

ആഭ്യന്തര കലഹം രൂക്ഷമായ ദക്ഷിണ സുഡാനില്‍ നിന്നും പലായനം ചെയ്യുന്നവരുടെ എണ്ണം പത്തു ലക്ഷം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. യൂഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യുഎന്‍എച്ച്‌സിആര്‍ പുറത്തുവിട്ട കണക്കുകളിലാണ് ദക്ഷിണ സുഡാനില്‍ നിന്നും പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതയായി പറയുന്നത്. ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആഭ്യന്തര കലഹം രൂക്ഷമായ സിറിയക്കും അഫ്ഗാനിസ്ഥാനും പിന്നില്‍ മൂന്നാമതായാണ് ദക്ഷിണ സുഡാന്റെ സ്ഥാനം. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൂടുതല്‍ അഭയാര്‍ത്ഥികള്‍ ഉണ്ടാകുന്നതും ഇവിടുന്ന് തന്നെ. വിമതരും സര്‍ക്കാരും തമ്മില്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ സന്ധി സംഭാഷണം നടത്തിയെങ്കിവും പ്രയോജനമൊന്നം ഉണ്ടായിട്ടില്ല. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം അഭയാര്‍ഥികളുടെ എണ്ണം ഇരുപത് ലക്ഷത്തിന് പുറത്തു വരുമെന്ന് യുഎന്‍എച്ചസിആര്‍ വൃത്തങ്ങള്‍ പറയുന്നു. നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന ആഭ്യന്തര കലാപം മൂലം കഴിഞ്ഞ വര്‍ഷം മാത്രം രാജ്യം വിട്ടു പോയവര്‍ 75,000ന് മുകളിലാണ്.
നിലവിലെ പ്രസിഡന്റ് സല്‍വ കീറും മുന്‍ ഡെപ്യൂട്ടിയും തമ്മിലുണ്ടായ രാഷ്ട്രീയ അകല്‍ച്ചയാണ് 2013 ഡിസംബറില്‍ ആഭ്യന്തര കലഹത്തിലേക്കും തുടര്‍ന്നുണ്ടായ സായുധ പോരാട്ടങ്ങളിലേക്കും നയിച്ചത്. ജനജീവിതം തകിടം മറിച്ച പോരാട്ടം ഇതുവരേയും പതിനായിരം പേരുടെ ജീവനെടുത്തു കഴിഞ്ഞു എന്നാണ് യുഎന്‍ സ്ഥിരീകരിച്ച കണക്കുകള്‍. മരണ സംഖ്യ അതിലും വലുതാണെന്ന് രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. 2016ല്‍ ഇരു വിഭാഗങ്ങളും ചേര്‍ന്ന് ഐക്യ സര്‍ക്കാര്‍ വന്നെങ്കിലും അതിന് അധികനാള്‍ ആയുസ്സുണ്ടായിരുന്നില്ല. പിന്നീട് കലാപം രൂക്ഷമാകുകയായിരുന്നു.
രാജ്യത്ത് നിരന്തരം കൊലപാതകങ്ങളും ബലാല്‍സംഗങ്ങളും നടക്കുന്നുണ്ടെന്നാണ് യുഎന്‍എച്ച്‌സിആര്‍ റിപ്പോര്‍ട്ട്. ഭക്ഷണ കലവറകള്‍ സംഘം ചേര്‍ന്ന് കൊള്ളയടിക്കുക, തട്ടിക്കൊണ്ട് പോകുക തുടങ്ങി അക്രമ സംഭവങ്ങള്‍ തുടര്‍ക്കഥയാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ പലായനം ചെയ്യുന്നത് ഉഗാണ്ടയിലേക്കാണ്. ഇതുവരെ 698,000പേര്‍ അവിടെ എത്തിച്ചേര്‍ന്നു എന്നാണ് ഉഗാണ്ട ഭരണകൂടം പറയുന്നത്. 342,000പേര്‍ എത്തോപ്യയിലേക്കും 305,000 സുഡാനിലേക്കും പോയി എന്ന് കണകകുകള്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates