ഭാര്യയുടെ പ്രസവ സമയത്ത് സ്ഫോടനം; കറണ്ട് പോയപ്പോൾ മൊബൈൽ വെളിച്ചത്തിൽ കുഞ്ഞിനെ പുറത്തെടുത്തു (വീഡിയോ)

ഭാര്യയുടെ പ്രസവ സമയത്ത് സ്ഫോടനം; കറണ്ട് പോയപ്പോൾ മൊബൈൽ വെളിച്ചത്തിൽ കുഞ്ഞിനെ പുറത്തെടുത്തു (വീഡിയോ)
ഭാര്യയുടെ പ്രസവ സമയത്ത് സ്ഫോടനം; കറണ്ട് പോയപ്പോൾ മൊബൈൽ വെളിച്ചത്തിൽ കുഞ്ഞിനെ പുറത്തെടുത്തു (വീഡിയോ)
Updated on
1 min read

ബെയ്റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ കഴിഞ്ഞ ദിവസമാണ് ഇരട്ട സ്ഫോടനമുണ്ടായത്. ഇതിന് പിന്നാലെ ഞെട്ടിക്കുന്ന പല ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. തത്സമയ ചിത്രീകരണത്തിനിടെ സ്ഫോടനം വീടിനകം വരെയെത്തുന്നതും വെഡ്ഡിങ് ഫോട്ടോ ഷൂട്ടിനിടയിൽ നവവധു ഓടി രക്ഷപ്പെടുന്നതിന്റെയുമൊക്കെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സ്ഫോടനം നടക്കുമ്പോഴുള്ള മറ്റൊരു ദൃശ്യവും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. 

സ്ഫോടനത്തിനിടയിൽ പ്രസവത്തിന് ആശുപത്രിയിലെത്തുകയും സ്ഫോടനം വകവെക്കാതെ യുവതിയുടെ പ്രസവമെടുക്കുകയും ചെയ്യുന്ന വീഡിയോ ആണ് വൈറലായി മാറിയത്. സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പാണ് പ്രസവ വേദനയുമായെത്തിയ എമ്മാനുവലെ ഖനൈസർ എന്ന യുവതിയെ സെന്റ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. സ്ട്രക്ചറിൽ കിടത്തി എമ്മാനുവലിനെ അകത്തേക്ക് പ്രവേശിപ്പിക്കുന്നതും കാണാം. 

അതിനിടയ്ക്കാണ് സ്ഫോടനം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ജനൽച്ചില്ലുകൾ തകരുന്നതും ആശുപത്രിയിലെ ഉപകരണങ്ങൾ വീണു കിടക്കുന്നതും വീഡിയോയിൽ കാണാം. യുവതിയുടെ ഭർത്താവായ എഡ്മണ്ട് ആണ് പ്രസവ വേദനയുമായി കൊണ്ടു പോകുന്ന ഭാര്യയുടെ വീഡിയോ പകർത്തിയത്.

തങ്ങൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് എഡ്മണ്ട് പറയുന്നു. ആരോ​ഗ്യ പ്രവർത്തകരോട് എന്നും കടപ്പെട്ടിരിക്കും. പരിക്കേറ്റിട്ടും അവർ തന്റെ ഭാര്യയുടെ അരികിൽ നിന്നുമാറിയില്ല. പരമ്പരാ​ഗത രീതിയിലാണ് പ്രസവം എടുത്തതെന്നും എഡ്മണ്ട് പറയുന്നു. കൃത്യമായ ചികിത്സയുടെയോ ഉപകരണങ്ങളുടെയോ സേവനമില്ലാതെയാണ് പ്രസവമെടുത്തത്. 

സംഭവം നടന്നതോടെ ലേബർ റൂമിലേക്ക് താൻ ഓടിക്കയറുകയായിരുന്നു. ഭാര്യയെയും കുഞ്ഞിനെയും ഓർത്തായിരുന്നു ആധി. ഭാര്യയുടെ ശരീരം മുഴുവൻ ​ഗ്ലാസുകൾ നിറഞ്ഞിരുന്നു. ബെഡ് പുറത്തേക്കെത്തിക്കാനും ഡോക്ടർമാരെയും നഴ്സുമാരെയും സഹായിക്കാനും താൻ കൂടെ നിന്നിരുന്നുവെന്നും എഡ്മണ്ട് പറയുന്നു. 

ടോർ‌ച്ചുകളും മൊബൈൽ ഫോൺ വെളിച്ചവും വച്ച് ആരോ​ഗ്യ പ്രവർത്തകർ തന്റെ ഭാര്യയുടെ പ്രസവം എടുക്കുന്ന ചിത്രങ്ങളും എഡ്മണ്ട് പങ്കുവച്ചു. സ്ഫോടനത്തോടെ ആശുപത്രിയിലെ വൈദ്യുതി വിതരണം നഷ്ടപ്പെട്ടതിനാലാണിത്. പ്രസവ ശേഷം പ്ലാസ്റ്റിക് ചെയറിലിരുത്തിയാണ് ഭാര്യയെ പാർക്കിങ്ങിലേക്ക് കൊണ്ടു വരുന്നത്. ശേഷം അഞ്ചു മൈൽ അകലെയുള്ള മറ്റൊരു ആശുപത്രിയിലെത്തിച്ചാണ് തുടർ ചികിത്സയും വിശ്രമവും സാധ്യമായതെന്നും എഡ്മണ്ട് വ്യക്തമാക്കി. 

സ്ഫോടനത്തെ അതിജീവിച്ചെത്തിയ മകന്റെ പേരിലും എഡ്മണ്ട് നന്ദി പറയുന്നു. തന്റെ മകൻ എന്നെങ്കിലും ഈ കടങ്ങൾ വീട്ടുമെന്ന പ്രതീക്ഷയും എഡ്മണ്ട് പങ്കുവച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com