ഗോമാംസം എന്ന രാഷ്ട്രീയ ഭക്ഷണം

എന്തുകൊണ്ടാണ് ഡയറക്ടീവ് പ്രിന്‍സിപ്പിള്‍സ് ഓഫ് സ്റ്റേറ്റ് പോളിസി പ്രകാരം സംരക്ഷിക്കപ്പെടുന്ന ഏകമൃഗം പശുവാകുന്നത്
ഗോമാംസം എന്ന രാഷ്ട്രീയ ഭക്ഷണം

പശു, കാള, പോത്ത്, എരുമ എന്നീ നാല്‍കാലികളുടെ ഇറച്ചി എന്നര്‍ത്ഥത്തില്‍ പൊതുവേ പ്രയോഗിച്ചുവരുന്ന 'ബീഫി'നു മനുഷ്യരുടെ ഭക്ഷണചരിത്രത്തില്‍ സുപ്രധാനവും സവിശേഷവുമായ സ്ഥാനമാണുള്ളത്. എന്നാല്‍ ഈ ചരിത്രത്തെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ടാണു ഭാരതീയര്‍ സസ്യഭുക്കുകളായിരുന്നുവെന്ന കല്പിതചരിത്രം നിര്‍മിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്. വെജിറ്റേറിയന്‍ ഭക്ഷണം മഹനീയവും ശുദ്ധവുമാണെന്ന ധാരണകളെ ആശ്ലേഷിച്ചുകൊണ്ട്  സുവര്‍ണവും സവര്‍ണവുമായ ഒരു ഗതകാലത്തെ മെനഞ്ഞെടുക്കുന്നതിന്റെ ഭാഗമാണ് ഇത്തരം നീക്കങ്ങള്‍. ഈ 'വെജിറ്റേറിയന്‍ ചരിത്രനിര്‍മിതി'ക്കു പിന്നില്‍ സുനിശ്ചിതമായ രാഷ്ര്ടീയലക്ഷ്യങ്ങളുണ്ടെന്നു സാരം. ഇങ്ങനെ വരുമ്പോള്‍ മാട്ടിറച്ചി അഥവാ ബീഫ് എന്നത് ഒരു മാംസഭക്ഷണം മാത്രമല്ല 'രാഷ്ട്രീയഭക്ഷണം' കൂടിയാവുന്നു.

മിത്ത്, ചരിത്രം, ബീഫ്

പൗരാണികഭാരതത്തിലെ മനുഷ്യര്‍ സസ്യഭുക്കുകള്‍ ആയിരുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണ്. ബ്രാഹ്മണര്‍ ഉള്‍പ്പെടെ, ഏതാണ്ടെല്ലാ ജനവിഭാഗങ്ങളും മാംസഭുക്കുകളോ മിശ്രഭുക്കുകളോ ആയിരുന്നുവെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യരുടെ വികാസപരിണാമഗതിയിലെ ഒരു സുപ്രധാനഘട്ടമാണ് ഇടയജീവിതഘട്ടം. മനുഷ്യര്‍  കന്നുകാലികളെ മേച്ചുനടന്നിരുന്ന ഈ കാലഘട്ടത്തില്‍ മാട്ടിറച്ചി അവരുടെ സ്ഥിരഭക്ഷണമായി മാറിയിരുന്നുവെന്നു ചരിത്രകാരനായ ആര്‍.എസ്. ശര്‍മ 'പ്രാചീനഭാരതം' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. വേദകാലഘട്ടത്തില്‍ത്തന്നെ ബീഫ് ഒരു പ്രധാന ഭക്ഷണമായിരുന്നുവെന്നു സാരം. ഇന്ദ്രദേവനു കാളയുടെ ഇറച്ചിയും അഗ്നിദേവനു പശു, കാള എന്നിവയുടെ ഇറച്ചിയും പ്രിയങ്കരമായിരുന്നുവെന്നു വേദങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രസിദ്ധ പണ്ഡിതനായ ഡി.എന്‍.ഝാ എഴുതിയ 'ഹോളി കൗ: ബീഫ് ഇന്‍ ഇന്‍ഡ്യന്‍ ഡയറ്ററി ട്രഡീഷന്‍' എന്ന പുസ്തകത്തില്‍ ഇതിന്റെ സൂക്ഷ്മവിവരണങ്ങള്‍ കാണാം.  എത്ര കന്നുകാലികള്‍ ഒരാള്‍ക്കു കൈമുതലായുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നു സമ്പന്നത നിര്‍ണയിക്കപ്പെട്ടിരുന്നത്. 
 

ബ്രാഹ്മണര്‍ക്കു ധാന്യങ്ങളും മാട്ടിറച്ചിയും നല്‍കിപ്പോന്നതുകൊണ്ടാണു രന്തീദേവനു പ്രസിദ്ധി വര്‍ദ്ധിച്ചതെന്നു 'മഹാഭാരത'ത്തില്‍കാണാം. 'തൈത്തിരീയബ്രാഹ്മണ'ത്തില്‍ പശു  തീര്‍ച്ചയായും ഒരു ഭക്ഷണമാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്- അഥോ അന്നം വയാ ഗായ്. യാജ്ഞവല്‍ക്യന് ഇളംപശുവിന്റെ മാംസം ഇഷ്ടമായിരുന്നുവെന്ന കാര്യം ചരിത്രത്തില്‍ വിഖ്യാതമാണ്. 'ചരകസംഹിത'യില്‍ ഗോമാംസം സൂപ്പാക്കി ഭക്ഷിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്.  പല രോഗങ്ങള്‍ക്കുള്ള ഔഷധമായി ഗോമാംസത്തെ വിധിക്കുന്നുമുണ്ട്. 

ആര്യന്മാരുടെ വരവോടെയാണു ഭാരതത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണസമ്പ്രദായം രൂപീകൃതമാവുന്നതെന്ന തെറ്റിദ്ധാരണ വര്‍ത്തമാനകാലസമൂഹത്തില്‍ നിലനില്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ ബുദ്ധ-ജൈനമതക്കാരായിരുന്നു വെജിറ്റേറിയന്‍ ഭക്ഷണസമ്പ്രദായത്തിന്റെ പ്രായോജകര്‍. അഹിംസാവാദിയും മൃഗക്ഷേമതല്പരനുമായിരുന്ന ശ്രീബുദ്ധന്‍ മൃഗഹിംസയെ എതിര്‍ത്തിരുന്നു. പിന്നീടൊരു ഘട്ടത്തില്‍ ബ്രാഹ്മണിസം ബുദ്ധമതത്തെ നിഷ്‌കാസനം ചെയ്തു.  ബുദ്ധമതത്തിന്റെ ആശയാവലികളെ ബ്രാഹ്മണിസം അട്ടിമറിക്കാന്‍ ശ്രമിച്ചു. അട്ടിമറിക്കു വഴങ്ങാത്തവയെ സ്വാംശീകരിക്കുകയോ വിഴുങ്ങുകയോ ചെയ്തു. 

ഇപ്രകാരം വിഴുങ്ങേണ്ടിവന്ന അഥവാ  ബ്രാഹ്മണമതത്തിനു 'പ്രച്ഛന്നമായി' സ്വീകരിക്കേണ്ടിവന്ന ബുദ്ധമതാശയമായിരുന്നു മൃഗ-അഹിംസ. പരമമായ കാരുണ്യത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലായിരുന്നു മൃഗ-അഹിംസാവാദം ബുദ്ധമതം കൈയാളിയിരുന്നതെങ്കില്‍ ബ്രാഹ്മണപ്രത്യയശാസ്ത്രം ഈ അഹിംസാവാദത്തെ ഏറ്റെടുത്തതു കേവല സങ്കുചിതാര്‍ത്ഥത്തിലും പ്രതീകാത്മകവുമായാണ്. ഇതിന്റെ വെളിപ്പെടലാണു മഹാരാഷ്ര്ടയിലെ ഗോവധനിരോധനം. പശുവിനെ വധിക്കുന്നതു മാത്രമാണു കുറ്റകരം. കാളയ്‌ക്കോ പോത്തിനോ എരുമയ്‌ക്കോ ഈ നിരോധനം ബാധകമല്ലത്രേ.

ഭാരതീയരുടെ മാട്ടിറച്ചിഭക്ഷണത്തിന്റെ ചരിത്രം ഖനനത്തിലൂടെ പുരാവസ്തുവകുപ്പ്  പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ബുലന്ത് ഷെഹ്ര്‍ ജി്ല്ലയിലെ ലാല്‍ ഖ്വിലയില്‍ നടത്തിയ ഖനനത്തിലെ ഒരു തിരിച്ചറിവ് വേദകാലഘട്ടത്തിലെ സ്ഥിരഭക്ഷണമായിരുന്നു മാട്ടിറച്ചിയെന്നാണ്. ഇതിന്റെ വിശദവിവരങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലായിരുന്ന  ബി.ബി. ലാല്‍ എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ച 'ഇന്ത്യന്‍ ആര്‍ക്കിയോളജി 1967-70: എ റിവ്യൂ'വിലുണ്ട്. ഇതുപോലെ പ്രസിദ്ധീകരിക്കപെ്പട്ട '1961-62-ലെ റിവ്യൂ'വില്‍ ഉദയ്പൂര്‍ ജില്‌ളയില്‍ നടന്ന ഖനനത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിലും വേദകാലഘട്ടത്തിലെ മാട്ടിറച്ചിഭക്ഷണത്തിന്റെ സൂചനകള്‍ കാണാം. ഗോരഖ്പൂര്‍, കുര്‍നൂലിലെ രാമപുരം, ഗുണ്ടൂരിലെ ഗണ്ടല്‌ളൂര്‍, ശിഖര്‍ ജില്‌ളയിലെ ഗണേശ്വരം, അഹമ്മദ് നഗറിലെ ദായ്മാബാദ് തുടങ്ങിയ ഇടങ്ങളില്‍ നടന്ന വിവിധ പുരാഖനനങ്ങളില്‍ ഭാരതീയരുടെ ബീഫ് പ്രിയത്വവും അതിന്റെ പാരമ്പര്യവും ഉരുക്കഴിക്കപ്പെടുന്നു.

കെ.ടി. അചയ രചിച്ച 'ഇന്ത്യന്‍ ഫുഡ്: എ ഹിസ്റ്റോറിക്കല്‍ കമ്പാനിയന്‍' എന്ന പുസ്തകത്തില്‍, ബി.സി. 1500-ലെ സംഘകാല ജനതയ്ക്കു മാട്ടിറച്ചി ഇഷ്ടവിഭവമായിരുന്നുവെന്നു ചൂണ്ടിക്കാട്ടുന്നു. സംഘം കവിയായ കപിലരുടെ പല പാട്ടുകളിലും ജനതയുടെ മാംസഭക്ഷണപ്രിയത്വം അവതരിപ്പിക്കപെ്പടുന്നുണ്ട്. 

ഭാരതീയപാരമ്പര്യത്തിനും ബ്രാഹ്മണഹൈന്ദവതയ്ക്കും മാട്ടിറച്ചിയോടുണ്ടായിരുന്ന അഭികാമ്യതയുടെ തുടര്‍ച്ചതന്നെയാണു സ്വാമി വിവേകാനന്ദനിലും കാണുന്നത്. വിവേകാനന്ദന്‍ ഇപ്രകാരം എഴുതുന്നു: ''ഞാന്‍ ഇങ്ങനെ പറയുന്നതുകൊണ്ടു നിങ്ങള്‍ അദ്ഭുതപെ്പട്ടേക്കാം. ബീഫ് കഴിക്കാത്തയാള്‍ നല്ല ഹിന്ദുവല്ല' (വിവേകാനന്ദന്റെ സമ്പൂര്‍ണകൃതികള്‍, മൂന്നാം വാല്യം, പേജ് 536). മാട്ടിറച്ചി ഭക്ഷിക്കാതെ ഒരു ബ്രാഹ്മണനു ബ്രാഹ്മണനായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥ ഇന്ത്യയിലുണ്ടായിരുന്നവെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട് (പേജ് 174).

സൗരഭ്യവാസനയായ ദഹനയാഗം

ബീഫിനോടുണ്ടായിരുന്ന മനുഷ്യരുടെ അമിതതാല്പര്യംകൊണ്ടാവണം ആചാരാനുഷ്ഠാനങ്ങളിലും അതിനു സ്ഥാനം കൈവന്നത്. മനുഷ്യര്‍ക്കു പ്രിയങ്കരമായതാണ് അവര്‍ തങ്ങളുടെ ദൈവങ്ങള്‍ക്കും നല്‍കുക. ചരിത്രത്തില്‍ ഇന്നോളം ഓരോ ജനസമൂഹവും തങ്ങളുടെ പ്രിയ ദൈവതങ്ങള്‍ക്ക് അര്‍പ്പിച്ചുപോരുന്ന വഴിപാടുവസ്തുക്കളെയും നിവേദ്യങ്ങളെയും സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. കള്ളും ഇറച്ചിയും പ്രിയങ്കരമാവുന്ന ഒരു സമുദായത്തില്‍ അവയാകും പ്രധാന നിവേദ്യങ്ങള്‍. ആചാരപരമായ മൃഗബലിയെ ഈയര്‍ത്ഥത്തില്‍ നോക്കിക്കാണാവുന്നതാണ്.  ബലി എന്നതു ദൈവത്തിനുള്ള ഭക്ഷണമാണ്. ബൈബിളിലെ ഉല്പത്തി പുസ്തകത്തില്‍ ഇങ്ങനെ വായിക്കാം: ''ഹാബെല്‍ ആട്ടിടയനും കായീന്‍ കൃഷിക്കാരനും ആയിത്തീര്‍ന്നു. കുറേക്കാലം കഴിഞ്ഞിട്ട് കായീന്‍ നിലത്തെ അനുഭവത്തില്‍നിന്നു യഹോവയ്ക്ക് ഒരു വഴിപാട് കൊണ്ടുവന്നു. ഹാബെലും ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂലുകളില്‍നിന്ന്, അവയുടെ മേദസ്‌സില്‍നിന്നുതന്നെ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. കായീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല' (:ഡ:25). ദൈവത്തിന് ഇറച്ചിയോടുള്ള ഹരം വെളിപ്പെടുത്തുന്ന മറ്റൊരു ബൈബിള്‍സന്ദര്‍ഭം നോക്കുക: ''യഹോവ സമാഗമന കൂടാരത്തില്‍വെച്ചു മോശയെ വിളിച്ച് അവനോട് അരുളിചെയ്തു: നീ ഇസ്രയേല്‍ മക്കളോടു സംസാരിച്ച് അവരോടു പറയേണ്ടത് എന്തെന്നാല്‍: നിങ്ങളില്‍ ആരെങ്കിലും യഹോവയ്ക്കു വഴിപാടു കഴിക്കുന്നുവെങ്കില്‍ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കണം... അത് യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗം' (ലേവ്യപുസ്തകം, ::1-10).

ഈ മിത്തും ചരിത്രവുമെല്ലാം സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ അധിവസിക്കുന്ന ഹിന്ദു, ക്രൈസ്തവ, ഇസ്‌ലാം, ജൂതസമൂഹങ്ങളെല്ലാം മാട്ടിറച്ചി ഭക്ഷിച്ചിരുന്നു/ഭക്ഷിക്കുന്നു എന്നാണ്. സിക്കുമതഗ്രന്ഥങ്ങളിലും ഗോമാംസം ഒരു നിഷിദ്ധവസ്തുവല്ല. ആദിവാസി വിഭാഗങ്ങള്‍ക്കും മാട്ടിറച്ചി പ്രിയങ്കരംതന്നെ. ഈ യാഥാര്‍ത്ഥ്യത്തെ ബോധപൂര്‍വം നിഷേധിച്ചുകൊണ്ടാണ് ഓരോ സംസ്ഥാനങ്ങളിലായി ഗോമാംസനിരോധനം പുനരുത്ഥാനവാദക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. 

ഇക്കൂട്ടര്‍ ആധുനിക ഇന്ത്യയെ പരികല്പിക്കുന്നതുതന്നെ ആര്‍ഷഭാരതം എന്ന സവര്‍ണവും ഹൈന്ദവവുമായ ഒരു മിത്തിക്കല്‍ ഇടത്തെ പുനരാനയിച്ചുകൊണ്ടാണ്. ആര്‍ഷഭാരതം സംശുദ്ധവും സ്വര്‍ഗതുല്യവുമായ കാല-സ്ഥലമായിരുന്നുവെന്ന് ഇവര്‍ വാദിക്കുന്നു. ആധുനിക ഇന്ത്യയുടെ പരിമിതികളെ മറികടക്കാന്‍ ആര്‍ഷ ഭാരതസംസ്‌കാരത്തിലേക്കു തിരിച്ചുപോകണമെന്നുവരെ വാദം നീളുന്നു. 

ഇത്തരം വാദമുഖങ്ങളുടെ പ്രതിഫലനമെന്ന നിലയിലാണ് മഹാരാഷ്ട്രയില്‍ ഗോമാംസം നിരോധിച്ചുകൊണ്ടുള്ള നിയമം കഴിഞ്ഞമാസം നടപ്പിലാക്കിയത്. പശു വിശുദ്ധമൃഗമാണെന്നും ഹൈന്ദവപുരാണത്തില്‍ അതിനു മഹനീയമായ സ്ഥാനമാണുള്ളതെന്നും ആര്‍ഷഭാരതത്തില്‍ ആരും ഗോമാംസം ഭക്ഷിച്ചിട്ടില്ലെന്നും മറ്റുമുള്ള 'നിര്‍മിതയുക്തി'കളാണ് പുനരുത്ഥാനവാദക്കാര്‍ക്കു പറയാനുള്ളത്. ഈ യുക്തികളുടെ പൊള്ളത്തരം തുറന്നുകാട്ടാനാണ് ഭാരതീയരുടെ മാട്ടിറച്ചിപ്രിയത്വത്തിന്റെ ചരിത്രം ഇവിടെ സംക്ഷേപിച്ചത്. യഥാര്‍ത്ഥചരിത്രം ഇതായിരുന്നിട്ടും എന്തുകൊണ്ടാവാം ഭക്ഷണസംസ്‌കാരത്തിന്റെ മേശപ്പുറത്തുനിന്ന് പലതിനേയും ഒഴിവാക്കുന്നത്? ഇവിടെയാണ് പാരമ്പര്യസൃഷ്ടി,  ഭാവനാത്മകസമൂഹം,  ആധുനിക ദേശരാഷ്ര്ടം  എന്നീ പരികല്പനകളുടെ പ്രസക്തി.

പാരമ്പര്യവും ദേശരാഷ്ട്രവും

ഭാരതം എന്നതു പൗരാണികമായ ഒരു ദേശസങ്കല്പമാണ്. ആര്‍ഷഭാരതം, ഭാരതക്ഷേത്രം, കര്‍മഭൂമി, പുണ്യഭൂമി തുടങ്ങിയ വ്യവഹാരങ്ങളിലൂടെ ഒരു 'അഖണ്ഡഭാരത'സങ്കല്പം നിര്‍മിക്കപ്പെട്ടു. അതുവഴി ഇന്ത്യയ്ക്ക് ഒരു 'അഖണ്ഡമായ ആത്മാവ്' പരികല്പിക്കപ്പെടുകയും ചെയ്തു. അഖണ്ഡമായ ഇന്ത്യന്‍ ആത്മാവ് എന്ന സങ്കല്പം പ്രാദേശികമായ ജീവിതവ്യവഹാരങ്ങളുടെ ബഹുസ്വരതകളെയും ബഹുമുഖതകളെയും നിഷേധിക്കുകയോ നിരസിക്കുകയോ ചെയ്യുന്നു. ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന്റെ രൂപീകരണത്തിനു വളരെ മുമ്പേതന്നെ 'ഭാരതക്ഷേത്രം' എന്ന പരികല്പന രൂപീകൃതമായിരുന്നു. അതാകട്ടെ ഹൈന്ദവമായ ആത്മീയവീക്ഷണങ്ങള്‍കൊണ്ടു നിര്‍മിക്കപ്പെട്ടതാണ്. 
ഭാരതം അല്ല ഇന്ത്യ. ഇന്ത്യ എന്നതു ആധുനികമായി നിര്‍മിച്ചെടുത്ത ദേശരാഷ്ട്രമാണ്. അതും ഒരു ഭാവനാത്മകസമൂഹം ആണ്. തെരഞ്ഞെടുത്ത സാംസ്‌കാരികരൂപങ്ങളെയും സംസ്‌കാരപ്രക്രിയകളെയും  ലാവണ്യസങ്കല്പങ്ങളെയും മുന്‍നിര്‍ത്തിക്കൊണ്ടാണ്  ഇവിടെ സാമൂഹ്യനിര്‍മിതി സാധ്യമാക്കുന്നത്. എറിക് ഹോബ്‌സ്‌ബോം  പറയുന്നതുപോലെ പാരമ്പര്യത്തിനുവേണ്ടി നിര്‍മിച്ചെടുക്കുന്ന ഭൂതകാലം കാലപരമായി ദൈര്‍ഘ്യമില്ലാത്തതാണ്. അതിനാല്‍ത്തന്നെ സാംസ്‌കാരികമായി വേരുകളില്ലാത്തതുമാണ്. ഇങ്ങനെ ഉപയോഗിക്കപ്പെടുന്ന വിവിധതരം ചിഹ്നങ്ങളാണ് ദേശീയപതാക, സെറ്റും മുണ്ടും, ദേശീയഗാനം, ഭരതനാട്യം, വെജിറ്റേറിയനിസം തുടങ്ങിയവ.

രാഷ്ട്രനിര്‍മിതിയുടെ ഭാഗമായ തെരഞ്ഞെടുപ്പല്‍ പുറത്തുപോകുന്നതു ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനതകളും അവരുടെ ലോകവീക്ഷണങ്ങളും ഭക്ഷണമടക്കമുള്ള അവരുടെ  ഇച്ഛകളുമാണ്. എന്തുകൊണ്ടാണു ഭരതനാട്യം ദേശീയനൃത്തരൂപമായി വാഴ്ത്തപ്പെടുന്നതെന്നും ഇരുളനൃത്തം വെള്ളിവെളിച്ചത്തില്‍ എത്തപ്പെടാതെ പോകുന്നതെന്നും ആലോചിച്ചുനോക്കുക.  ഇതിനു സമാനമാണ് 'ഥാലി' എന്ന  ഭക്ഷണവട്ടത്തിന്റെ പരികല്പന. ഭാരതീയ പാരമ്പര്യഭക്ഷണം എന്ന നിലയില്‍ വന്‍കിട ഹോട്ടലുകളില്‍വരെ വിളമ്പുന്ന ഥാലി എന്ന ഭക്ഷണപാത്രത്തില്‍ എന്തുകൊണ്ടാണ് മാട്ടിറച്ചി ഇല്ലാതെ പോകുന്നത്? പൗരാണിക ഭാരതംമുതല്‍ ആധുനിക ഇന്ത്യവരെയുള്ള ഭക്ഷണപാരമ്പര്യം വെജിറ്റേറിയനാണെന്നു വരുത്തിത്തീര്‍ക്കാനുള്ള അരുചികരമായ നീക്കമാണത്.

രാഷ്ടത്തിന് ആത്മാവുണ്ടെന്നും രാഷ്ട്രമെന്നതുതന്നെ ഒരു ആത്മീയതത്ത്വമാണെന്നും  ഏണസ്റ്റ് റെനന്‍ എന്ന ഫ്രെഞ്ച് സാമൂഹ്യശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെടുന്നു. ഈ തത്ത്വം ഭൂതകാലത്തിലേക്കും വര്‍ത്തമാനകാലത്തിലേക്കും നീണ്ടുനില്‍ക്കുന്ന ഒരു ദ്വന്ദ്വമാണത്രേ. പൊതുവായ സ്മരണകളുടെ ധന്യമായ പാരമ്പര്യമായാണ് ഭൂതകാലത്തെ അദ്ദേഹം പരികല്പിക്കുന്നത്. ഒരുമിച്ചു ജീവിക്കാനായി എല്ലാവരും ചേര്‍ന്ന് ഒരുമിച്ചെടുക്കുന്ന  തീരുമാനമാണു വര്‍ത്തമാനം. ഇങ്ങനെ ഭൂതവര്‍ത്തമാനങ്ങളിലൂടെ രൂപപ്പെട്ടുവരുന്ന രാഷ്ര്ടം എന്ന ആശയം ഭൂതകാലത്തിലെ പൊതുവായ മഹത്വങ്ങളെയും വര്‍ത്തമാനകാലത്തിലെ പൊതുവായ ആഗ്രഹങ്ങളെയും എടുത്തുകാട്ടുന്നു. പ്രാചീന സ്പാര്‍ട്ടയിലെ ഒരു പാട്ടിനെ രാഷ്ട്രസങ്കല്പനത്തിന്റെ സംക്ഷിപ്ത സ്തുതിഗീതമായി അദ്ദേഹം  വരച്ചുകാട്ടുകയും ചെയ്യുന്നു:എന്നാല്‍,  ഇന്ത്യ എന്ന  ദേശരാഷ്ട്രത്തെ നിര്‍മിച്ചെടുക്കുമ്പോള്‍ പൊതുവായ എല്ലാ ഭൂതകാലമഹത്വങ്ങളെയും വര്‍ത്തമാനകാലത്തിലെ പൊതുവായ എല്ലാ ആഗ്രങ്ങളെയും അധീശ/അധികാരവര്‍ഗം അഭിസംബോധന ചെയ്യുന്നില്ല എന്നു തിരിച്ചറിയണം. ഇതു നിയമനിര്‍മാണത്തിലും നമുക്കു ദര്‍ശിക്കാം. 

പശു എന്ന വിശുദ്ധമൃഗം

ദേശീയവാദം രാഷ്ട്രത്തെ എങ്ങനെ നിര്‍വചിക്കുന്നുവെന്നതിനെ സംബന്ധിച്ച യേലി കെഡൂറിയുടെ അഭിപ്രായം ഇത്തരുണത്തില്‍ പ്രസക്തമാണ്. മനുഷ്യവംശത്തെ രാഷ്ട്രങ്ങളായി വിഭജിച്ചു പരികല്പിക്കാമെന്നും ഓരോ രാഷ്ട്രത്തിനും അതിന്റേതായ ചില സവിശേഷതകള്‍ ഉണ്ടെന്നു തിരിച്ചറിയാനാവുമെന്നും യൂറോപ്യന്‍ നാഷണലിസം വാദിക്കുന്നു. ഈ മാതൃക ലോകമെമ്പാടും സ്വീകരിക്കപ്പെട്ടതാണ്. രാഷ്ര്ടത്തിന്റെ സവിശേഷതകള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ ഫലപ്രദമായ സ്വയംഭരണം സാധ്യമാണെന്നും ഈ രാഷ്ര്ടമാതൃക പറഞ്ഞുവെയ്ക്കുന്നുണ്ട്. ഭരണമാനദണ്ഡങ്ങള്‍ എല്ലാ ജനക്കൂട്ടായ്മകളുടെയും താല്പര്യങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്ന് ദേശീയവാദം കപടമായി നടിക്കുന്നു. എന്നാല്‍ ഒരു രാഷ്ര്ടം നിര്‍മിക്കുന്ന നിയമാവലികള്‍ പലപ്പോഴും ചരിത്രത്തോടു വൈരുദ്ധ്യാത്മകബന്ധമാണു പുലര്‍ത്തുന്നത്. ഈ നിയമാവലികള്‍ ചില കൂട്ടായ്മകളെ അപരവല്‍ക്കരിക്കുകയോ അദൃശ്യവല്‍ക്കരിക്കുകയോ ചെയ്യും. രാഷ്ട്രത്തിന്റെ ഭരണക്രമം സൃഷ്ടിക്കുന്ന നിയമങ്ങള്‍ ഒത്തുപൊരുത്തമില്ലാത്ത ഒരു ഭൗതികാതീതവ്യവസ്ഥ യുടെ അവശിഷ്ടമാണെന്നാണു കെഡൂറി പറയുന്നത്. 'ബഫലോ നാഷണലിസം' എന്ന കൃതിയിലെ 'കൗ ആന്റ് കള്‍ച്ചര്‍' എന്ന ലേഖനത്തില്‍ കാഞ്ച ഇളയ്യ മുന്നോട്ടുവെയ്ക്കുന്ന ചോദ്യം ഈ സന്ദര്‍ഭത്തില്‍ വീണ്ടും ശ്രദ്ധേയമാകുന്നു: ''എന്തുകൊണ്ടാണ് ഡയറക്ടീവ് പ്രിന്‍സിപ്പിള്‍സ് ഓഫ് സ്റ്റേറ്റ് പോളിസി പ്രകാരം സംരക്ഷിക്കപ്പെടുന്ന ഏകമൃഗം പശുവാകുന്നത്?'

വിശുദ്ധമൃഗം എന്ന സങ്കല്പത്തിലേക്കാണ് ഇത്തരം നിയമനിര്‍മാണങ്ങള്‍ നമ്മെ നയിക്കുന്നത്. 'ദ സേക്രഡ് ആന്റ് ദ പ്രൊഫേന്‍' എന്ന പഠനത്തില്‍ കേ്‌ളാദ് ലെവിസ്‌ട്രോസ് 'ബ്രികൊളാഷ്' എന്നൊരു ചിന്താമാതൃകയെപ്പറ്റി പറയുന്നുണ്ട്. ആദിമസംസ്‌കാരങ്ങള്‍ തങ്ങള്‍ക്കു ചുറ്റുമുള്ള ഭൗതികവസ്തുക്കള്‍കൊണ്ട് തല്‍ക്ഷണം ചില നൈതികതകള്‍ നിര്‍മിച്ചെടുക്കും. തങ്ങളുടെ സംസ്‌കാരം എന്തായിരിക്കണമെന്നു നിര്‍വചിക്കുന്ന സന്ദര്‍ഭമാണിത്. ഇവിടെ സംസ്‌കാരവിഭാഗങ്ങളെ വിവരിക്കാന്‍ പ്രകൃതിയിലുള്ള വസ്തുക്കളെ ഉപയോഗപ്പെടുത്തുകയാണു ചെയ്യുന്നത്. ഈ സന്ദര്‍ഭത്തിലാണു വിശുദ്ധമൃഗം ഒരു  കുലചിഹ്നമൃഗം ആയി മാറുന്നത്. എന്നാല്‍ ആദിമകാലത്തില്‍നിന്നു വളരെ ഭിന്നമാണു സമകാലിക സാഹചര്യം. ബഹുസംസ്‌കൃതികളെയെല്ലാം ഇന്ന് ഒരേപോലെ അഭിസംബോധന ചെയ്യേണ്ടിവരുന്നു. അതിനാല്‍ത്തന്നെ കുലചിഹ്നങ്ങള്‍ക്ക് ജനാധിപത്യ രാഷ്ര്ടവ്യവസ്ഥയില്‍ പ്രസക്തിയില്ല. പക്ഷേ, കുലചിഹ്നങ്ങള്‍ നിര്‍മിച്ചെടുക്കാനാണ് പുനരുത്ഥാനവാദികളുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് പശുവിനെ കുലചിഹ്നമൃഗമായി അവരോധിക്കുന്നതും. കുലചിഹ്നത്തിനു വിശുദ്ധിയും പവിത്രതയും കല്പിക്കേണ്ടതുണ്ട്. ഇതിനായാണ് ശ്രീകൃഷ്ണനിലേക്കും മഹാഭാരതാദി ഇതിഹാസപുരാണങ്ങളിലേക്കും പശുവിനെ മാറ്റിമാറ്റികെട്ടുന്നത്. കുലചിഹ്നമൃഗത്തിന്  അതീതവും അതിഭൗതികവുമായ സ്വഭാവസവിശേഷതകള്‍ ആരോപിച്ച് നിലനിര്‍ത്താന്‍ അതിനെ മറ്റുള്ളവയില്‍/മറ്റുള്ളവരില്‍നിന്ന് അന്യമാക്കി നിര്‍ത്തേണ്ടതുണ്ട്. അതായത് കാള, പോത്ത്, എരുമ തുടങ്ങിയ കന്നുകാലിവര്‍ഗത്തില്‍നിന്ന് അതിനെ വേര്‍പെടുത്തണം. കൂടാതെ പൊതുസമൂഹത്തിന് അതു നിഷിദ്ധ മായിരിക്കുകയും വേണം. ഈ ഇരട്ടലക്ഷ്യങ്ങളെ ഒന്നിച്ചു സാക്ഷാത്ക്കരിക്കുകയാണു ഗോമാംസനിരോധനനിയമം.

റൊളാങ് ബാര്‍ഥ് കുലചിഹ്നഭക്ഷണത്തെപ്പറ്റി 'മിത്തോളജീസ്' എന്ന ഗ്രന്ഥത്തില്‍ ചില നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആഗോളവല്‍ക്കരണത്തോടുള്ള പ്രതിരോധം എന്ന നിലയിലാണ് അദ്ദേഹം കുലചിഹ്നഭക്ഷണത്തെ വിലയിരുത്തുന്നത്. യൂറോ-അമേരിക്കന്‍ ഭക്ഷണങ്ങള്‍ ലോകമെമ്പാടും നാണയപ്പെടുമ്പോള്‍ ചെറുചെറു സമൂഹങ്ങളുടെ പാരമ്പര്യഭക്ഷണങ്ങള്‍ എന്നെന്നേക്കുമായി നാടുനീങ്ങുന്നുവെന്ന കദനാവസ്ഥയെ ചെറുക്കാനുള്ള രാഷ്ര്ടീയനീക്കമായാണ് കുലചിഹ്നഭക്ഷണം എന്ന ആശയം അദ്ദേഹം അവതരിപ്പിക്കുന്നത്. വംശസ്വത്വത്തിന്റെ ഇല്ലാതാകലിനെ തടയുവാനായി ഭക്ഷണമടക്കമുള്ള ഭൗതികവസ്തുക്കള്‍ക്ക് ചിഹ്നപരമായ അര്‍ത്ഥം നല്‍കുകയാണിവിടെ. 'മൂര്‍ത്തതയുടെ യുക്തി'  എന്ന ലെവിസ്‌ട്രോസിയന്‍ സങ്കല്പനം കടമെടുത്തുകൊണ്ട് ബാര്‍ത്ത് നടത്തുന്ന ഈ സാംസ്‌കാരിക ഇടപെടലിന്റെ വിരോധാഭാസപരമായ അട്ടിമറിയോ ഹൈജാക്കിംഗോ ആണു സമകാലിക ഇന്ത്യന്‍ സാഹചര്യത്തിലെ പശുവിന്റെ ദൈവവല്‍ക്കരണവും ഗോമാംസനിരോധനവും.

ഇറച്ചിയില്ലാത്ത സെക്യുലറിസം

പുനരുത്ഥാനവാദവും സവര്‍ണഹൈന്ദവതയും പലമട്ടില്‍ ഐക്യപ്പെട്ടാണു പോകുന്നത്.  അപരങ്ങളെ സൃഷ്ടിച്ചുകൊണ്ടാണ് ജാതിഹിന്ദുക്കള്‍ തങ്ങളുടെ സ്വത്വത്തെ ഉറപ്പിച്ചെടുക്കുന്നത്. സനാതന ഹിന്ദുസമൂഹം സൃഷ്ടിക്കുന്ന അപരങ്ങളിലൊന്നാണ് മുസ്‌ലിം. ഇതിന്റെ അടയാളങ്ങള്‍ സാഹിത്യാദികലകളിലും ജനപ്രിയസിനിമയടക്കമുള്ള വ്യവഹാരങ്ങളിലും കാണാം. സവര്‍ണഹിന്ദു നായകനായി വരുന്ന ജനപ്രിയ സിനിമകളിലെ വില്ലന്മാര്‍ പൊതുവേ മുസ്‌ലളിങ്ങളോ കറുത്തവരോ  ആയിരിക്കും. മലയാള ജനപ്രിയ സിനിമാലോകത്ത് മുസ്‌ലിം കഥാപാത്രങ്ങളുടെ ചിത്രീകരണത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ അതില്‍ ചില ടൈപ്പു മാതൃകകള്‍ കാണാനാവും. അതിലൊന്നാണ് മാട്ടിറച്ചി വെട്ടുകാരനായ നെഗറ്റീവ് ഷേഡുള്ള മുസ്‌ലിം കഥാപാത്രങ്ങള്‍. 

ഇന്ത്യയില്‍ മാട്ടിറച്ചി തയാറാക്കുന്നവരില്‍ ഭൂരിപക്ഷംപേരും ഒരുപക്ഷേ  മുസ്‌ലിങ്ങളോ ദലിതരോ ആണ്. അവരുടെ ജീവിതവൃത്തിയെത്തന്നെ അധമവും ഹീനവുമായാണു പൊതുവെ മറ്റുള്ളവര്‍ (ബീഫു കഴിക്കുന്നവര്‍പോലും) നോക്കിക്കാണുന്നത്. ഈ  മനോഭാവത്തിന്റെ ഘനീഭവിച്ച സത്തയാണ് സര്‍ക്കാര്‍. ആ സര്‍ക്കാരിനു ഹൈന്ദവാഭിമുഖ്യം കൂടി ഉണ്ടാവുന്നതോടെ അതു മുസ്‌ലിം/ദലിത് വിരുദ്ധതയും പ്രകടമാക്കുന്നു. മഹാരാഷ്ര്ട സര്‍ക്കാരിന്റെ ഗോവധനിരോധന നിയമത്തിനു പിന്നില്‍  ഇമ്മട്ടിലുള്ള അപരബോധംകൂടി പ്രവര്‍ത്തിക്കുന്നുണ്ട്. അതൊരുപക്ഷേ രാഷ്ര്ടീയഅബോധവുമാകാം. 

അശുതോഷ് ഗവാരികര്‍ സംവിധാനം ചെയ്ത 'ജോദ്ധാ അക്ബര്‍' (2008) എന്ന ഹിന്ദിസിനിമയില്‍ അക്ബറിന്റെ 'സെക്യുലറിസ്റ്റ് മനോഭാവം അവതരിപ്പിക്കുന്ന ഒരു രംഗമുണ്ട്. അക്ബറിന്റെ പ്രണയിനിയായ ജോദ്ധാബായി രജപുത്രവംശജയാണ്. സസ്യഭുക്കായ അവള്‍ മുഗള്‍ അടുക്കളയില്‍ സസ്യാഹാരം തയാറാക്കുമ്പോള്‍ കൊട്ടാരമാകെ ക്ഷുഭിതമാവുന്നു. ഇറച്ചിയില്ലാതെ മുഗള്‍ ഭക്ഷണമോ? സ്വന്തക്കാരെ ആശ്വസിപ്പിച്ചുകൊണ്ട് അക്ബര്‍ ആ സസ്യാഹാരം സന്തോഷത്തോടെ കഴിക്കുന്നു. ഇന്ത്യന്‍ സെക്യുലറിസമെന്നാല്‍ 'ഇറച്ചിയില്ലാത്ത സെക്യുലറിസം' എന്നല്ലേ ഇതു പറഞ്ഞുവെയ്ക്കുന്നത്?    ?

വാല്‍ക്കഷണം:
1529 ജനുവരി 11-ാം തീയതി മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ മകന്‍ ഹുമയൂണിനുവേണ്ടി എഴുതിയ വില്‍പ്പത്രത്തില്‍ (വസിയത്ത്) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ഹൈന്ദവവികാരം വ്രണപ്പെടാതിരിക്കാന്‍ വേണ്ടി ഗോവധം ഒഴിവാക്കുക. അങ്ങനെയാണ് ഹിന്ദുസ്ഥാനിലെ ജനങ്ങളുടെ മനസ്സ് കീഴടക്കാന്‍ കഴിയുക! (S.M. Jaffar, 1936, The Mughal Empire from Babar to Aurangzeb, Archive.org)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com