

മനുഷ്യരുടെ മൃഗസ്‌നേഹം അത്ര നിസ്വാര്‍ത്ഥമൊന്നുമല്ല. പശുക്കളേയും ആടുകളേയും പോത്തുകളേയും പന്നികളേയും കോഴികളേയും താറാവുകളേയുമൊക്കെ വളര്‍ത്തുന്നവര്‍ ചില സാമ്പത്തിക താല്‍പ്പര്യങ്ങള്‍ മുന്നില്‍ വച്ചാണ് ആ ജോലിയിലേര്‍പ്പെടുന്നത്. പശുപ്പാലിനും അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്കും വിപണിയില്ലെങ്കില്‍ ആരും അത്ര മിനക്കെട്ട് പശുക്കളെ പോറ്റില്ല. പന്നിമാംസത്തിനു വിപണനമൂല്യമില്ലെങ്കില്‍ ലോകത്തില്‍ ഒരു മനുഷ്യനും പന്നിവളര്‍ത്തില്‍ ഏര്‍പ്പെടില്ല. തന്റെ ജീവനോപാധിയായതുകൊണ്ടാണ് മനുഷ്യന്‍ പശുപാലനത്തിലേയ്ക്കും കോഴിവളര്‍ത്തലിലേയ്ക്കുമെല്ലാം തിരിഞ്ഞത്.
പശു അതു നല്‍കുന്ന പാലിന്റെ രൂപത്തിലോ കോഴി അതു നല്‍കുന്ന മുട്ടയുടെ രൂപത്തിലോ മാത്രമല്ല മനുഷ്യന്റെ സാമ്പത്തിക ജീവിതത്തെ സ്വാധീനിക്കുന്നത്. കാര്‍ഷിക സമ്പദ്‌വ്യവസ്ഥയില്‍ വലിയ പങ്കുവഹിച്ചുപോന്ന ജീവിയാണ് പശു. ആ ജീവി പ്രസവിക്കുന്ന കാളകളെ ഉപയോഗിച്ചാണ് സമീപഭൂതകാലം വരെ കര്‍ഷകര്‍ നിലമുഴുതിരുന്നത്. ചരക്കുകള്‍ കടത്താനും എണ്ണയാട്ടാനും കര്‍ഷകര്‍ ഉപയോഗിച്ചു പോന്നതും കന്നുകാലികളെത്തന്നെ. അതായത്, മനുഷ്യജീവിതത്തെ മുന്നോട്ടു നയിച്ച കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു ഒരുകാലത്തു പശുവും കാളയും എരുമയും പോത്തുമെല്ലാം.
കോഴിയും താറാവും പോലുള്ള ജീവികളാകട്ടെ, ഭക്ഷ്യവസ്തുവായ മുട്ടയ്ക്കു പുറമെ അവയുടെ കാഷ്ഠത്തിലൂടെ മനുഷ്യരുടെ വിളകള്‍ക്കു വളം നല്‍കുക കൂടി ചെയ്തു. ആ നിലയ്ക്കു മാത്രമല്ല അവയോ കന്നുകാലികളോ നമ്മുടെ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിച്ചത്. മാംസഭക്ഷണത്തിന്റെ രൂപത്തിലും ജനജീവിതത്തില്‍ അവ ഇടപെട്ടു. കര്‍ഷകര്‍ക്കു കൃഷിതലത്തില്‍ ആവശ്യമുള്ളതിലേറെ കാലികളും കോഴികളുമുണ്ടാകുമ്പോള്‍ അവയെ വളര്‍ത്തുന്നതു ലാഭകരമാവില്ല. ആ ഘട്ടത്തില്‍ സാമ്പത്തിക നേട്ടം ഉന്നംവച്ച് അവ ഒഴിവാക്കപ്പെടുന്നു. മറ്റുവിധത്തില്‍ പറഞ്ഞാല്‍, ഇറച്ചിവിലയ്ക്ക് അവ വില്‍ക്കപ്പെടുന്നു.
തീവ്ര ഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥ് യുപിയില്‍ മുഖ്യമന്ത്രിക്കസേരയിലെത്തിയതോടെ ഗോവധ നിരോധന മുദ്രാവാക്യം രാജ്യത്തു ശക്തിപ്പെട്ടിരിക്കുകയാണ്. ഗോവധ നിരോധനം ദേശവ്യാപകമായി നടപ്പാക്കണമെന്നു ആവശ്യപ്പെട്ട് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്തു വന്നിട്ടുണ്ട്. സമീപകാലത്തു ചത്ത പശുവിന്റെ തോലുരിച്ചതിനു ദളിതര്‍ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്ത സംഭവങ്ങളും പശുമാംസം കഴിച്ചെന്നോ പശുക്കളെ കശാപ്പിനു കൊണ്ടുപോയെന്നോ ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖും നുഅമാനും സഹീദ് അഹമ്മദ് ഭട്ടും തൊട്ട് പെഹലാഖാന്‍ വരെയുള്ള മുസ്‌ലിം സമുദായാംഗങ്ങള്‍ വധിക്കപ്പെട്ടതുമായ ചരിത്രവും നമ്മുടെ മുന്‍പിലുണ്ടുതാനും.
ഈ സാഹചര്യത്തില്‍, പശുവിന്റെ പേരില്‍ മതവികാരം കുത്തിയിളക്കി രാഷ്ട്രീയം കളിക്കുന്നവരുടെ ശ്രദ്ധ ചില വസ്തുതകളിലേക്കു ചെല്ലുന്നതു നന്നായിരിക്കും. ഇന്ത്യയില്‍ തദ്ദേശീയ ഇനം പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. നമ്മുടെ തദ്ദേശീയ ഇനങ്ങളാണ് ഓംഗോള്‍ (നെല്ലൂര്‍), കാന്‍ക്രെജ്, ഗീര്‍ എന്നിവ. രണ്ടു നൂറ്റാണ്ടു മുന്‍പു ബ്രസീലുകാര്‍ അവരുടെ നാട്ടിലേയ്ക്ക് ഇറക്കുമതി ചെയ്ത ഈ മൂന്നിനങ്ങളടക്കം ഇവിടത്തെ തദ്ദേശീയ ഇനം പശുക്കളുടെ എണ്ണം 1997-നും 2012-നുമിടയ്ക്കു 15 ശതമാനം കുറഞ്ഞതായി സര്‍ക്കാരിന്റെ കന്നുകാലി സെന്‍സസ് വെളിപ്പെടുത്തുന്നു. പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഗോവധ നിരോധനമുണ്ടായിട്ടും ഇവിടെ മേല്‍പ്പറഞ്ഞ ഇനം പശുക്കളുടെ എണ്ണത്തില്‍ ഇടിവു സംഭവിച്ചപ്പോള്‍ ഗോവധ നിരോധനം ഒട്ടുമില്ലാത്ത ബ്രസീലില്‍ അവയുടെ എണ്ണത്തില്‍ 74 ശതമാനം വര്‍ദ്ധനയുണ്ടാവുകയത്രേ ചെയ്തത്.
ഇതെങ്ങനെ സംഭവിച്ചു? ബ്രസീലില്‍ ഇന്ത്യന്‍ ഇനം പശുക്കളുടെ എണ്ണം കൂടിയതിനും ഇവിടെ അതു കുറഞ്ഞതിനും പിന്നിലുള്ളതു സാമ്പത്തിക ശാസ്ത്രമാണ്. അര നൂറ്റാണ്ടായി ധവള വിപ്‌ളവത്തിലൂടെ കടന്നുപോകുന്ന നമ്മുടെ രാജ്യം കൂടുതല്‍ പാല്‍ തരുന്ന ജെഴ്‌സി, ഹോള്‍സ്റ്റിന്‍ ഫ്രീസന്‍ മുതലായ സങ്കരയിനം പശുക്കളുടെ പിറകെ പോകാന്‍ തുടങ്ങി. കാരണം, ജനങ്ങളെ സംബന്ധിച്ചിടത്തോളം പശുവല്ല, അതു തരുന്ന പാലിന്റെ അളവാണ് പ്രധാനം. അതു മാത്രമല്ല, ബ്രസീലില്‍ ഇന്ത്യന്‍ പശുക്കളുടെ എണ്ണം കൂടാനുള്ള ഹേതു. ഗോമാംസാധിഷ്ഠിത പശുപാലന വ്യവസ്ഥയാണ് അവിടെയുള്ളത്. സങ്കരയിനം പശുക്കളുടെ മാംസത്തേക്കാള്‍ രുചികരം സങ്കരമല്ലാത്ത പശുക്കുടെ മാംസമാണെന്നു ബ്രസീലുകാര്‍ തിരിച്ചറിയുന്നു. അത്തരം പശുക്കളുടെ എണ്ണം കൂടുമ്പോള്‍ ഗോമാംസ വിപണി വഴി കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ അവര്‍ക്കു കഴിയും.
സമകാലിക ഇന്ത്യയില്‍ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയില്‍ കന്നുകാലികളുടെ പങ്കു കുറഞ്ഞുവരുന്നു എന്ന വസ്തുതയും ശ്രദ്ധിക്കേണ്ടതാണ്. ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ വന്നപ്പോള്‍ കാര്‍ഷികവൃത്തികള്‍ക്കോ ചരക്കുകടത്തിനോ എണ്ണയാട്ടിനോ ഒന്നും കാലികള്‍ വേണ്ടതില്ല എന്ന നിലവന്നു. കാലിവളത്തിനു പകരം രാസവളം വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതും കാലിവളര്‍ത്തലിനെ പ്രതികൂലമായി ബാധിച്ചു. തങ്ങളുടെ സാമ്പത്തിക ജീവിതത്തില്‍ മൃഗങ്ങളുടെ പങ്കു കുറയുമ്പോള്‍ അത്തരം മൃഗങ്ങളോടു ജനങ്ങള്‍ക്കുള്ള പ്രതിപത്തിയും സ്വാഭാവികമായി കുറയുന്നു.
അതേ സമയം, പശു (കാള) സംഖ്യയില്‍ ഇടിവ് സംഭവിക്കുമ്പോള്‍ രാജ്യത്തു പോത്തുകളുടെ എണ്ണം കൂടുന്നതായി കാണാം. 1997 തൊട്ട് പോത്ത് സംഖ്യയില്‍ 21 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കാരണം, ലളിതം: പോത്ത് (എരുമ) വര്‍ഗ്ഗമാണ് പാലുല്‍പ്പാദനത്തിലും മാംസോല്‍പ്പാദനത്തിലും മുന്നിട്ടു നില്‍ക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പോത്തിറച്ചി കയറ്റുമതി രാജ്യം ഇന്ത്യയത്രേ: തന്നെയുമല്ല, പശുക്കളെ പോറ്റുന്നതിനേക്കാള്‍ അധ്വാനവും ചെലവും കുറവാണ് പോത്തു വളര്‍ത്തിന്. പശുക്കള്‍ക്ക് അല്‍പ്പമെങ്കിലും പച്ചപ്പുല്ല് കൂടിയേ തീരൂ. പോത്തുകള്‍ പച്ചപ്പുല്ലില്ലെങ്കിലും ആരോഗ്യത്തോടെ വളരും.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കശാപ്പു ചെയ്യപ്പെടുന്നതു പോത്തുകളായിട്ടും അവയുടെ എണ്ണം വര്‍ധിക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം മനുഷ്യരുടെ മാംസോപഭോഗം പോത്തുവളര്‍ത്തലിനു പ്രേരകമായിത്തീരുന്നു എന്നാണ്. മാംസവിപണിയില്ലെങ്കില്‍ പോത്തുവളര്‍ത്തിനു സന്നദ്ധരാകുന്നവരുടെ എണ്ണത്തില്‍ ഗണ്യമാംവിധം കുറവ് സംഭവിക്കും.
പശു രാഷ്ട്രീയക്കാര്‍ കാണാതിരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്ന മറ്റൊരു വിഷയത്തിലേക്കു കൂടി കടന്നുചെല്ലാം. ചില ഉപാധികള്‍ക്കു വിധേയമായി മാത്രമേ ആര്‍ക്കും കാലികളെ വളര്‍ത്താന്‍ കഴിയൂ. പശുക്കളുടെ ആരോഗ്യമോ പ്രത്യുല്‍പ്പാദനശേഷിയോ പശുക്കള്‍ക്കാവശ്യമായ വെള്ളവും തീറ്റയും ലഭ്യമാക്കാന്‍ തങ്ങള്‍ക്കുള്ള സൗകര്യങ്ങളോ ഒന്നും പരിഗണിക്കാതെ ആളുകള്‍ പശുക്കളെ വളര്‍ത്തിക്കൊള്ളും എന്നു വല്ല പശുഭക്തരും കരുതുന്നുണ്ടെങ്കില്‍, അതിനേക്കാള്‍ വലിയ മൗഢ്യം വേറെയില്ല.
പ്രായം കൂടി, ആരോഗ്യം ക്ഷയിച്ച്, പാലുല്‍പ്പാദനശേഷി കുറഞ്ഞുപോയ പശുക്കളെ വിറ്റു കാശാക്കാനേ ആരും മുതിരൂ. അതുപോലെ, വേനല്‍ക്കാലത്തു വരള്‍ച്ച രൂക്ഷമാകുന്ന വേളയില്‍ വെള്ളവും തീറ്റയും ദുര്‍ലഭമാകുമ്പോള്‍ ഏതു ക്ഷീരകര്‍ഷകനും കാലികളെ വില്‍ക്കാന്‍ നിര്‍ബന്ധിതനാകും. കടക്കെണിയില്‍ കുടുങ്ങുന്നവരുടെ സ്ഥിതിയും ഭിന്നമല്ല. അത്തരം ഘട്ടങ്ങളില്‍ കൈവശമുള്ള പശുക്കളെ വിറ്റെങ്കിലും കരകയറാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുക സ്വാഭാവികം. ഇമ്മാതിരി സംഭവങ്ങള്‍ 2015-ല്‍ തെലങ്കാനയിലെ ആദിലാബാദില്‍നിന്നും മഹാരാഷ്ട്രയിലെ യവത്മാലില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങള്‍ പശുക്കളെ വില്‍ക്കുന്നതു കശാപ്പുകാര്‍ക്കാണോ അല്ലയോ എന്നൊന്നും നോക്കാന്‍ ആളുകള്‍ക്കു സാധിച്ചെന്നു വരില്ല.
ഇതു കേള്‍ക്കുമ്പോള്‍ പശുഭക്തര്‍ തൊടുക്കുന്ന മറുപടി ഇങ്ങനെയാവും: ''പുണ്യമൃഗമായതുകൊണ്ടു പശുവിനെ കശാപ്പുകാര്‍ക്കു നല്‍കാന്‍ പാടില്ല. ഗോശാലകളില്‍ കൊണ്ടുപോയി പശുക്കളെ സംരക്ഷിക്കുകയാണ് വേണ്ടത്.' ഗോശാല എന്ന ആശയത്തോടു പശു വളര്‍ത്തുകാരുടെ പ്രതികരണം ഇവ്വിധമായിരിക്കും: ''നല്ല വില കൊടുത്തു ഞങ്ങള്‍ വാങ്ങിയ പശുക്കളെ എന്തിനു സൗജന്യമായി ഗോശാലകള്‍ക്കു നല്‍കണം? ഞങ്ങള്‍ മുടക്കിയ പണത്തില്‍ ഒരംശമെങ്കിലും തിരിച്ചുകിട്ടാനുള്ള അര്‍ഹത ഞങ്ങള്‍ക്കില്ലേ?'
ഗോവധ നിരോധനം ദേശവ്യാപകമായി നടപ്പാക്കണമെന്നാവശ്യപ്പെടുന്നവര്‍ ഗോക്കളെ പരിപാലിക്കുന്നവരും ഗോമാംസം (ബീഫ്) ഭക്ഷിക്കുന്നവരും തമ്മിലുള്ള ബന്ധം ശ്രദ്ധിക്കാതെ പോകുന്നു. മുസ്‌ലിങ്ങളും ക്രൈസ്തവരും പിന്നാക്ക ഹിന്ദുക്കളും മാത്രമല്ല, ആദിവാസികളും ദളിതരും ബീഫ് കഴിക്കുന്നവരാണ്. അവര്‍ തന്നെയാണ് യഥാര്‍ത്ഥ പശുപാലകരും. പശുക്കളെ പൂജിക്കുന്നു എന്നു പറയുന്ന ബ്രാഹ്മണരോ മറ്റു ഉയര്‍ന്ന ജാതിക്കാരോ പശുക്കളെ മേയ്ക്കുകയോ അവയ്ക്കു തീറ്റ നല്‍കുകയോ അവയുടെ ആലകള്‍ വൃത്തിയാക്കുകയോ അവ ചത്താല്‍ ജഡം കുഴിച്ചുമൂടുകയോ ചെയ്യുന്നില്ല. അതെല്ലാം ചെയ്യുന്നതു ദളിതരാണ്. ഒരര്‍ത്ഥത്തിലും പശുക്കളെ പരിപാലിക്കാത്ത ബ്രാഹ്മണര്‍ ഉള്‍പ്പെടെയുള്ള ഉപരിജാതിക്കാര്‍ക്കു പശുക്കളുടെ പേരില്‍ ശബ്ദമുയര്‍ത്താന്‍ എന്തവകാശം എന്ന ദളിത് ആക്ടിവിസ്റ്റുകളുടെ ചോദ്യം പശു രാഷ്ട്രീയക്കാരുടെ കണ്ണു തുറപ്പിക്കേണ്ടതുണ്ട്.
('സെമിനാര്‍' മാസിക(ജനുവരി, 2016)യില്‍ സാഗരി രാംദാസ് എഴുതിയ ലേഖനമാണ് സ്ഥിതിവിവരക്കണക്കുകള്‍ക്ക് ആധാരം).
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates