ജിഹാദ് തിയറികള്‍ കൊഴുക്കുന്നു; കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തുചെയ്യുകയാണ്? 

ജിഹാദുകള്‍ എത്ര തരം? ഏതൊക്കെ? ഭാവിതലമുറകള്‍ക്ക് പഠിക്കാനും ഗവേഷണം നടത്താനും വേണ്ടി വന്നാല്‍ പഠനേതര പ്രവര്‍ത്തനത്തിനുമൊക്കെ വമ്പിച്ച സാദ്ധ്യതകള്‍ തുറന്നിടുന്നൊരു വിഷയമായി മാറുകയാണ് ജിഹാദ്
ജിഹാദ് തിയറികള്‍ കൊഴുക്കുന്നു; കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തുചെയ്യുകയാണ്? 


ജിഹാദുകള്‍ എത്ര തരം? ഏതൊക്കെ? ഭാവിതലമുറകള്‍ക്ക് പഠിക്കാനും ഗവേഷണം നടത്താനും വേണ്ടി വന്നാല്‍ പഠനേതര പ്രവര്‍ത്തനത്തിനുമൊക്കെ വമ്പിച്ച സാദ്ധ്യതകള്‍ തുറന്നിടുന്നൊരു വിഷയമായി മാറുകയാണ് ജിഹാദ്.

എന്താണ് ജിഹാദ്? ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, ചേംബേഴ്‌സ് തുടങ്ങിയ നിഘണ്ടുകളില്‍ പരതിയാല്‍ കിട്ടുന്ന വിശുദ്ധ യുദ്ധമെന്ന അര്‍ഥം പോരാതെ വരികയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തീവ്രവാദികള്‍ക്ക് മാത്രമായി ചാര്‍ത്തപ്പെട്ട ജിഹാദ് പട്ടം കേരളത്തില്‍ സര്‍വസാധാരണമായി കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചേറെയായി.

ഇതേവരെ ലവ് ജിഹാദായിരുന്നു ചര്‍ച്ചയെങ്കില്‍, അടുത്തിടെ കേരളം പുതിയൊരു ജിഹാദിനും ചെവി കൊടുത്തു. നാര്‍ക്കോട്ടിക് ജിഹാദ്. ഇത്തവണ ഭാഷയ്ക്കും സംസ്‌കാരത്തിനും ഈ സംഭാവന നല്‍കിയത് ഒരു വൈദികനായിരുന്നെന്നു മാത്രം. കേരളരാഷ്ട്രീയത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുണ്ടാക്കിയ അലയൊലികള്‍ കെട്ടടങ്ങും മുന്‍പാണ് ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെ പുതിയൊരു ജിഹാദ് കൂടി കണ്ടെത്തിയത്. മാര്‍ക്‌സ് ജിഹാദ്.    

കേരളത്തിലെ സ്‌കൂളുകളില്‍ കുത്തിയിരുന്നു പഠിച്ച് (?) മുഴുവന്‍ മാര്‍ക്കും വാങ്ങി ഉന്നത പഠനത്തിന് ദില്ലിയിലേക്ക് വണ്ടികയറുന്ന വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈയടക്കുകയെന്ന, വിചിത്രമായ ജിഹാദനുഷ്ഠിക്കുകയാണെന്നാണ് ടിയാന്റെ കണ്ടുപിടുത്തം. അതേറ്റു പിടിക്കാന്‍ അപൂര്‍വ്വം ചിലരെങ്കിലും ഉണ്ടായെന്നതാണ് കഷ്ടം.

കേരളത്തിലെ കുട്ടികളുടെ പഠന നിലവാരവും പല വിദ്യാലയങ്ങളിലെയും നൂറു ശതമാനം മാര്‍ക്കുമായി ബന്ധമുണ്ടോയെന്നത് മറ്റൊരു വിഷയം. പഠന നിലവാരത്തെ എതിര്‍ത്തോളൂ. പക്ഷെ എന്തിനും ഏതിനും മതത്തെയും വിശ്വാസങ്ങളെയും കോര്‍ത്തിണക്കി കേരളവിരുദ്ധത പടര്‍ത്തുന്ന ഈ നടപടി ഒട്ടും ആശാസ്യകരമല്ല. പല ഇടതുപക്ഷ നേതാക്കളും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.    

വമ്പിച്ച തമ്മിലടിയും മൂപ്പിളമ പോരുകളും അനുസ്യൂതം നടക്കുന്നതിനാലാകണം മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന് ഇത്തരം നിസ്സാരമായ ചര്‍ച്ചകള്‍ക്ക് പാഴാക്കാന്‍ തീരെ സമയമില്ല. ദോഷം പറയരുതല്ലോ. ഒരു പ്രസ്ഥാനം തന്നെയായ ശശി തരൂര്‍ ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട് പുതിയ ജിഹാദ് വാദത്തെ. ഇഷ്ടമില്ലാത്തതൊക്കെ ജിഹാദായി മാറുന്ന പ്രവണത ഒട്ടും അഭിലഷണീയമല്ല.    

കേരള രാഷ്ട്രീയത്തിലിപ്പോള്‍ നടപടികളുടെ കാലമാണ്. കെപിസിസി പുനഃ:സംഘടനയുടെ ചൂടിലായതിനാല്‍ പാര്‍ട്ടിയാണോ ഗ്രൂപ്പാണോ ആദ്യമുണ്ടായതെന്ന ചര്‍ച്ചകള്‍ പോലും പ്രതിപക്ഷം തത്കാലം മാറ്റിവച്ചിരിക്കുകയാണ് (കോഴിയാണോ മുട്ടയാണോ എന്ന പിന്തിരിപ്പന്‍ ചര്‍ച്ചകളുടെ കാലം കഴിഞ്ഞു). പട്ടികയൊക്കെ കൊള്ളാം, പക്ഷെ നമുക്കും കിട്ടണം വീതം എന്നതില്‍ നിന്ന് അണുവിട പിന്നോട്ടില്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. നടപടികള്‍ തുടങ്ങിക്കഴിഞ്ഞെന്ന് കെപിസിസി പ്രസിഡന്റും വ്യക്തമാക്കി..  

ഡിസിസി ഭാരവാഹിപ്പട്ടികയോടെ കേരളത്തിലെ കോണ്‍ഗ്രെസ്സുകാര്‍ക്ക് മനസ്സിലായൊരു സംഗതിയുണ്ട്. മറ്റൊന്നുമല്ല. ഇതൊന്നും നമുക്ക് മനസ്സിലാകില്ല എന്ന് തന്നെ. മുന്‍പ് സഖാവ് പിണറായി വിജയന്‍ സിപിമ്മിനെ കുറിച്ച് പറഞ്ഞത് പോലെ ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊന്നും ഒരു ചുക്കും അറിയില്ല. വലത്ത് നിന്ന് ഇടത്തേക്കുള്ള കുത്തൊഴുക്കിന് തത്കാലം ഒരു ശമനമുണ്ടെങ്കിലും, തീരെ നിലച്ചിട്ടൊന്നുമില്ല. അത് കൊണ്ടാകണം മുത്തശ്ശി പാര്‍ട്ടിയിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങളെക്കുറിച്ച് നമുക്കൊന്നും ഒരു ചുക്കുമറിയാത്തത്.        

കോണ്‍ഗ്രസില്‍ തമ്മിലടിയാണെങ്കില്‍ നമുക്കെങ്ങനെ കാഴ്ചക്കാരായി വെറുതെയിരിക്കാനാകുമെന്നാണ് കേരളത്തിലെ ബിജെപി ചോദിക്കുന്നത്. കടുത്ത രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിട്ട് നാളേറെയായെങ്കിലും തൊലിപ്പുറത്തെ മിനുക്കു പണികളിലാണ് മുതിര്‍ന്ന നേതാക്കള്‍ക്ക് ഇപ്പോഴും താത്പര്യം. പ്രത്യേകിച്ചും രോഗ കാരണം താന്‍ തന്നെയാകുമ്പോള്‍ ചികിത്സ വേണ്ട തന്നെ. ആദ്യവട്ട പുനഃ:സംഘടന കഴിഞ്ഞപ്പോള്‍ തന്നെ പൊട്ടിത്തെറികള്‍ കേട്ട് തുടങ്ങി. വമ്പന്‍ പൂരങ്ങള്‍ വരാനിരിക്കുന്നതേയുള്ളുവെന്ന് സാരം.  
 
ഇടതുപക്ഷം പൊതുവെ ധ്യാനത്തിലാണിപ്പോള്‍. രാവിലെ തുടങ്ങുന്ന ധ്യാനം വൈകുന്നേരം വരെ തുടരും. മൗനവ്രതമാണ് കൂടുതലിഷ്ടം. പറ്റിയില്ലെങ്കില്‍ മാത്രം കമ എന്ന് രണ്ടക്ഷരം ഉച്ചരിക്കും. സിപിഎമ്മില്‍ സമ്മേളന കാലമാണിപ്പോള്‍. സമ്മേളനമെന്നാണ് വയ്‌പ്പെങ്കിലും സംഘടനാ നടപടികളുടെ തിരക്കിലാണ് പാര്‍ട്ടി. ഒരറ്റത്ത് നിന്ന് തുടങ്ങിയിട്ടുണ്ട്. ജില്ലാ നേതാക്കളോടാണ് കൂടുതല്‍ താത്പര്യം. സിപിഐയാകട്ടെ ഉള്‍പാര്‍ട്ടി ജനാധിപത്യമെന്ന പുസ്തകം വായിക്കുകയാണിപ്പോള്‍. സംസ്ഥാന സെക്രട്ടറിയാണോ ജനറല്‍ സെക്രട്ടറിയാണോ ശരിയെന്ന് ചര്‍ച്ച നടക്കുന്നതേയുള്ളു. പുതിയ ജിഹാദുകളൊന്നും പൊങ്ങി വന്നില്ലെങ്കില്‍ അടുത്ത സമ്മേളന കാലത്തിനു മുന്‍പെങ്കിലും ഇക്കാര്യത്തില്‍ തീര്‍ച്ച വരുമെന്ന് കരുതാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com