സ്വകാര്യതയും സദാചാരവിരുദ്ധതയും 

സ്വകാര്യതയുടെ അതിര്‍ത്തി തീര്‍പ്പാക്കാനുള്ള അധികാരം വ്യക്തിക്കു തന്നെയാണ്. മറ്റൊരു വ്യക്തിയുടെയോ പൊതുസമൂഹത്തിന്റെയോമൗലികാവകാശങ്ങള്‍ ലംഘിക്കാത്തിടത്തോളം ഈ സ്വകാര്യതയ്ക്ക്അതിരുകള്‍ ഇല്ലതാനും
സ്വകാര്യതയും സദാചാരവിരുദ്ധതയും 

         
''ഏതു ഭക്ഷണം കഴിക്കണമെന്നോ ഏതു വസ്ത്രം ധരിക്കണമെന്നോ വ്യക്തിപരവും സാമൂഹികവും രാഷ്ട്രീയവുമായി ആരോടൊക്കെ സഹകരിക്കണമെന്നോ ഭരണകൂടം ഒരു വ്യക്തിയോട് നിര്‍ദ്ദേശിക്കേണ്ട കാര്യമുണ്ടെന്നു ഞാന്‍ കരുതുന്നില്ല''- ജസ്റ്റിസ് ജെ. ചെലമെശ്വര്‍, (കെ. പുട്ടസ്വാമി vs. യൂണിയന്‍ ഓഫ് ഇന്ത്യ, 2017, നാല്പതാം ഖണ്ഡിക).
സ്വകാര്യത ഇന്ത്യന്‍ പൗരന്റെ മൗലികാവകാശമാണെന്നു സുപ്രീംകോടതിയുടെ  ഒന്‍പതംഗ  ഭരണഘടനാബെഞ്ച് വിധി പ്രസ്താവിച്ചു കേവലം ആറുമാസം പിന്നിടുമ്പോള്‍ കേരളത്തിന്റെ  പൊതുമണ്ഡലത്തില്‍ ചില സ്വകാര്യതാ പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്ക്കു  വിധേയമാവുകയാണ്- പ്രശ്‌നത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ രാഷ്ട്രീയ - മാധ്യമ രംഗങ്ങളിലെ പരിചിത മുഖങ്ങളായതുകൊണ്ട്  സ്വകാര്യതയെ പൊതു സദാചാരബോധവുമായി ബന്ധിപ്പിച്ചാണ് ചര്‍ച്ചകളത്രയും.

രാഷ്ട്രീയക്കാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും സ്വകാര്യതയ്ക്ക് വ്യത്യസ്തമായ മാനദണ്ഡങ്ങളുണ്ടോ? 
സമീപകാലത്ത് ഈ ചോദ്യം ആദ്യം ഉയര്‍ന്നത് മദ്ധ്യവയസ്‌കനായ മന്ത്രി ഒരു മാധ്യമ പ്രവര്‍ത്തകയോട് നടത്തിയതെന്ന് ആരോപിക്കപ്പെടുന്ന ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളുടെ പശ്ചാത്തലത്തിലാണ്! അടുത്തത്, ഒരു യുവ നേതാവും മാധ്യമപ്രവര്‍ത്തകയും ഒരുമിച്ചു ലിഫ്റ്റില്‍ കയറുകയും നേതാവിന്റെ ഫ്‌ലാറ്റില്‍ ഏതാനും മണിക്കൂറുകള്‍ ചെലവിടുകയും ചെയ്തു എന്ന മട്ടില്‍ നവമാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങളിലും വാര്‍ത്തകളിലൂടെയുമാണ്! ഇതിനു തൊട്ടടുത്ത ദിവസം, സജീവ രാഷ്ട്രീയത്തിലുള്ള മറ്റൊരു വനിത ഒരു ബൈക്കിന്റെ പിന്നില്‍ യാത്ര ചെയ്തതിനെ അധിക്ഷേപിച്ചു വന്ന മറ്റൊരു ഫെയിസ് ബുക്ക് പോസ്റ്റും നാം ചര്‍ച്ച ചെയ്തു! 

 ഇവിടെ പ്രസക്തമാകുന്ന ചോദ്യങ്ങള്‍ ഇതൊക്കെയാണ്:
1) ഒരാള്‍ പൊതുരംഗത്ത് സജീവമായി ഇടപെടുന്നു എന്നുള്ളത് അയാള്‍ക്ക് ഭരണഘടന നല്‍കുന്ന സ്വകാര്യത കാത്തുസൂക്ഷിച്ച് ജീവിക്കാനുള്ള അവകാശത്തെ ചെറുതാക്കി മാറ്റുന്നുണ്ടോ? 
2)എന്തുകൊണ്ടാണ് ഒരാണും പെണ്ണും മുറിയടച്ചു അകത്തിരുന്നാല്‍ അത് ലൈംഗിക വ്യായാമത്തിന് മാത്രമാണ് എന്ന മുന്‍വിധിയില്‍ സമൂഹം എത്തുന്നത്?
3)രക്തബന്ധുക്കള്‍ വഴിയോ വിവാഹബന്ധം വഴിയോ അല്ലാത്ത എല്ലാ അന്യലിംഗ സൗഹൃദങ്ങളും സദാചാരവിരുദ്ധമാണോ?
4)എന്തുകൊണ്ടാണ് അന്യലിംഗത്തില്‍പ്പെട്ട രണ്ടു വ്യക്തികള്‍ ഒരുമിച്ച് നടത്തുന്ന യാത്രയെപ്പോലും മഞ്ഞക്കണ്ണട വച്ചു വീക്ഷിക്കാന്‍ മലയാളി ബാധ്യസ്ഥനാ(യാ)വുന്നത്?
5) അടിസ്ഥാനപരമായി സ്വകാര്യത എന്താണ്? ആരാണ് അതിന്റെ അതിര്‍ത്തികള്‍ തീരുമാനിക്കുന്നത്?

സ്വകാര്യത എന്താണ്? എവിടെയാണ് അതിന്റെ അതിര്? 
അവസാനത്തെ ചോദ്യത്തിന്റെ ഉത്തരത്തില്‍നിന്നും അന്വേഷണം ആരംഭിക്കാം.  സ്വകാര്യത എന്നാല്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഇടപെടാതിരിക്കല്‍ (let alone) ആണെന്ന  1975-ലെ ഗോബിന്ദ് vs. സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് ആന്‍ഡ് അനതര്‍ എന്ന കേസിലെ നിര്‍വ്വചനം ഏറെ അര്‍ത്ഥവ്യാപ്തി ഉള്ളതാണ്. ഭരണകൂടവും പൊതുസമൂഹവും അന്യരായ ആരും തന്നെ, തീര്‍ത്തും വ്യക്തിപരമായ ജീവിതത്തില്‍ ഇടപെടരുത് എന്ന് സ്വകാര്യതയെ സംബന്ധിച്ച നിയമം അനുശാസിക്കുന്നു.  ജീവിക്കാനുള്ള അവകാശം - അതെങ്ങനെ ജീവിക്കണമെന്ന തീരുമാനം എടുക്കാനുള്ള  സ്വാതന്ത്ര്യം കൂടിയാണ്. ഇത് ജനനശേഷം സമൂഹമോ ഭരണകൂടമോ വ്യക്തിക്ക് ഔദാര്യംപോലെ നല്‍കുന്നതല്ല, മറിച്ച് അതൊരു ജന്മാവകാശം തന്നെയാണ്. തന്റെ ജീവിതം സ്വകാര്യമാക്കി വയ്ക്കാനുള്ള സ്വാതന്ത്ര്യവും അതുകൊണ്ടുതന്നെ ജന്മാവകാശമാകുന്നു.  തന്റെ ജീവിതത്തിലെ തികച്ചും വ്യക്തിപരമായ ഏതൊക്കെ കാര്യങ്ങള്‍ പൊതുസമൂഹം അറിയണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിയുടേതാണ്. അതുകൊണ്ടുതന്നെ, വ്യക്തിയുടെ തീര്‍ത്തും സ്വകാര്യമായ ജീവിതം, അത് എത്രയും സത്യസന്ധമായ വിവരണത്തോടുകൂടെയാണെങ്കില്‍പ്പോലും പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ട ഒന്നല്ല. സ്വകാര്യതയ്ക്കുള്ള പരിരക്ഷണം അതുകൊണ്ടുതന്നെ കളവുകള്‍ക്കെതിരെ മാത്രമല്ല. മറിച്ചു വ്യക്തിയുടെ അനുമതിയില്ലാതെ സ്വകാര്യമായ വസ്തുതകള്‍ (truths)  പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനും കൂടെ എതിരെയാണ് (കെ. പുട്ടസ്വാമി vs. യൂണിയന്‍ ഓഫ് ഇന്ത്യ, 2017, നാനൂറ്റി അറുപത്തി ഒന്‍പതാം ഖണ്ഡിക).  അതുകൊണ്ടുതന്നെ സ്വകാര്യതയുടെ അതിര്‍ത്തി തീര്‍പ്പാക്കാനുള്ള അധികാരം വ്യക്തിക്കു തന്നെയാണ്. മറ്റൊരു വ്യക്തിയുടെയോ പൊതുസമൂഹത്തിന്റെയോ മൗലികാവകാശങ്ങള്‍ ലംഘിക്കാത്തിടത്തോളം ഈ സ്വകാര്യതയ്ക്ക് അതിരുകള്‍ ഇല്ല താനും.

പൊതുപ്രവര്‍ത്തകര്‍ക്കും പ്രശസ്തര്‍ക്കും സ്വകാര്യത എത്രത്തോളം ആകാം?
പരിഷ്‌കൃത പൊതുതാല്പര്യ ബോധ്യങ്ങള്‍ സ്വകാര്യതയെ ബഹുമാനിക്കുന്നതിനെ അനുകൂലിക്കുന്നു [Mosley  vs. News Group Papers Ltd., (2008) EWHS 1777(QB)]. അതുകൊണ്ടുതന്നെ, പൊതുരംഗത്ത് സജീവമായ വ്യക്തിയായാലും പൂര്‍വ്വാശ്രമവും ലൗകികതയും വെടിഞ്ഞ സന്ന്യാസി ആയാലും ശരി, വ്യക്തിയുടെ സ്വകാര്യതയ്ക്ക് ഒരേ സംരക്ഷണമാണുള്ളത്. സ്വകാര്യതയ്ക്ക് മാനദണ്ഡം വ്യക്തി ജീവിക്കുന്ന ഇടമോ അയാള്‍ വഹിക്കുന്ന സ്ഥാനമോ അല്ല, മറിച്ച് എന്താണ് സ്വകാര്യമാക്കിവയ്ക്കാന്‍ ആഗ്രഹിക്കുന്നത് എന്ന വ്യക്തിയുടെ താല്പര്യം തന്നെയാണ്. ഒരു പൊതുവേദിയില്‍ രണ്ടു വ്യക്തികള്‍ മന്ത്രിക്കുമ്പോള്‍ അവര്‍ സംരക്ഷിക്കാനാഗ്രഹിക്കുന്നത് അവരുടെ സ്വകാര്യതയാണ്. മറിച്ച്, ഏകാന്തമായ ഒരു സ്ഥലത്ത് മൈക്കുപയോഗിച്ച് പറയുന്ന കാര്യങ്ങള്‍ പൊതുസമൂഹത്തിനോടുള്ളതുമാണ് (കെ. പുട്ടസ്വാമി vs. യൂണിയന്‍ ഓഫ് ഇന്ത്യ, 2017, ഇരുനൂറ്റി എഴുപത്തി നാലാം ഖണ്ഡിക). 
ഭരണഘടനയിലോ 495 ഖണ്ഡികകള്‍ ഉള്ള  കെ. പുട്ടസ്വാമി vs. യൂണിയന്‍ ഓഫ് ഇന്ത്യ വിധിന്യായത്തിലോ എവിടെയും പൊതുപ്രവര്‍ത്തകനും സാധാരണ പൗരനും സ്വകാര്യതയ്ക്ക് വ്യത്യസ്ത മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. ''പ്രശസ്തരായ വ്യക്തികള്‍ക്ക് ആരൊക്കെ ആയാണ് ലൈംഗികബന്ധമുണ്ടെന്നറിയാന്‍ താല്പര്യമുള്ളവര്‍ പൊതുജനത്തിലുണ്ടാവും; എന്നാല്‍ അതൊന്നും പൊതുതാല്‍പ്പര്യത്തില്‍ വരുന്നതല്ല, അതുകൊണ്ടുതന്നെ  ആ താല്‍പ്പര്യം സ്വകാര്യതയുടെ ലംഘനം കൂടെയാണ്'' (കെ. പുട്ടസ്വാമി vs. യൂണിയന്‍ ഓഫ് ഇന്ത്യ, 2017, നാനൂറ്റി എഴുപതാം ഖണ്ഡിക).  ഇതില്‍നിന്നുതന്നെ നമുക്കുറപ്പിക്കാം ഒരാള്‍ പൊതുരംഗത്ത് സജീവമായി ഇടപെടുന്നു എന്നുള്ളത്  അയാള്‍ക്ക് ഭരണഘടന നല്‍കുന്ന സ്വകാര്യത കാത്തുസൂക്ഷിച്ച് ജീവിക്കാനുള്ള അവകാശത്തെ ചെറുതാക്കി മാറ്റുന്നില്ല എന്ന്. അതായത്, പൊതുപ്രവര്‍ത്തകരുടെ സ്വകാര്യത, സാമ്പ്രദായികമായ കപടസദാചാരബോധത്തോടൊപ്പം ചേര്‍ത്തുവായിച്ച് ചെറുതാക്കിക്കളയേണ്ട ഒന്നല്ല എന്ന്. 
 
അന്യലിംഗ സൗഹൃദം, സദാചാരം, സ്വകാര്യത, രാഷ്ട്രീയ കാഴ്ചപ്പാട്
''സൗഹൃദം ഒരു വലിയ വാക്കാണ്, പ്രണയം ഒരു ചെറിയ വാക്കും''- മലയാളിയുടെ സാംസ്‌കാരിക ബോധ്യങ്ങളിലേക്ക് ഇനിയും എത്തിച്ചേരാത്ത ഒരു വാചകമാണിത്. അതുകൊണ്ടുതന്നെ വിരുദ്ധ ധ്രുവങ്ങള്‍ ആകര്‍ഷിക്കപ്പെടും ('opposite poles attract each other') എന്ന ഭൗതികശാസ്ത്ര ലൈനില്‍ അന്യലിംഗസൗഹൃദങ്ങളെ കാണാന്‍ നാം പരുവപ്പെട്ടുകഴിഞ്ഞു. സൗഹൃദവും ലൈംഗികതയും ഒക്കെ സാമ്പ്രദായികമായ ചട്ടക്കൂടുകളിലേ ആകാന്‍ പാടുള്ളൂ എന്ന സദാചാരബോധത്തിലേക്ക് കേരളത്തിലെ ഇടതുപക്ഷ വിശ്വാസികള്‍പോലും കാല്‍തെറ്റി വീഴുന്നു. അതുകൊണ്ടാണ് 'ഭാര്യാഭര്‍ത്താക്കന്മാര്‍ വീട്ടിനുള്ളിലെ അടച്ചിട്ട മുറിക്കുള്ളില്‍ ചെയ്യേണ്ട കാര്യങ്ങള്‍' എന്ന് ചുംബനവും സൗഹൃദ ആലിംഗനങ്ങളും വിശേഷിപ്പിക്കപ്പെട്ടത്; ഒരു പെണ്‍സുഹൃത്തിന്റെ സന്ദര്‍ശനം 'ഞാനും ഭാര്യയും ഒരുമിച്ചു താമസിക്കുന്ന വീട്ടില്‍' ആയിരുന്നു എന്ന് യുവനേതാവിന് വിശേഷിപ്പിക്കേണ്ടിവന്നത്. 


പൊതുവേ നിരുപദ്രവകരമെന്നു കരുതുന്ന മേല്‍വാചകങ്ങളില്‍ അവര്‍ പോലും അറിയാതെ പതിയിരിക്കുന്ന ലിംഗ അനീതിയുടെ ഒരു അപകടമുണ്ട്. ''ഭാര്യാ-ഭര്‍ത്താക്കന്മാര്‍ വീട്ടിനുള്ളിലെ അടച്ചിട്ട മുറിക്കുള്ളില്‍ ചെയ്യേണ്ട കാര്യങ്ങള്‍'' എന്നു പറയുമ്പോള്‍ അടച്ചിട്ട മുറിക്കുള്ളില്‍ എല്ലായ്‌പോഴും ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ചെയ്യേണ്ടുന്ന 'ആ' കാര്യങ്ങള്‍ മാത്രം നടക്കുന്നു എന്ന പൊതുബോധം ഉണ്ടാകുന്നു. ആ അപകടകരമായ പൊതുബോധം ആണ് ലിഫ്റ്റിറങ്ങി ഫ്‌ലാറ്റില്‍ കയറിയ സൗഹൃദത്തെ മലീമസമാക്കി സോഷ്യല്‍ മീഡിയയില്‍ നിറച്ചത്. ഞാനും ഭാര്യയും ഒരുമിച്ചു താമസിക്കുന്ന വീട്ടില്‍ ആയിരുന്നു എന്റെ മാധ്യമസുഹൃത്ത് വന്നതെന്ന് യുവ നേതാവ് വിശദീകരണം നടത്തുമ്പോള്‍, അത്, ഭാര്യ ഇല്ലാത്ത സമയത്ത് ആ ഫ്‌ലാറ്റില്‍ എത്തുന്ന എല്ലാ സൗഹൃദങ്ങളേയും ചോദ്യചിഹ്നത്തിലാക്കുന്നു. ഇതുകൊണ്ടാണ് മുന്‍പൊരിക്കല്‍, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സീറ്റ് കിട്ടാനായി സ്ത്രീകള്‍ക്ക് വസ്ത്രം അഴിക്കേണ്ടിവരും എന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞപ്പോള്‍ അത് പൊതുരംഗത്ത് നില്‍ക്കുന്ന ഓരോ സ്ത്രീക്കും എതിരെയുള്ള ആരോപണമാണെന്ന് പറഞ്ഞു ബൃന്ദാ കാരാട്ടും ടി.എന്‍. സീമയും പ്രതിഷേധിച്ചതും തിരുത്തിച്ചതും. പൊതുരംഗത്തിറങ്ങുന്ന ഓരോ സ്ത്രീയേയും അവളുടെ ഉടല്‍ കൊണ്ടുമാത്രം അടയാളപ്പെടുത്താന്‍ ശ്രമിക്കുന്ന കപടസദാചാരതയെ ഇങ്ങനെ വ്യക്തമായ ലിംഗനീതിയുടെ രാഷ്ട്രീയംകൊണ്ട് തിരുത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ലിഫ്റ്റിനുള്ളിലെ സൗഹൃദത്തേയും ബൈക്കില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തേയും സൗഹൃദാലിംഗനങ്ങളേയും സമചിത്തതയോടെ വീക്ഷിക്കാന്‍ നമുക്കാകൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com