്റ് ഹൗസ് ബ്രീഫിങ്ങിൽ ഫോക്സ് ന്യൂസിന്റെ റിപ്പോർട്ടർ ജോൺ റോബർട്ട് പ്രസിഡന്റിനോട് ചോദിക്കുകയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ കേൾക്കുന്നുണ്ടെന്നും എന്താണ് സംഭവിക്കുക എന്നു കാത്തിരിക്കുകയാണെന്നും ട്രംപ് മറുപടി പറഞ്ഞു. എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് വ്യക്തമായി അന്വേഷിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates