

മെല്‍ബണ്‍ : പുനലൂര്‍ സ്വദേശി സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കോടതി. സാമിന്റെ കൊലപാതകത്തില്‍ ഭാര്യ സോഫിയയും കാമുകന്‍ അരുണ്‍ കമലാസനനും കുറ്റക്കാരാണെന്ന് വിക്ടോറിയ സുപ്രീംകോടതി വിധിച്ചു. മൂന്നാഴ്ച നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി. കോടതി വിധി നിര്‍വികാരതയോടെ അരുണ്‍ കേട്ടുനിന്നപ്പോള്‍, വിധി കേട്ട് സോഫിയ പൊട്ടിക്കരഞ്ഞു.
സാമിനെ ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലക്കി കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് അരുണ്‍ കമലാസനന്‍ പൊലീസിന് രഹസ്യമൊഴി നല്‍കിയിരുന്നു. സോഫിയ സാമിന് ആദ്യം നല്‍കിയ അവാക്കാഡോ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നു. മയങ്ങിപ്പോയ സാമിന്റെ വായിലേക്ക് സയനൈഡ് കലര്‍ത്തിയ ജ്യൂസ് ഒഴിക്കുകയായിരുന്നു എന്നാണ് അരുണ്‍ കുറ്റസമ്മത മൊഴിയില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഈ മൊഴി വിശ്വസനീയമല്ലെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം കോടതി തള്ളി.
2014 ജനുവരിയില്‍ സോഫിയയും അരുണും ജോയിന്റ് അക്കൗണ്ട് എടുത്തിരുന്നതായി കോടതി കണ്ടെത്തി. സാമിനെ കൊലപ്പെടുത്തുന്നതിനും ഒരു വര്‍ഷം മുന്നേയായിരുന്നു ഇത്. ഇരുവരും തമ്മില്‍ നേരത്തെ തന്നെ സൗഹൃദത്തിനും അപ്പുറം ബന്ധമുണ്ടായിരുന്നു എന്നതിന് തെളിവാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ കോടതി ശിക്ഷാ വിധിക്കായി മാര്‍ച്ച് 21 ന് കേസ് വീണ്ടും പരിഗണിക്കും.
സോഫിയയും അരുണും വര്‍ഷങ്ങള്‍ക്ക് മുമ്പേ പരിചയക്കാരാണ്. യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സാം എബ്രഹാമിനെ വകവരുത്താന്‍ ഇരുവരും തീരുമാനിച്ചിരുന്നതായും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഭര്‍ത്താവിനെ ഒഴിവാക്കി ഒരുമിക്കാന്‍ ഇരുവരും പദ്ധതിയിട്ടത് ഇവരുടെ സ്വകാര്യ ഡയറിക്കുറിപ്പുകള്‍ വഴി പുറത്തുവന്നിരുന്നു. സോഫിയയുടെയും അരുണിന്റെയും ഇലക്ട്രോണിക് ഡയറിക്കുറിപ്പുകള്‍ പ്രോസിക്യൂഷന്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
2015 ഒക്ടോബറിലാണ് പുനലൂര്‍ സ്വദേശിയും യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാമിനെ മെല്‍ബണിലെ എപ്പിംഗിലെ
വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഹൃദയാഘാതം ആണെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഭാര്യയും കാമുകനും ചേര്‍ന്ന് സാമിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് തെളിഞ്ഞത്. തുടർന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates