കൊറോണ വൈറസ്; ചൈനയിൽ മരണം 41; 1287 പേര്‍ക്ക് രോഗ ബാധ; യൂറോപ്പിലേക്കും പടരുന്നു

ലോകം മുഴുവൻ ഭീതി പടർത്തി ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്നു
കൊറോണ വൈറസ്; ചൈനയിൽ മരണം 41; 1287 പേര്‍ക്ക് രോഗ ബാധ; യൂറോപ്പിലേക്കും പടരുന്നു
Updated on
1 min read

ബെയ്ജിങ്: ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി ചൈനയില്‍ കൊറോണ വൈറസ് പടരുന്നു. ചൈനയിൽ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 41 ആയി ഉയർന്നു. 1287 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും ചൈനീസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇതില്‍ 237 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഹുബൈ പ്രവിശ്യയിൽ മാത്രം 15 പേരാണ് മരിച്ചത്. ചൈനയില്‍ ആയിരത്തിലധികം പേര്‍ ചികിത്സയിലാണ്. ഇവര്‍ക്കായി പ്രത്യേക ആശുപത്രിയും ചൈനീസ് സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. 

അതിനിടെ വൈറസ് യൂറോപ്പിലേക്കും പടരുന്നതിന്റെ സൂചന നല്‍കി ഫ്രാന്‍സില്‍ മൂന്ന് പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. ഫ്രഞ്ച് ആഭ്യന്തര മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ചൈന, ജപ്പാന്‍, തായ്‌ലാന്‍ഡ്, തയ്‌വാന്‍, വിയറ്റ്‌നാം, സിങ്കപ്പൂര്‍, ഹോങ്‌കോങ്, മക്കാവു, ഫിലിപ്പീന്‍സ്, യുഎസ് എന്നീ രാജ്യങ്ങളിലും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈനയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ വന്‍മതിലിന്റെ ബാഡാലിങ് ഭാഗവും ഷാങ്ഹായിലെ ഡിസ്‌നിലാന്‍ഡും അനിശ്ചിതകാലത്തേക്ക് അടച്ചു. ചൈനീസ് പുതുവത്സരപ്പിറവിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. ഞായറാഴ്ച നടത്താനിരുന്ന റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങ് ഇന്ത്യന്‍ എംബസിയും റദ്ദാക്കി.

സെന്‍ട്രല്‍ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങള്‍ അടച്ചതായി ചൈനീസ് അധികൃതര്‍ പറഞ്ഞു. ആദ്യം റിപ്പോര്‍ട്ടു ചെയ്ത വുഹാന്‍, ഹുവാങ്ഗാങ്, ഉജൗ, ചിബി, ഷിയാന്താവോ, ക്വിയാന്‍ജിയാങ്, ഷിജിയാങ്, ലിഷുവാന്‍, ജിങ്ജൗ, ഹുവാങ്ഷി തുടങ്ങിയയിടങ്ങളിലാണ് നിയന്ത്രണം. നാലുകോടിയോളം പേരാണ് ഈ നഗരങ്ങളില്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com