മെല്‍ബണ്‍ : യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്ന പുനലൂര്‍ സ്വദേശി സാം ഏബ്രഹാമിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ കമലാസനന്റെ ശിക്ഷയില്‍ നേരിയ ഇളവ്. വിചാരണ കോടതിയുടെ 27 വര്‍ഷം തടവുശിക്ഷ 24 വര്‍ഷമായാണ് വിക്ടോറിയ സുപ്രിം കോടതിയുടെ മൂന്നംഗ അപ്പീല്‍ ബെഞ്ച് കുറച്ചത്. 23 വര്‍ഷത്തിനു ശേഷമെ പരോള്‍ നല്‍കാവൂ എന്ന വിധി 20 വര്‍ഷം ആക്കുകയും ചെയ്തു.
അതേസമയം, ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കേസിലെ കൂട്ടുപ്രതിയും സാം ഏബ്രഹാമിന്റെ ഭാര്യയുമായ സോഫിയ നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചില്ല. 22 വര്‍ഷത്തെ തടവാണ് കേസില്‍ സോഫിയയ്ക്ക് വിധിച്ചിരിക്കുന്നത്. 18 വര്‍ഷത്തിനു ശേഷമെ പരോള്‍ അനുവദിക്കാവൂ എന്നും വിചാരണ കോടതി വിധിച്ചിരുന്നു. ഇത് അപ്പീല്‍ കോടതിയും ശരിവെച്ചു.
എന്നാല്‍ ശിക്ഷയില്‍ ഇളവു നല്‍കിയെങ്കിലും, കുറ്റക്കാരനല്ലെന്ന അരുണ്‍ കമലാസനന്റെ വാദം കോടതി തള്ളി. സാം ഏബ്രഹാം ആത്മഹത്യ ചെയ്തതാകാമെന്ന അരുണിന്റെ വാദവും കോടതി നിരാകരിച്ചു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് അരുണ്‍ കുറ്റസമ്മതം നടത്തുന്ന ദൃശ്യങ്ങള്‍ വിചാരണസമയത്ത് ജൂറി പരിശോധിച്ചിരുന്നു. ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണ് സാമിനെ കൊലപ്പെടുത്തിയതെന്ന് അരുണ്‍ പറയുന്നത് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അരുണിനും സോഫിയയ്ക്കും കുറ്റകൃത്യത്തില്‍ തുല്യ പങ്കാളിത്തമാണ് ഉള്ളതെന്നും അതിനാല്‍, അരുണിന് കൂടൂതല്‍ ശിക്ഷ നല്‍കുന്നത് നീതിയല്ലെന്നും അപ്പീല്‍ കോടതി നിരീക്ഷിച്ചു. ഇരുവരുടെയും ജീവിത രീതികളും സാഹചര്യങ്ങളുമെല്ലാം സമാനമാണ്. അതിനാല്‍ 22 ശതമാനം കൂടുതല്‍ ജയില്‍ ശിക്ഷ അരുണിന് നല്‍കാനാവില്ലെന്നും അപ്പീല്‍ കോടതി വിധിച്ചു. അപ്പീല്‍ കോടതിയുടെ വിധിക്കെതിരെ പ്രതികള്‍ക്ക് ഇനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ട്.
യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്ന, പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സം ഏബ്രഹാം (34) ഭാര്യയ്ക്കും മകനുമൊപ്പം താമസിച്ചിരുന്ന മെല്‍ബണിലെ വീട്ടിലെ കിടപ്പുമുറിയില്‍ 2015 ഒക്ടോബര്‍ 14ന് ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഹൃദയാഘാതംമൂലം മരിച്ചതാണെന്നായിരുന്നു സോഫിയ വീട്ടുകാരെ അറിയിച്ചത്. ശവസംസ്‌കാരത്തിനുശേഷം മെല്‍ബണിലേക്ക് മടങ്ങിയ സോഫിയയെയും കാമുകന്‍ അരുണിനെയും, 10 മാസത്തിനുശേഷം, 2016 ഓഗസ്റ്റ് 12നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിഷാംശത്തിന്റെ സാന്നിധ്യവും പൊലീസ് ഡിറ്റക്ടീവിന്റെ രഹസ്യാന്വേഷണവുമാണ് ഇരുവരെയും കുടുക്കിയത്.
കോട്ടയത്ത് കോളജില്‍ പഠിക്കുമ്പോഴാണ് സോഫിയ സാമുമായി പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. തീവ്രപ്രണയത്തിന്റെ ഒടുവില്‍ ഇരുവരും വിവാഹിതരാകുകയും ഓസ്‌ട്രേലിയയില്‍ എത്തുകയുമായിരുന്നു. സാമുമായി പ്രണയത്തിലായിരിക്കുമ്പോള്‍ത്തന്നെ കൊല്ലം സ്വദേശിയും അതേ കോളജിലെ വിദ്യാര്‍ഥിയുമായ അരുണുമായും സോഫിയ ബന്ധം സ്ഥാപിച്ചിരുന്നു. വിവാഹശേഷവും അടുപ്പം നിലനിര്‍ത്തിയ സോഫിയ പിന്നീട് അരുണ്‍ ഓസ്‌ട്രേലിയയില്‍ എത്തിയതോടെ കൂടുതല്‍ തീവ്രമായ ബന്ധത്തിലായി. ഈ ബന്ധം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനാണ് സാമിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates