

വാഷിങ്ടൻ: കൊറോണ വൈറസ് പടർന്നു പിടിക്കുന്ന അമേരിക്കയിൽ സ്ഥിതി ആശങ്കാജനകമായി തുടരുന്നു. ന്യൂയോർക്കിൽ മാത്രം ഇതിനോടകം 3,218 പേരാണ് മരിച്ചത്. 1,03,476 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതലാണ് ന്യൂയോർക്കിലെ മാത്രം മരിച്ചവരുടെ എണ്ണം. ആകെ 277,607 പേർക്കാണ് യുഎസിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. 7,406 പേർ ഇതിനകം മരിച്ചു.
ന്യൂയോർക്ക് കഴിഞ്ഞാൽ മരണ നിരക്കിൽ ന്യൂജഴ്സിയാണ് രണ്ടാം സ്ഥാനത്ത്, 646 മരണങ്ങളാണ് ഇവിടെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 29,895 പേർ രോഗ ബാധിതരാണ്. ന്യൂജഴ്സിയിലുണ്ടായ മരണങ്ങളുടെ പശ്ചാത്തലത്തിൽ ദുഃഖ സൂചകമായി പതാക താഴ്ത്തിക്കെട്ടാൻ ഗവർണർ ഫിലിപ് ഡി മർഫി നിർദേശിച്ചു.
മറ്റു സംസ്ഥാനങ്ങളിലും മരണസംഖ്യ കുത്തനെ ഉയരുകയാണ്. മിഷിഗണിൽ 479 പേരാണ് മരിച്ചത്. 12,744 പേർക്ക് രോഗം സ്ഥിരീകരിച്ചു. കലിഫോർണിയയിൽ 285 പേർക്കാണ് ജീവഹാനി സംഭവിച്ചത്. 12,573 പേർക്ക് രോഗം സ്ഥിരീകരിച്ചു. മാസച്യുസറ്റ്‌സിൽ 192 മരണങ്ങളും 10,402 പേർക്ക് രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. ലൂസിയാനയിൽ 370 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 10,297 പേർ രോഗ ബാധിതരാണ്. ഫ്ലോറിഡയിൽ 170 പേർക്ക് ജീവൻ നഷ്ടമായി. 10,268 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് മരണം പിടിച്ചു നിർത്താൻ പ്രാദേശിക ഭരണകൂടത്തിനു സാധ്യമായതെല്ലാം ചെയ്തു കഴിഞ്ഞുവെന്നും പ്രതിസന്ധി തരണം ചെയ്യാന്‍ അമേരിക്കയിലെ മുഴുവൻ സംവിധാനങ്ങളും ന്യൂയോർക്കിൽ വിന്യസിക്കേണ്ടി വരുമെന്നും ഗവർണർ ആൻഡ്രൂ കൂമോ പ്രതികരിച്ചു. ആയിരങ്ങൾ ഇനിയും ന്യൂയോർക്കിൽ മാത്രം മരിച്ചു വീഴാനിടയുണ്ടെന്നും മറ്റു സംസ്ഥാനങ്ങളും സാധ്യമായ എല്ലാ പ്രതിരോധങ്ങളും സ്വീകരിക്കണമെന്നും ആൻഡ്രൂ കൂമോ അഭ്യർത്ഥിച്ചു.
ന്യൂയോർക്കിൽ മോർച്ചറികൾ നിറഞ്ഞു കവിയുകയാണ്. 45 മൊബൈൽ മോർച്ചറികളും രാപകലില്ലാതെ പ്രവർത്തിക്കുന്നു. രാത്രി വൈകിയും കൂട്ട സംസ്കാരങ്ങൾ നടന്നതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ന്യൂയോർക്കിലെ ആശുപത്രികളിൽ ഗുരുതര രോഗികളെ കിടത്താൻ പോലും ഇടമില്ല. ന്യൂയോർക്ക് സിറ്റിയിൽ സ്ഥാപിച്ച താത്കാലിക ആശുപത്രിയിലെ സേവനങ്ങൾക്കു സൈന്യത്തെ വിളിക്കുമെന്ന് ട്രംപ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates