ഗുജ്റൻവാല: പതിനാറാം വയസ്സിൽ ചൈനയിലേക്ക് നവ വധുവായി പോകുമ്പോൾ എല്ലാ പെൺകുട്ടികളെയും പോലെ മുഖ്ദാസ് അഷ്റഫിനും ഒരുപക്ഷേ സ്വപ്നങ്ങൾ ഉണ്ടായിട്ടുണ്ടാവാം. ചൈനയിലെത്തിയപ്പോൾ കാര്യങ്ങൾ പറഞ്ഞ് കേട്ടത് പോലെയൊന്നും ആയിരുന്നില്ല. വീട്ടുകാരുമായി ഫോൺ ബന്ധം പോലും നിഷേധിക്കപ്പെട്ടു. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി പോലും യാചിക്കേണ്ടി വന്നു. ഇതിനെല്ലാം പുറമേ കഠിനമായ ശാരീരിക
പീഡനവും. സഹിക്കാവുന്നതിന്റെ അപ്പുറമായപ്പോൾ മുഖ്ദാസ് എങ്ങനെയും രക്ഷപെടാൻ തീരുമാനിച്ചു. ഭാഗ്യത്തിന്റെ പിന്തുണ കൊണ്ട് മാത്രം രക്ഷപെട്ട് തിരികെ പാകിസ്ഥാനിലെത്തിയ അപൂർവം പെൺകുട്ടികളിൽ ഒരാളാണ് മുഖ്ദാസ്. ഇത് ഒരു മുഖ്ദാസിന്റെ മാത്രം ജീവിതമല്ല.
പറഞ്ഞുവരുന്നത് പാകിസ്ഥാനിലെ മനുഷ്യക്കടത്തിന്റെ പുതിയരൂപത്തെ കുറിച്ചാണ്. ചൈനാക്കല്യാണങ്ങൾ എന്ന് പ്രാദേശിക മാധ്യമങ്ങള്‍
ഇതിനെ നിസാരവത്കരിക്കുമ്പോൾ ചൈനയിലേക്ക് പെൺകുട്ടികളെ വെറും ലൈംഗിക അടിമകളായി മാത്രമാണ് കൊണ്ടുപോകുന്നതെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടായിരുന്നു ഹ്യൂമൻ റൈറ്റ്സ് വാച്ച് പുറത്ത് വിട്ടത്. ഇതേത്തുടർന്ന് അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണമാണ് പാകിസ്ഥാനിലെ ക്രിസ്ത്യൻ പെൺകുട്ടികളുടെ ദുരന്തപൂർണമായ ജീവിതം വരച്ചിടുന്നത്.
ചിത്രം / എ പി
വൻതോതിൽ വീട്ടുകാർക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്താണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടുകളിലെ പെൺകുട്ടികളെ റാക്കറ്റ് സ്വന്തമാക്കുന്നത്. സഭകളുടെ സഹായവും ബ്രോക്കർമാർക്ക് ഈ കാര്യത്തിൽ ലഭിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ വർഷം മുതലാണ് ഇത്തരം വിവാഹങ്ങൾ വ്യാപകമായത്. ചൈനയിലേക്ക് വിവാഹം കഴിച്ചു പോകുന്നവരിൽ രക്ഷപെട്ട് നാട്ടിലെത്തുന്ന പല പെൺകുട്ടികളും അവിടെ അനുഭവിക്കേണ്ടി വന്ന ക്രൂരപീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നതായും റിപ്പോർട്ട് പറയുന്നു.
വീട്ടുകാരുമായി ഉറപ്പിക്കുന്ന കരാറുകളുടെയും ആയിരക്കണക്കിന് ഡോളറുകളുടെയും പുറത്ത് മാത്രമാണ് പെൺകുട്ടികളെ വിവാഹം ചെയ്തയയ്ക്കുന്നത്. മാതാപിതാക്കളുടെ അത്യാഗ്രഹമാണ് പെൺകുട്ടികളുടെ ജീവിതം ഇങ്ങനെയാക്കുന്നതെന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള ന്യൂനപക്ഷ വകുപ്പ് മന്ത്രി പറയുന്നത്. വളരെ ദരിദ്രമായ ചുറ്റുപാടുകളിൽ നിന്നുള്ള കുട്ടികളാണ് ഇത്തരം കെണികളിൽ വീണു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
യാതൊരു നിയന്ത്രണവും അന്വേഷണവും ഇല്ലാതെ പാകിസ്ഥാനിലേക്കും തിരിച്ച് ചൈനയിലേക്കും സഞ്ചരിക്കാൻ അനുവാദം നൽകുന്ന അധികൃതർക്ക് ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആവില്ലെന്ന് മനുഷ്യാവകാശപ്രവർത്തകർ പറയുന്നു. എംബസിയിലെ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം മനുഷ്യക്കടത്ത് നടക്കുന്നത്. പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് ഏപ്രിൽ മാസം ഇത് സംബന്ധിച്ച റിപ്പോർട്ട് പാക് അധികൃതർക്ക് കൈമാറിയിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി ചൈനയിലേക്ക് അയയ്ക്കുന്നുവെന്നായിരുന്നു റിപ്പോർട്ടിന്റെ ഉള്ളടക്കം. റിപ്പോർട്ടിന് പിന്നാലെ പാകിസ്ഥാനി ഫെഡറൽ ഏജൻസി ഇത്തരം മനുഷ്യക്കടത്തിൽ നേരിട്ട് പങ്കെടുത്ത എട്ട് ചൈനാക്കാരെയും നാലുപാക് പൗരൻമാരെയും അറസ്റ്റ് ചെയ്തതായി ജിയോ ടിവി റിപ്പോർട്ട് ചെയ്തിരുന്നു.
ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടി കൈക്കൊള്ളാനും സർക്കാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഒറ്റക്കുട്ടി നയം ചൈന നടപ്പിലാക്കിയതോടെയാണ് രാജ്യത്തെ സ്ത്രീ- പുരുഷ അനുപാതം താറുമാറായത്. പെൺകുട്ടികളുടെ എണ്ണം കുത്തനെ കുറഞ്ഞതിനെ തുടർന്ന് നോർത്ത് കൊറിയയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് പെൺകുട്ടികളെ വിവാഹം കഴിച്ച് കൊണ്ടുപോകുന്ന വാർത്ത പുറത്ത് വന്നിരുന്നുവെങ്കിലും ഇതാദ്യമായാണ് പാകിസ്ഥാനിൽ നിന്നും നടക്കുന്ന ഈ മനുഷ്യക്കടത്ത് പുറത്ത് വരുന്നത്.1000ത്തിലേറെ പെൺകുട്ടികൾ കഴിഞ്ഞ വർഷം മാത്രം ചൈനയിലേക്ക് വിവാഹിതരായി പോയിട്ടുണ്ടെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
3500 മുതൽ 5000 ഡോളർ വരെ പെൺകുട്ടിയുടെ അച്ഛന് സമ്മാനമായി നൽകിയും കല്യാണച്ചെലവ് പൂർണമായി വഹിച്ചുമാണ് ഇത്തരം വിവാഹങ്ങൾ നടക്കുന്നത്. എന്നാൽ പലപ്പോഴും വാഗ്ദാനം ചെയ്ത തുക പെൺകുട്ടിയുടെ വീട്ടുകാർക്ക് ലഭിക്കാറില്ലെന്നും റിപ്പോർട്ട് പറയുന്നു. വീടുമായി ബന്ധപ്പെടാൻ സാധിക്കുന്ന പെൺകുട്ടികളിൽ പലരെയും തിരികെ സ്വീകരിക്കാൻ വീട്ടുകാരും വിമുഖത കാണിച്ച കേസുകൾ ഉണ്ടായിട്ടുണ്ടെന്ന് ആക്ടിവിസ്റ്റുകൾ വെളിപ്പെടുത്തി. ദരിദ്രമായ സാഹചര്യങ്ങളാണ് പെൺകുട്ടികളെ ഇത്തരത്തിൽ കയ്യൊഴിയാൻ വീട്ടുകാരെ പ്രേരിപ്പിക്കുന്നതെന്നാണ് അധികൃതരും പറയുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും അന്താരാഷ്ട്ര സംഘടനകളുടെ ഇടപെടൽ അത്യാവശ്യമാണെന്നും മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates