സഹ പ്രവര്‍ത്തകന്റെ നഗ്ന ചിത്രം രഹസ്യമായി പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച 20കാരി അറസ്റ്റില്‍; സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിച്ച് തെരുവില്‍ പ്രതിഷേധം

സഹ പ്രവര്‍ത്തകന്റെ നഗ്ന ചിത്രം രഹസ്യമായി പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച 20കാരി അറസ്റ്റില്‍;  സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിച്ച് തെരുവില്‍ പ്രതിഷേധം
സഹ പ്രവര്‍ത്തകന്റെ നഗ്ന ചിത്രം രഹസ്യമായി പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച 20കാരി അറസ്റ്റില്‍; സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിച്ച് തെരുവില്‍ പ്രതിഷേധം
Updated on
1 min read

സിയൂള്‍: സഹ പ്രവര്‍ത്തകനായ നഗ്ന മോഡലിന്റെ ചിത്രം രഹസ്യമായി പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച 20കാരിയായ മോഡലിന് പത്ത് മാസം ജയില്‍ ശിക്ഷ. അതേസമയം ശിക്ഷാ വിധിക്കെതിരേ നിരവധി വനിതാ സംഘടനകള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നുണ്ട്. പീഡന വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ടത്താപ്പ് നയത്തെ എതിര്‍ത്താണ് വ്യാപക പ്രതിഷേധം അരങ്ങേറിയത്. 

ജയില്‍ ശിക്ഷയ്ക്ക് വിധേയയാക്കപ്പെട്ട യുവതിയും നഗ്ന മോഡലാണ്. ഇരുവരും സിയൂള്‍ ആര്‍ട്‌സ് കോളജിലാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കഴിഞ്ഞ മെയിലാണ് സഹ പ്രവര്‍ത്തകന്റെ നഗ്ന ചിത്രം യുവതി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് യുവതിയെ അവരുടെ വീട്ടില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് വീട്ടില്‍ റെയ്ഡും നടത്തിയിരുന്നു. അറസ്റ്റ് ചെയ്ത് യുവതിയെ ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ചതും വന്‍ വിവാദമായി.

ടെക്‌നോളജിയുടെ വികാസം വലിയ തോതില്‍ സ്വാധീനം ചെലുത്തിയിട്ടുള്ള രാജ്യമാണ് ദക്ഷിണ കൊറിയ. അതുകൊണ്ടു തന്നെ രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വര്‍ഷാവര്‍ഷം വര്‍ധനവും ഉണ്ടാകുന്നു. ഒളി ക്യാമറകള്‍ വഴിയുള്ള കുറ്റകൃത്യങ്ങളാണ് കൂടുതല്‍. സ്‌കൂളുകള്‍, ഓഫീസുകള്‍, ട്രെയിനുകള്‍, ശൗചാലയങ്ങള്‍, ചെയ്ഞ്ചിങ് മുറികള്‍, തെരുവുകളില്‍ വരെ പെണ്‍കുട്ടികളും സ്ത്രീകളും ഒളി ക്യാമറകളില്‍ കുടുങ്ങുന്നു. ഇവരുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ ചിത്രങ്ങളായും വീഡിയോയായും ഇന്റര്‍നെറ്റ് വഴി വന്‍ തോതിലാണ് വില്‍ക്കുന്നത്. 

ഇത്തരം കേസുകളില്‍ പ്രതിസ്ഥാനത്ത് 98 ശതമാനം പുരുഷന്‍മാരും ഇരകളായി 80 ശതമാനത്തോളം സ്ത്രീകളുമാണെന്നും കണക്കുകള്‍ പറയുന്നു. മാത്രമല്ല കുറ്റാരോപിതരാകുന്ന പുരുഷന്‍മാര്‍ സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിലുള്ളവരുമാണ്. സ്‌കൂള്‍ അധ്യാപകര്‍, കോളജ് പ്രൊഫസര്‍മാര്‍, പൊലീസ് ഓഫീസര്‍മാര്‍, പള്ളി വികാരികള്‍ തുടങ്ങിയവരാണ് കേസില്‍ ഉള്‍പ്പെടുന്നത്. പിടിക്കപ്പെട്ട മിക്കവരും മൊബൈല്‍ ഫോണ്‍ വഴിയല്ല ഇത്തരം ചിത്രങ്ങള്‍ പകര്‍ത്തിയതെന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. കണ്ണടകള്‍, ലൈറ്റര്‍, വാച്ചുകള്‍, കാറിന്റെ താക്കോല്‍, മാല വരെയുള്ള വസ്തുക്കളില്‍ നൂതന സാങ്കേതിക വിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന സ്‌പൈ ക്യാമറകള്‍ ഘടിപ്പിച്ചാണ് ഇവരില്‍ പലരും കുറ്റം ചെയ്തതെന്ന് പൊലീസ് പറയുന്നു. 2010ല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ 1,100 ആണ് രേഖപ്പെടുത്തിയത്. എന്നാല്‍ 2017ലെ കണക്ക് 6,500ല്‍ എത്തിയതും കുറ്റകൃത്യങ്ങളിലെ വര്‍ധനവിനെ കാണിക്കുന്നു. 

കഴിഞ്ഞ ദിവസം മോഡലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ സാമൂഹിക പ്രവര്‍ത്തര്‍ ഉന്നയിച്ച പ്രധാന ചോദ്യം കുറ്റവാളികളോട് പൊലീസ് കാണിക്കുന്ന ഇരട്ടത്താപ്പിനെ കുറിച്ചായിരുന്നു. മോഡലിന്റെ കേസില്‍ പുരുഷനാണ് ഇരയുടെ ഭാഗത്തുള്ളത്. അതേസമയം ഇത്തരം കേസുകളില്‍ വളരെ അപൂര്‍വമായിട്ടേ അങ്ങനെ സംഭവിക്കാറുള്ളു. വനിതാ മോഡലിനെതിരായ കുറ്റം കുറഞ്ഞ മാസങ്ങള്‍ കൊണ്ട് തെളിയിച്ച് അവരെ അറസ്റ്റ് ചെയ്യാന്‍ കാണിച്ച പൊലീസ് എന്തുകൊണ്ട് സമാനമായ കേസുകളില്‍ ഈ ജാഗ്രത കാണിക്കുന്നില്ലെന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്. പുരുഷന്‍ ഇരയായാലും കുറ്റാരോപിതനായാലും കോടതിയും പൊലീസും നിയമ വ്യവസ്ഥിതിയും സമീപിക്കുന്ന രീതിയെയാണ് പ്രതിഷേധക്കാര്‍ ചോദ്യം ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com