'ഞങ്ങള്‍ക്ക് ആ ചെകുത്താന്മാരെ വേണം'; അലറിവിളിച്ച് അവര്‍ ഇരച്ചുകറി വന്നു

'ഞാന്‍ ലജ്ജയാല്‍ തലകുനിക്കുന്നു- ദേശീയതയുടേയും ഇന്ത്യന്‍ ഭരണഘടനയുടേയും സങ്കല്പങ്ങളെ തകര്‍ത്ത് 1984-ല്‍ എന്തു സംഭവിച്ചു എന്നതിന് സിക്ക് സമുദായത്തോട് മാത്രമല്ല രാജ്യത്തോടാകെ മാപ്പ് ചോദിക്കാന്‍ എനിക്കുമട
'ഞങ്ങള്‍ക്ക് ആ ചെകുത്താന്മാരെ വേണം'; അലറിവിളിച്ച് അവര്‍ ഇരച്ചുകറി വന്നു

നാനാവതിക്കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍വച്ച് നാല് നാള്‍ കഴിഞ്ഞപ്പോള്‍ പാര്‍ലമെന്റില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എഴുന്നേറ്റുനിന്ന് ഇങ്ങനെ പറഞ്ഞു.
'ഞാന്‍ ലജ്ജയാല്‍ തലകുനിക്കുന്നു- ദേശീയതയുടേയും ഇന്ത്യന്‍ ഭരണഘടനയുടേയും സങ്കല്പങ്ങളെ തകര്‍ത്ത് 1984-ല്‍ എന്തു സംഭവിച്ചു എന്നതിന് സിക്ക് സമുദായത്തോട് മാത്രമല്ല രാജ്യത്തോടാകെ മാപ്പ് ചോദിക്കാന്‍ എനിക്കുമടിയില്ല.' അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എഴുതുന്നു.

ന്ത്യന്‍ രാഷ്ട്രീയത്തിലെ ആ വന്മരംവീണതിന്റെ തുടര്‍ച്ചയായി ഡല്‍ഹിയില്‍ ഭൂമികുലുക്കമുണ്ടായ വിവരം ഞാന്‍ അറിയുന്നത് മുംബൈ വിമാനത്താവളത്തില്‍വച്ചാണ്. വാര്‍ത്താബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഇംഗ്ലീഷ് വാര്‍ത്താ ഏജന്‍സി ക്ലിപ്പിങ്ങില്‍ ഡല്‍ഹിയില്‍ കലാപം തുടങ്ങിയതിന്റെ ആദ്യ വിവരങ്ങളായിരുന്നു. ഫ്‌ളാഷുകള്‍ക്കു താഴെ അക്രമം നടക്കുന്ന സ്ഥലപ്പേരുകളും മരണം സംബന്ധിച്ച സൂചനകളും ഉണ്ടായിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വെടിവച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചുള്ള കലാപം തലസ്ഥാനനഗരിയില്‍ കൊലയും തീവെപ്പുമായി ആളിപ്പടരുകയാണ്. പ്രതികാരക്കലിപൂണ്ട് ജനക്കൂട്ടം പല ഭാഗത്തും നീങ്ങുന്നു. ആര്‍, ആര്‍ക്കെതിരെ തുടങ്ങിയ വിശദാംശങ്ങളില്ലെങ്കിലും അത്രയും വരികള്‍ക്കിടയില്‍ നിന്ന് വായിച്ചെടുക്കാമായിരുന്നു.

ധൃതിപിടിച്ചതിരിച്ചുപോക്ക്

കലാപത്തീ ആളുന്ന ഡല്‍ഹിലെ റഫിമാര്‍ഗിലെ വിത്തല്‍ഭായ് പട്ടേല്‍ഹൗസ് എന്ന കെട്ടിടസമുച്ചയം എന്റെമനസ്സില്‍ ഒരു തീക്കുണ്ഡം പോലെ എരിഞ്ഞുനിന്നു. കോണ്‍ഗ്രസ് (ഐ)യെയും ഇന്ദിരാഗാന്ധിയേയും രാഷ്ട്രീയമായി ഏറ്റവും ശക്തമായെതിര്‍ക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസും ഒട്ടേറെ നേതാക്കളും എം.പി.മാരും താമസിക്കുന്നതും വി.പി. ഹൗസിലാണ്. എന്റെ ചുമതലയിലുള്ള ദേശാഭിമാനിഡല്‍ഹി ബ്യൂറോയും, ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന എന്റെ കുടുംബവും അതിലാണ്. ലോകത്തെ ഞെട്ടിച്ച് ഇന്ദിരാഗാന്ധിവധം നടന്നിട്ട് ഇരുപത്തിനാല്മണിക്കൂര്‍ തികയും മുന്‍പ് പ്രതികാരത്തിന്റെ തീ ആളിപ്പടരുകയാണെങ്കില്‍ ലക്ഷ്യങ്ങളിലൊന്ന് വി.പി. ഹൗസ് തന്നെ. അതിന്റെ ഗേറ്റിലുള്ള ടാക്‌സി സ്റ്റാന്റിലും മറുവശത്ത് റെയ്‌സീനാ റോഡിലും ആക്രമണവും തീവെപ്പും കൊലയും നടന്നെന്ന് വാര്‍ത്താ ഏജന്‍സി സൂചിപ്പിക്കുന്നു.

കേരളത്തില്‍നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള അടിയന്തര തിരിച്ചുപോക്കില്‍ പാതിവഴിയിലായിരുന്നു ഞാന്‍. ഡല്‍ഹിയിലെ തിരക്കൊഴിഞ്ഞ ഒരു ഇടവേളയില്‍ 'അറിയപ്പെടാത്ത ഇ.എം.എസ്സി'നുവേണ്ടിയുള്ള വിവരശേഖരണത്തിനുവന്നതായിരുന്നു. ഒളപ്പമണ്ണ ഇല്ലത്ത് നിന്ന് വള്ളിക്കുന്നിലെ വീട്ടില്‍ വന്നുകയറുമ്പോഴാണ്, 'വെടിയേറ്റ പ്രധാനമന്ത്രിയെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്സില്‍ പ്രവേശിപ്പിച്ചു 'എന്ന വാര്‍ത്ത ആകാശവാണിയില്‍നിന്ന് വെടിയുണ്ടപോലെ ബോധതലത്തില്‍ വന്നു തറച്ചത്. പിറകെ ദേശാഭിമാനി കോഴിക്കോട് ഓഫീസ് വഴി ജനറല്‍മാനേജര്‍ പി. കണ്ണന്‍നായരുടെ അറിയിപ്പ്. കൊച്ചിവഴി ഡല്‍ഹിക്ക് കുതിക്കാന്‍. അത്യാവശ്യസാധനങ്ങള്‍ വാരിയെടുത്ത് ഓടി ഇറങ്ങുകയായിരുന്നു.
പിറ്റേന്ന് രാവിലെ കണ്ണന്‍നായരുടെ ഇടപെടലില്‍ ബുദ്ധിമുട്ടി സംഘടിപ്പിച്ച വിമാനടിക്കറ്റില്‍ ബോംബെയില്‍. ഡല്‍ഹി ഇനിയും കണ്ണും കാലുമെത്താത്ത അത്രയും അകലെ. ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതത്തിലെ ഏറ്റവും വലിയ വാര്‍ത്തയില്‍നിന്ന് ഒരു ദിവസമായിട്ടും അകലെ. അസാധാരണമായ അസ്വസ്ഥതയും പരിഭ്രാന്തിയുമായി ചില യാത്രക്കാര്‍ വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറില്‍ ഡല്‍ഹി ടിക്കറ്റിന് ശ്രമിക്കുന്നത് കണ്ടു. നിരാശപ്പെടുത്തുന്ന മറുപടി കേട്ട അവരുടെ സങ്കടവും വേവലാതിയും. സ്വന്തക്കാരുടെ ആപത്തിലും അരക്ഷിതാവസ്ഥയിലും ആശങ്കപ്പെട്ട് പറന്ന് കൂടണയാന്‍ ബദ്ധപ്പെടുകയാണവര്‍. ഡല്‍ഹിക്കുള്ള യാത്രാവിമാനങ്ങളും, ടിക്കറ്റിന്റെ സാദ്ധ്യതയും തീര്‍ത്തും അനിശ്ചിതത്വത്തില്‍.

നിസ്സഹായതയില്‍ അടിമുടി ഉരുകിത്തീരുന്ന അത്യസാധാരണ സന്ദര്‍ഭം. കീശയില്‍നിന്ന് ഇന്ത്യാഗവണ്‍മെന്റിന്റെ അധികാര ചിഹ്നങ്ങളുള്ള അക്രഡിറ്റേഷന്‍ കാര്‍ഡ് എടുത്ത് കൗണ്ടറിലെ ഒരു ഉദ്യോഗസ്ഥനെ സമീപിച്ചു. നോക്കൂ, ഒരു പത്രപ്രവര്‍ത്തകന്റെ ഔദ്യോഗികചുമതല നിര്‍വഹിക്കുന്നതിനപ്പുറം മനുഷ്യത്വത്തിന്റെ പ്രശ്‌നമായി ഇത് കാണൂ. എന്റെ ഭാര്യയും കുട്ടികളും അവിടെയാണ്. കുഴപ്പം നടക്കുന്ന ഡല്‍ഹിയില്‍.
ജീവിതത്തില്‍ ആദ്യവും അവസാനവുമായി ഔദ്യോഗികകാര്യത്തിനു മുകളില്‍ വ്യക്തിപരമായ താല്പര്യം ഉയര്‍ത്തികൈനീട്ടിയ നിമിഷം. എന്റെ ദൈന്യതയാകെ ആ നോട്ടത്തിലും വാക്കുകളിലും നിറഞ്ഞുനിന്നിരിക്കണം.
അല്പസമയത്തിനുള്ളില്‍ എയര്‍ടിക്കറ്റും ബോര്‍ഡിങ് പാസും, സഹാനുഭൂതിയുടെ ഒരു നോട്ടവും എനിക്കു ലഭിച്ചു. അപ്പോഴേയ്ക്കും, ഡല്‍ഹി ടിക്കറ്റിനുവേണ്ടി തിക്കിത്തിരക്കുന്ന യാത്രക്കാരില്‍നിന്ന് 'വായ്ഗുരു', 'വായ്ഗുരു' (പഞ്ചാബിയില്‍ ദൈവമെ എന്ന വിളി) എന്ന മന്ത്രജപവും, വിങ്ങിക്കരച്ചിലും ഉയര്‍ന്നുതുടങ്ങിയിരുന്നു. 
ബോംബെയില്‍നിന്നുള്ള വിമാനം ഡല്‍ഹി പാലം വിമാനത്താവളത്തില്‍ ഇറങ്ങിയത് വൈകുന്നേരമാണ്. അനിശ്ചിതത്വത്തിന്റേയും അനാഥത്വത്തിന്റേയുംഅസാധാരണ ആവരണത്തിലാണ് വിമാനത്താവളപരിസരം.

പേടിച്ച് വിറച്ച് ഒരു യാത്ര

ടാക്‌സികളുടേയും കാറുകളുടേയും മറ്റു വാഹനങ്ങളുടേയും വരവും പോക്കും നിലച്ചിരിക്കുന്നു. പുറത്തിറങ്ങി ശൂന്യമായ പാര്‍ക്കിങ്ങ് ഏരിയയിലൂടെ നടന്നുനോക്കി. അല്പംമാറി എക്‌സ് സര്‍വീസുകാരുടെ സര്‍വീസ് ബസ് നിര്‍ത്തിക്കണ്ടു. വിമാനയാത്രക്കാരെ കൊണ്ടുവരികയും കൊണ്ടുപോകുകയും ചെയ്യുന്ന പതിവ് ബസ്സാണ്. സ്റ്റിയറിങ് സീറ്റില്‍ പ്രതിമ കണക്കെ ഡ്രൈവര്‍ ഇരിക്കുന്നു. മറ്റൊരു സീറ്റില്‍ കണ്ടക്ടര്‍. എപ്പോള്‍പുറപ്പെടുമെന്ന ചോദ്യത്തിന് മറുപടിയില്ല. ഏതായാലും അതില്‍ കയറി ഇരുന്നു. പുറത്തേയ്ക്ക് നോക്കിയപ്പോള്‍ ഖദര്‍ഷര്‍ട്ടും, മുണ്ടും, കണ്ണടയും ധരിച്ച്, സൂട്ട്‌കേസും തൂക്കി കൊല്ലത്തുനിന്നുള്ള കോണ്‍ഗ്രസ് (ഐ) എം.പിയായ ബി.കെ. നായര്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്നു. ഞാന്‍ ചെന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്ന് അടുത്തിരുത്തി. ഏതാനും യാത്രക്കാര്‍ കൂടി ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. അല്പം കഴിഞ്ഞപ്പോള്‍ ബസ് പുറപ്പെട്ടു.
എവിടംവരെ പോകും എന്ന ചോദ്യത്തിന് ഭയം കലര്‍ന്ന മറുപടിയായിരുന്നു.'പ്രധാന വഴികളിലെല്ലാം തടസ്സം ചെയ്തിരിക്കുകയാണ്. പോയി നോക്കാം...സര്‍. എത്തുന്നിടംവരെ.' കണ്ടക്ടര്‍ പറഞ്ഞത് വിറപൂണ്ട ശബ്ദത്തിലാണ്. വിമാനത്താവളത്തിനു പുറത്തെ റോഡും ശൂന്യമായിരുന്നു. അല്പം പോയപ്പോള്‍ ബസ് ഓട്ടം പതുക്കെയായി. അരികുചേര്‍ന്ന് നീങ്ങാന്‍ തുടങ്ങി. റോഡിന്റെ നടുവില്‍ തീയും പുകയും. അതിനിടയില്‍ രണ്ട് മൂന്ന് മനുഷ്യശരീരങ്ങള്‍ ഭാഗികമായി കത്തിയനിലയില്‍! ഭീകരമായ കാഴ്ച. ബസ് പ്രധാന പാതയില്‍നിന്ന് പല ഊടുവഴികളിലും വളച്ചും തിരിച്ചുമായിരുന്നു യാത്ര. എന്നിട്ടും പല ഇടങ്ങളിലും അത്തരം തീക്കൂമ്പാരങ്ങള്‍. എരിയുന്ന ടയറിന്റെ മണം. മനുഷ്യശരീരം കരിയുന്നതിന്റെ രൂക്ഷഗന്ധം. ദില്ലിയിലെ പാതകള്‍ മനുഷ്യരെ പച്ചയായി കത്തിക്കുന്ന ശ്മശാനമായി മാറിക്കഴിഞ്ഞിരിക്കുന്നു.

വാണിജ്യമന്ത്രാലയത്തിന്റെ അടുത്തുനിന്ന് ബോട്ട് ക്ലബ് ഭാഗത്തേയ്ക്ക് ബസ് നീങ്ങിയപ്പോള്‍ ഇരുട്ട് പരന്നുകഴിഞ്ഞിരുന്നു. ബി.കെ. നായര്‍ താമസിക്കുന്നത് നോര്‍ത്ത് അവന്യുവിലാണ്. ഈ സാഹചര്യത്തില്‍ വഴിയിലിറങ്ങി അവിടേക്ക് ഒറ്റയ്ക്ക് നടന്നു പോകേണ്ടിവരും. അദ്ദേഹത്തിന് ഹിന്ദി പറയാനറിയില്ല. കാഴ്ചയ്ക്കും ബുദ്ധിമുട്ടുണ്ട്. 'കേരള ഹൗസില്‍ തങ്ങുന്നതാണ് നല്ലത്' ഞാന്‍ പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. അദ്ദേഹത്തെ കേരള ഹൗസിന് മുന്നില്‍ ഇറക്കിവിടാന്‍ ഏര്‍പ്പാടാക്കി. ഞാന്‍ റഫിമാര്‍ഗില്‍ വിത്തല്‍ ഭായ് പട്ടേല്‍ ഹൗസിനുമുന്‍പില്‍ ഇറങ്ങി. ഗേറ്റിന് അടുത്തേയ്ക്ക് നടക്കുമ്പോള്‍ രണ്ടാം നിലയിലെ ഇടനാഴിയിലൂടെ ഒച്ചവച്ച് കുറേ ചെറുപ്പക്കാര്‍ നീങ്ങുന്നത് കണ്ടു. അക്രമികളോ, ഒരുനിമിഷം പകച്ചു. അവര്‍ ബഹളം വച്ച് ചെല്ലുന്നത് മൂലക്കുള്ള എന്റെ വീട്ടിലേക്കു തന്നെയാണ്. ഓടി കെട്ടിടത്തിനു താഴെ എത്തി. ലിഫ്റ്റിനു കാക്കാതെ കോണിപ്പടികള്‍ ചാടിക്കയറി രണ്ടാം നിലയിലെത്തി. അപ്പോഴേയ്ക്കും അവര്‍ തിരിച്ചു നീങ്ങിക്കഴിഞ്ഞിരുന്നു. ആ കെട്ടിടത്തിലെ കുട്ടികളുടെ ഒരു കൂട്ടമായിരുന്നു. പൈപ്പുജലത്തില്‍ വിഷം കലക്കിയിട്ടുണ്ടെന്ന കിംവദന്തി, മുന്നറിയിപ്പായി എല്ലാ വീടുകളിലും എത്തിക്കുകയായിരുന്നു അവര്‍, സംഘം ചേര്‍ന്ന്.
ആപത്തൊന്നും സംഭവിച്ചിട്ടില്ലാത്ത കുടുംബാംഗങ്ങളെ നേരില്‍ കണ്ടു. തൊണ്ട വരണ്ടുപൊട്ടുന്നുണ്ടായിരുന്നു. വിഷംകലര്‍ത്തിയെന്നു സംശയിക്കുന്ന വെള്ളം കുടിക്കാന്‍ തരാന്‍ പേടിക്കുന്ന വീട്ടുകാര്‍ക്കു മുന്‍പില്‍ ഞാന്‍ തളര്‍ന്നിരുന്നു.

കുട്ടികളുടെ ജാഗ്രത

ഇന്ദിരാവധത്തിലുള്ള രോഷം സിക്ക്‌വിരുദ്ധവികാരമായും വംശീയകലാപമായുമാണ് മാറ്റിയതെന്ന് മനസ്സിലാക്കാന്‍ പിന്നെ ഏറെ സമയമെടുത്തില്ല. ദൃക്‌സാക്ഷി വീട്ടില്‍തന്നെ ഉണ്ടായിരുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മൂത്ത മകനും കൂട്ടുകാരും വി.പി. ഹൗസിന്റെ ലോബിയില്‍ നില്‍ക്കുമ്പോഴാണ് അധാരണമായ ഒരു ഇരമ്പം കേട്ടത്. കൃഷിഭവന്റെ ഭാഗത്തുനിന്ന് റഫിമാര്‍ഗ് റോഡിലൂടെ പത്ത് മുപ്പതുപേരുടെ ഒരു സംഘം ഓടിവരുന്നതിന്റെ ഇരമ്പമായിരുന്നു അത്.കുട്ടികളുടെ കൂട്ടത്തില്‍ നിന്നാരോ ആപത്ത് മണത്തു. അവര്‍ സിക്കുകാരെ തെരഞ്ഞാണ് വരുന്നതെന്ന് അവന്‍ പറഞ്ഞു, വി.പി. ഹൗസിന്റെ ഗേറ്റിനും യു.എന്‍.ഐയുടെ ഗേറ്റിനും ഇടക്കുള്ള ത്രികോണാകൃതിയിലുള്ള പുറമ്പോക്ക് വളരെ പഴക്കമുള്ള ഒരു ടാക്‌സിസ്റ്റാന്റ് ആയിരുന്നു. ഒന്‍പത് സ്ഥിരം ടാക്‌സികള്‍. അത് പഞ്ചാബി സിക്കുകാരുടേതായിരുന്നു. വി.പി. ഹൗസിലുള്ള എല്ലാവീട്ടുകാരുമായി കുടുംബാംഗങ്ങളെ പോലെ അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍.
കുട്ടികള്‍ സംശയിച്ചുനില്‍ക്കാതെ ടാക്‌സിസ്റ്റാന്റിലേക്കോടി. 'അവര്‍ വരുന്നുണ്ട്. നിങ്ങളുടെ നേര്‍ക്കാണ്. വി.പി. ഹൗസിനുള്ളിലേക്ക് ഓടിക്കോളൂ.' എണ്‍പത്‌വയസ്സുള്ള ഡ്രൈവര്‍മാരുടെ കാരണവരായ 'ടാക്‌സി ബാബ'യുടെ കൈപിടിച്ചുകൊണ്ട് കുട്ടികള്‍ അകത്തേയ്‌ക്കോടി. വേണോ വേണ്ടയോ എന്ന് ശങ്കിച്ചുനിന്ന മറ്റു ഡ്രൈവര്‍മാരെയും കുട്ടികള്‍ ബലമായി അകത്തേയ്ക്കുതള്ളി. അപ്പോഴേയ്ക്കും ഐ.എന്‍.എസ്. ഓഫീസിനും വി.പി. ഹൗസിന്റെ റോഡിനും ഇടയിലൂടെ ആ ഇരമ്പം ആള്‍ക്കൂട്ടമായി ഓടി അടുക്കുകയായിരുന്നു. അവരുടെ കൈയില്‍ വടിയും, കല്ലും ആയുധമായി ഉണ്ടായിരുന്നു. പതിനഞ്ചിനും മുപ്പതിനും ഇടയ്ക്ക് പ്രായമുള്ളവരായിരുന്നു ഏറെയും. 'ഇന്ദിരാഗാന്ധി ഞങ്ങളുടെ അമ്മ, ചോരക്ക് ചോര, ഇന്ദിരാഗാന്ധി അമര്‍രഹെ' എന്നവര്‍ ഭ്രാന്തെടുത്തപോലെ വിളിച്ചുപറയുന്നുണ്ടായിരുന്നു. വലംവെച്ച് അവര്‍ നേരെ തിരിഞ്ഞത് ടാക്‌സിസ്റ്റാന്റിലേക്കുതന്നെയാണ് 'അവരെവിടെ അവരെവിടെ, ഒന്നിനെയും വെറുതെ വിടില്ല' എന്നു പറഞ്ഞ് വേട്ടക്കാരെപ്പോലെ അവര്‍ പരതി. ഗേറ്റിലൂടെ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടികള്‍ മതില്‍ക്കെട്ടുപോലെ മുന്‍പില്‍ തടസ്സം നിന്നു. ഇത് എം.പിമാര്‍ താമസിക്കുന്ന സ്ഥലമാണ് അകത്തുകടക്കാന്‍ പറ്റില്ല, അവര്‍ ധീരമായി പ്രതിരോധിച്ചു. 'ഞങ്ങള്‍ക്ക് ആ ചെകുത്താന്മാരെ വേണം അവര്‍ ഇവിടെ ഉണ്ടെന്നാണല്ലോ പറഞ്ഞത്.'
'ഇവിടെ ആരുമില്ല  നിങ്ങള്‍ പോകണം' കുട്ടികള്‍ ഒന്നിച്ച് ആവശ്യപ്പെട്ടു. അതിനിടയില്‍ ഒരാള്‍ വിരല്‍ചൂണ്ടി. ടാക്‌സിസ്റ്റാന്റിലെ ഉയരത്തിലുള്ള ബോര്‍ഡിലേക്ക്. അതില്‍ എഴുതിവച്ചിരിക്കുന്നു'അമൃത്‌സര്‍ ടാക്‌സി സര്‍വീസ്'. അതുകണ്ടോ എന്നു പറയലും ആ ബോര്‍ഡിനുനേരെ തുരുതുരാ കല്ലുകള്‍ എറിഞ്ഞു. ടാക്‌സി ബാബ സ്ഥിരമായി ഇരിക്കാറുള്ള കയറുകട്ടില്‍ മറിച്ചിട്ട് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. എന്തോ, ടാക്‌സികള്‍ കത്തിച്ചില്ല. വടികൊണ്ട് ഒന്നുരണ്ടെണ്ണത്തിന്റെ പുറത്തടിച്ച് 'ചോരയ്ക്കു ചോര' വിളിച്ച് അവര്‍ ഓടിയും നടന്നും ഇരമ്പമായി പാര്‍ലമെന്റ് സ്ട്രീറ്റിലേക്കു നീങ്ങി. പിറകെ ഇതുപോലെ ഇരമ്പമുണ്ടാക്കിവന്ന ആള്‍ക്കൂട്ടങ്ങള്‍ ആയുധമേന്തി കടന്നുപോയി.
അന്തരീക്ഷം ശാന്തമായെന്നു കണ്ടപ്പോള്‍ കുട്ടികള്‍ കെട്ടിടത്തിനകത്തേയ്ക്കു ചെന്നു. ഇതിനകം ടാക്‌സിബാബയേയും മറ്റു സിക്ക് ഡ്രൈവര്‍മാരേയും അവരില്‍ ചിലര്‍ കെട്ടിടത്തിന്റെ ഏറ്റവുംമുകളിലുള്ള അഞ്ചാം നിലയിലെ 511-ാംനമ്പര്‍ സ്യൂട്ടിലാക്കി വാതില്‍ പുറത്തുനിന്നു പൂട്ടിയിരുന്നു. അപൂര്‍വമായി മാത്രം തങ്ങുന്ന ഒരു എം.പിയുടെ വസതിയായിരുന്നു അത്. ടാക്‌സികളുടെ താക്കോല്‍ അവര്‍ വാങ്ങി. സ്റ്റാന്റിലെ എല്ലാ ടാക്‌സികളും കെട്ടിടവളപ്പില്‍ പെട്ടെന്ന് കാണാത്തവിധത്തില്‍ ഒളിപ്പിച്ചു.

രാഷ്ട്രപതിക്കും സുര്‍ജിത്തിനുമെതിരെ

ബുധനാഴ്ച രാവിലെ 9.18-ന് വസതിയില്‍നിന്ന് തൊട്ടടുത്ത ഓഫീസ് മുറിയിലേക്കു ടി.വി. അഭിമുഖത്തിന് നടന്നുപോകുമ്പോഴായിരുന്നു ഇന്ദിരാഗാന്ധിക്കുനേരെ സുരക്ഷാഭടന്മാര്‍ നിറയൊഴിച്ചത്. പ്രധാനമന്ത്രിക്ക് വെടിയേറ്റു എന്ന് പത്തുമണിയോടെ ആദ്യം കുശുകുശുപ്പായാണ് കൊടുങ്കാറ്റിന്റെ മുഴക്കം പോലെ വിവരം തലസ്ഥാനത്ത് പടര്‍ന്നത്. പ്രധാനമന്ത്രികൊല്ലപ്പെട്ട വിവരം രണ്ട് മണിയോടെ കാട്ടുതീ പോലെ വ്യാപിച്ചു. രാഷ്ട്രീയ-ജാതി-മത ഭാഷാവ്യത്യാസമില്ലാതെ തലസ്ഥാനത്തെ, രാജ്യത്തെ ആകെ ജനങ്ങളും ദുഃഖം ഘനീഭവിച്ച അവസ്ഥയിലായി. ലോകമാകെ ആ സത്യം ഉള്‍ക്കൊള്ളാന്‍ പാടുപെട്ടു.
1984 ഒക്‌ടോബര്‍ 31 എന്ന ആ കറുത്ത ബുധനാഴ്ച പകല്‍ മായുന്നതിനു മുന്‍പ് കലാപത്തിനുള്ള ആഹ്വാനവുമായി ആദ്യ കല്ല് പൊങ്ങിയത് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍സയന്‍സ്സിന്റെ മുറ്റത്ത് നിന്നായിരുന്നു. വിദേശത്തായിരുന്ന രാഷ്ട്രപതി ഗ്യാനിസെയില്‍സിങ് ഡല്‍ഹിയില്‍ അടിയന്തരമായി പറന്നിറങ്ങി നേരെ കുതിച്ചത് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്കാണ്. അദ്ദേഹം കാറില്‍നിന്നിറങ്ങിയപ്പോള്‍ വൈകുന്നേരം അഞ്ച് മണി. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പതിനെട്ടാം നിലയില്‍ ചോരവാര്‍ന്ന് ചലനമറ്റ് കിടക്കുന്ന പ്രധാനമന്ത്രിയുടെ മൃതശരീരം കാണാന്‍ ലിഫ്റ്റില്‍ കുതിക്കുമ്പോഴേയ്ക്കും ഒരു കല്ല് രാഷ്ട്രപതിയുടെ കാറിന്റെ വീന്‍ഡ് സ്‌ക്രീനില്‍ വീണു. ചില്ലുകള്‍ നാലുപാടും ചിതറി. ഏതാനും പേര്‍ സിക്കുകാരനായ ഡ്രൈവറുടെ മേല്‍ ചാടിവീണു. അദ്ദേഹത്തിന്റെ താടിയില്‍ പിടിച്ചുവലിച്ച് മര്‍ദ്ദിച്ചു. കാറിന് പുറത്തിറങ്ങിയിരുന്ന രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി തൃലോചന്‍സിങ്ങിനും കണക്കിനു കിട്ടി. അതിസുരക്ഷാവലയത്തിനകത്തായിരുന്നു ഈ വിളയാട്ടം. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏതാനും നിമിഷം കണ്ണടച്ചതുപോലെ. ചില കോണ്‍ഗ്രസ് നേതാക്കളും അവരില്‍ ചിലരും അല്പം കഴിഞ്ഞ് മുന്നോട്ടുവന്ന് രണ്ടുപേരെയും രക്ഷപ്പെടുത്തി. പെട്ടെന്നാണ് ഏതാനും ചെറുപ്പക്കാര്‍ 'ഇന്ദിരാഗാന്ധി അമര്‍ രഹെ', 'ചോരക്ക് ചോര' എന്ന് മുദ്രാവാക്യം വിളിച്ചത്. അവര്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് അവിടെനിന്ന് നീങ്ങിയത് ഒന്ന് ഐ.എന്‍.എ മാര്‍ക്കറ്റ് ഭാഗത്തേയ്ക്കും, മറ്റേത് റിങ്ങ് റോഡ് ഭാഗത്തേയ്ക്കും. ഈ രണ്ട് ദിശകളില്‍നിന്നാണ് സിക്ക് വിരുദ്ധകലാപം ഒക്‌ടോബര്‍ 31-ന് സന്ധ്യയോടെ ആരംഭിച്ചത്.
കെട്ടിടത്തിലെ 215-ാം നമ്പര്‍ സ്യൂട്ടിലുള്ള ദേശാഭിമാനി ബ്യൂറോയില്‍ മറ്റൊരു ഞെട്ടിക്കുന്ന വിവരവും കാത്തിരിപ്പുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇന്ദിരാഗാന്ധിക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ അന്നു പകല്‍ സി.പി.എം. നേതൃസംഘം പോയപ്പോഴുണ്ടായ അനുഭവം. രാഷ്ട്രീയമായ വലിയ അകല്‍ച്ചയ്ക്കിടയ്ക്കും ഇന്ദിരാഗാന്ധിയുമായി വ്യക്തിപരമായി വലിയ അടുപ്പമുണ്ടായിരുന്ന ഹര്‍കിഷന്‍സിങ്‌സുര്‍ജിത്തിന്ന് അന്ത്യദര്‍ശനത്തിന് എത്തണമെന്ന് നിര്‍ബന്ധമായിരുന്നു. അപ്രതീക്ഷിതമായ പ്രത്യേക വൈകാരിക അന്തരീക്ഷത്തില്‍ സുര്‍ജിത്ത് വരാതിരിക്കുന്നതാണ് നല്ലതെന്ന് ജനറല്‍ സെക്രട്ടറി ഇ.എം.എസ്സും, ബി.ടി.ആറും ഉപദേശിച്ചിട്ടും സുര്‍ജിത്ത് പോയി. അദ്ദേഹത്തിന്റെ തലപ്പാവും താടിയും കണ്ട് ആള്‍ക്കൂട്ടത്തില്‍നിന്ന് കടന്നല്‍കൂടിളകി.
സുര്‍ജിത്തിനെ അറിയുന്ന ഒരു മുതിര്‍ന്ന ഇന്റലിജന്‍സ് ഓഫീസര്‍ പെട്ടെന്ന് അദ്ദേഹത്തെ ഒരു കാറിലേക്ക് വലിച്ചിട്ട് ജനക്കൂട്ടത്തിനിടയിലൂടെ പുറത്തേയ്ക്ക് ഓടിച്ചുകൊണ്ടുപോയി രക്ഷപ്പെടുത്തുകയായിരുന്നു. കേരള ഹൗസില്‍ വിളിച്ച് ബി.കെ. നായര്‍ എം.പി. സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തി. വീട്ടിലെത്തുമ്പോള്‍ മകനും അവന്റെ ചില കൂട്ടുകാരും അഞ്ചാം നിലയില്‍ ഒളിവില്‍ താമസിപ്പിച്ചിട്ടുള്ള സിക്കുകാര്‍ക്ക് വേണ്ട ഭക്ഷണവുമായി പതുങ്ങിപ്പോവുകയായിരുന്നു.

ആസൂത്രിതമായ ഗൂഢാലോചന

പിറ്റേന്ന് നവംബര്‍ 3 വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം യമുനാതീരത്ത് രാജ്ഘട്ടിനും ശാന്തിവനത്തിനും സമീപം ഇന്ദിരാഗാന്ധിയുടെ ശവസംസ്‌കാരം നടക്കാന്‍ പോകുന്നു. ലോക നേതാക്കളെല്ലാം ഡല്‍ഹിയിലെത്തിക്കഴിഞ്ഞിട്ടുണ്ട്.മാധ്യമങ്ങളുടെയും രാജ്യത്തിന്റെ ആകെയും ശ്രദ്ധ ആ അന്ത്യചടങ്ങുകളിലാണ്. വിദേശപത്രങ്ങള്‍, ആഫ്രിക്കന്‍-ഏഷ്യന്‍ ഡസ്‌ക്കുകളെയാകെ ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ ഡല്‍ഹിയിലെത്തിച്ച്. മൊബൈല്‍ പത്രമോഫീസ് തന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു. ലോകമാധ്യമങ്ങളാകെ ഇന്ദിരാഗാന്ധിവധമെന്ന ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ചിരിക്കയാണ്. ദൂരദര്‍ശന്‍ ഇന്ദിരാഗാന്ധിയുടെ ചലനമറ്റ കിടപ്പിനോടും, ശോകാത്മക ട്യൂണുകള്‍ക്കും, കീര്‍ത്തനങ്ങള്‍ക്കുമൊപ്പം മറ്റൊരു സന്ദേശവും ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. 'ചോരയ്ക്ക് ചോര', ഇന്ദിരാഗാന്ധി അമര്‍രഹെ...' രാജ്യത്തിന്റെ ആകെ ശോകാഞ്ജലിയും ലോക നേതാക്കളുടെയാകെ ആദരാഞ്ജലികളും ഏറ്റുവാങ്ങി ഇന്ദിരാഗാന്ധിയെന്ന ലോക വനിതാനേതാവ് സായാഹ്നത്തോടെ ചിതയില്‍ ഒതുങ്ങി ചരിത്രത്തിന്റെ ഭാഗമാകുകയായി. അതിന്റെ സര്‍വതല സ്പര്‍ശിയായ വാര്‍ത്ത കൈകാര്യം ചെയ്യാന്‍ പ്രഭാവര്‍മ്മയെ രാവിലെ തന്നെ ചുമതലപ്പെടുത്തി. സമാന്തരമായ മറ്റൊരു ചരിത്ര ചിത്രത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച് ലോകത്തോട് വിളിച്ചു പറയേണ്ട ബാദ്ധ്യത എനിക്ക് നിറവേറ്റാനുണ്ടായിരുന്നു. വിവരങ്ങളുടെ ഇഴകള്‍ സൂക്ഷ്മമായി കൂട്ടിച്ചേര്‍ത്തപ്പോള്‍ ഭരണകക്ഷിയുടെ ഉന്നത നേതൃത്വത്തില്‍ ചിലരുടെ ഗൂഢാലോചനയും, ആസൂത്രണവും വ്യക്തമായിരുന്നു. അതിന്റെ രൂപരേഖ ഇങ്ങനെ:
വാര്‍ത്താ-പ്രക്ഷേപണമന്ത്രിയും ദില്ലിയിലെ കരുത്തനായ മുതിര്‍ന്ന കോണ്‍ഗ്രസ് (ഐ) നേതാവുമായ എച്ച്.കെ.എല്‍ ഭഗത്ത്, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അരുണ്‍ നെഹ്‌റുവുമായി ഒരു രഹസ്യ ആലോചന. വൈകുന്നേരം അഞ്ച് മണിയോടെ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ജഗദീഷ് ടൈറ്റ്‌ലര്‍, സാജന്‍കുമാര്‍ തുടങ്ങിയ ദില്ലിയില്‍നിന്നുള്ള മറ്റ് എം.പിമാരും മെട്രോപോളിറ്റന്‍ കൗണ്‍സിലര്‍ അര്‍ജുന്‍ദാസിനെപ്പോലുള്ള വിശ്വസ്തരും ചേര്‍ന്നുള്ള ഒരാസൂത്രണ യോഗം. അതുകഴിഞ്ഞാണ് രാത്രി വൈകി, ഡല്‍ഹിയിലെ വിവിധ പുനരധിവാസ കോളനികളിലേക്ക് നിര്‍ദ്ദേശങ്ങളുമായി വാഹനങ്ങള്‍ ഇരമ്പിപ്പാഞ്ഞത്.
ഡല്‍ഹിയിലെ കോണ്‍ഗ്രസ് (ഐ)യുടെ രാഷ്ട്രീയാടിത്തറയാണ് കൂലിപ്പണിക്കാരും സാധാരണക്കാരുമായ പതിനായിരങ്ങള്‍ പാര്‍ക്കുന്ന പുനരധിവാസ കോളനികള്‍. പാര്‍ട്ടിയുടെ ബഹുജനശക്തി കേന്ദ്രങ്ങള്‍. അടിയന്തരാവസ്ഥയുടെ അടിമാന്തിയിട്ടും ഇന്ദിരാഗാന്ധിയുടേയും ഇരുപതിന പരിപാടിയുടേയും സഞ്ജയ്ഗാന്ധിയുടേയും അഞ്ചിന പരിപാടിയുടേയും ബോര്‍ഡുകളും കൈപ്പത്തിതെളിഞ്ഞ നരച്ച ത്രിവര്‍ണ്ണ പതാകകളും പേറിനില്‍ക്കുന്ന കോളനികവാടങ്ങള്‍.

നിശ്ചലമായ ഭരണസംവിധാനം

ഈ കോളനികളിലെ കുടിലുകളില്‍ രാത്രി ആ സന്ദേശം വൈകി എത്തി: 'അമ്മയെ കൊന്നതിന് പകരം ചോദിക്കണം. സര്‍ദാര്‍ജിമാര്‍ ദീപാവലി ആഘോഷിക്കുന്നു. മിഠായി വിതരണംചെയ്യുന്നു. പകരം ചോദിക്കണം...'
'ജീവിതം മുഴുവന്‍ പണിയെടുത്താലും കിട്ടാത്ത സാധനങ്ങള്‍ കിട്ടാന്‍ പോകുന്നു. കളര്‍ ടി.വി., വീഡിയോ, വിലപ്പെട്ട വീട്ടുപകരണങ്ങള്‍, വസ്തുക്കള്‍,പണം, ആഭരണങ്ങള്‍. ചെന്ന് വാരിക്കോളൂ. പൊലീസ് അനങ്ങില്ല.' ബുധനാഴ്ച വാര്‍ത്തയറിഞ്ഞു. ഡല്‍ഹി മരിച്ച വീടുപോലെ ശോകമൂകമായിരുന്നു. മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് പുറപ്പെട്ട രണ്ട് സംഘങ്ങളുണ്ടാക്കിയ പ്രകോപനം വരെ തീര്‍ത്തും സിക്കുകാരെ തെരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുന്നതില്‍ മാത്രമായി ഒതുങ്ങിയിരുന്നു. ഐ.എന്‍.എ. മാര്‍ക്കറ്റില്‍ രണ്ട് കടകള്‍ക്ക് തീ കൊടുത്തതായിരുന്നു വലിയ പ്രകോപനം. അപ്പോഴേയ്ക്കും മറ്റ് കടകള്‍ക്ക് ഷട്ടറുകള്‍ വീണു. സിക്കുകാരായ കച്ചവടക്കാര്‍ സ്ഥലംവിട്ടോടി. പാകിസ്ഥാനില്‍ നിന്നുവന്ന അഭയാര്‍ത്ഥികള്‍ തുടങ്ങിയതാണ് ഐ.എന്‍.എ മാര്‍ക്കറ്റ്. സഫ്ദര്‍ജങ്ങ് എയര്‍പോര്‍ട്ടിനടുത്തുള്ള ഓവര്‍ബ്രിഡ്ജില്‍നിന്ന്, വാഹനങ്ങള്‍ തടഞ്ഞ് സിക്കുകാരെ റോഡിലിറക്കി മര്‍ദ്ദിച്ചുവിട്ടു. ചിലരെ ഓവര്‍ ബ്രിഡ്ജിനു താഴേക്ക് വലിച്ചെറിയുകയും ചെയ്തു.
എന്നാല്‍, വ്യാഴാഴ്ച പുലര്‍ച്ചയോടെ കളി മാറി. മഴുവും, വാളും, ഇരുമ്പുവടിയും, കല്ലും ആയുധമാക്കി, ചെറിയ മനുഷ്യപ്പട ഗുരുദ്വാരകളും, സിക്കുകാരുടെ വീടുകളും കടകളും ലക്ഷ്യമാക്കി പോര്‍വിളിച്ചു നീങ്ങി. കൊലയും കൊള്ളയും, തീവെപ്പും കൃത്യമായ അജണ്ട.
കൊലയ്ക്ക് ഒരു ഫാസിസ്റ്റ് രീതി ഉണ്ടായിരുന്നു. സൈക്കിള്‍ ടയറോ, വലിയ ടയറുകള്‍ തന്നെയോ, പെട്രോളൊഴിച്ച് തലയിലൂടെ ഇടുക ആളിക്കത്തുന്ന അഗ്നിഗോളത്തിനു നടുവില്‍പച്ച മനുഷ്യന്‍ പിടഞ്ഞുകത്തുക. ആ മരണപരാക്രമത്തിനുചുറ്റും പൈശാചികനൃത്തം ചവിട്ടുക.
മറ്റൊരു രീതി കല്ലെറിഞ്ഞ് ഓടിച്ചുവീഴ്ത്തുകയായിരുന്നു. വീണ് ചോരവാരുന്ന മനുഷ്യനുമേല്‍ മരമുട്ടികളോ, ചപ്പുവറൊ മറ്റോ വാരിയിട്ട് പെട്രോള്‍ ഒഴിച്ച് തീ കൊടുക്കുക. ഭാഗികമായി കത്തിയ മൃതദേഹങ്ങള്‍, കാക്കകള്‍ക്കും, നായ്ക്കള്‍ക്കുംആഹാരമാക്കുക.
സ്വന്തം വീടും, വാഹനങ്ങളും, കടകളും പല സിക്കുകാരുടെയും ചിതകളായി മാറി. ജീവിതോപാധികള്‍ നശിപ്പിക്കല്‍. ഗുരുദ്വാരകളും മതപുരോഹിതരുടെ വീടുകളും പ്രത്യേക ലക്ഷ്യങ്ങളായിരുന്നു. വംശീയമായ ഉന്മൂലനം. പൊലീസിന്റേയും നിയമപാലകരുടേയും സമ്പൂര്‍ണ്ണ അസാന്നിദ്ധ്യം.

ഡസ്‌ക്കും റിപ്പോര്‍ട്ടറും തമ്മിലുള്ള അകലം

ചുരുക്കത്തില്‍ തീനാമ്പുകള്‍ ഭാഗികമായി കാര്‍ന്നുതിന്ന, നായ്ക്കള്‍ ആഹരിച്ച് അവശേഷിച്ച കരിഞ്ഞതും, ചീഞ്ഞളിഞ്ഞതുമായ മനുഷ്യരുടെ മൃതദേഹങ്ങള്‍ ചിതറി പരന്നുകിടക്കുന്ന ശ്മശാനമായി ഡല്‍ഹി മാറിക്കഴിഞ്ഞിരുന്നു. ഇന്ദിരാഗാന്ധിയുടെ ദുരന്തത്തിന്റെ ദുഃഖംപേറുന്ന അന്തരീക്ഷത്തില്‍ തന്നെ നൂറുകണക്കായ നിരപരാധികളായ സിക്ക് സഹോദരങ്ങളുടെ കരിഞ്ഞ മാംസത്തിന്റെ ഗന്ധവും നിറഞ്ഞുനിന്നിരുന്നു.
മൂന്ന് ദിവസമായി മാധ്യമങ്ങളൊന്നും ഇത് അറിഞ്ഞതായി ഭാവിച്ചില്ല. ഇന്ദിരാവധത്തിന്റെ തുടര്‍ക്കഥകളും അന്നുരാത്രി തന്നെ ഉണ്ടായ രാജീവ്ഗാന്ധിയിലേക്കുള്ള അധികാരക്കൈമാറ്റവും മറ്റും മറ്റുമായിരുന്നു മാധ്യമപേജുകള്‍ നിറയെ. ഗതാഗതത്തിന്റെ ഞരമ്പുകള്‍ അറ്റിരുന്നു. ജനജീവിതം അവ്യവസ്ഥിതമായിരുന്നു. ഭരണസംവിധാനം നിശ്ചലവും അദൃശ്യവുമായിരുന്നു. ഈ സ്ഥിതിയില്‍ സിക്ക് സമുദായത്തിന് എതിരായി നടക്കുന്ന പൈശാചിക ആക്രമണത്തിന്റെ ഒരുപൂര്‍ണ ചിത്രം ശേഖരിച്ച് പുറംലോകത്തെ അറിയിക്കുക ദുഷ്‌ക്കരമായിരുന്നു. എങ്കിലും അതിന്റെ ഏകദേശ ചിത്രം അവതരിപ്പിക്കുന്ന റിപ്പോര്‍ട്ട് കേരളത്തിലേക്ക് അയയ്ക്കാനാണ് ഞാന്‍ ശ്രമിച്ചത്. യമുനയുടെ കരയില്‍ ഇന്ദിരാഗാന്ധിയുടെ ചിത അണയുമ്പോഴും ഡല്‍ഹിയില്‍ കൊല്ലപ്പെട്ട സിക്കുകാരുടെ കബന്ധങ്ങള്‍ അനാഥമായി കിടക്കുകയാണെന്നും സര്‍വസ്വവും നഷ്ടപ്പെട്ട അശരണരായ അഭയാര്‍ത്ഥികളായി അവര്‍ എവിടേക്കെല്ലാമോ പലായനം ചെയ്യുകയാണെന്നും അതില്‍ വെളിപ്പെടുത്തി.

വളരെ നിരാശാജനകമായിരുന്നു വാര്‍ത്തയ്ക്ക് പത്രമോഫീസില്‍നിന്ന് ലഭിച്ച പ്രതികരണം. സത്യമാണെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ ജനങ്ങളില്‍ നിന്ന് ഉണ്ടാകുന്ന പ്രതികരണം ഏറെ ദോഷകരമാകുമെന്ന ഭീതിയാണ് പ്രകടിപ്പിച്ചത്. ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖവും നിരാശയും. മാധ്യമധര്‍മ്മം, വായനക്കാരന് അറിയാനുള്ള അവകാശം, നേര് നേരത്തെ അറിയിക്കല്‍ എന്നതെല്ലാം എത്ര പൊള്ളയായ വാക്കുകള്‍. സത്യം കെട്ടുകഥകളെക്കാള്‍ അവിശ്വസനീയമാവും. അത് വിളിച്ചുപറയുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതമോര്‍ത്ത് എല്ലാവരും ഭയപ്പെടുന്നു. ഒരിക്കല്‍കൂടി പറഞ്ഞുനോക്കി, ഇന്ദിരാഗാന്ധിയുടെ വാര്‍ത്തയ്ക്ക് വേണ്ട പരമാവധി സ്ഥലവും പ്രാധാന്യവും നല്‍കുക. ഈ മനുഷ്യക്കുരുതി സംബന്ധിച്ച വിവരങ്ങള്‍ ഏതെങ്കിലും പേജില്‍ സ്ഥലംഅനുവദിച്ച് ലോകത്തെ അറിയിക്കുക. അത് ചെയ്തില്ലെങ്കില്‍ ചരിത്രത്തോട് ചെയ്യുന്ന വലിയ തെറ്റായിരിക്കും. ഞാന്‍ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചു.

വാര്‍ത്ത നേരില്‍ അനുഭവിക്കുന്ന ലേഖകനും ദൂരെ പത്രമാഫീസിലിരുന്ന് അക്ഷരങ്ങളിലൂടെ മാത്രം സംഭവങ്ങളെ സമീപിക്കുന്ന പത്രാധിപന്മാരും തമ്മിലുള്ള വൈരുദ്ധ്യം ഏറെ പ്രകടമായ ഒരു സന്ദര്‍ഭം. പക്ഷേ, ആ ഇടപെടലിന് ഫലമുണ്ടായി. ശങ്കിച്ചാണെങ്കിലും സത്യം ലോകത്തോടു വിളിച്ചു പറയാന്‍ ഒടുവില്‍ തീരുമാനമുണ്ടായി. ഇന്ദിരാഗാന്ധിയുടെ ശവസംസ്‌ക്കാര വാര്‍ത്തയുമായി ഇറങ്ങിയ ദേശാഭിമാനി പത്രത്തിന്റെ ഉള്‍പ്പേജില്‍, ദില്ലിയില്‍ സിക്ക് കൂട്ടക്കൊല നടക്കുന്നതിന്റെ നടുക്കുന്ന വെളിപ്പെടുത്തലും പുറത്തുവന്നു. പക്ഷേ, അത് ഇന്ത്യയുടെ ചെറിയൊരു കോണില്‍. ഒരുപിടി ആളുകളുടെ മാത്രം ഭാഷാപത്രത്തിലായിരുന്നു!

ഏറ്റവും അധികം മനുഷ്യക്കുരുതി നടന്നത് തൃലോക് പുരിയിലാണെന്ന് സൂചനയുണ്ടായിരുന്നു. യമുനാനദിക്കക്കരെയാണ് തൃലോക്പുരിയും മയൂര്‍ വിഹാറും മറ്റും. ഇവയോട് ചേര്‍ന്ന് ആയിരക്കണക്കിന് പാവപ്പെട്ടവരും തൊഴിലാളികളും കഴിയുന്ന നൂറുകണക്കായ കുടിലുകള്‍ നിറഞ്ഞ പുനരധിവാസ കോളനികളുണ്ട്. മന്ത്രി എച്ച്.കെ.എല്‍ ഭഗത്തിന്റെ ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട പ്രദേശങ്ങള്‍ കോണ്‍ഗ്രസ് (ഐ)യുടെ വോട്ട് ബാങ്കുകള്‍.
കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഗതാഗതമറ്റ സ്ഥിതിയില്‍, അരക്ഷിതാവസ്ഥയുടെ നടുവില്‍ നേരില്‍ ചെന്ന് വസ്തുതകള്‍ അറിയുന്നത് എങ്ങനെ? തലപുകക്കുമ്പോഴാണ് സി.പി. ജോണ്‍ പതിവ് ഉത്സാഹവും ചിരിയുമായി കടന്നുവന്നത്. അന്ന് എസ്.എഫ്.ഐയുടെ കേരള സെക്രട്ടറിയാണ് ജോണ്‍. അഖിലേന്ത്യാകമ്മിറ്റിക്ക് ഡല്‍ഹിയില്‍ വന്നുപെട്ടതാണ് എന്നാണ് എന്റെ ഓര്‍മ്മ. ജോണ്‍ പെട്ടെന്ന് പോംവഴി കണ്ടെത്തി. ബന്ധുവായ പോപ്പുലര്‍ ഓട്ടോ മൊബൈല്‍സിന്റെ ഡല്‍ഹിയിലുള്ളവരുമായി ബന്ധപ്പെട്ട് കാറും ഡ്രൈവറും റെഡിയാക്കി. എസ്.എഫ്.ഐ. ഓഫീസില്‍നിന്ന് അഖിലേന്ത്യാ പ്രസിഡന്റ് എം.എ. ബേബിയേയും കേരളത്തില്‍ നിന്നെത്തിയിരുന്ന എസ്.എഫ്.ഐയുടെ എ. വിജയരാഘവനേയും ഒപ്പം കൂട്ടി.

ശവപ്പറമ്പായ സിക്കു കോളനി

ത്രിലോക്പുരിയില്‍ നിറഞ്ഞുനിന്നത് ഭയപ്പെടുത്തുന്ന ശൂന്യത. അങ്ങിങ്ങ് കണ്ട ആളുകള്‍ തന്നെ പെട്ടെന്ന് മുഖംതിരിച്ച് വേഗം നടന്നുപോകുന്നു. വരിവരിയായി പണിത ബ്ലോക്കുകളിലെ നൂറ് കണക്കിന് വീടുകള്‍ ശൂന്യമാണ്. ആരെയും കണ്ട് ഒരു വിവരവും തിരക്കാന്‍ വയ്യാത്ത അവസ്ഥ. രാത്രി പോലും സജീവമായി ഉണര്‍ന്നിരിക്കുന്ന ആ നഗരിയില്‍ ആള്‍പ്പാര്‍പ്പില്ലാതായിരിക്കുന്നു. ഞങ്ങള്‍ നിരാശരായി മടങ്ങാന്‍ ഭാവിച്ചു. ദൂരെ നിന്ന് വീക്ഷിച്ചിരുന്ന ഒരു ചെറുപ്പക്കാരന്‍ അടുത്തേയ്ക്ക് വന്നു. നൂറ് കണക്കിന് മൃതദേഹങ്ങള്‍ തലേന്ന് രാത്രി പൊലീസ് വാനില്‍ കടത്തിക്കൊണ്ടുപോയി- അയാള്‍ അടക്കിപ്പിടിച്ച സ്വരത്തില്‍ പറഞ്ഞു. പിറകെ ചെല്ലാന്‍ ആംഗ്യം കാട്ടി അയാള്‍ 132-ാം നമ്പര്‍ ബ്ലോക്കിനു മുന്‍പിലേക്ക് നടന്നു. നുറ്റന്‍പതോളം വീടുകള്‍ ഉള്ളതാണ് അത്. ഒരു വീടിന് മുന്‍പില്‍ പെട്ടെന്ന് നിന്ന് ഉള്ളിലേക്ക് വിരല്‍ചൂണ്ടി പെട്ടെന്ന് തിരിഞ്ഞ് അയാള്‍ നടന്നു മറഞ്ഞു.
അകത്തുനിന്ന് അസഹനീയമായ ദുര്‍ഗന്ധം. രണ്ട് മുറികളുള്ള വീടിന്റെ ആദ്യമുറിയിലേക്ക് കടന്നു. ദുര്‍ഗന്ധത്തോടൊപ്പം ഇരമ്പിവന്ന ഈച്ചകള്‍ മുഖത്ത് മുട്ടിപ്പറന്നു. ആദ്യമുറിയില്‍ കട്ടിലും കിടക്കയും തുണിയും കത്തിക്കരിഞ്ഞതിന്റെ അവശിഷ്ടമാണ്. കാല്‍പെരുമാറ്റം കേട്ട് അകത്തെ മുറിയില്‍ നിന്ന് വീര്‍ത്തവയറുമായി മൂന്ന് നായ്ക്കള്‍ കുരച്ചുചാടി പുറത്തേയ്ക്ക് ഓടിപ്പോയി. കണ്ടു സഹിക്കാനാവാത്ത കാഴ്ച. നായ്ക്കള്‍ തിന്ന മുഴുവന്‍ കരിയാത്ത മൂന്ന് മൃതദേഹങ്ങള്‍. രാജസ്ഥാനില്‍നിന്നുള്ള സിന്ധിസര്‍ദാര്‍മാര്‍ താമസിക്കുന്ന വീടുകളായിരുന്നു അധികവും. ഡല്‍ഹിയിലെ സാധാരണ താമസക്കാര്‍ക്ക് കയര്‍കട്ടിലുകള്‍ നിര്‍മ്മിച്ച് വില്‍ക്കുന്നവര്‍. സ്വന്തം ചിതക്ക് അവര്‍ പണിയിച്ച കട്ടിലുകള്‍ വിറകായി മാറി. തൊട്ടടുത്ത വീടുകളിലെല്ലാം ഇതുപോലുള്ള ഭീകരചിത്രങ്ങളായിരുന്നു. കത്തിക്കരിഞ്ഞ സൈക്കിള്‍ റിക്ഷകള്‍, ഓട്ടോറിക്ഷകള്‍, തുറന്ന് കിടക്കുന്ന ട്രങ്ക് പെട്ടികള്‍.

അരുതെന്ന് പറയാനാരുമില്ലാതെ

മായാപുരിയിലും ഇതുതന്നെയാണ് ആവര്‍ത്തിച്ചത്. മായാപുരിയില്‍ മംഗോള്‍പുരിയില്‍. ദക്ഷിണഡല്‍ഹിയിലെ സാകേത്, മാതുല്യനഗര്‍, ആര്‍.കെ. പുരം, നിസാമുദ്ദീന്‍, പഞ്ചഗീല്‍പാര്‍ക്ക്, സൗത്ത്എക്സ്റ്റന്‍ഷന്‍ സഫ്ദര്‍ജങ്ങ് എന്‍ക്ലേവ് തുടങ്ങിയ സ്ഥലങ്ങളില്‍. മുനീര്‍ക്ക, ചിരാഗ് ബോഗല്‍ തുടങ്ങിയ ഇടങ്ങളില്‍ എല്ലാം ഇതുതന്നെയാണ് ആവര്‍ത്തിച്ചത്. ഒരേ തിരക്കഥ. ഓട്ടോറിക്ഷകള്‍ മുതല്‍ ഫാക്ടറികള്‍ വരെ കത്തിച്ചു. ഇന്ദിരാകോണ്‍ഗ്രസ് എം.പി.യായിട്ടും സിക്കുകാരനായ ചരല്‍ ജിത്ത് സിങ്ങിന്റെ കോളാകമ്പനിക്ക് തീവച്ചു. വാഹനങ്ങള്‍ ചാമ്പലാക്കി. ആസാദ്പുരിയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ പച്ചക്കറി നിറച്ച ട്രക്കുകള്‍ ആന ചരിഞ്ഞതുപോലെ തലങ്ങും വിലങ്ങും കത്തിക്കിടക്കുന്നു. അവസിക്ക് ഡ്രൈവര്‍മാരുടേതായിരുന്നു. നിസാമുദീന് തെക്ക് ഭോഗ് നാഷണല്‍ പെര്‍മിറ്റുള്ള ലോറികളുടെ ആസ്ഥാനമാണ്. അതും ശവപ്പറമ്പായി. വിഭജനത്തിനുശേഷം ദില്ലിയില്‍ വേരുപിടിപ്പിച്ച് സ്വന്തംഭാവിയും രാജ്യത്തിന്റെ സാമ്പത്തിക നിലയും അഭിവൃദ്ധിപ്പെടുത്തിയ ഒരു സമുദായത്തിന്റെ വേരറുത്ത് കരിക്കുന്ന ഗൂഢാലോചനയാണ് നടപ്പിലാക്കിയത്.

ഇന്ദിരാഗാന്ധിക്ക് വെടിയേറ്റ രാത്രിതന്നെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. നടപ്പാക്കാന്‍ പൊലീസ് ഉണ്ടായിരുന്നില്ല. കര്‍ഫ്യൂ രണ്ടാംനാള്‍ രാത്രിയാണ് പ്രഖ്യാപിച്ചത്. നാലാം ദിവസംവരെ നടപ്പാക്കിയില്ല. രണ്ടാംനാള്‍ പട്ടാളത്തെ വിളിച്ചു. പട്ടാളത്തിന് യാതൊരുനിര്‍ദ്ദേശവും നല്‍കിയില്ല. 'മൂന്ന് ദിവസത്തെ സമയം തന്നിരിക്കുന്നു. അതിനകം വേണ്ടത് ചെയേ്താളൂ' എന്ന രാഷ്ട്രീയ ഉത്തരവാണ് യഥാര്‍ത്ഥത്തില്‍ നടപ്പായത്.

വിവേക് വിഹാറിലെ ക്യാമ്പില്‍ നാലായിരത്തിലേറെ അഭയാര്‍ത്ഥികളുണ്ടായിരുന്നു. പട്ടാളക്കാരാണ് പല ദിക്കില്‍നിന്നായി അവരെ അവിടെ എത്തിച്ചത്. അവിടെ കണ്ട പല മുഖങ്ങളും കാല്‍നൂറ്റാണ്ടിനുശേഷവും ഇപ്പോഴും മുന്‍പില്‍ തെളിഞ്ഞുനില്‍ക്കുന്നു. കരിങ്കല്‍പ്രതിമപോലെ ഇരിക്കുന്ന ഇരുപത്തഞ്ചുകാരി ശമ്മികൗര്‍. മൂന്ന് മാസം പ്രായമായ അവരുടെ കുഞ്ഞിന്റെ രണ്ട് കാലും പിടിച്ച് വലിച്ചുചീന്തി രക്തം ചീറ്റുന്ന മാലയായാണ് അവരുടെ കഴുത്തില്‍അണിയിച്ചത്. പിന്നീട് ആ ചെറുപ്പക്കാരി മിണ്ടിയിട്ടില്ല. കല്യാണ്‍പുരിയിലെ താമസക്കാരിയായിരുന്ന നാര്‍ഗഹി ബ്ലൗസിനടിയില്‍ നിന്ന് ഒരു ചെറിയ തുണിപ്പൊതി പുറത്തെടുത്തു. ചീഞ്ഞ് ചുങ്ങിയ ഭര്‍ത്താവിന്റെ മോതിര വിരലായിരുന്നു അതില്‍. വിരല്‍വെട്ടി മോതിരമെടുത്ത് അതവരുടെ മുഖത്ത് എറിഞ്ഞാണ് കടന്നുപോയത്. ആ വിരല്‍പ്പൊതി നെഞ്ചില്‍സൂക്ഷിച്ചായിരുന്നു അവരുടെ ഇരുപ്പ്.
അവിടുത്തെ പതിമൂന്നാം ബ്ലോക്കില്‍ അക്രമികള്‍ വന്നപ്പോള്‍ ഏഴ് കുട്ടികളടക്കം പന്ത്രണ്ട് പേര്‍ വാതിലടച്ച് അകത്തൊളിച്ചു. വാതില്‍ പൊളിക്കാന്‍ കഴിയാതെ വന്നപ്പോള്‍ വാര്‍പ്പിന്റെ മുകള്‍ഭാഗം തുരന്ന് മണ്ണെണ്ണ അകത്തേയ്ക്ക് ഒഴിച്ചു. തീകൊളുത്തിയാണ് അവരുടെ കഥ കഴിച്ചത്.

മുപ്പത്തേഴ്‌വര്‍ഷം മുന്‍പ് ലാഹോറില്‍നിന്ന് ഓടിപ്പോന്നതാണ് ഇന്ദര്‍സിങ്ങ്. ഭാര്യയും രണ്ട് മക്കളും നഷ്ടപ്പെട്ട്. മൂന്ന് വയസ്സായ ഹരീന്ദര്‍ സിങ്ങിനെയുമായി.
ഡല്‍ഹിയില്‍ ആദ്യം കുതിരവണ്ടിയും പിന്നീട് ഓട്ടോറിക്ഷയും ഓടിച്ച് ഹരിന്ദറിനെ വലുതാക്കി. അവന്റെ ബിസിനസ്സും കുടുംബവും വളര്‍ന്നു. ഹരിന്ദറിനെ കണ്‍മുന്‍പിലിട്ട് വെട്ടിക്കൊന്നു. പേരക്കുട്ടികളില്‍ രണ്ട് പെണ്‍കുട്ടികള്‍ ഇപ്പോഴും എവിടെ എന്നറിയില്ല. അഭയാര്‍ത്ഥി ക്യാമ്പിലിരുന്ന് ദയനീയമായി ആ വൃദ്ധന്‍ചോദിച്ചത് ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു. 'ഇനി ഞാന്‍ ഏത് നാട്ടിലേക്കാണ് പോകേണ്ടത്?'
ഭ്രാന്തിയായി മാറിയ ഗുരുദേവ് കൗര്‍. മകനെ എറിഞ്ഞുവീഴ്ത്തി തലയില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ഒരുതീപ്പന്തമായി മകന്‍ ഓടിവരുന്നത് കണ്ട് സമനിലതെറ്റിയതാണ് ആ അമ്മയ്ക്ക്. അവര്‍ക്ക് കാവലിരിക്കുന്ന വൃദ്ധനായ ഭര്‍ത്താവ് ചര്‍മല്‍സിങ്ങ്.

ശ്യാംലാല്‍ കോളേജിലെ അഭയാര്‍ത്ഥിക്യാമ്പില്‍ നെടുവീര്‍പ്പുപോലും വറ്റിപ്പോയ ഒരമ്മയേയും മകളെയും കണ്ടതോര്‍ക്കുന്നു. മകളുടെ വിവാഹനിശ്ചയത്തിന് എത്തിയ പ്രതിശ്രുതവരനേയും ബന്ധുക്കളേയുമടക്കമാണ് കൊടുങ്കാറ്റുപോലെ കടന്നുവന്ന അക്രമികള്‍ കഥകഴിച്ചത്. ഹരിനഗറിലെ ഒരു ബന്ധു വീട്ടില്‍ സമനിലതെറ്റിയ ഒരു എട്ടുവയസ്സുകാരനെ കണ്ടു. 'കൊല്ലുന്നെ, തീവച്ചുകൊല്ലുന്നേ' എന്ന് ഇടയ്ക്കിടയ്ക്ക് ഉറക്കെ നിലവിളിക്കുന്ന കുട്ടി. ജനക്പുരിക്കടുത്ത് സാഗര്‍പൂരിലെ ആര്‍.ഇസ്‌സഡ്.സി/229-ാം നമ്പര്‍ വീട് കൊട്ടാരം പോലെ വലുതായിരുന്നു. മുപ്പതുമുറികള്‍. എഴുപതുപേരടങ്ങുന്ന വലിയൊരു കുടുംബം. ഇരുപത്തിനാല് പുരുഷന്മാരെ കൂട്ടക്കൊല ചെയ്തതാണ് ആ കുട്ടി നേരില്‍കണ്ടത്
ഡല്‍ഹി ചുടലക്കളമായത് വിവരിക്കുന്ന ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന പരമ്പരയില്‍ അന്ന് വഞ്ചിക്കപ്പെട്ട സിക്ക് സമുദായത്തിന്റെ മുറിവേറ്റ വികാരങ്ങള്‍ വരച്ചുകാട്ടിയിരുന്നു. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍, ബോധ്യപ്പെടുന്നു. മറനീക്കി പുറത്തെടുക്കുന്ന വാര്‍ത്തകള്‍ ചരിത്രത്തിന്റെ കരടുരൂപങ്ങളാണെന്ന്.

ഇന്ദിരാഗാന്ധി ഡല്‍ഹിയിലെ സഫ്ദര്‍ ജംഗ് ഒന്നാംനമ്പറിലെ ഔദ്യോഗിക വസതിക്കുമുന്‍പില്‍ വെടിയേറ്റു വീഴുന്നതിന് മുപ്പത്താറുവര്‍ഷം മുന്‍പാണ് ബിര്‍ളാഹൗസിലെ പ്രാര്‍ത്ഥനാ വേദിയില്‍ രാഷ്ട്രപിതാവ് വെടിയേറ്റു വീണത്. ആ വിവരം ആകാശവാണിയിലൂടെ രാജ്യത്തേയും ലോകത്തേയും പ്രധാനമന്ത്രി അറിയിച്ചത് ഇങ്ങനെ: 'വെളിച്ചംകെട്ടു. രാഷ്ട്രപിതാവിനെ ഒരു ഹിന്ദുമതഭ്രാന്തന്‍ വെടിവച്ചു...'
ആകാശവാണിയിലൂടെയും ദൂരദര്‍ശനിലൂടെയും സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമരുളാന്‍ ഭരണാധികാരികളോ, രാഷ്ട്രീയ നേതൃത്വത്തില്‍നിന്നാരെങ്കിലുമോ മുന്നോട്ടുവന്നില്ല. കലാപബാധിത പ്രദേശങ്ങളിലേക്ക് അരുതെന്ന് പറഞ്ഞോടിയെത്താന്‍ ഭരണനേതൃത്തിലോ, ഭരണകക്ഷിനേതൃത്വത്തിലോ ആരും മുതിര്‍ന്നില്ല. അലയടിച്ചത് 'ചോരക്കു ചോര' എന്ന കൊലവിളി മാത്രമായിരുന്നു. ദൂരദര്‍ശനില്‍പോലും.

ലജ്ജാഭരിതനായി മന്‍മോഹന്‍സിങ്

അമ്മയുടെ ശവസംസ്‌കാരം നടന്ന മൂന്നാംനാള്‍ രാത്രി പ്രധാനമന്ത്രി രാജീവ്ഗാന്ധി കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. എന്നിട്ടും ആക്രമണം നിലയ്ക്കാന്‍ പിന്നേയും രണ്ടുനാള്‍ എടുത്തു.അടുത്തദിവസം ദില്ലി ബോട്ട് ക്ലബ്ബ് മൈതാനിയില്‍ സംസാരിക്കവെ രാജീവ്ഗാന്ധി ഇങ്ങനെ ന്യായീകരിച്ചു. 'വലിയമരങ്ങള്‍ വീഴുമ്പോള്‍ ഭൂമി തെല്ലുകുലുങ്ങുക സ്വാഭാവികമാണ്.'
മൂവായിരത്തിലേറെ സിക്കുകാര്‍ വേട്ടയാടപ്പെട്ട സിക്ക് വിരുദ്ധ കലാപത്തെക്കുറിച്ച് 21 വര്‍ഷങ്ങള്‍ക്കിടയില്‍ വിവിധ സര്‍ക്കാരുകള്‍ നിയോഗിച്ചത് ഒന്‍പത് അന്വേഷണ കമ്മീഷനുകളെയാണ്. ഉന്നതങ്ങളില്‍നിന്ന് ആരാണ് ഇത് ആസൂത്രണം ചെയ്തതെന്ന് സത്യം പുറത്തുകൊണ്ടുവരുന്നതില്‍ എല്ലാ അന്വേഷണങ്ങളും പരാജയപ്പെട്ടു. വ്രണിതമായ സിക്ക്‌സമുദായം ഭരണാധികാരികളില്‍നിന്ന് ഇന്നും നീതിതേടുന്നു.
2002-ല്‍ ഒന്‍പതാമത്തെ കമ്മീഷനായി ജസ്റ്റിസ് നാനാവതിയെ അന്വേഷണത്തിന് നിയോഗിച്ചത് എന്‍.ഡി.എ.ഗവണ്‍മെന്റായിരുന്നു. 2005 ആഗസ്റ്റ് എട്ടിന് കമ്മീഷന്‍ റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും യു.പി.എ. ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ വച്ചു.
നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍വയ്ക്കുമ്പോള്‍ കൂട്ടക്കൊലയില്‍ പങ്കുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തിയ ജഗദീഷ് ടൈറ്റ്‌ലര്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രിയായിരുന്നു. സാജന്‍കുമാര്‍ എം.പിയും. പ്രതിപക്ഷത്തുനിന്നും, സിക്ക് സമുദായത്തില്‍ നിന്നുമുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജഗദീഷ് ടൈറ്റ്‌ലര്‍പിന്നീട് മന്ത്രിസ്ഥാനം രാജിവച്ചു.

എന്നിട്ടും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ടൈറ്റ്‌ലറെയും, സാജന്‍കുമാറിനെയും സ്ഥാനാര്‍ത്ഥികളായി ദില്ലിയില്‍ ഇറക്കാന്‍ കോണ്‍ഗ്രസ് (ഐ)ധൈര്യപ്പെട്ടു. ആയിരക്കണക്കിന് സിക്ക് വനിതകള്‍ അതിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചപ്പോഴാണ് രണ്ടുപേരെയും പിന്‍വലിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത്.
നാനാവതിക്കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍വച്ച് നാല് നാള്‍ കഴിഞ്ഞപ്പോള്‍ പാര്‍ലമെന്റില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എഴുന്നേറ്റുനിന്ന് ഇങ്ങനെ പറഞ്ഞു.
'ഞാന്‍ ലജ്ജയാല്‍ തലകുനിക്കുന്നു- ദേശീയതയുടേയും ഇന്ത്യന്‍ ഭരണഘടനയുടേയും സങ്കല്പങ്ങളെ തകര്‍ത്ത് 1984-ല്‍ എന്തു സംഭവിച്ചു എന്നതിന് സിക്ക് സമുദായത്തോട് മാത്രമല്ല രാജ്യത്തോടാകെ മാപ്പ് ചോദിക്കാന്‍ എനിക്കുമടിയില്ല.'
അതിന് 21 വര്‍ഷം പക്ഷേ, ഇന്ത്യക്കു കാത്തിരിക്കേണ്ടിവന്നു. അതും സിക്ക് സമുദായക്കാരനായ ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രി വരും വരെ.

(2009 ഒക്ടോബര്‍ ലക്കം സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com