പൊതുസ്ഥലങ്ങളില്‍ അണുനാശിനി തളിച്ചതുകൊണ്ട് കൊറോണ ഇല്ലാതാകില്ല ; മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും : ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

പൊതുസ്ഥലങ്ങളിലെപ്പോലെ തന്നെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമുള്ളിലും അണുനാശിനി പ്രയോഗം പ്രയോജനരഹിതമാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read


ജനീവ: പൊതുസ്ഥലങ്ങളിലും റോഡുകളിലും അണുനാശിനി തളിക്കുന്നത് കൊറോണ വൈറസിനെ ഇല്ലാതാക്കില്ലെന്ന് ലോകാരോഗ്യസംഘടന. മാത്രമല്ല, ഇങ്ങനെ ചെയ്യുന്നത് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. കോവിഡ് വ്യാപനം ചെറുക്കാന്‍ ലോകരാജ്യങ്ങളില്‍ തെരുവുകളില്‍ അടക്കം അണുനാശിനി തളിക്കുന്നത് പതിവായ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

റോഡുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളും മറ്റവശിഷ്ടങ്ങളും അണുനാശിനിയെ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ അണുനാശിനി തളിച്ചോ പുകച്ചോ കൊറോണ വൈറസിനെയോ മറ്റു രോഗാണുക്കളെയോ അകറ്റാമെന്നത് തെറ്റിദ്ധാരണയാണെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു.

എല്ലാ പ്രതലത്തിലും ഒരേ അളവിലും രീതിയിലും അണുനാശിനി തളിക്കുന്നത് പ്രായോഗികമല്ല. പലപ്പോഴും രോഗാണുക്കളെ നിഷ്‌ക്രിയമാകാനെടുക്കുന്ന സമയം വരെ അതിന്റെ ഫലം നിലനില്‍ക്കാനുള്ള സാധ്യത കുറവാണെന്നും ലോകാരോഗ്യസംഘടന പറയുന്നു. തെരുവുകളും പൊതുവഴികളും രോഗാണുക്കളുടെ സംഭരണശാലകളല്ല. പൊതുസ്ഥലങ്ങളിലെ അനാവശ്യമായ അണുനാശിനി പ്രയോഗം മനുഷ്യരില്‍ ദോഷഫലങ്ങള്‍ ഉളവാക്കുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കി.

കൊറോണ വൈറസ് ബാധിതനായ വ്യക്തിയുടെ ശരീരസ്രവങ്ങളിലുടെ രോഗം പകരുന്നത് തടയാന്‍ ഇത് മൂലം സാധിക്കില്ല. എന്നുമാത്രമല്ല, ക്ലോറിനും അതുപോലെയുള്ള രാസവസ്തുക്കളും കണ്ണ്, ത്വക്ക്, ശ്വാസകോശം, ആമാശയം എന്നി ശരീരഭാഗങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കാനിടയുണ്ടെന്നും ലോകാരോഗ്യസംഘടന പുറത്തിറക്കിയ രേഖകളില്‍ വ്യക്തമാക്കുന്നു. പൊതുസ്ഥലങ്ങളിലെപ്പോലെ തന്നെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമുള്ളിലും അണുനാശിനി പ്രയോഗം പ്രയോജനരഹിതമാണ്. തുണിയോ മറ്റോ ഉപയോഗിച്ച് അണുനാശിനി പുരട്ടുകയാണ് വേണ്ടത്. അല്ലാതെ അണഉനാശിനി തളിക്കുന്നത് പ്രയോജനം ചെയ്യില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com