അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയത്തിനരികെ എത്തി നിൽക്കെ ആദ്യ ഭരണതീരുമാനം പ്രഖ്യാപിച്ച് ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ. ട്രംപിന്‍റെ തെറ്റായ നയങ്ങള്‍ തിരുത്തുമെന്ന് വ്യക്തമാക്കിയ അദ്ദേഹം പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയ നടപടി റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചു.
പാരീസ് ഉടമ്പടിയിൽ നിന്ന് പിൻവാങ്ങാനുള്ള ട്രംപിന്റെ ഉത്തരവ് നിലവിൽ വന്ന് മണിക്കൂറുകൾക്ക് പിന്നാലെയാണ് ബൈഡന്റെ പ്രഖ്യാപനം. 77 ദിവസത്തിനുള്ളിൽ ഉടമ്പടിയിലേക്ക് തിരിച്ചുകയറുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കാലാവസ്ഥ വ്യതിയാനം തടയുന്നതിനുവേണ്ടിയുള്ള ഉടമ്പടിയാണിത്.
അതിനിടെ ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ മണിക്കൂറുകളിലെ ട്രംപിന്റെ പോസ്റ്റുകൾക്കാണ് ഫേയ്സ്ബുക്കും ട്വിറ്ററും നിയന്ത്രണം ഏർപ്പെടുത്തിയത്. ട്രംപ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പല ട്വീറ്റുകളു മറച്ചു. ജനാധിപത്യപ്രക്രിയയെ തടസപ്പെടുത്തുന്നതെന്ന് ആരോപിച്ചാണ് ട്വിറ്ററിന്റെ നടപടി. ട്വീറ്റുകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും ട്വിറ്റര്‍ വിശദീകരിക്കുന്നു. ഫേസ്ബുക്ക് ട്രംപിന്‍റെ പേജിലെ എല്ലാ പോസ്റ്റുകള്‍ക്ക് അടിയിലും, ഫാക്ട് ചെക്ക് ഫ്ലാഗുകള്‍ നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം ട്രംപിന്‍റെ സന്ദേശങ്ങളും പോസ്റ്റുകളും ഫാക്ട് ചെക്കിന് വിധേയമാണ് എന്നാണ് ഫേസ്ബുക്ക് പറയുന്നത്.
തെരഞ്ഞെടുപ്പിൽ ട്രംപിന് എതിരെ വൻ മുന്നേറ്റം നടത്തിയിരിക്കുകയാണ് ബൈഡൻ. 538 അംഗ ഇലക്ടറൽ കോളജിൽ 264 എണ്ണം ഉറപ്പാക്കിയ ബൈഡൻ നിലവിലെ ലീഡ് തുടർന്നാൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 കടക്കും. സ്വിംഗ് സ്റ്റേറ്റുകളായ വിസ്കോൺസിനിൽ വിജയിക്കുകയും മിഷിഗണിൽ ലീഡും ചെയ്യുന്നതാണ് ബൈഡന്റെ വിജയ സാധ്യത കൂട്ടുന്നത്. 6 ഇലക്ടറൽ കോളജ് അംഗങ്ങളുള്ള നെവാഡയിൽ ബൈഡനു മേൽക്കൈ ഉണ്ട്. ഇവിടെ ജയം പിടിച്ചാൽ ബൈഡനു പ്രസിഡന്റാകാം.
ജോര്‍ജിയയിലെ ഫലവും നിര്‍ണായകമാവും. വിസ്കോൺസിനിൽ 20,697 വോട്ടിന് ആണ് ഡോണൾഡ് ട്രംപിനെ ബൈഡൻ മറികടന്നത്. മിഷിഗണിൽ 32,000 വോട്ടുകൾക്കാണ് ബൈഡൻ ലീഡ് ചെയ്യുന്നത്. ഒരു ലക്ഷത്തോളം ബാലറ്റുകൾ മാത്രമാണ് ഇനി എണ്ണാൻ അവശേഷിക്കുന്നത്. നിലവിലുള്ള പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന് 214 ഇലക്ടറൽ കോളജ് അംഗങ്ങളാണ് ഉറപ്പായിട്ടുള്ളത്.
അതിനിടയിൽ ലീഡ് നിലയിലെ മാറ്റങ്ങളിൽ ആരോപണങ്ങളുമായി ട്രംപ് യുഎസ് സുപ്രീംകോടതിയെ സമീപിച്ചു. വോട്ടെണ്ണൽ നിർത്തി വെക്കണം എന്നാണ് ആവശ്യം. ഡെമോക്രാറ്റുകൾ തെരഞ്ഞെടുപ്പ് പ്രക്രീയയെ തകിടം മറിച്ചതായി ആരോപിച്ചാണ് ട്രംപ് കോടതിയെ സമീപിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates