ധ്രുവക്കരടികള്‍ കൂട്ടത്തോടെ ഇറങ്ങിയതോടെ റഷ്യന്‍ നഗരമായ നൊവായ് സെമ്ലിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 50 ലേറെ ധ്രുവക്കരടികളാണ് ആഹാരം തേടി റഷ്യന്‍ നഗരത്തിലേക്കിറങ്ങിയത്. ഇതോടെ നാട്ടുകാര്‍ കൂട്ടത്തോടെ അയല്‍ നഗരമായ ബെലൂഷ്യ ഗുബയിലേക്ക് സ്ഥലം വിടുകയായിരുന്നു. 2500 ലേറെ ആളുകളാണ് നൊവായയില്‍ താമസിച്ചിരുന്നത്.
ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ടിരുന്ന സ്ഥലങ്ങളില്‍ പതിവില്ലാതെ അതിഥികളെത്തിയത് കണ്ടാണ് പ്രദേശവാസികള്‍ ആദ്യം ഞെട്ടിയത്. ഒന്നും രണ്ടുമാണെന്ന് കരുതി സമാധാനിച്ചിരുന്നപ്പോഴാണ് പിന്നാലെ ചെറു കൂട്ടങ്ങളായി ധ്രുവക്കരടികള്‍ എത്തുന്നത് കണ്ടത്.
വീടുകളുടെ ചില്ലു ജനാലകളിലൂടെ അകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന വലിയ ധ്രുവക്കരടികളുടെ ചിത്രങ്ങള്‍ പലയിടങ്ങളിലും സിസിടിവികള്‍ ഒപ്പിയെടുത്തതോടെയാണ് സംഭവത്തിന്റെ ഗൗരവം മനസിലാക്കി അടച്ചുപൂട്ടിയ കാറില്‍ കയറി ആളുകള്‍ സ്ഥലംവിടാന്‍ തുടങ്ങിയത്.
ഇതോടെ വീടിന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ ശേഷം പ്രാദേശിക ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കായി സദാ സമയവും പൊലീസ് പട്രോളിങ് നടത്തുണ്ട്. ട്രാക്ടറുകള്‍ ഉപയോഗിച്ച് നഗരത്തില്‍ നിന്നും ഹിമക്കരടികളെ പുറത്തെത്തിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതോടെയാണ് ഹിമക്കരടികള്‍ പതിവിലും നേരത്തേ പുറത്തേക്കിറങ്ങി തുടങ്ങിയത്. അന്തരീക്ഷ താപനില ക്രമാതീതമായി വര്‍ധിച്ചതോടെ ചൂട് സഹിക്കാന്‍ വയ്യാതെ ധ്രുവക്കരടികള്‍ നേരത്തെ ഉണരാന്‍ തുടങ്ങി. സാധാരണഗതിയില്‍ മാര്‍ച്ച് മാസം പകുതിയോടെ മാത്രമേ ഇവയ്ക്കുള്ള ഇര ലഭ്യമാകാറുള്ളൂ. നേരത്തേ ഉണര്‍ന്നു വരുന്നതിനാല്‍ ഭക്ഷണം തേടിയിറങ്ങുന്ന കരടികള്‍ നിരാശരായി. ഇതോടെയാണ് ഭക്ഷണം അന്വേഷിച്ച് ഇവ നഗരത്തിലേക്ക് ഇറങ്ങിയത്. ഇതാദ്യമായാണ് ഇവ ഇങ്ങനെ കൂട്ടത്തോടെ എത്തുന്നത്.
ലോകത്ത് ആകെ 22,000ത്തിനും 31,000 ത്തിനും ഇടയ്ക്ക് ധ്രുവക്കരടികള്‍ ഉണ്ടെന്നാണ് ഡബ്ല്യുഡബ്ല്യുഎഫിന്റെ കണക്ക്.ഇതില്‍ പകുതിയിലേറെയും കാനഡയിലാണ് ഉള്ളത്.
നഗരത്തിലിറങ്ങിയ ധ്രുവക്കരടികളെ ഒഴിപ്പിക്കുന്നത് അത്ര എളുപ്പമല്ല. 30-40 കിലോ മീറ്റര്‍ അകലെ കൊണ്ട് ഇവയെ തിരിച്ചിറക്കുക പ്രായോഗികമല്ലെന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates