

വാഹനങ്ങള്‍ക്ക് അപകടങ്ങളെ തരണം ചെയ്യാനുള്ള കരുത്ത് പരിശോധിക്കുന്നതിനുള്ള സുരക്ഷാപരിശോധനയാണ് ക്രാഷ് ടെസ്റ്റുകള്‍. ഡ്രൈവറില്ലാത്ത വാഹനം അതിവേഗതയില്‍ ഓടിച്ച് ചുമരുകളിലും മറ്റും ഇടിച്ചു കയറ്റിയും വാഹനത്തിന്റെ വശങ്ങളില്‍ മറ്റ് വാഹനങ്ങള്‍ ഇടിപ്പിച്ചുമൊക്കെയാണ് ഇത്തരം ക്രാഷ് ടെസ്റ്റുകള്‍ നടത്തുക.
ഇതിന് വേണ്ടി സാധാരാണയായി മനുഷ്യരൂപത്തിലുള്ള ഡമ്മികളെയാണ് സീറ്റില്‍ ഇരുത്തുക. എന്നാല്‍ ഈ ഡമ്മികള്‍ക്ക് പകരം ജീവനുള്ള പന്നികളെ ഉപയോഗിച്ച സംഭവം ലോകം ഞെട്ടലോടെയാണ് കേട്ടത്. വെറെയെവിടെയുമല്ല, ചൈനയിലാണ് മൃഗങ്ങളോട് കണ്ണില്ലാത്ത ഈ ക്രൂരത നടന്നത്. പതിനഞ്ചോളം പന്നികളെയാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്.
പന്നികളെ വാഹനത്തിന്റെ മുന്‍സീറ്റില്‍ കെട്ടിവച്ച ശേഷം കാറുകള്‍ ഏകദേശം 80 കിലോമീറ്റര്‍ വേഗതയില്‍ ഭിത്തിയില്‍ ഇടിപ്പിക്കുകയായിരുന്നു. ഇതില്‍ ഏഴെണ്ണം പരീക്ഷണത്തിനിടയില്‍ത്തന്നെ ചത്തിരുന്നു. മറ്റുള്ളവയ്ക്ക് സാരമായി പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കൊല്ലപ്പെട്ട പന്നികളുടെ ആന്തരികാവയവങ്ങള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നുവെന്ന് ഇവയുടെ ശരീരം പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മാത്രമല്ല പരീക്ഷണത്തിനുള്ള പന്നികളെ ക്രാഷ് ടെസ്റ്റിന് മുന്‍പ് ഒരു ദിവസം മുഴുവന്‍ പട്ടിണിക്കിട്ടെന്നും ആറ് മണിക്കൂര്‍ വെള്ളം പോലും നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് മൃഗങ്ങളെ കൊല്ലാക്കൊല ചെയ്തതെന്നാണ് ഈ പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഗവേഷകരുടെ വിശദീകരണം. ആറ് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള പ്രത്യേക സീറ്റ് ബെല്‍റ്റ് നിര്‍മ്മിക്കാനാണ് ഈ പരീക്ഷണമെന്നും ചെറുപന്നികളുടേയും കുട്ടികളുടെയും ശരീരത്തിന്റെ ആന്തരികഘടന ഏകേദേശം ഒരു പോലെയാണെന്നും ഇവര്‍ വാദിക്കുന്നു. പന്നികള ഉപയോഗിക്കുന്നത് മികച്ച സീറ്റ് ബെല്‍റ്റിന്റെ നിര്‍മാണത്തിന് സഹായിക്കുമെന്നുമാണ് ഇവര്‍ പറയുന്നത്.
മുന്‍പ് അമേരിക്കയിലും ക്രാഷ് ടെസ്റ്റുകള്‍ക്ക് പന്നികളെ ഉപയോഗിച്ചിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് 1990ല്‍ ഈ രീതി അവസാനിപ്പിച്ചു. എന്തായാലും ചൈനയിലെ ഈ ക്രാഷ് ടെസ്റ്റിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുകകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates