ആദ്യവരിയില്‍ വലിയ അക്ഷരങ്ങളില്‍ ആ പേരുണ്ടായിരുന്നു 

By പിആര്‍ ഷിജു  |   Published: 05th April 2022 12:57 PM  |  

Last Updated: 05th April 2022 12:57 PM  |   A+A-   |  

shiju-_jiibisha_copy

 

''നിനക്ക് അക്ഷരം പഠിച്ചു കൂടേ?'- കണ്ടാല്‍ അമ്പത്തിയഞ്ചോ അമ്പത്തിയാറോ പ്രായം തോന്നിക്കുന്ന അയാള്‍ എന്നോടു ചോദിച്ചു. ആലിപ്പൂര്‍ ജയിലിലെ തടവുകാരായിരുന്നു ഞങ്ങള്‍. പിടിച്ചുപറി, മോഷണം, ഗുണ്ടായിസം ഇതൊക്കെയായിരുന്നു, എന്റെ പേരിലുള്ള കുറ്റങ്ങള്‍. വഞ്ചനാ കേസിലോ മറ്റോ പെട്ടാണ് അയാള്‍ ജയിലിലെത്തിയത്.

ഒരു മരക്കമ്പെടുത്ത് ജയില്‍ മുറ്റത്തെ മണ്ണില്‍ അയാള്‍ ബംഗാളി അക്ഷരങ്ങള്‍ എഴുതാന്‍ തുടങ്ങി. എനിക്കു കൗതുകം തോന്നി. ഞാന്‍ പിന്നെയും പിന്നെയും ആ അക്ഷരങ്ങള്‍ എഴുതി. ഓരോന്നായി പഠിച്ചെടുത്തു. മണ്ണിലെഴുതി പഠിക്കുന്നതു കണ്ട ജയിലര്‍ എനിക്കൊരു പേനയും പുസ്തകവും തന്നു. പിന്നെ അതിലായി എഴുത്ത്. രണ്ടു കൊല്ലം കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തുവന്നപ്പോ എനിക്ക് വേറൊരാള്‍ ആയതു പോലെ തോന്നി.''

ഇരുപത്തിയഞ്ചാം വയസ്സില്‍ എഴുത്തിന്റേയും വായനയുടെയും ലോകത്തേക്കു കടന്നതിനെപ്പറ്റി, ബംഗാളി എഴുത്തുകാരനും ആക്ടിവിസ്റ്റുമായ മനോരഞ്ജന്‍ ബ്യാപാരി ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്. ചെറുപ്പത്തില്‍ സ്‌കൂളിലൊന്നും പോയിട്ടില്ല. പഠിക്കാന്‍ പോയിട്ട് ഒരു നേരത്തെ വിശപ്പടക്കാന്‍ പോലുമുള്ള സാഹചര്യം ഇല്ലായിരുന്നു. വിഭജനത്തിനു പിന്നാലെ കിഴക്കന്‍ ബംഗാളില്‍ നിന്ന് കുടിയേറിയതാണ് കുടുംബം. അന്ന് നന്നേ ചെറുതാണ് മനോരഞ്ജന്‍. പിറന്ന നാടുവിട്ട് പലായനം ചെയ്യേണ്ടി വന്നതിന്റെ ഓര്‍മകളൊന്നുമില്ല; പക്ഷേ പിന്നീടിങ്ങോട്ട് എന്നന്നേക്കുമായി നാടില്ലാത്തവനായി തീര്‍ന്നതിന്റെ അനുഭവങ്ങള്‍ വേണ്ടുവോളമുണ്ട്. ആ അനുഭവങ്ങളാണ് 'എന്റെ ചണ്ഡാള ജീവിതാന്വേഷണം - ഒരു ദലിതന്റെ ആത്മകഥ' എന്ന പുസ്തകം.

'സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം മേല്‍ജാതിക്കാരുടേതാണ്. അവര്‍ക്കറിയാമായിരുന്നു, എന്തായാലും വിഭജനം ഉണ്ടാവുമെന്ന്. അതുകൊണ്ട് വളരെ മുമ്പേ തന്നെ അവര്‍ സ്ഥലവും മറ്റ് സ്വത്തുമൊക്കെ വിറ്റൊഴിഞ്ഞു, ജോലി വച്ചു മാറി. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായ ഞങ്ങള്‍ ഇതൊന്നും അറിഞ്ഞില്ല. അല്ലെങ്കില്‍ത്തന്നെ വിറ്റൊഴിക്കാന്‍ ഞങ്ങള്‍ക്ക് എന്താണ് ഉണ്ടായിരുന്നത്? അന്നന്നത്തെ വിശപ്പടക്കാന്‍ പണിയെടുത്തിരുന്ന ഞങ്ങള്‍ക്ക് നാട്ടില്‍ നിന്ന് മാറുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആവുമായിരുന്നില്ല. വിഭജനത്തിനു ശേഷം ലഹളയ്ക്കിടയിലും അവിടെത്തന്നെ തുടര്‍ന്നു. പക്ഷേ ദിവസങ്ങള്‍ പോകെപ്പോകെ ഒരു തരത്തിലും പിടിച്ചുനില്‍ക്കാന്‍ പറ്റാതായി. 1953 ലാണ് ഞങ്ങള്‍ കിഴക്കന്‍ പാകിസ്ഥാന്‍ വിട്ട് ബംഗാളിലേക്ക് കുടിയേറുന്നത്'

പത്തു ലക്ഷത്തിലേറെ ദലിതരാണ് അന്‍പതുകളില്‍ പടിഞ്ഞാറന്‍ ബംഗാളിലെത്തിയത്. നേരത്തേ മേല്‍ജാതിക്കാര്‍ വന്നതുപോലെയായിരുന്നില്ല കാര്യങ്ങള്‍. കാര്യമായ ഒരു പുനരധിവാസ നടപടിയും എവിടെയും ഉണ്ടായില്ല. ഏഴു വര്‍ഷമാണ് മനോരഞ്ജന്റെ കുടുംബം ശിരോമണിപുരിലെ അഭയാര്‍ഥി ക്യാംപില്‍ കഴിഞ്ഞത്. ഒരു ദിവസം സര്‍ക്കാരില്‍ നിന്ന് ഒരാള്‍ വന്നു പറഞ്ഞു, ഈ ക്യാംപ് നിര്‍ത്തുകയാണ്, നിങ്ങള്‍ ദണ്ഡകാരണ്യത്തിലേക്ക് മാറണം. ദണ്ഡകാരണ്യം കൊടും വനമാണ്; രാമായണത്തിലൊക്കെ രാക്ഷസന്‍മാര്‍ പാര്‍ക്കുന്ന സ്ഥലമായാണ് ക്യാംപിലുള്ളവര്‍ ആ വാക്കു കേട്ടുള്ളത്. മാറാന്‍ വിസമ്മതിച്ചപ്പോള്‍ ക്യാംപിലേക്കുള്ള സഹായം സര്‍ക്കാര്‍ പാടേ നിര്‍ത്തി. അരപ്പട്ടിണി അതോടെ മുഴുവനായി. വിശപ്പു സഹിക്കാതായപ്പോള്‍ പലരും പല വഴിക്കു തിരിഞ്ഞു. കല്‍ക്കട്ടയിലെ തെരുവുകളിലും പീടികത്തിണ്ണകളിലും ഓടയുടെ ഓരത്തുമൊക്കെ അവര്‍ പാര്‍പ്പു തുടങ്ങി. ചെയ്യാവുന്ന പണിയൊക്കെ ചെയ്ത് ഉപജീവനത്തിന് മാര്‍ഗം തേടി.

ജാദവ്പുരില്‍ കൂലിപ്പണിയായിരുന്നു മനോരഞ്ജന്റെ പിതാവിന്. അച്ഛന് പണിയുള്ള ദിവസം മാത്രം വീട്ടില്‍ ഭക്ഷണമുണ്ടാക്കും. അതും കോഴിത്തീറ്റയായി കൊടുത്തിരുന്ന ധാന്യങ്ങള്‍ തിളപ്പിച്ച് കഞ്ഞിയാക്കിയത്. ബാക്കി ദിവസമെല്ലാം കൊടും പട്ടിണി. വിശന്നു കരയുക എന്നത് അത്രമേല്‍ സാധാരണമായിരുന്നു. വിശന്ന് കരഞ്ഞാണ് ഇളയ സഹോദരി മരിച്ചത്. അധികം വൈകാതെ അച്ഛന്‍ കിടപ്പിലാവുകയും ചെയ്തു. ദുരിതം; അതു മാത്രമായിരുന്നു, ചുറ്റും. അതില്‍ നിന്നു രക്ഷ തേടിയാണ് മനോരഞ്ജന്‍ വീടു വിട്ടിറങ്ങുന്നത് - പതിനാലാം വയസ്സില്‍.

ജയ്പാല്‍ഗുഡി സ്‌റ്റേഷനിലെ ചായക്കടയില്‍ സഹായിയായി ആദ്യ ജോലി. 40 രൂപ ശമ്പളം. മാസങ്ങള്‍ കടന്നുപോയതല്ലാതെ ശമ്പളം കിട്ടിയതേയില്ല. കബളിപ്പിക്കുകയാണെന്ന് ബോധ്യമായപ്പോള്‍ അവിടന്നിറങ്ങി. ഗുവാഹതിയിലായിരുന്നു പിന്നെ. ആറുമാസം കൊണ്ട് ഇരുന്നൂറു രൂപ മിച്ചം വയ്ക്കാനായി. ഒരു ദിവസം നോക്കുമ്പോള്‍ ആ പണം കാണുന്നില്ല. തന്നവര്‍ തന്നെ അത് 'തിരിച്ചെടുത്തു'. പിന്നെ കുറേ നാള്‍ ലക്‌നൗവില്‍. വീട്ടുജോലിക്കെന്നു പറഞ്ഞ് ഒരു പൊലീസുകാരന്‍ കൂടെക്കൂട്ടിയതാണ്. അയാളുടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാകാനായിരുന്നു അവിടെ മനോരഞ്ജന്റെ വിധി. പിന്നീടിങ്ങോട്ട് അലയാത്ത നാടുകളില്ല, ചെയ്യാത്ത ജോലികളും. പണിയുള്ളപ്പോള്‍ മാത്രം ഭക്ഷണം കഴിക്കും, അല്ലാത്തപ്പോള്‍ വെള്ളം കുടിച്ച് ദിവസം കഴിക്കും. ഒരു നിവൃത്തിയും ഇല്ലാതാവുമ്പോള്‍ മോഷ്ടിക്കാനിറങ്ങും; കടകളില്‍ നിന്ന് ആഹാര സാധനങ്ങള്‍ എടുത്തു കൊണ്ട് ഓടും. 'സ്വസ്ഥതയോടെ, സത്യസന്ധനായി ജീവിക്കാനാണ് ഞാന്‍ എന്നും ഇഷ്ടപ്പെട്ടത്; എനിക്കതിന് കഴിഞ്ഞില്ല, എനിക്കതിന് അവസരം കിട്ടിയതേയില്ല'

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞ് കുടുംബത്തിനൊപ്പം തിരിച്ചെത്തിയപ്പോള്‍ പാടേ മാറിപ്പോയിരുന്നു, മനോരഞ്ജന്‍. ജീവിതം വളരെ പരുക്കനായാണ് തന്നോട് ഇടപെടുന്നത്, തിരിച്ചും അങ്ങനെ തന്നെ മതിയെന്ന് അയാള്‍ ഉറപ്പിച്ചിരുന്നു. ജാദവ്പുര്‍ സ്‌റ്റേഷന് മുന്നിലെ റിക്ഷാവാല ആയാണ് ജീവിതം; ഒപ്പം ചില്ലറ ഗൂണ്ടാപ്പണിയും. ദിവസവും കുടിച്ച് ബഹളമുണ്ടാക്കും, മിക്കപ്പോഴും അത് അടിപിടിയില്‍ എത്തും. കള്ളവാറ്റ് നടത്തുന്നവരില്‍ നിന്ന് ഹഫ്ത പിരിക്കും. സ്‌റ്റേഷനിലെ ഗുഡ്‌സ് വാഗണുകളായിരുന്നു അന്ന് നഗരത്തിലെ താഴേക്കിടയിലെ വേശ്യാഗൃഹങ്ങള്‍. അവിടേക്ക് റിക്ഷയില്‍ ആളുകളെ എത്തിച്ചു, പലപ്പോഴും അവരെ ഭീഷണിപ്പെടുത്തി പണം തട്ടി, ചിലപ്പോഴെല്ലാം പിടിച്ചു പറിച്ചു. വാഗണ് അകത്തേക്കു കയറിപ്പോവുന്നവരുടെ സാധനങ്ങളുമായി സ്ഥലം വിട്ടു. അങ്ങനെയാണ് ഒരുനാള്‍ പൊലീസിന്റെ പിടിയിലാവുന്നതും ജയിലില്‍ എത്തുന്നതും.

'ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും അക്ഷരങ്ങള്‍ ആവേശിച്ചിരുന്നു എന്നെ. വായനയുടെ ലോകം എന്നെ മയക്കി വീഴ്ത്തി. അതില്‍ നിന്ന് എനിക്കു പുറത്തുകടക്കാനേ കഴിഞ്ഞില്ല. കിട്ടുന്ന സമയമെല്ലാം ഞാന്‍ പുസ്തകങ്ങള്‍ വായിച്ചു; മരത്തണലില്‍ ഇരുന്നും സ്‌റ്റേഷനു പുറത്ത് യാത്രക്കാരെ കാത്തുനില്‍ക്കുമ്പോഴുമെല്ലാം. പുസ്തകങ്ങളിലൂടെ എന്തൊക്കെയാണ് ഞാന്‍ അറിഞ്ഞത്? അങ്ങ് ഹിമാലയത്തിന്റെ മുകള്‍ത്തട്ടിനെക്കുറിച്ചു മുതല്‍ കടലിന്റെ ആഴപ്പരപ്പിനെക്കുറിച്ചു വരെ; ബാഹ്യാകാശത്തെക്കുറിച്ച്, ആഫ്രിക്കയെക്കുറിച്ച്. വീട്ടില്‍ നിന്ന് പുറത്തിറങ്ങുക പോലും ചെയ്യാതെ എന്തെല്ലാമാണ് എനിക്ക് അറിയാനാകുന്നത്!' പുസ്തകങ്ങള്‍ അയാളെ ഏതൊക്കെയോ ലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അയാള്‍ കഴിയുന്നിടത്തോളം പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടി, കിട്ടിയതെല്ലാം വായിച്ചു; ചിലതൊന്നും മനസ്സിലായേ ഇല്ലെങ്കിലും.

'ജിജിബിഷ!
എന്താണ് ഈ വാക്കിന്റെ അര്‍ഥം? അപ്പോള്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തില്‍ നിന്ന് മനസ്സില്‍ കയറിക്കൂടിയതാണ്. എത്ര ആലോചിച്ചിട്ടും എനിക്കതിന്റെ അര്‍ഥം പിടികിട്ടിയില്ല.
ജാദവ്പുര്‍ സ്‌റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാരിയുമായി നഗരത്തിലേക്കു പോവുമ്പോഴും മനസ്സില്‍ ആ വാക്ക് തടഞ്ഞു കൊണ്ടേയിയിരുന്നു. പെട്ടെന്ന് ഞാന്‍ അവരോട് ചോദിച്ചു.

ജിജിബിഷ എന്നാല്‍ എന്താണ്?

അവര്‍ എന്നെ അതിശയത്തോടെ നോക്കി.

എവിടുന്നു കിട്ടി ഈ വാക്ക്?

ഒരു പുസ്തകത്തില്‍ കണ്ടതാണ്.

ഏതൊക്കെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്?

ഞാന്‍ ആയിടെ വായിച്ച പത്തോ പന്ത്രണ്ടോ പുസ്തകങ്ങളുടെ പേര് പറഞ്ഞു. അവരുടെ മുഖത്തെ അതിശയം ഒന്നുകൂടി വിടര്‍ന്നു. എന്നിട്ടവര്‍ ആ വാക്കിന്റെ അര്‍ഥം വിശദീകരിച്ചു തന്നു; ജിജിബിഷ എന്നാല്‍ അതിജീവനത്തിനുള്ള അതിയായ ആഗ്രഹം - ജീവിതേച്ഛ.

എന്തെങ്കിലുമൊക്കെ എഴുതിക്കൂടേ?

ഇറങ്ങാന്‍ നേരം അവര്‍ ചോദിച്ചു, പിന്നെ വിലാസം കുറിച്ച കടലാസ് നീട്ടി. അവര്‍ പോയി കഴിഞ്ഞാണ് ഞാനത് തുറന്നത്. അതില്‍ ആദ്യവരിയില്‍ വലിയ അക്ഷരങ്ങളില്‍ ആ പേരുണ്ടായിരുന്നു - മഹാശ്വേതാ ദേവി.

മഹാശ്വേതാ ദേവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ബര്‍ത്തികയിലാണ് മനോരഞ്ജന്റെ രചന ആദ്യം അച്ചടിച്ചു വന്നത്. 'ഞാന്‍ റിക്ഷ വലിക്കുന്നു' എന്നായിരുന്നു അതിന്റെ തലക്കെട്ട്. ബംഗാളി വായനാലോകം അതു ശ്രദ്ധിച്ചു. മനോരഞ്ജനെക്കുറിച്ച് പത്രങ്ങളില്‍ ഫീച്ചറുകള്‍ വന്നു. കൂടുതല്‍ പ്രസിദ്ധീകരണങ്ങള്‍ രചനകള്‍ക്കായി മനോരഞ്ജനെ തേടി വന്നു. അങ്ങനെ മനോരഞ്ജന്‍ ബ്യാപാരി എഴുത്തുകാരനായി; പിന്നെപ്പിന്നെ ബംഗാളിയിലെ ദലിത് സാഹിത്യധാരയിലെ മുന്‍നിരക്കാരനായി. പത്തു സമാഹാരങ്ങളിലായി നൂറിലേറെ ചെറുകഥകളുണ്ട്, മനോരഞ്ജന്റേതായി. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി പ്രസും ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലിയും ഉള്‍പ്പെടെയുള്ളവ മനോരഞ്ജന്റെ രചനകള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പശ്ചിമ ബംഗാള്‍ നിയമസഭയിലുമെത്തി, ആ അഭയാര്‍ഥി. എഴുത്തുകാരനായും ആക്റ്റിവിസ്റ്റ് ആയും പിന്നീട് രാഷ്ട്രീയക്കാരനായുമെല്ലാം പൊതുരംഗത്ത് നിറഞ്ഞു നില്‍ക്കുമ്പോഴും നാടു നഷ്ടമായതിന്റെ വേദന വിടാതെ പിന്തുടര്‍ന്നതിനെക്കുറിച്ച് ഓര്‍ത്തെടുക്കുന്നുണ്ട്, മനോരഞ്ജന്‍. ' കിഴക്കന്‍ ബംഗാളില്‍ ജനിച്ച നാട്ടിലേക്കു പോയാല്‍ ഞാന്‍ കാഫിര്‍ ആണ്; അവിശ്വാസി. ഇവിടെയാണെങ്കില്‍ ബാസ്തുഹാരയും -  അഭയാര്‍ഥി. രാജ്യം വിഭജിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് സ്വന്തമെന്നു പറയാന്‍ നാട് ഉണ്ടായേനെ, വീട് ഉണ്ടായേനെ, പുഴയുണ്ടായേനെ'

(മല്ലിക അലുവാലിയ എഡിറ്റ് ചെയ്ത ഡിവൈഡഡ് ബൈ പാര്‍ട്ടിഷ്യന്‍ യുണൈറ്റഡ് ബൈ റിസൈലന്‍സില്‍ ചേര്‍ത്തിട്ടുള്ള മനോരഞ്ജന്‍ വ്യാപാരിയുടെ ജീവിത കഥയെ അടിസ്ഥാനമാക്കി എഴുതിയത്. വിഭജനത്തിന്റെ ദുരന്തത്തെ അതിജീവിച്ച് ജീവിത വിജയം നേടിയ 21 പേരുടെ കഥകളാണ് പുസ്തകം)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ