നിഖില്‍ ദാ പറഞ്ഞു: ഇന്ദിരയായിരുന്നെങ്കില്‍ ഒരു ബഹളവുമില്ലാതെ ബോഫോഴ്‌സ് തോക്കുകള്‍ സംഘടിപ്പിച്ചേനെ

ആദ്യദിവസം ഓഫീസ് വിട്ട് ഇറങ്ങുമ്പോള്‍ പിന്നില്‍ ഒരു അംബാസഡര്‍കാര്‍ വന്നു നില്‍ക്കുന്നു. 'മിസ്റ്റര്‍ ശാരദാ പ്രസാദ്, ഒരു ലിഫ്റ്റ് വേണോ?'-അതെ, പ്രധാനമന്ത്രി തന്നെ. 
നിഖില്‍ ദാ പറഞ്ഞു: ഇന്ദിരയായിരുന്നെങ്കില്‍ ഒരു ബഹളവുമില്ലാതെ ബോഫോഴ്‌സ് തോക്കുകള്‍ സംഘടിപ്പിച്ചേനെ

ഇവിടെ രാജീവ് ഗാന്ധി ഇതില്‍ പരാജയപ്പെട്ടിരിക്കുന്നു. ഇന്ദിരാഗാന്ധിയായിരുന്നെങ്കില്‍ഈ ബഹളമൊന്നുമില്ലാതെ ബോഫോഴ്‌സിലൂടെത്തന്നെ നമുക്ക് ആവശ്യമായ ആയുധങ്ങളും സുരക്ഷാസംവിധാനങ്ങളും സംഘടിപ്പിച്ചേനെ.. വെങ്കിടേഷ് രാമകൃഷ്ണന്‍ ചികഞ്ഞെടുക്കുന്ന ഇന്ദിരാ ഓര്‍മകള്‍.

ന്ദിരാഗാന്ധി വധിക്കപ്പെട്ട് ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞതിനുശേഷമാണ് ഞാന്‍ ഡല്‍ഹിയില്‍ എത്തുന്നത്. കൃത്യമായി പറഞ്ഞാല്‍ ഒന്‍പത് മാസത്തിനുശേഷം, 1985 ആഗസ്റ്റില്‍. തലസ്ഥാനനഗരിയില്‍ ആദ്യ നാളുകളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വന്നുകൊണ്ടിരുന്ന ഒരു അനുഭവത്തിലെ മുഖ്യ കഥാപാത്രം ഇന്ദിരാഗാന്ധി ആയിരുന്നു. ആ ദിവസങ്ങളില്‍ കണ്ടു പരിചയിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമെല്ലാം പേര്‍ത്തും പേര്‍ത്തും പറഞ്ഞു: 'ഇപ്പോഴൊക്കെ എന്ത് ഭരണം, എന്ത് രാഷ്ട്രീയം, എന്ത് പ്രവര്‍ത്തനം, അതൊക്കെ ഇന്ദിരാഗാന്ധിയുടെ കാലത്ത് കഴിഞ്ഞുപോയില്ലേ.' എത്ര വലിയ അഭാവമാണ് ഞാനെന്ന രാഷ്ട്രീയ പത്രപ്രവര്‍ത്തകന്‍ അനുഭവിക്കുന്നത് എന്ന് അവര്‍ സംസാരിച്ചു കൊണ്ടേയിരുന്നു.

പത്തു വയസ്സോ മറ്റോ ഉള്ളപ്പോള്‍ കണ്ണൂരിലെ ഒരു പൊതുസമ്മേളന വേദിയില്‍ ദൂരത്തുനിന്ന് ഒരുനോക്ക് കണ്ടിരുന്ന ആ ചുവന്നു തുടുത്ത മൂക്കിനെപറ്റിയും അടിയന്തരാവസ്ഥക്കാലത്തു നടത്തിയിരുന്ന സര്‍ക്കാര്‍ വിരുദ്ധ ലഘുലേഖ വിതരണത്തെപറ്റിയും 1984 ഒക്‌ടോബര്‍ 31-ന് മദിരാശി റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് സിക്കുകാരനാണ് എന്ന് തെറ്റിദ്ധരിക്കപ്പെട്ടു പിടികൂടപ്പെട്ട് അടികിട്ടാന്‍ പോയതിനെപ്പറ്റിയും ഒക്കെ പരാമര്‍ശിച്ചു എന്റെ ഇന്ദിരാഗാന്ധി കണക്ഷന്‍ ഞാനും എടുത്തുകാട്ടി. ദിവസങ്ങള്‍ കഴിയും തോറും മുതിര്‍ന്ന പത്രപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമെല്ലാം സൂചിപ്പിച്ച അഭാവത്തിന്റെ ആഴവും പരപ്പും ഞാനും അറിഞ്ഞുതുടങ്ങി. ഏത് മേഖലയുമായി ബന്ധപ്പെട്ട പത്രപ്രവര്‍ത്തനം നടത്തുമ്പോഴും ഇന്ദിരാഗാന്ധി അഴിമതിയെപ്പറ്റി പണ്ട് പറഞ്ഞത് പോലെ, അവരെപ്പറ്റിയുള്ളപരാമര്‍ശങ്ങളും അക്കാലത്ത് സര്‍വ വ്യാപിയായ ഒരു പ്രതിഭാസമായിരുന്നു. ഇതങ്ങിനെ ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ ഇന്ദിരാഗാന്ധി എന്ന വ്യക്തിയെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള താല്പര്യവും വളര്‍ന്നുവന്നു. ഇത് സാധ്യമാക്കാന്‍ മൂന്ന് സോഴ്‌സുകളെയാണ് കണ്ടുവച്ചത്; 'കേരളകൗമുദി'യുടെ അക്കാലത്തെ ഡല്‍ഹി ലേഖനായിരുന്ന, അതുല്യനായ, നായര്‍ സര്‍ എന്ന നരേന്ദ്രന്‍,'മെയിന്‍ സ്ട്രീം' പത്രാധിപര്‍ നിഖില്‍ചക്രവര്‍ത്തി, ഏറെക്കാലം ഇന്ദിരാഗാന്ധിയുടെ മാധ്യമ ഉപദേഷ്ടാവ് ആയിരുന്ന എച്ച്.വൈ. ശാരദാ പ്രസാദ്.

മിക്കവാറും എല്ലാ ദിവസങ്ങളിലും പത്രപ്രവര്‍ത്തനം ആരംഭിച്ചിരുന്നത് ഐ.എന്‍.എസ്. ബില്‍ഡിങ്ങിലെ രണ്ടാം നിലയിലുള്ള നായര്‍ സാറിന്റെ മുറിയില്‍നിന്നായിരുന്നു. സാര്‍ രാവിലെ എട്ട് മണിക്ക് ഓഫീസില്‍ എത്തും. എട്ടരയാവുമ്പോള്‍ ഞാനും. ഏതാണ്ട് മുഴുവന്‍ ദിവസവും മുറിയില്‍ തന്നെ കഴിയുന്ന സാറിനെ കാണാന്‍ അക്ഷരാര്‍ത്ഥത്തില്‍ പത്തു-മുന്നൂറുപേര്‍ വരും. ജീവിതത്തിന്റെ പല മേഖലകളില്‍ ഉള്ളവര്‍. അവരില്‍നിന്നു കേള്‍ക്കുന്ന കാര്യങ്ങളിലൂടെയും കഥകളിലൂടെയുമാണ് സാറിന്റെ വാര്‍ത്തകളും വിശകലനങ്ങളും മറ്റും രൂപംകൊള്ളുക. അതിനൊക്കെ മുന്‍പ് രാവിലെ ഞാന്‍ കടന്നു പിടിക്കുന്ന ആ നിമിഷങ്ങളില്‍ പഴയ കഥകള്‍ പതുക്കെ പതുക്കെ പുറത്ത് വരും. വിമോചനസമരകാലത്ത് അന്നത്തെ കോണ്‍ഗ്രസ് ഓഫീസില്‍ ഇരുന്ന് ഇ.എം.എസ്. സര്‍ക്കാരിനെ ഡിസ്മിസ് ചെയ്യാന്‍ നെഹ്‌റുവിനോട് ഇന്ദിര ഉത്തരവിടുന്ന നിമിഷം അടുത്ത മുറിയില്‍ യാദൃച്ഛികമായി എത്തി ആ പറച്ചില്‍ (അല്ല, ആക്രോശം) കേള്‍ക്കാനായത്, വീരഭദ്രനോടും നല്ല ഭക്ഷണത്തോടും മറ്റുമുള്ള താല്പര്യം ഫിറോസ് ഗാന്ധിയുമായുള്ള സൗഹൃദമായി വളര്‍ന്നത്, നാടിനെ നടുക്കിക്കൊണ്ടുള്ള ഭയങ്കരമായ പ്രസ്താവനകള്‍ രാത്രിയില്‍ -പലപ്പോഴും അര്‍ദ്ധരാത്രിയില്‍-പുറത്തുവിടാനുള്ള ഇന്ദിരയുടെ താല്പര്യം, എ.കെ.ജിയും ഇന്ദിരാഗാന്ധിയും തമ്മിലുണ്ടായിരുന്ന സവിശേഷമായ ഇണക്കപിണക്കങ്ങള്‍, അങ്ങനെ നീണ്ടുനീണ്ടുപോയി ആ കഥകള്‍. നായര്‍ സാറിന്റെ ഓര്‍മ്മയില്‍ ഇന്ദിര എന്ന രാഷ്ട്രീയ ജീവിയുടെ മുഖമുദ്രയായി നിറഞ്ഞുനിന്നത് 1959-ല്‍ സ്വന്തം പിതാവുകൂടിയായ നെഹ്‌റുവിനോടു ചെയ്ത ആക്രോശം തന്നെയാണ്. രണ്ടാം സ്ഥാനത്ത് 1971-ലെ ബംഗ്ലാദേശ് യുദ്ധവിജയത്തിനുശേഷം ആഹ്ലാദഭരിതയായി മാദ്ധ്യമപ്രവര്‍ത്തകരുമായി നടത്തിയ ഇടപഴകലും.

നായര്‍ സാറിനെ എന്നപോലെ നിരന്തരമായി 'ഓര്‍മ്മ ചികയല്‍' ആക്രമണം നടത്താന്‍ പറ്റില്ലായിരുന്നുവെങ്കിലും നിഖില്‍ ദായെയും ഞാന്‍ ഇടയ്ക്കിടെ ശല്യപ്പെടുത്തുമായിരുന്നു. ഇന്ദിരാഗാന്ധിയുമായി നയരൂപീകരണവിഷയങ്ങള്‍പോലും ഏറെക്കാലം ചര്‍ച്ച ചെയ്തിരുന്ന നിഖില്‍ ദാ അടിയന്തരാവസ്ഥയോടെ ഏതാണ്ട് പൂര്‍ണ്ണമായി തെറ്റി. അധികാരപ്രമത്തത അവര്‍ക്ക് എപ്പോഴും ഉണ്ടായിരുന്നു എന്ന് ആ സംഭാഷണങ്ങളില്‍ ഒരിക്കല്‍ നിഖില്‍ ദാ സൂചിപ്പിച്ചു. പക്ഷേ, അടിയന്തരാവസ്ഥ അതിനെ കൊടുമുടിയില്‍ എത്തിച്ചു. അതോടെ അവരുമായി ഒന്നിലും ഒന്നിച്ചു നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയുമുണ്ടായതായി നിഖില്‍ ദാ ഓര്‍ക്കുമായിരുന്നു.

പക്ഷേ, ഇങ്ങനെയൊക്കെ പറയുമ്പോഴും ഇന്ത്യന്‍ ഭരണവ്യവസ്ഥയ്ക്ക് ഇന്ദിര നല്‍കിയ സംഭാവനകള്‍ ശ്രദ്ധയോടെ തന്നെ നമുക്ക് ഓര്‍മ്മിക്കേണ്ടിവരും എന്നും നിഖില്‍ ദാ വ്യക്തമാക്കുമായിരുന്നു. ബോഫോഴ്‌സ് അഴിമതി വിവാദം കൊടുമ്പിരിക്കൊണ്ട 1988-ലെ നാളുകളില്‍ ഒരിക്കല്‍ അദ്ദേഹം എടുത്തുപറഞ്ഞ ഒരു കാര്യം വിടാതെ കൂടെ നില്‍ക്കുന്നു: 'അധികാരത്തിലിരിക്കുമ്പോള്‍ ഭരണാധികാരികള്‍ക്ക് പലപ്പോഴും കോംപ്രമൈസ് ചെയ്യേണ്ടിവരും. രാജ്യത്തിന്റെതന്നെ ദീര്‍ഘകാല താല്പര്യങ്ങള്‍ക്ക് അത് വേണ്ടിവന്നേക്കും. അത്തരം സമയങ്ങളില്‍ ആ കോംപ്രമൈസ് രാജ്യത്തിന്റെ ഭരണസമ്പ്രദായത്തെയോ മറ്റു വ്യവസ്ഥകളെയോ ബാധിക്കാത്ത വിധത്തില്‍വേണം ചെയ്‌തെടുക്കാന്‍. ഇവിടെ രാജീവ് ഗാന്ധി ഇതില്‍ പരാജയപ്പെട്ടിരിക്കുന്നു. ഇന്ദിരാഗാന്ധിയായിരുന്നെങ്കില്‍ഈ ബഹളമൊന്നുമില്ലാതെ ബോഫോഴ്‌സിലൂടെത്തന്നെ നമുക്ക് ആവശ്യമായ ആയുധങ്ങളും സുരക്ഷാസംവിധാനങ്ങളും സംഘടിപ്പിച്ചേനെ...' നിഖില്‍ ദായ്ക്ക് ഇന്ദിരാഗാന്ധിയുടെ ഭരണപരമായ സിദ്ധികളെപ്പറ്റി ഉണ്ടായിരുന്ന വീക്ഷണത്തിന്റെ ഒരു നിദര്‍ശനമായി ആ വാചകങ്ങള്‍.

തീവ്രവും രൂക്ഷവുമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനപ്പുറം ഇന്ദിരാഗാന്ധിക്കുണ്ടായിരുന്ന നര്‍മ്മത്തെയും കളിചിരിയെയും പറ്റിയൊക്കെ ഞാന്‍ പറഞ്ഞുകേള്‍ക്കുന്നത് ശാരദാ പ്രസാദില്‍ നിന്നാണ്. ദീര്‍ഘകാലം ഇന്ദിരാഗാന്ധിയുടെ പ്രസംഗമെഴുത്തുകാരന്‍ കൂടിയായിരുന്ന ശാരദാജി പ്രധാനമന്ത്രി കൂടെയുള്ള തന്റെ ആദ്യദിവസം ഒരു കൂടിക്കാഴ്ചയില്‍ വിവരിച്ചത് അത്യന്തം രസകരമായിരുന്നു. ആദ്യദിവസം ഓഫീസ് വിട്ട് ഇറങ്ങുമ്പോള്‍ പിന്നില്‍ ഒരു അംബാസഡര്‍കാര്‍ വന്നു നില്‍ക്കുന്നു. 'മിസ്റ്റര്‍ ശാരദാ പ്രസാദ്, ഒരു ലിഫ്റ്റ് വേണോ?'-അതെ, പ്രധാനമന്ത്രി തന്നെ.

ഫിറോസിന്റെ ഓര്‍മ്മയില്‍

ഇന്ദിരാഗാന്ധിയോടൊപ്പമുള്ള അന്നത്തെ ആ സായാഹ്നയാത്ര അവസാനിക്കുന്നത് സഫ്ദര്‍ ജങ് റോഡിലെ ഒന്നാംനമ്പര്‍ വസതിയില്‍ത്തന്നെയാണ്; പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍.ഇന്നത്തെ കാലമൊന്നുമല്ല. ആളും ബാളും ഇന്‍ഫ്രാസ്ട്രക്ചറും ഒക്കെയായി നേതാക്കന്മാരെ സ്വീകരിച്ച് ആനയിക്കുന്ന കാലമായിട്ടില്ല. ശാരദാ പ്രസാദിന്റെ വാക്കുകളിലൂടെ കേട്ടത് അദ്ഭുതകരമാംവിധം ആളൊഴിഞ്ഞ ഒരു വീട്ടില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്ന ഒരു ഇന്ദിരാഗാന്ധിയുടെ കഥയാണ്. ആരും സ്വീകരിക്കാനില്ലാതിരുന്ന ആ വീടിനു ചുറ്റും പ്രധാനമന്ത്രിയും അവരുടെ മാദ്ധ്യമ ഉപദേഷ്ടാവും പലവുരു കറങ്ങി നടന്നു. ജനവാതിലുകളില്‍ മുട്ടി പ്രധാനമന്ത്രി വിളിച്ചു ചോദിച്ചു: 'കോയി ഹേ?' (ആരെങ്കിലും ഉണ്ടോ അകത്ത്?) കൃത്യമായും ഇന്ദിരാഗാന്ധിയുടെ പ്രതാപകാലമായിട്ടില്ല എന്നു വ്യക്തം. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യത്തിലൂടെ, ബാങ്ക് ദേശസാല്‍ക്കരണത്തിലൂടെ, പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലൂടെ, ചേരിചേരാപ്രസ്ഥാനം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിലൂടെ ഇന്ത്യയ്ക്കും ഇവിടുത്തെ ജനങ്ങള്‍ക്കും നന്മ ചെയ്യാന്‍ ശ്രമിച്ച ഒരു നേതാവു തന്നെയായിരുന്നു ഇന്ദിര എന്ന് ഒരുപാടു കൂടിക്കാഴ്ചകളില്‍ ശാരദാ പ്രസാദ്ജി ആവര്‍ത്തിച്ചു. പക്ഷേ, അടിയന്തരാവസ്ഥ അദ്ദേഹത്തെയും അസ്വസ്ഥപ്പെടുത്തിയ ഒരു അനുഭവം തന്നെയായിരുന്നു. 'അന്ന് (1975 ജൂണ്‍ 25-ന്) കാബിനറ്റ്കൂടി അടിയന്തരാവസ്ഥയ്ക്ക് സാധൂകരണം നല്‍കി. ഞാനും പി.എന്‍. ധറും (അന്ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി) പരസ്പരം നോക്കി. അന്നു രാത്രി ഞങ്ങള്‍ ഒറ്റയ്ക്കു കണ്ടു. നമ്മള്‍ തിന്മയ്ക്കു കൂട്ടുനില്‍ക്കുകയാണെന്ന് പരസ്പരം പറഞ്ഞു. കാലം ഞങ്ങളുടെ സ്വകാര്യമായ വിലയിരുത്തല്‍, ആത്മവിമര്‍ശം ശരിയാണ് എന്നു തെളിയിച്ചു. 'പല സദസ്സുകളിലും പറഞ്ഞ ഈ കാര്യങ്ങള്‍ അദ്ദേഹം പില്‍ക്കാലത്ത് എഴുതുകയും ചെയ്തു.
അടിയന്തരാവസ്ഥക്കാലം ഇന്ദിരാഗാന്ധിയുടെ കണ്‍ഫ്യൂഷന്റെ കാലമാണെന്നു വിശ്വസിക്കാനായിരുന്നു ശാരദാപ്രസാദ്ജിക്ക് താല്പര്യം. 'ഇന്ദിരാഗാന്ധിക്കെതിരെ വളര്‍ന്നുവന്ന, ജയപ്രകാശ് നാരായണ്‍ നയിച്ച സമ്പൂര്‍ണ്ണ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രവും രാഷ്ട്രീയവുമായ ദിശയും ലാക്കും അങ്ങേയറ്റം വലതുപക്ഷമായിരുന്നു. അത് നാടിനെ നശിപ്പിക്കുമെന്നും അതു കൈകാര്യം ചെയ്യാന്‍ മുഷ്‌ക് മാത്രമേ വഴിയുള്ളൂ എന്നും അവര്‍ തെറ്റായി ധരിച്ചു എന്നാണ് എനിക്കു തോന്നുന്നത്...'-ഒരിക്കല്‍ ശാരദാ പ്രസാദ്ജി പറഞ്ഞു. അദ്ദേഹം എന്തു വിശ്വസിച്ചാലും രാജനെ നഷ്ടപ്പെട്ട ഈച്ചരവാര്യരും ഒട്ടേറെ സഹജീവികളെ നഷ്ടപ്പെട്ട ഡല്‍ഹി തുര്‍ക്ക്മാന്‍ ഗേറ്റിലെ മനുഷ്യരും ഈ വലിയപിഴവിനു നല്‍കിയ വില വളരെ വളരെ വലുതായിരുന്നു.

ദില്ലിയിലെത്തി ഏതാണ്ട് രണ്ടര പതിറ്റാണ്ടിനുശേഷം ഇന്ദിരാഗാന്ധി എന്ന രാഷ്ട്രീയ-സാമൂഹിക പ്രതിഭാസത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ഫിറോസ് ഗാന്ധിയുമായുള്ള ചൂടുപിടിച്ച ഒരു സായാഹ്നം നായര്‍ സാറിന്റെ വാക്കുകളില്‍ വിവരിക്കപ്പെട്ടതാണ് ഓര്‍മ്മ വരുന്നത്. വീരഭദ്രന്റെ ഗാഢമായ ആശ്ലേഷത്തില്‍ അമര്‍ന്നിരുന്ന ഫിറോസ്, ഇന്ദിരാഗാന്ധിയെപ്പറ്റി സ്‌നേഹവും ദേഷ്യവും നിറഞ്ഞ കുറെ വൈയക്തിക കാര്യങ്ങള്‍ വിവരിച്ചശേഷം നായര്‍ സാറിനോട് പറഞ്ഞുവത്രെ: 'നായര്‍, ഷീ ഈസ് സച്ച് എപ്രസന്‍സ് ദാറ്റ് ഇറ്റ് ഈസ് ഡിഫിക്കല്‍റ്റ് നോട്ട് ടു ലവ് ഓര്‍ ഹേയ്റ്റ് ഹെര്‍.' (ഇഷ്ടപ്പെടാതിരിക്കാനും വെറുക്കാതിരിക്കാനും പറ്റാത്ത തരത്തിലുള്ള ഒരു സാന്നിദ്ധ്യമായിരുന്നു അവര്‍) ഭര്‍ത്താവ് എന്ന നിലയില്‍ വ്യക്തിപരമായാണ് ഫിറോസ് ഇങ്ങനെ പറഞ്ഞത് എന്ന് നായര്‍ സാര്‍ പറഞ്ഞിരുന്നു. ഒരുപക്ഷേ, ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തെയും വലിയ പരിധിവരെ നിര്‍വ്വചിക്കുന്ന ഒരു പ്രസ്താവമായി ഇതിനെ കാണാമെന്നു തോന്നുന്നു.

(2009 ഒക്ടോബര്‍ ലക്കം സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com