മാറുന്ന സൗദി, മാറുന്ന കാഴ്ചകള്‍: ഫുട്‌ബോള്‍ മാത്രമല്ല, ഇനി ചലച്ചിത്രമേളയും

റെഡ് സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍, കാലം കാത്ത് വെച്ച ചലച്ചിത്ര സംസ്‌കാരവും നവീനമായ അറേബ്യന്‍ ദൃശ്യസൗന്ദര്യവുമെന്ന് ഒലിവര്‍ സ്‌റ്റോണ്‍
മാറുന്ന സൗദി, മാറുന്ന കാഴ്ചകള്‍: ഫുട്‌ബോള്‍ മാത്രമല്ല, ഇനി ചലച്ചിത്രമേളയും

കാല്‍പന്ത് കളിയുടെ ഉന്മാദം ചുരന്നുനില്‍ക്കുന്ന സൗദി അറേബ്യയുടെ മണ്ണും വിണ്ണും പുതിയൊരു ദൃശ്യചാരുതയുടെ മഴവില്ലഴകില്‍. സൗദിയുടെ കവാടനഗരമായ ജിദ്ദയില്‍ രണ്ടാമത് അന്താരാഷ്ട്ര റെഡ് സീ ഫിലിം ഫെസ്റ്റിവലിനു കൊടിയേറിയതോടെ, പ്രാക്തന സ്മൃതികളുണരുന്ന ചെങ്കടലോരത്ത് വിശ്വ സിനിമയുടെ വിസ്മയജാലകം തുറക്കപ്പെട്ടു. 


റെഡ് സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അറബ്ആഫ്രിക്കന്‍ഇംഗ്ലീഷ്ഇന്ത്യന്‍ സിനിമകളുടെ കൊടിയേറ്റം. കാലം കാത്തുവെച്ച ചലച്ചിത്ര സംസ്‌കാരത്തിന്റെ കൊടിയടയാളമാണ് രണ്ടാമത് അന്താരാഷ്ട്ര റെഡ് സീ ഫിലിം ഫെസ്റ്റിവലെന്ന് ഇന്റര്‍നാഷണല്‍ ജൂറി സമിതിയുടെ അധ്യക്ഷനും പ്രശസ്ത അമേരിക്കന്‍ സംവിധായകനുമായ ഒലിവര്‍ സ്‌റ്റോണ്‍ അഭിപ്രായപ്പെട്ടു. സൗദിയെക്കുറിച്ച് പടിഞ്ഞാറന്‍ ലോകം പുലര്‍ത്തിപ്പോരുന്ന ഗതകാലമിഥ്യകളെ അടിമുടി പൊളിക്കാനും ആധുനിക ദൃശ്യസംസ്‌കാരത്തിന്റെ പുതിയ ഭാഷയും വ്യാകരണവും എത്രമേല്‍ സൗന്ദര്യാത്മകമാക്കാമെന്ന് തെളിയിക്കാനും ഫിലിം ഫെസ്റ്റിവല്‍ സഹായകമായതായും ഒലിവര്‍ സ്‌റ്റോണ്‍ പറഞ്ഞു. മറ്റുള്ളവരെ വിമര്‍ശിക്കാന്‍ അമേരിക്ക കാണിക്കുന്ന തിടുക്കം ആദ്യം സ്വന്തം കാര്യത്തില്‍ കാട്ടുന്നതായിരിക്കും നല്ലതെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. സൗദി അറേബ്യയെ കൂടുതല്‍ സൗഹൃദപരമായ സഹോദരരാഷ്ട്രമായി സ്വീകരിക്കാന്‍ കൂടി സിനിമയും ഫുട്‌ബോളും മറ്റു ലോകരാഷ്ട്രങ്ങള്‍ക്ക് പ്രേരകമായിത്തീര്‍ന്നു. കൂടുതല്‍ സാധ്യതകളും അവസരങ്ങളും കലയുടെ ലോകത്ത് തുറന്നു കൊടുത്തിരിക്കുകയാണ്, ഫിലിം ഫെസ്റ്റിവലിന്റെ ഈ ആതിഥേയരാജ്യം. 15 പടങ്ങളാണ് അവാര്‍ഡ് പരിഗണനയ്ക്കായി അവസാന ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുള്ളതെന്നും ഒലിവര്‍ സ്‌റ്റോണ്‍ വ്യക്തമാക്കി. ബോണ്‍ ഓണ്‍ ദ ഫോര്‍ത്ത് ഓഫ് ജൂലൈ, ജെ.എഫ്.കെ, പ്ലാറ്റൂണ്‍ എന്നീ പ്രസിദ്ധ സിനിമകളുടെ സംവിധായകന്‍ കൂടിയാണ് ഓസ്‌കാര്‍ ജേതാവായ ഒലിവര്‍ സ്‌റ്റോണ്‍. ഉദ്ഘാടനദിനത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനെയും ഈജിപ്ഷ്യന്‍ നടി യുസ്‌റയേയും ആദരിച്ചു. സംഗീതമാന്ത്രികന്‍ എ.ആര്‍. റഹ്മാന്റെ സാന്നിധ്യവും ശ്രദ്ധേയമായി. 

ഒലിവര്‍ സ്‌റ്റോണ്‍


ശബ്‌നാ ആസ്മി, കാജോള്‍, അക്ഷയ് കുമാര്‍, ശേഖര്‍ കപൂര്‍, പാക് നടി സജാല്‍ അലി എന്നിവരും ജിദ്ദയിലെത്തി. ശേഖര്‍ കപൂറിന്റെ വാട്ട്‌സ് ലൗ ഗോട്ട് ഡു വിത്ത് ഇറ്റ് എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവും ഫെസ്റ്റിവലില്‍ അരങ്ങേറും. പാക് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ ഭാര്യയായിരുന്ന ജെമീമാ ഖാന്‍ തിരക്കഥയെഴുതിയ ഈ സിനിമയില്‍ ശബ്‌നാ ആസ്മിയും സജാല്‍ അലിയും വേഷമിടുന്നുണ്ട്. ലിലി ജെയിംസ്, ഷെഹ്‌സാദ് ലത്തീഫ്, എമ്മാ തോംസണ്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പാന്‍ നളിന്‍ സംവിധാനം ചെയ്ത വാലി ഓഫ് ഫ്‌ലവേഴ്‌സ് എന്നീ സിനിമകളും പ്രദര്‍ശിപ്പിക്കും. ആദ്യദിവസം പ്രമുഖ പോപ് താരം ബ്രൂണോ മാര്‍സിന്റെ പ്രകടനം ആയിരങ്ങളെ ആകര്‍ഷിച്ചു. ജാക്കിച്ചാന്റെ സാന്നിധ്യമാകും ഫെസ്റ്റിവലിലെ മുഖ്യആകര്‍ഷണങ്ങളില്‍ മറ്റൊന്ന്. പ്രമുഖ യു.എ.ഇ ചലച്ചിത്രകാരി സൈനബ് ഷഹീന്‍, തന്റെ ചലച്ചിത്രാനുഭവങ്ങള്‍ പങ്കു വെച്ചു. 
61 രാജ്യങ്ങളില്‍നിന്ന് 41 ഭാഷകളിലായി 131 സിനിമകളാണ് റെഡ് സീ ഫെസ്റ്റിവലില്‍ സ്‌ക്രീന്‍ ചെയ്യപ്പെടുന്നത്. ചലച്ചിത്രകാരന്മാരുമായി ആശയസംവാദത്തിനും അവസരമൊരുക്കിയിട്ടുണ്ട്. അക്ഷയ് കുമാര്‍, തന്റെ ചലച്ചിത്രാനുഭവങ്ങള്‍ പ്രതിനിധികളുമായി പങ്കിട്ടു. 

ശബാന ആസ്മി ജിദ്ദയില്‍

ഫിലിം ഈസ് എവരിതിംഗ് അഥവാ സിനിമയാണ് സര്‍വ്വം എന്ന ടൈറ്റിലാണ് ഇത്തവണ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ബലദ് ഹെറിറ്റേജ് സിറ്റിയിലായിരുന്നു സൗദി ചരിത്രത്തിലെ ആദ്യത്തെ ഫിലിം ഫെസ്റ്റിവല്‍ ജിദ്ദയില്‍ കൊടിയേറിയത്. പരിവര്‍ത്തനത്തിന്റെ തരംഗം (വേവ് ഓഫ് ചെയ്ഞ്ച് എന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ശീര്‍ഷകം). ഇന്ത്യന്‍ സംവിധായകന്‍ ഗുരീന്ദര്‍ ഛദ്ദയുടെ 'ബെന്‍ഡ് ഇറ്റ് ലൈക് ബെക്കാം' വെള്ളിയാഴ്ച പ്രദര്‍ശിപ്പിച്ചു. നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള യുസ്‌റ, അറേബ്യന്‍ ലോകം ഏറെ ഇഷ്ടപ്പെടുന്ന നടിയും ഈജിപ്തിന്റെ യു.എന്‍ ഗുഡ്‌വില്‍ അംബാഡറുമാണ്. ഗോള്‍ഡ് യുസ്ര്‍ അവാര്‍ഡാണ് യുസ്‌റക്ക് സമ്മാനിക്കുക. ലോക സിനിമയെക്കുറിച്ചുള്ള ആശയസംവാദങ്ങള്‍ക്കും സിനിമയുടെ സാങ്കേതിക വിവരങ്ങളുടെ വിനിമയത്തിനും സൗകര്യപ്പെടുന്ന റെഡ് സീ സൂഖ് എന്ന സിനിമാ മാര്‍ക്കറ്റാണ് റെഡ് സീ ഫിലിം ഫെസ്റ്റിവലിന്റെ ഇക്കൊല്ലത്തെ സവിശേഷതയെന്ന് സി.ഇ.ഒ മുഹമ്മദ് അല്‍ തുര്‍ക്കി വ്യക്തമാക്കി. ദ മെസേജ്, ലയണ്‍ ഓഫ് ദ ഡെസേര്‍ട്ട് (ലിബിയന്‍ സ്വാതന്ത്ര്യസമര പോരാളി ഒമര്‍ മുഖ്താറിനെക്കുറിച്ചുള്ള ചിത്രം) എന്നീ ലോകോത്തര സിനിമകളിലൂടെ പ്രശസ്തനായ മുസ്തഫ അഖാദ് എന്ന സിറിയന്‍അമേരിക്കന്‍ സംവിധായകന്റെ പടങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. 17 വര്‍ഷം മുന്‍പ് ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ബോംബാക്രമണത്തില്‍ മകളോടൊപ്പം കൊല്ലപ്പെട്ട മുസ്തഫ അഖാദിനോടുള്ള ആദരാഞ്ജലി കൂടിയായിരിക്കും അദ്ദേഹത്തിന്റെ ക്ലാസിക് സിനിമകളുടെ അഭ്രാവിഷ്‌കാരം. 

പാക് നടി സജാല്‍ അലി

പുതുലോകത്തിന്റെ അമ്പരപ്പിക്കുന്ന കാഴ്ചകളിലേക്ക് പൊടുന്നനവെ ഉണര്‍ന്ന സൗദി യുവതീയുവാക്കളത്രയും ഏറെ ആഹ്ലാദാരവങ്ങളോടെയാണ് ഫിലിം ഫെസ്റ്റിവലിനെ വരവേല്‍ക്കുന്നത്. ഡിസംബര്‍ പത്ത് വരെ നീണ്ടു നില്‍ക്കുന്ന മേളയോടനുബന്ധിച്ചുള്ള സംഗീതമേളകളില്‍ ദിനംപ്രതി ആയിരങ്ങളാണ് ആവേശപൂര്‍വ്വം പങ്കാളികളാകുന്നത്. അത്യാധുനിക സജ്ജീകരണങ്ങളോടെ നിര്‍മ്മിക്കപ്പെട്ട മനോഹരമായ വോക്‌സ് തിയേറ്ററുകളിലാണ് ലോകോത്തര ക്ലാസ്സിക്കുകളുടെ അഭ്രാവിഷ്‌കാരം. കാഴ്ചയുടെ സംസ്‌കൃതിയിലെ സാമ്പ്രദായിക സങ്കല്‍പ്പങ്ങള്‍ പുതുക്കിപ്പണിയുന്ന സൗദിയുടെ സംവേദനങ്ങളില്‍ സൗന്ദര്യാത്മകമായ വിപ്ലവത്തിന്റെ ജ്വാലാമുഖമാണ് റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തുറന്നു വെച്ചിട്ടുള്ളത്. സൗദി സാംസ്‌കാരിക മന്ത്രാലയത്തിനു നന്ദി കാലം അപരിഹാര്യമാക്കിയ പുതിയൊരു ഈസ്‌തെറ്റിക് ഇമേജിനെ പുണരാന്‍ വേണ്ടിയുള്ള ത്വരിതാവേഗത്തിലുള്ള ഈ പരിവര്‍ത്തനം, ലോകസിനിമയുടെ ഭൂപടത്തിലേക്ക് ഈ രാജ്യത്തിന്റെ ചരിത്രപരമായ വിസ്മയക്കുതിപ്പ് മുദ്രണം ചെയ്ത് വെച്ചതിന്. 


സിനിമയാണ് സര്‍വ്വം, സിനിമ ഒരു സംസ്‌കാരമാണ് 

സിനിമയും സിനിമാ തിയേറ്ററുകളും നാലു വര്‍ഷം മുന്‍പ് വരെ സൗദി അറേബ്യയില്‍ സ്വപ്നദൃശ്യം മാത്രമായിരുന്നുവെങ്കില്‍ ഇന്ന് സൗദിയിലെ എല്ലാ പ്രധാന നഗരങ്ങളിലേയും ഷോപ്പിംഗ് സമുച്ചയങ്ങളിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. ലോക സിനിമയിലേക്ക് വാതില്‍ തുറന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍, ഈ രംഗത്ത് സൗദി അറേബ്യ കാഴ്ച വെച്ച പുതിയൊരു സംസ്‌കാരത്തിന്റെ ഈടുവയ്പ് കൂടിയാണെന്ന് ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറും പ്രമുഖ സൗദി കവിയുമായ അഹമ്മദ് അല്‍ മുല്ല അഭിപ്രായപ്പെടുന്നു. സൗദി അറേബ്യയെ സംബന്ധിച്ചേടത്തോളം ഇത് മാറ്റത്തിന്റെ തിരയടിയാണ്. കലയേയും സംസ്‌കാരത്തേയും പരിരംഭണം ചെയ്തിരുന്ന പുരാതനമായ ഒരു സംസ്‌കാരത്തിന്റെ പുനര്‍ജനി. വിശ്വസിനിമയുടെ പുത്തന്‍ സങ്കേതങ്ങളേയും നവസിനിമയുടെ വൈവിധ്യമാര്‍ന്ന ധാരകളേയും സൗദിയിലെ ജിദ്ദാ നഗരത്തിന്റെ ആരവത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെടാന്‍ സാധിച്ചതിനു പിന്നില്‍ വലിയ അധ്വാനവു സമര്‍പ്പണവുമുണ്ട്. ഒപ്പം സൗദി സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഉറച്ച പിന്തുണയും  അല്‍മുല്ല ചൂണ്ടിക്കാട്ടി. 

ഇതു കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com