മലയാളികള്‍ മെച്ചപ്പെട്ട ഒരു സമൂഹമാണെന്നത് വെറുതെ പറയുന്നതാണ്

കരുണ നഷ്ടപ്പെട്ട ഒരു ആഭിചാരകനു മാത്രം ചിന്തിക്കാന്‍ കഴിയുന്ന കാര്യമാണ് ദൈവം ദിവ്യ കല്പനയിലൂടെ ഇബ്രാഹിം പ്രവാചകനോട് പറഞ്ഞത്
മലയാളികള്‍ മെച്ചപ്പെട്ട ഒരു സമൂഹമാണെന്നത് വെറുതെ പറയുന്നതാണ്

ചെറുപ്പത്തില്‍ ഞാന്‍ എത്രയോ തവണ  കേട്ടു  കരഞ്ഞ പാട്ടാണ്: 'ഉടനെ കഴുെത്തന്റെയറുക്കൂ ബാപ്പ' എന്നു തുടങ്ങുന്ന മാപ്പിളപ്പാട്ട്. ഇന്നും അതിലെ വരികള്‍ ഒരു ദു:സ്വപ്നം പോലെ എന്നെ വേട്ടയാടാറുണ്ട്. ദൈവകല്പന പ്രകാരം പ്രവാചകനായ ഇബ്രാഹിം മകന്‍ ഇസ്മാഈലിനെ ബലി നല്‍കാന്‍ പോകുന്ന ആ കഥ കേള്‍ക്കുമ്പോഴെല്ലാം ഞാന്‍ കരഞ്ഞു. ഇപ്പോഴുമതെ, അത് കേള്‍ക്കുമ്പോള്‍ കരച്ചില്‍ വരും. മക്കയിലെ 'മര്‍വാ' എന്ന കുന്നിന്‍പുറത്തേക്ക് ഇസ്മാഈല്‍ ഉപ്പയോടൊപ്പം നടന്നുപോകുന്ന ദൃശ്യമോര്‍ത്ത് കരയാത്തവരാരുണ്ടാവും? ഇസ്മാഈലിന്റെ കാലടിയില്‍നിന്ന് ഉറവയെടുത്ത 'സംസം' ഹാജറയുടെ കണ്ണീരാണ്.

കരുണ നഷ്ടപ്പെട്ട ഒരു ആഭിചാരകനു മാത്രം ചിന്തിക്കാന്‍ കഴിയുന്ന കാര്യമാണ് ദൈവം ദിവ്യ കല്പനയിലൂടെ ഇബ്രാഹിം പ്രവാചകനോട് പറഞ്ഞത്. എന്നാല്‍, താനൊരു ആഭിചാരകനല്ല എന്നത് ആ ബലി തടഞ്ഞതിലൂടെ ദൈവം മനുഷ്യവംശത്തെ എല്ലാ കാലത്തേക്കുമായി പഠിപ്പിച്ചു. അതിന്റെ ഓര്‍മ്മയാണ് മുസ്ലിങ്ങള്‍ ആഘോഷിക്കുന്ന  ബലി പെരുന്നാള്‍.

''നിരുപാധികമായ ദൈവ അനുസരണയാണ് ബലിയുടെ സന്ദേശ''മെന്ന് ഉസ്താദുമാര്‍   പറയുമെങ്കിലും, ദൈവം ഗോത്രീയമായ  ആഭിചാരം തടഞ്ഞതിന്റെ ഓര്‍മ്മയാണത്. എന്നാലും ദൈവം ഒരു കുഞ്ഞിനെ ബലിയറുക്കാന്‍ കല്പിച്ചത് ഹൊ, എന്തൊരു ധര്‍മ്മസങ്കടമാണ്! അതുകൊണ്ടാണ് 'ഉടനെ കഴുെത്തന്റെയറുക്കൂ ബാപ്പ' എന്ന പാട്ടുകേള്‍ക്കുമ്പോഴും ഓര്‍ക്കുമ്പോഴും സങ്കടം വരുന്നത്. ഒരു പിതാവിന്റെ വിദൂരമായ വന്യ സ്വപ്നങ്ങളില്‍  ചിന്തിക്കാന്‍ പോലും പറ്റുന്ന കാര്യമല്ല, പടച്ചവന്‍ പ്രവാചകനായ ഇബ്രാഹിമിനോട് പറഞ്ഞത്. മാടായിയിലെ കരീമാജിക്ക പണ്ട് പറഞ്ഞപോലെ, ''പടച്ചോനാരാ, മോന്‍. എന്തെങ്കിലും കാണാണ്ട് പറയോ? മന്ഷര് മന്ഷരെ കൊല്ലുന്നത് ഒഴിവാക്കാനല്ലേ ഓന്‍ ആടിനെ സ്വര്‍ഗ്ഗത്തിന്നിറക്കിയത്?''

പിന്നീട് ഷൂസെ സരമാഗുവിന്റെ 'കായേന്‍' എന്ന അത്ഭുതകരമായ നോവല്‍ വായിച്ചപ്പോള്‍ ദൈവവുമായി ബന്ധപ്പെട്ട  ഈ പ്രഹേളികകള്‍ക്കെല്ലാം എനിക്കുത്തരം കിട്ടി: 

''ദൈവം എല്ലാത്തിനും പോന്നവനാണ്. നല്ലതിനും ചീത്തയ്ക്കും അത്യന്തം മ്ലേച്ഛമായതിനും.'' 

ഷൂസെ സരമാഗു  ഗംഭീരമായ ആ നോവലില്‍ എഴുതുന്നു. അങ്ങനെയൊരു ദിവ്യകല്പന തനിക്കാണ് വന്നതെങ്കില്‍ താന്‍ ദൈവത്തോട് ഇങ്ങനെ പറയുമെന്ന് നോവലില്‍ കായേന്‍ ചിന്തിക്കുന്നു: ''ദൈവമേ, നീ പോയി നിന്റെ പണി നോക്ക് എന്ന് പറയും.''

ഉപേക്ഷിക്കേണ്ട അന്ധവിശ്വാസങ്ങള്‍

ദൈവപ്രീതിക്കായുള്ള നരബലിക്കുവേണ്ടി സ്വന്തം പുത്രനുമായി അബ്രഹാം നടത്തുന്ന യാത്രയും അബ്രഹാമും സെമിറ്റിക് വിശ്വാസപ്രകാരം ഭൂമിയിലെ ആദ്യ കൊലപാതകി  കായേനും തമ്മിലുള്ള സംഭാഷണവും ഷൂസെ സരമാഗുവിന്റെ നോവലില്‍ വായിക്കാം. നോവലില്‍ മനുഷ്യബലി തടയുന്നതില്‍ തന്ത്രപരമായി ഇടപെടുന്നത് കായേന്‍ ആണ്.

എന്തായാലും, മനുഷ്യനു പകരം ആടിനെ ഇറക്കി അബ്രഹാമിനോട് ബലി നല്‍കാന്‍ പറഞ്ഞതിലൂടെ, ഒരു ഗോത്രാചാരത്തെ ദൈവം എന്നേക്കുമായി റദ്ദാക്കിയതായിരിക്കാം. ക്രിസ്തുവിനും ഏകദേശം രണ്ടായിരം വര്‍ഷം മുന്‍പ് അബ്രഹാം പ്രവാചകനിലൂടെ സര്‍വ്വശക്തനായ ദൈവം റദ്ദാക്കിയതാണ് ചില ക്രൂരമനുഷ്യര്‍ ഇന്നും തുടരുന്നുവെന്നത്, ദൈവവിശ്വാസി എന്ന നിലയില്‍ എന്നെ ലജ്ജിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന് ഇതില്‍ ഒരു പങ്കുമില്ല.

ദൈവത്തിന്റെ നാള്‍വഴികളില്‍ എന്തും സംഭവിക്കാം. ഇതും ഇതിനപ്പുറവും. ഇലന്തൂരില്‍ നടന്ന നരബലിയില്‍ മലയാളികള്‍ ലജ്ജിക്കേണ്ടതുണ്ടോ? ഇല്ല എന്നാണ് ഒരു മലയാളി എന്ന നിലയില്‍ തോന്നുന്നത്. ആരെങ്കിലും ചെയ്യുന്ന ക്രൂരതകളുടെ അട്ടിപ്പേറ് ഒരു ജനത എന്ന നിലയില്‍ നാം പേറേണ്ടതില്ല. എത്രയോ നല്ല പുഴകളും മരങ്ങളും സിനിമകളും പാട്ടുകളും ഒക്കെ കണ്ട് സന്തോഷത്തോടെ ജീവിക്കുന്ന നമ്മള്‍ ആ കൊടും ക്രൂരതയില്‍ ലജ്ജിക്കേണ്ട ഒരു കാര്യവുമില്ല. പ്രകൃതികൊണ്ടു ദൈവം നമ്മെ അനുഗ്രഹിച്ചു. മനുഷ്യപ്രകൃതം ഇങ്ങനെയായതില്‍ നമ്മള്‍ എന്തിന് ദുഃഖിക്കണം? അത് ദൈവേച്ഛയല്ല. മനുഷ്യനെ ബലി നല്‍കുന്നത് പടച്ചവന്‍ തടഞ്ഞിട്ടുണ്ട്. ദൈവം ദിവ്യകല്പനയിലൂടെ കല്പിക്കുകയും ദൈവം തന്നെ തടയുകയും ചെയ്ത ഒരേയൊരു സംഭവമതാണ്.

യുക്തിബോധം വെച്ച് നമുക്കതിനെ കാണാം. യുക്തിബോധമുള്ള ഒരു സമൂഹമാണ് മലയാളികള്‍ എന്ന തെറ്റിദ്ധാരണകള്‍ കൊണ്ടാണ് നമുക്കതില്‍ ലജ്ജിക്കണം എന്നൊക്കെ തോന്നുന്നത്. ആ കൊടും ക്രൂരതയുടെ പിന്നില്‍ പ്രവര്‍ത്തിച്ച വികാരം അന്ധവിശ്വാസം പോലുമല്ല, യുക്തിയാണ് അതിന്റെ പിന്നിലെ കാരണം. അതായത് ഒരു സമൂഹം എന്ന നിലയില്‍ നാം തലയിലിടുന്ന കിരീടം, വ്യാജവും കെട്ടുകാഴ്ചയ്ക്കപ്പുറം വാസ്തവങ്ങളുമായി ബന്ധമില്ലാത്തതുമാണ്. നമുക്കത് ഇങ്ങനെ ചിന്തിച്ചു നോക്കാം:

യുക്തി ഒന്ന്: നമ്മള്‍ ഒരു സാക്ഷര സമൂഹമാണെന്നു വിശ്വസിക്കുന്നു.

യുക്തി രണ്ട്: നമ്മള്‍ ഒരു ഇടതുപക്ഷ സമൂഹമാണെന്നു വിശ്വസിക്കുന്നു.

യുക്തി മൂന്ന്: നമ്മള്‍ ഒരു ആധുനിനോകത്തര സമൂഹമാണെന്നു വിശ്വസിക്കുന്നു.

യുക്തി നാല്: നമ്മള്‍ ഒരു നവോത്ഥാന സമൂഹമാണെന്നു വിശ്വസിക്കുന്നു.

യുക്തി അഞ്ച്: നമ്മള്‍ മാതൃകാ സമൂഹമാണെന്നു വിശ്വസിക്കുന്നു.

യുക്തി ആറ്: നമ്മള്‍ ഒരു ശാസ്ത്രസമൂഹമാണെന്നു വിശ്വസിക്കുന്നു.

യുക്തി ഏഴ്: നമ്മള്‍ ഒരു ലോകോത്തര സമൂഹമാണെന്നു വിശ്വസിക്കുന്നു.

യുക്തി എട്ട്: മതങ്ങള്‍ വഴി വെളിച്ചമാണ് എന്നു വിശ്വസിക്കുന്നു.

എന്നാല്‍, നാം അഭിമാനകരമായി പറയുന്ന ഈ യുക്തികളെല്ലാം വിശ്വാസം മാത്രമാണ്. ശരിക്കും നാം ശാസ്ത്രത്തില്‍ വിശ്വസിക്കുന്നില്ല, ദൈവത്തിലും വിശ്വസിക്കുന്നില്ല, പുരോഗമനത്തിലും വിശ്വസിക്കുന്നില്ല. മലയാളികള്‍ മെച്ചപ്പെട്ട ഒരു സമൂഹമാണെന്നത് വെറുതെ പറയുന്നതാണ്. ഈ കാലവും 'ഞാന്‍ സ്ത്രീധനം വാങ്ങില്ല' എന്ന് പോസ്റ്ററെഴുതുന്ന സമൂഹത്തിലെ മനുഷ്യരാണവര്‍. സ്ത്രീധനം വാങ്ങുന്ന ചെറുപ്പക്കാരുടേയും ഒറ്റയ്ക്കു നടക്കുമ്പോള്‍ മാത്രമല്ല, കൂട്ടത്തില്‍ നടക്കുന്ന പെണ്ണിനേയും ലജ്ജയില്ലാതെ തോണ്ടുകയും ചെയ്യുന്ന പുരുഷന്മാരുടെ സമൂഹമാണത്. റോഡില്‍ കര്‍ക്കിച്ചുതുപ്പുന്ന മനുഷ്യര്‍ ജീവിക്കുന്ന ഇടം. പരസ്പരം വെറുക്കാന്‍ പഠിപ്പിക്കുന്നവരുടെ ഇടം.

ദൈവം റദ്ദാക്കിയത് മനുഷ്യര്‍ തുടരുന്നതിന്റെ വിപത്താണ് നാം കാണുന്നത്. ഷൂസെ സരമാഗുവിന്റെ നോവലില്‍, ഭൂമുഖത്ത് അവശേഷിക്കുന്ന ഒരേയൊരാള്‍ കായേന്‍ ആണ്. കായേന്റെ വംശമാണ്, മനുഷ്യവംശം. കൊലപാതകി. സ്വസഹോദരന്റെ ഘാതകന്‍. അതുകൊണ്ട് 'നരബലിക്കെതിരെ, അന്ധവിശ്വാസങ്ങള്‍ക്കെതിരെ' കാമ്പയിനുമായി വരുന്നവര്‍, ആദ്യം നാം പുരോഗമന സമൂഹമാണെന്ന നാട്യം ഉലപക്ഷിക്കുക. നാം ഒരു ഗോത്ര സമൂഹമാണ്. ഈ കാലത്തും അങ്ങനെയൊരു കാമ്പയിന്‍ നടത്തേണ്ടി വരുന്നത് ഗോത്രീയമായ രീതികള്‍ പൊലിവായി പറയുന്നതുകൊണ്ടാണ്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com