റോഹിംഗ്യന്‍ ദുരിതം ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് മ്യാന്‍മര്‍ കോടതി ; ദൗര്‍ഭാഗ്യകരമെന്ന് ആംനസ്റ്റി
യാംങ്കൂണ്‍: റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്ക് മ്യാന്‍മറില്‍ നേരിടുന്ന ദുരിതം ലോകത്തെ അറിയിച്ച റോയിട്ടേഴ്‌സിന്റെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മ്യാന്‍മര്‍ കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്താക്കിയെന്ന കാരണത്താലാണ് വാ ലോണ്‍ (32), ക്യാസോവൂ (28) എന്നിവര്‍ക്ക് ശിക്ഷ വിധിക്കുന്നതെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമക്കി.
തെറ്റ് ചെയ്തിട്ടില്ലെന്നും വസ്തുനിഷ്ഠമായ റിപ്പോര്‍ട്ടിങ്ങാണ് നടത്തിയതെന്നും പശ്ചാത്താപം തോന്നുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചു. പൊലീസ് ഉണ്ടാക്കിയ കള്ളക്കേസാണിതെന്നും റോഹിംഗ്യകള്‍ക്ക് നീതി ലഭിക്കട്ടെയെന്നും അവര്‍ പറഞ്ഞു. റോയിട്ടേഴ്‌സിനും മ്യാന്‍മറിനും ലോകമെങ്ങുമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും അങ്ങേയറ്റം സങ്കടമുണ്ടാക്കുന്ന വാര്‍ത്തയാണിതെന്നായിരുന്നു റോയിട്ടേഴ്‌സ് എഡിറ്റര്‍ ഇന്‍ ചീഫ് ഈ വാര്‍ത്തയോട് പ്രതികരിച്ചത്. മാധ്യമ സ്വാതന്ത്ര്യത്തെ നിശബ്ദമാക്കുന്നതാണ് കോടതിയുടെ നടപടിയെന്നും ദൗര്‍ഭാഗ്യകരമാണെന്നും റോയിട്ടേഴ്‌സ് വ്യക്തമാക്കി.
റാഖൈന്‍ പ്രവിശ്യയില്‍ സൈന്യം റോഹിഗ്യകളെ വംശഹത്യ നടത്തുന്നുണ്ടെന്നും പട്ടാളവും പൊലീസും ചേര്‍ന്ന് 10 റോഹിഗ്യകളെ വധിച്ചെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച സൈന്യം 2017 ഡിസംബര്‍ 12 ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും ഇവരെ വിട്ടയയ്ക്കണമെന്ന് ആവശ്യമുന്നയിച്ചുവെങ്കിലും മ്യാന്‍മര്‍ വഴങ്ങിയിരുന്നില്ല. റാഖൈനില്‍ മ്യാന്‍മര്‍ നടത്തിയ വംശഹത്യയെ ന്യായീകരിക്കാനാണ് ഈ പ്രതികാരനടപടിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി പ്രതികരിച്ചത്.
പട്ടാളവും പൊലീസും ചേര്‍ന്ന് നടത്തിയ വംശഹത്യയെയും അക്രമങ്ങളെയും തുടര്‍ന്ന് 70,000ത്തിലധികം റോഹിംഗ്യകളാണ് ബംഗ്ലാദേശുള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
