ടിയാനന്മെന്‍ സ്‌ക്വയറില്‍ നിന്ന് എകെജി സെന്ററിലേക്ക് എത്ര ദൂരം?

കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചൈനാ പ്രതിപത്തി ഇപ്പോഴും മാറിയിട്ടില്ല. അല്ലെങ്കില്‍ ടിയാനന്മെന്‍ കൂട്ടക്കുരുതിയെ ന്യായീകരിക്കുന്നതിന് മുന്‍പ് ഒന്ന് ചിന്തിക്കുമായിരുന്നു
ടിയാനന്മെന്‍ സ്‌ക്വയറില്‍ നിന്ന് എകെജി സെന്ററിലേക്ക് എത്ര ദൂരം?

ബീജിങ്ങിലെ ടിയാനന്മെന്‍ സ്‌ക്വയറില്‍ നിന്ന് തിരുവനന്തപുരത്തെ എകെജി സെന്ററിലേക്ക് എത്ര ദൂരം? കമ്മ്യൂണിസ്റ്റ് ചൈനയില്‍ നിന്ന് കേരള മാര്‍ക്‌സിസത്തിലേക്ക് എത്രയോ അത്ര തന്നെ. കേരളത്തിലെ ഒരു വിഭാഗം കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചൈനാ പ്രതിപത്തി (അതോ മറ്റു പലതിനോടുമുള്ള വിപ്രതിപത്തിയോ)  ഇപ്പോഴും മാറിയിട്ടില്ല. അല്ലെങ്കില്‍ ടിയാനന്മെന്‍ കൂട്ടക്കുരുതിയെ ന്യായീകരിക്കുന്നതിന് മുന്‍പ് ഒന്ന് ചിന്തിക്കുമായിരുന്നു.

പാര്‍ട്ടിയിലും അധികാര കേന്ദ്രങ്ങളിലുമുള്ള ചില വിയോജിപ്പുകളെങ്കിലും മറികടന്ന്, ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിറയൊഴിച്ച പട്ടാള അടിച്ചമര്‍ത്തല്‍. 32 വര്‍ഷത്തിനിപ്പുറവും ടിയാനന്മെന്‍ കൂട്ടക്കുരുതിയുടെ അലയൊലികള്‍ ലോകം മറന്നിട്ടില്ല. പിടഞ്ഞു വീണ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ചോരയില്‍കുതിര്‍ന്ന മണ്‍തരികള്‍ ഇന്നും നെഞ്ചേറ്റുന്ന ഒരു ജനതയുണ്ട് അവിടെ ചൈനയില്‍. 2017ല്‍  പുറത്തു വന്ന രേഖകള്‍ പ്രകാരം കൂട്ടക്കുരുതിയിലെ മരണസംഖ്യ പതിനായിരത്തോളം വരും
   
മാവോക്കു ശേഷമുള്ള  ചൈനയില്‍, അതിദ്രുതമുള്ള  സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കും സാമൂഹിക മാറ്റങ്ങള്‍ക്കുമിടെ ഉയര്‍ന്നു വന്ന ഭയാശങ്കകളെ അധികാര കേന്ദ്രങ്ങള്‍ നേരിട്ട രീതി കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമല്ല ലോകത്തിനു മുഴുവന്‍ പാഠമാകേണ്ടതാണ്.എല്ലാ സര്‍ക്കാരുകളും അറിയേണ്ടതാണ്. അനിശ്ചിതത്വങ്ങളില്‍ പിടയുന്ന ജനതയുടെ ആശങ്കകളില്‍ പിറക്കുന്ന കലാപങ്ങളെ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്നു പഠിക്കാനല്ല, പകരം എങ്ങിനെ കൈകാര്യം ചെയ്തുകൂടാ എന്നറിയാന്‍.

ചരിത്രം തരുന്ന പാഠങ്ങള്‍ പലപ്പോഴും ലളിതമാണ്. മഹായുദ്ധങ്ങളും കൂട്ടക്കുരുതികളും തരുന്ന അറിവുകളാകട്ടെ അതീവ ലളിതവും. ചരിത്രമറിയുന്നത് ചിലപ്പോഴെങ്കിലും  എന്തുകൊണ്ട് ചരിത്രം ആവര്‍ത്തിച്ചു കൂടാ എന്നു കൂടി അറിയാനാണ്. അല്ലാതെ തത്തമ്മേ പൂച്ച പൂച്ച മട്ടില്‍ അബദ്ധങ്ങള്‍ അപദാനങ്ങളാക്കാനല്ല. സിപിഎം കേന്ദ്ര കമ്മറ്റിയംഗവും  മന്ത്രിയും സര്‍വോപരി ഹാര്‍ഡ് ലൈന്‍ സഖാവുമായ എംവി ഗോവിന്ദന് ഇതൊന്നും അറിയാത്തതല്ല. പക്ഷെ ചൈനയുടെ കാര്യം വരുമ്പോള്‍ ലൈന്‍ മറ്റേതാണ് - പോളണ്ടിനെക്കുറിച്ചു മാത്രം മിണ്ടരുത്.

അതുകൊണ്ടാണല്ലോ കഴിഞ്ഞ ദിവസം നിയമസഭയില്‍ സണ്ണി ജോസെഫിന്റെ പ്രകോപനത്തില്‍ വീണു പോയി കൂട്ടക്കുരുതിയെ ന്യായീകരിച്ചത്. പ്രതിഷേധങ്ങളെ ഭരണകൂടം ചോരയില്‍ മുക്കിക്കൊന്നെന്ന നിലപാട് തങ്ങള്‍ക്കില്ലെന്നാണ് ഗോവിന്ദപക്ഷം. നമ്മുടെ സ്വന്തം ചൈനയെ യുഎസ്എസ്ആര്‍ ആക്കാന്‍ നോക്കിയാല്‍ മിണ്ടാതിരിക്കാനാകുമോയെന്നാണ് ബുദ്ധിജീവി കൂടിയായ ഗോവിന്ദന്റെ ന്യായമായ സംശയം. പണ്ട് പറഞ്ഞത് പോലെ  ഞങ്ങടെ പൊലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രസേ, അല്ലേ? സംഭവം കൊള്ളാം. പക്ഷെ സെക്രട്ടേറിയറ്റിനു മുന്‍പില്‍ നാഴികക്ക് നാല്പതുവട്ടം പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളോട് കേരളത്തിലെ ഇടതുപക്ഷം ഇങ്ങനെ പറയില്ലെന്ന് കരുതാം.  

*****

അടി മുതല്‍ മുടി വരെ താളനിബദ്ധനായ, അഭിനയത്തികവിന്റെ കരുത്ത് കൊണ്ട് മലയാള നാടക വേദിയെയും ചലച്ചിത്രരംഗത്തേയും സമ്പന്നമാക്കിയ കലാകാരന്‍ നെടുമുടി വേണു അരങ്ങൊഴിഞ്ഞിട്ട് ദിവസങ്ങളേ  ആയിട്ടുള്ളൂ. അതിനു മുന്‍പ് തന്നെ ഒരു വിഭാഗം എംഎല്‍എമാര്‍ വേണുവിന്റെ നാടക പാതയെ സ്മരിച്ചു തുടങ്ങിയെന്നു തോന്നുന്നു. 'വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ' യെന്ന് വേണു പാടി അഭിനയിച്ച കാവാലം കവിത അത്രയേറെ മനസ്സില്‍ പതിഞ്ഞു പോയത് കൊണ്ടാകാം, പൊതു മരാമത്ത് മന്ത്രിയുടെ പ്രസ്താവനക്ക് ഇത്രയേറെ പ്രതികരണം.

അല്ലെങ്കില്‍ കരാറുകാരുമായി അനാവശ്യമായി തന്നെ കാണാന്‍ വരരുതെന്ന മുഹമ്മദ് റിയാസിന്റെ നിര്‍ദേശത്തോട് ചിലര്‍ ഇത്ര ക്രിയാത്മകമായി പ്രതികരിക്കാന്‍ മറ്റെന്താണ് കാരണം?  വേണ്ട കോയ, അപ്പൂതി കൈയില്‍ വച്ചാല്‍ മതിയെന്നാണ് ചില എംഎല്‍എമാര്‍  പറഞ്ഞത്. പക്ഷെ യുവതുര്‍ക്കിയായ മന്ത്രിയുണ്ടോ വിടുന്നു? ജി സുധാകരന്‍ സഖാവിനു ശേഷം എന്നാണോ ജി സുധാകരനേക്കാള്‍ മികച്ചത് എന്നാണോ നാട്ടുകാരെക്കൊണ്ട് പറയിക്കേണ്ടത് എന്ന് മാത്രമേ സംശയമുള്ളൂ. സിപിഎം നേതൃത്വത്തിന്റെ കാര്യമാണ് രസം. മന്ത്രി പറഞ്ഞെങ്കില്‍ അത് ശരിയായിരിക്കും. അപ്പൊ എംഎല്‍എമാര്‍ പറഞ്ഞതോ? അതും ശരിയായിരിക്കും. അതാണ് ലൈന്‍. എംഎല്‍എമാരുടെ മീറ്റിംഗില്‍ നിങ്ങളുണ്ടായിരുന്നോയെന്നാണ് പാര്‍ട്ടി നേതാവ് പത്രക്കാരോട് ചോദിക്കുന്നത്. ഇതൊക്കെയറിയുകയല്ലേ നേതാവേ, പത്രക്കാരുടെ പണി!              

*****

മുന്‍പൊക്കെ മല്ലനും മാതേവനും കളിയില്‍ പുലി വരുന്നേ പുലി എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോഴത് ലിസ്റ്റ് വരുന്നേ ലിസ്റ്റ് എന്നാണ്. പുതിയ കെപിസിസി ഭാരവാഹികളുടെ അവരോധനമാണ് വിഷയം. ജംബോ ലിസ്റ്റുകള്‍ പഴങ്കഥയാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞപ്പോള്‍ ലിസ്റ്റ് തന്നെ പഴങ്കഥയാക്കുമെന്ന്  നമ്മളാരും കരുതിയില്ല.

പതിവില്‍ നിന്ന് വിരുദ്ധമായി ഇത്തവണ ലിസ്റ്റ് തയ്യാറാക്കുന്നത് കടുത്ത പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും  ശേഷമാണ്. നിശ്ചയിച്ചതില്‍ നിന്ന്  അണുവിട മാറില്ല (അതോ കടുകിടെയോ?) ഇടയ്ക്കിടെ കിടുകിടുക്കുന്നുണ്ടെന്നതൊഴിച്ചാല്‍, എല്ലാവരും ഉഷാറാണ് താനും. രാവിലെ തുടങ്ങിയാല്‍ വൈകുന്നേരം വരെ ചര്‍ച്ചയാണ് പ്രധാനം. മുഷിഞ്ഞാല്‍  കുറച്ച് നേരം ഗാന്ധി സൂക്തങ്ങള്‍ ഉറക്കെ ചൊല്ലും. പിന്നെ പച്ചരി ഭക്ഷണമാണ്. അത് കഴിഞ്ഞാല്‍ വീണ്ടും ചര്‍ച്ച. തൊമ്മന്‍ അയഞ്ഞാല്‍ ചാണ്ടി മുറുകും എന്നോ മറ്റോ കേട്ടിട്ടുണ്ട്. കാണാനായത് ഇപ്പോഴാണ്.

'ഇന്നത്തെ കേരള ഇന്നത്തെ കേരള' എന്ന മട്ടില്‍ ഇന്നത്തെ ലിസ്റ്റ് എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. അപ്പൊ എന്ന് വരും ലിസ്റ്റ്? എന്നായാലെന്താ? ഇന്ന് എന്നത് എന്നുമുണ്ടല്ലോ അല്ലെ?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com