

കേരള ക്രൂഷ്‌ച്ചേവ് സഖാവ് എം.എന്റെ ഓര്‍മദിനം
---------------------------------------------
(1910 ഡിസംബര്‍ 10 - 1984 നവംബര്‍ 27)
എം.എന്‍ എന്ന കേരളം കണ്ട ഏറ്റവും നല്ല കമ്യൂണിസ്റ്റ് നേതാവിനെ നാലു തവണ നേരില്‍ കാണാനും സംസാരിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. കൊച്ചിയില്‍ നടന്ന സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പടുകൂറ്റന്‍ റാലിയെ സ്വാഗതം ചെയ്ത് കൊണ്ട് അദ്ദേഹം നടത്തിയ സരസമായ പ്രസംഗം ഇപ്പോഴും ഓര്‍മയെ ഹരിതാഭമാക്കുന്നു. അന്നത്തെ സോവ്യറ്റ് യൂണിയനില്‍ നിന്നുള്ള സൗഹൃദസംഘാംഗം ദീന്‍ മുഹമ്മദ് അഹമ്മദോവിച്ച് കുനയേവ് എന്ന യുവജനനേതാവിനെ പരിചയപ്പെടുത്തുന്നതിനിടെ, എം. എന്‍ പറഞ്ഞു: ഈ പേര് ഉച്ചരിക്കാന്‍ അല്‍പം പ്രയാസമാണല്ലോ. നമുക്കിദ്ദേഹത്തെ മുഹമ്മദ് അഹമ്മദ് കുഞ്ഞ് എന്ന് തല്‍ക്കാലം വിളിക്കാം. ഉയര്‍ന്നു പൊങ്ങിയ പൊട്ടിച്ചിരികള്‍ക്കിടെ, സോവ്യറ്റ് യൂണിയനില്‍ നിന്നും പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ അല്‍ഭുതസ്തബ്്ധരായി. വേദിയിലുണ്ടായിരുന്ന ആന്റണി തോമസ് എന്ന പാര്‍ട്ടി യുവജനനേതാവ്, ദീന്‍ മുഹമ്മദ് അഹമ്മദോവിച്ചിന്റെ കാതില്‍ എന്തോ മന്ത്രിക്കുന്നത് കാണാമായിരുന്നു).
എ.ഐ.എസ്.എഫ് പത്താം സംസ്ഥാന സമ്മേളനം കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുമ്പോള്‍ എം.എന്‍ വിദ്യാര്‍ഥികളോട് നടത്തിയ ഉജ്വലമായ ഒരു പ്രസംഗവും മനസ്സില്‍ മായാതെ കിടപ്പുണ്ട്. പിന്നീട് പാലക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ എം.എനുമായി മനോരമയ്ക്ക് വേണ്ടി ഒരു പ്രത്യേക അഭിമുഖം നടത്താനും സാധിച്ചു. ഇന്ദിരാഗാന്ധിക്കെതിരെ ജഗ്്്ജീവന്‍ റാം, എച്ച്.എന്‍. ബഹുഗുണ, നന്ദിനി സത്പതി തുടങ്ങിയ അടുത്ത അനുയായികള്‍ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് ഫോര്‍ ഡമോക്രസി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപവല്‍ക്കരിച്ച ദിവസമായിരുന്നു അത്. ഇതേക്കുറിച്ചുള്ള പ്രതികരണമാകാഞ്ഞപ്പോള്‍ എം.എന്‍ സ്വതസ്സിദ്ധമായ ചിരിയോടെ പറഞ്ഞ മറുപടിയായിരുന്നു, പിറ്റേന്നിറങ്ങിയ മനോരമയുടെ തലക്കെട്ട്: വിനാശകാലേ വിപരീതബുദ്ധി.
എം.എന്റെ ലാളിത്യം, പരസ്‌നേഹം, കാരുണ്യം എന്നിവയെല്ലാം ഏറെ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ മകന്‍ നാരായണന്‍, യൗവനാരംഭത്തില്‍തന്നെ ഡല്‍ഹിയില്‍ അപമൃത്യുവിനിരയായപ്പോള്‍, പാര്‍ട്ടി കേന്ദ്ര ആസ്ഥാനമായ അജോയ് ഭവനില്‍ മുഖം കുനിച്ചു ഏങ്ങലടിച്ച ഒരു ചിത്രം ആര്‍ദ്രമായ മറ്റൊരോര്‍മയാണ്.
സര്‍ക്കാര്‍ ആശുപത്രികളിലെ സന്ദര്‍ശനവും രോഗികളെ ആശ്വസിപ്പിക്കലും മഹാനായ ഈ നേതാവിന്റെ മുറതെറ്റാത്ത ദിനചര്യയായിരുന്നു. സമ്മേളനങ്ങളുടേയും തെരഞ്ഞെടുപ്പുകളുടേയും വന്‍ തിരക്കുകള്‍ക്കിടയിലും സഖാവ് എം.എന്‍ പതിവ് തെറ്റിക്കുകയില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശനത്തോടെയാണ് അദ്ദേഹത്തിന്റെ ദിവസമാരംഭിക്കുക. പാര്‍ട്ടി സെക്രട്ടറി ആയാലും മന്ത്രി ആയാലും എം.പി ആയാലും ഒന്നുമല്ലെങ്കിലും ഇന്ത്യയിലാകെ അറിയപ്പെടുന്ന ആ കമ്യൂണിസ്റ്റ് നേതാവ് വര്‍ഷങ്ങളായി തുടര്‍ന്നു പോന്ന ഈ യജ്ഞം തിരുവനന്തപുരത്തുണ്ടെങ്കില്‍ മുടക്കുക അത്യപൂര്‍വമായി മാത്രം. രോഗികളുടെ കിടക്കയ്ക്ക് അരികിലെത്തി വിവരങ്ങള്‍ ചോദിച്ചറിയും, അവരേയും ആശ്രിതരേയും സാന്ത്വനിപ്പിക്കും. ബന്ധപ്പെട്ട ഡോക്ടര്‍മാരോട് രോഗനിലയെപ്പറ്റി ഒരു രക്ഷിതാവിന്റെ ഉത്തരവാദിത്തത്തോടെ ആരായും.
ഇനി തെരഞ്ഞെടുപ്പിന്റെ വിശേഷം: എട്ടു മണിയോടെ സഹപ്രവര്‍ത്തകരോടൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുകയായി. ചെല്ലപ്പെട്ടിയുമായി മുറുക്കിച്ചുവപ്പിച്ച എം.എന്‍ വരുന്നത് കണ്ടാല്‍ കക്ഷിഭേദമന്യേ ആളുകള്‍ ഓടിക്കൂടും. എല്ലാം മറന്ന് അദ്ദേഹത്തിന് അവര്‍ സിന്ദാബാദ് വിളിക്കും. കുട്ടികളെപ്പോലെയുള്ള പൊട്ടിച്ചിരിയോടെ അദ്ദേഹം എല്ലാവരേയും അഭിവാദ്യം ചെയ്യും. ഓരോരുത്തരോടും വീട്ടുവിശേഷങ്ങള്‍ തിരക്കും. പിന്നെ ചോദിക്കും: തനിക്കിവിടെ വോട്ടുണ്ടോ? ഉത്തരമെന്തായാലും എം.എന്‍. പറയും: കാര്യങ്ങളെല്ലാമറിയാമല്ലോ?
എനിക്ക് വോട്ട് ചെയ്യണമെന്ന സ്ഥാനാര്‍ഥികളുടെ സ്ഥിരം അഭ്യര്‍ഥന എം.എന്റെ ശൈലിയല്ല. കാര്യങ്ങളെല്ലാമറിയാമല്ലോ എന്ന വാക്കില്‍ എല്ലാമടങ്ങിയിട്ടുണ്ട്.
എം.എന്‍
1951 ല്‍ വന്‍ ഭൂരിപക്ഷത്തോടെ ഭരണിക്കാവ് മണ്ഡലത്തില്‍ നിന്ന് തിരു - കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ആരംഭിച്ച എം.എന്റെ പാര്‍ലമെന്ററി ജീവിതം പത്തനാപുരം, ചടയമംഗലം, പുനലൂര്‍ മണ്ഡലങ്ങളുടെ പ്രാതിനിധ്യത്തോടെ നിയമസഭയിലും 1977 ല്‍ തിരുവനന്തപുരത്തിന്റെ പ്രാതിനിധ്യത്തോടെ ലോക്സഭയിലും തിളക്കമേറ്റി. എന്നാല്‍ തന്റെ അവസാന തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് ഒരു ലക്ഷം വോട്ടിന്റെ വ്യത്യാസത്തിന് എം.എന്‍, നീലലോഹിതദാസന്‍ നാടാരുമായി അടിയറവ് പറയേണ്ടി വന്നു. ദുരന്തപര്യവസായിയായ ഒരു തെരഞ്ഞെടുപ്പനുഭവമായി, എം.എനേയും സി. പി. ഐ യെയും സംബന്ധിച്ചേടത്തോളം, ആ കനത്ത പരാജയം.
കൊല്ലം കേന്ദ്രമാക്കി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ പൂര്‍ണമായും മുഴുകുമ്പോഴും ടി.വി തോമസിന്റെയും സുഗതന്‍ സാറിന്റെയും നേതൃത്വത്തില്‍ അഖില തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് നടത്തിയ പ്രക്ഷോഭങ്ങള്‍ക്കും തൊഴിലാളി മുന്നേറ്റങ്ങള്‍ക്കും എംഎന്‍ ശക്തമായ പിന്തുണ നല്‍കി. പുന്നപ്ര-വയലാര്‍ സമരത്തിന്റെ മുഖ്യ ഗൂഢാലോചനാ കേസില്‍ രണ്ടാം പ്രതിയായിരുന്നു അദ്ദേഹം. ടി.വി തോമസായിരുന്നു ഒന്നാം പ്രതി. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് കായിക പരിശീലനം നല്‍കി എന്ന കേസും എംഎന്റെ പേരിലുണ്ടായിരുന്നു.
കല്‍ക്കത്താ തീസിസിന്റെ കാലത്ത് ഒളിവിലിരുന്ന് പാര്‍ട്ടിയെ സമര്‍ത്ഥമായി നയിച്ച എംഎന്‍ ജനകീയ ലൈനിനു വേണ്ടി പാര്‍ട്ടിക്കുള്ളില്‍ നടന്ന ആശയസമരത്തിന്റെ മുന്നിലുണ്ടായിരുന്നു. ജയിലില്‍ കഴിയവേ മാരകമായ ക്ഷയരോഗം ബാധിച്ച് നാഗര്‍കോവില്‍ സാനട്ടോറിയത്തില്‍ തടങ്കലില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തടവുചാടി സാഹസികമായി പുറത്തെത്തിയ എംഎന്‍, രോഗത്തെ തീര്‍ത്തും അവഗണിച്ചു കൊണ്ട് പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കാനും പുതിയ നയത്തിലേക്ക് കൊണ്ടെത്തിക്കാനുമുള്ള വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
ഭരണിക്കാവില്‍ നിന്ന് തിരുക്കൊച്ചി അസംബ്ലിയിലേക്ക് മത്സരിച്ച എംഎന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. പാര്‍ട്ടിയുടെ പുതിയ നയത്തിനുള്ള ജനകീയ അംഗീകാരവും ജനഹൃദയങ്ങളില്‍ എം.എനുള്ള സ്ഥാനവും വ്യക്തമാക്കുന്നതായിരുന്നു ആ വിജയം. 1957 - ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തനിച്ച് അധികാരത്തിലെത്തുമെന്ന് വിശ്വസിക്കുകയും അതുറപ്പിച്ച് പറയുകയും ചെയ്ത ഏക നേതാവ് എം.എനായിരുന്നു. തിരുക്കൊച്ചി നിയമസഭയിലുണ്ടായിരുന്നതു പോലെ ആര്‍എസ്പിയുമായി ഐക്യം 57 ലെ തെരഞ്ഞുപ്പിലും വേണമെന്ന എംഎന്റെ വാദം പാര്‍ട്ടി അംഗീകരിച്ചെങ്കിലും ആര്‍എസ്പിയുടെ അതിരു കടന്ന അവകാശവാദം മൂലം ഐക്യം സാധ്യമായില്ല. 57 - ലെ തെരഞ്ഞെടുപ്പില്‍ തിരുവിതാംകൂറില്‍ ഏതാണ്ട് എല്ലാ സ്ഥാനാര്‍ത്ഥികളെയും തീരുമാനിച്ചത് എം.എന്റെ. നിര്‍ദ്ദേശം അനുസരിച്ചാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടപ്പെട്ടതും എം.എനായിരുന്നു. എം.എന്റെ വിശലകന സാമര്‍ത്ഥ്യവും യാഥാര്‍ത്ഥ്യബോധവും കേരളത്തിലെ പാര്‍ട്ടിയ്ക്ക് വലിയ മുതല്‍ക്കൂട്ടായിരുന്നു.
1964 - ലെ ഭിന്നിപ്പിനെ തുടര്‍ന്ന് ചിന്നിച്ചിതറിയ പാര്‍ട്ടി സംഘടനയെ ഏകോപിപ്പിച്ച് പുതിയ കരുത്ത് പകരാന്‍ ഏറ്റവും പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു എം.എന്‍. പുതിയ തലമുറയിലേക്ക് നേതൃത്വം കൈമാറാന്‍ എം.എന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രത്യേക താല്‍പര്യം കാണിച്ചു. മുതിര്‍ന്ന ധാരാളം നേതാക്കളുള്ളപ്പോഴാണ് 1967 - ലെ സപ്തകക്ഷി മുന്നണിയുടെ കണ്‍വീനര്‍മാരില്‍ ഒരാളായി വെളിയം ഭാര്‍ഗവനെ നിര്‍ദ്ദേശിച്ചത്. 1967- 69 ന്റെ അനുഭവങ്ങളില്‍ നിന്ന് രൂപപ്പെടുത്തിയ ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ മുഖ്യശില്‍പികളില്‍ ഒരാളാണ് അദ്ദേഹം.
1967 ല്‍ കൃഷിമന്ത്രി എന്ന നിലയിലും 70-77 ല്‍ വൈദ്യുതി, ഭവന നിര്‍മ്മാണം, ട്രാന്‍സ്‌പോര്‍ട്ട് എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രി എന്ന നിലയിലും പ്രാഗത്ഭ്യം തെളിയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇടുക്കി ജലവൈദ്യുത പദ്ധതിയിലൂടെ കേരളത്തെ വൈദ്യുതി മിച്ചസംസ്ഥാനമാക്കി എം.എന്‍ മാറ്റി. കേറിക്കിടക്കാന്‍ കൂരയില്ലാത്തവര്‍ക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ നടത്തിയ ശ്രമങ്ങളും കാര്‍ഷിക രംഗത്ത് യന്ത്രവല്കരണം നടപ്പാക്കാനുള്ള നീക്കങ്ങളും നെല്ല്, തെങ്ങ് കൃഷികളില്‍ ഉല്പാദനവര്‍ദ്ധനവിന് നടപ്പാക്കിയ പദ്ധതികളും മന്ത്രി എന്ന നിലയില്‍ എംഎന്റെ നിര്‍വ്വഹണശേഷിയുടെയും അദ്ദേഹം സ്വീകരിച്ച ശരിയായ മുന്‍ഗണനാക്രമത്തിന്റെയും നിദര്‍ശനങ്ങളാണ്. ലക്ഷംവീട് പദ്ധതി കേരളം കണ്ട ഏറ്റവും മികച്ച ജീവകാരുണ്യ സംരംഭമായിരുന്നു.
ദേവകീ പണിക്കര്‍
ആദ്യവസാനം കൊടിയ യാതനകള്‍ നിറഞ്ഞതായിരുന്നു ത്യാഗോജ്വലമായ ആ ജീവിതം. എം. എന്‍ ഒളിവിലിരിക്കുമ്പോള്‍ ജനിച്ച ആദ്യത്തെ കുഞ്ഞ് ആവശ്യമായ ചികിത്സ ലഭിക്കാതെ മരിക്കുകയായിരുന്നു. ആദ്യത്തെ കുഞ്ഞിനെ അവസാനമായി ഒന്നു കാണാന്‍ പോലും അദ്ദേഹത്തിനു കഴിഞ്ഞില്ല. വിവിധ രാജ്യങ്ങളില്‍ അംബാസഡര്‍, ബിക്കാനീര്‍ ദിവാന്‍ തുടങ്ങി അത്യുന്നതമായ നിരവധി പദവികള്‍ വഹിച്ച, തിരുവിതാംകൂറിലെ ഏറ്റവും വലിയ ഭൂസ്വത്തിന് ഉടമയായിരുന്ന സര്‍ദാര്‍ കെ.എം. പണിക്കരുടെ ഏകമകള്‍ ദേവകീ പണിക്കരായിരുന്നു എം. എന്റെ ഭാര്യ. 2020 മാര്‍ച്ച് പത്തിന് അവര്‍ ഡല്‍ഹിയില്‍ അന്തരിച്ചു. ഭാര്യയുടെ പേരിലുണ്ടായിരുന്ന അളവറ്റ സ്വത്തിലും തനിക്ക് പൈതൃകമായി കിട്ടിയ സ്വത്തിലും ഒരു പൈസയും ഒരു തരി മണ്ണും ബാക്കി വെക്കാതെ, എല്ലാം പാര്‍ട്ടിക്കുവേണ്ടി ത്യജിച്ച നേതാവായിരുന്നു എം.എന്‍.
ഇതു കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates