

ലോകത്തിന്റെ പലയിടങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആക്രമണത്തിനിരയാകുമ്പോഴും ചിലയിടങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മുന്നേറ്റവും സംഭവിക്കാറുണ്ട്. അത്തരത്തിലൊരു മുന്നേറ്റവുമായെത്തിയിരിക്കുകയാണ് പാകിസ്താനിലെ ഒരു പ്രാദേശിക ന്യൂസ് ചാനല്‍. പാകിസ്താനില്‍ ആദ്യമായി ന്യൂസ് ചാനലില്‍ വാര്‍ത്ത വായിച്ചിരിക്കുകയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്ത അവതാരക.
പ്രാദേശിക വാര്‍ത്താ ചാനലായ കൊഹിനൂര്‍ ന്യൂസാണ് രാജ്യത്ത് ആദ്യമായി വാര്‍ത്ത അവതരിപ്പിക്കാന്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ ഏല്‍പ്പിച്ചത്. മര്‍വയ മാലിക് എന്ന ട്രാന്‍സ്‌ജെന്‍ഡറാണ് പാകിസ്താന്റെ മാധ്യമ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചിരിക്കുന്നത്. തന്റെ രാജ്യത്തിന്റെ മനോഭാവം മാറ്റമറിക്കുന്നതിന് മുന്നണിപ്പോരാളിയാകാന്‍ അഭിമാനമാണുള്ളതെന്നായിരുന്നു മര്‍വയയുടെ പ്രതികരണം. എന്നാല്‍ അതിലേക്ക് വളരെ ദൂരം താണ്ടാനുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജേണലിസത്തില്‍ ബിരുദമെടുത്ത മര്‍വയ ബിരുദാനന്തര ബിരുദത്തിന് ചേരാനിരിക്കുകയാണ്.
മാര്‍ച്ച് 24നാണ് മര്‍വയ ആദ്യമായി വാര്‍ത്ത അവതരിപ്പിച്ചത്. അതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണിപ്പോള്‍. പാകിസ്താന്റെ ഫാഷന്‍ ഡിസൈന്‍ കൗണ്‍സിലിന്റെ വാര്‍ഷിക ഫാഷന്‍ ഷോയില്‍ കാറ്റ്‌വാക്ക് നടത്തിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലും മര്‍വയയായിരുന്നു. ഫാഷന്‍ ഷോയില്‍ പങ്കെടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് വാര്‍ത്താ അവതാരകവാനുള്ള അവസരം മര്‍വയയെ തേടിയെത്തിയത്.
'ഫാഷന്‍ ഷോയില്‍ പങ്കെടുത്ത ശേഷം ധാരാളം മോഡലിങ്ങ് അവസരങ്ങള്‍ ലഭിച്ചു. പക്ഷേ, എനിക്ക് എന്റെ സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമായിരുന്നു. എന്റെ സമൂഹത്തെ ശക്തിപ്പെടുത്തണം. എല്ലായിടത്തും ട്രാന്‍സ്‌ജെന്‍ഡറുകളെ മോശക്കാരായാണ് കാണുന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് അതില്‍ ഒന്നും ചെയ്യാനാകില്ല. ഞങ്ങളില്‍ വിദ്യാഭ്യാസമുള്ളവും ബിരുദമുള്ളവരുമുണ്ട്. എന്നാല്‍ അവസരങ്ങളില്ല, പ്രോത്‌സാഹനവുമില്ല. ഇത് മാറ്റണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഫാഷന്‍ ലോകത്ത് ഞാന്‍ ചരിത്രം കുറിച്ച പോലെ മാധ്യമലോകത്തും അതിന് സാധിക്കണം. കാറ്റ്‌വാക്ക് നടത്തിയപ്പോള്‍ നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ചു. പക്ഷേ എനിക്ക് 10ാം സ്ഥാനമേ നേടാനായുള്ളു. അതുപോലും എളുപ്പമായിരുന്നില്ല. തെരുവില്‍ യാചിക്കുന്ന ഹിജഡയുടെ ജീവിതത്തില്‍ നിന്ന് ഒരു വ്യത്യാസവും എന്റെ കഥക്കുമില്ല'- മര്‍വയ വ്യക്തമാക്കി.
'സ്ത്രീകളുടെ മനസുള്ള പുരുഷന്‍മാര്‍, ഉഭയലിംഗക്കാന്‍, നപുംസകങ്ങള്‍ എന്നിവര്‍ പാകിസ്താനിലെന്നപോലെ ഇന്ത്യയിലും ബംഗ്ലാദേശിലും മറ്റ് സൗത്തേഷ്യന്‍ രാജ്യങ്ങളിലും ആക്രമിക്കപ്പെടുന്നു. ഇവര്‍ കൊല്ലപ്പെടുകയും ബലാത്‌സംഗത്തിനിരയാകുകയും ചെയ്യുന്നു. അല്ലെങ്കില്‍ ലൈംഗിക തൊഴിലാളികളാകാനോ നര്‍ത്തകരാകാനോ യാചകരാകാനോ നിര്‍ബന്ധിതരാകുന്നു. എന്നാലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറേക്കൂടി നല്ല അവസ്ഥയിലാണ് പാകിസ്താനിലെ ട്രാന്‍സ്‌ജെന്‍ഡറുകള്‍. എന്നിട്ടും അവര്‍ തൊഴില്‍ രംഗത്തും വിദ്യാഭ്യാസ രംഗത്തും അവഗണന നേരിടുകയും സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയും ചെയ്യുന്നുവെന്നും'- മര്‍വയ കൂട്ടിച്ചേര്‍ത്തു.
പരസ്യം കണ്ടാണ് താന്‍ കൊഹിനൂര്‍ ന്യൂസിലേക്ക് അപേക്ഷിച്ചതെന്നും മൂന്നു മാസം മുന്‍പാണ് അഭിമുഖം നടന്നതെന്നും മര്‍വയ വ്യക്തമാക്കി. 'അഭിമുഖം നടന്ന അന്നു തന്നെ ജോലി ലഭിച്ചു. മൂന്നു മാസം പരിശീലനമായിരുന്നു. ഇവിടെ എല്ലാവും വളരെ സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. മുതിര്‍ന്നവര്‍ പോലും തന്നെ വളരെ സഹായിച്ചു. കുടുംബത്തിലെന്നപോലെ സ്‌നേഹം ഇവിടെ ലഭിക്കുന്നുണ്ട്. എനിക്ക് കുടുംബത്തിന്റെ സ്‌നേഹം ലഭിച്ചിട്ടില്ല. അതിനാല്‍ ഇവരെല്ലാവരും എന്റെ കുടുംബാംഗങ്ങളാണെന്ന് തോന്നുന്നു. ചാനല്‍, എന്നെയും എന്റെ സമൂഹത്തെയും പിന്തുണക്കുന്നുവെന്ന് അറിയിച്ചിട്ടുണ്ടെന്നും'- മര്‍വയ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates