

ലണ്ടൻ: ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ ഗാറ്റ്‌വിക് എയർപോർട്ടിന്റെ പ്രവർത്തനം ബുധനാഴ്ച രാത്രി മുതൽ നിർത്തി. റൺവേയിലാണ് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ഗാറ്റ്‍വിക്കിന്റെ പ്രവർത്തനം നിലച്ചതോടെ ലക്ഷക്കണക്കിനു യാത്രക്കാരാണ് പെരുവഴിലായത്. ക്രിസ്മസ് –ന്യൂ ഇയർ ആഘോഷങ്ങൾക്കായി ബുക്കു ചെയ്ത് യാത്രയ്ക്കിറങ്ങിയവരാണു കുടുങ്ങിയത്.
ഇവിടെ നിന്നു ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടേക്ക് പറന്ന വിമാനങ്ങൾ എല്ലാം വഴിതിരിച്ചുവിട്ട് മറ്റ് വിമാനത്താവളങ്ങളിലാണ് ഇറക്കുന്നത്. ചില വിമാന കമ്പനികൾ മറ്റ് യൂറോപ്യൻ നഗരങ്ങളിലേക്കും വിമാനങ്ങൾ തിരിച്ചുവിടുന്നുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന സസെക്സ് പൊലീസ് ഭീകരാക്രമണ സാധ്യത തള്ളിക്കളഞ്ഞു. മനഃപൂർവം തടസങ്ങൾ വരുത്താനുള്ള ചിലരുടെ ശ്രമമായേ പൊലീസ് ഇതിനെ കാണുന്നുള്ളു. സംഭവത്തിനു പിന്നിൽ ആരാണെന്നു പൊലീസ് വ്യക്തമാക്കുന്നില്ല. സ്ഥിതിഗതികൾ നേരിടാൻ പൊലീസിന്റെ സഹായത്തിനു പട്ടാളത്തെ വിളിച്ചിട്ടുണ്ടെന്നു പ്രതിരോധ സെക്രട്ടറി ഗാവിൻ വില്യംസ് വ്യക്തമാക്കി.
ഉച്ചവരെ 1,10,000 പേരുടെ യാത്ര ഗാറ്റ്‍വിക്കിൽ മുടങ്ങി. 760 ഫ്ലൈറ്റുകൾ റദ്ദുചെയ്തു. വിമാനത്താവളം തുറന്നാലും സർവീസുകൾ സാധാരണഗതിയിലാകാൻ ദിവസങ്ങൾ വേണ്ടിവരും. വിമാനത്താവളത്തിനു സമീപത്തെ എയർഫീൽഡിൽ തുടർച്ചയായി ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് റൺവേയുടെ പ്രവർത്തനം നിർത്താൻ തീരുമാനിച്ചത്.
ഗാറ്റ്‍വിക്കിൽ നിന്നു ടിക്കറ്റ് ബുക്കു ചെയ്തിട്ടുള്ളവർ യാത്രയ്ക്കിറങ്ങും മുമ്പേ സ്റ്റാറ്റസ് പരിശോധിക്കണമെന്നു വിമാനത്താവള അധികൃതർ അറിയിച്ചു. സമീപകാലത്ത് യുകെയിൽ ഡ്രോണുകൾ വിമാനങ്ങൾക്ക് അപകടമുയർത്തി പറക്കുന്നതു നിത്യസംഭവമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates