

ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിൽ പകച്ചു നിൽക്കുകയാണ്. മിക്ക രാജ്യങ്ങളും ലോക്ക്‌ഡൗണിലാണ്. ജനങ്ങൾ വീടുകളിൽ തന്നെ അടച്ചുപൂട്ടിയിരിക്കുന്നു. എന്നാല്‍ ഇത്രയും ബഹളം ഭൂമിയില്‍ നടക്കുമ്പോള്‍ ഒരു മാറ്റവുമില്ലാതെ, കൊറോണ വൈറസ് ഇതുവരെ എത്താത്ത ഒരു സ്ഥലമുണ്ട്.
അന്റാര്‍ട്ടിക്കയാണ് കൊറോണ ബാധിക്കാത്ത ആ പ്രദേശം. അവിടെ ആളുകള്‍ ഉണ്ടായിരുന്നിട്ടു പോലും ഈ വൈറസ് ഇതുവരെ അവരെ ബാധിച്ചിട്ടില്ല. വൈറസ് ബാധയുടെ ഒരു കേസ് പോലും അന്റാര്‍ട്ടിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അധികം ജന സാന്ദ്രതയില്ലാത്ത പ്രദേശമാണ് അന്റാര്‍ട്ടിക്ക എന്നതും വൈറസ് ബാധയേല്‍ക്കാത്തതിന് ഒരു കാരണമാണ്. അയ്യായിരത്തില്‍ത്താഴെ ആളുകള്‍ മാത്രമേ ഇവിടെ വസിക്കുന്നുള്ളൂ. അതില്‍ കൂടുതലും ശാസ്ത്രജ്ഞരും ഗവേഷകരുമാണ്. മാത്രമല്ല, പ്രത്യേക പ്രശ്നങ്ങള്‍ ഇല്ലാത്ത സമയത്ത് പോലും അധികമാളുകള്‍ക്കൊന്നും ഇവിടേക്ക് പ്രവേശനം ലഭിക്കില്ല. പനിയോ മറ്റു രോഗങ്ങളോ ഒന്നുമില്ലെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ ഉറപ്പു വരുത്തി, പൂര്‍ണ ആരോഗ്യം ഉണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ സാധാരണ സമയങ്ങളില്‍പ്പോലും ഇവിടേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ.
നിലവില്‍ രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇനിയും അത് ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. ഇതുവരെ വന്നില്ല എന്നത് ഇനിയും വരില്ല എന്ന് കൂട്ടി വായിക്കാനാവില്ല. കൊറോണക്കെതിരെ പ്രതിരോധ ശേഷിയുള്ള ഒരു സ്ഥലമല്ല അന്റാര്‍ട്ടിക്ക എന്ന് ഓസ്ട്രേലിയന്‍ അന്റാര്‍ട്ടിക് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നു. ബേസുകളില്‍ ഒരു സമയത്ത് ഒരാളെ ചികിത്സിക്കാനുള്ള സൗകര്യമേയുള്ളൂ. ചികിത്സാ സൗകര്യങ്ങള്‍ കുറവായതു കൊണ്ടുതന്നെ ഒന്നില്‍ക്കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ വന്നാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാവുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates