കൊച്ചുണ്ണിയെ പിടിച്ചത് വേലായുധപ്പണിക്കരോ? 'പത്തൊന്‍പതാം നൂറ്റാണ്ടി'ലെ  ചരിത്രത്തിലേക്കു നോക്കുമ്പോള്‍ 

ഗുരുവിനെ മഹാത്മ ഗാന്ധിജിയോട് ഉപമിക്കുകയാണെങ്കില്‍ വേലായുധപ്പണിക്കര്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ആണെന്ന് പറയാം
പത്തൊന്‍പതാം നൂറ്റാണ്ട് പോസ്റ്റര്‍/ഫെയ്‌സ്ബുക്ക്‌
പത്തൊന്‍പതാം നൂറ്റാണ്ട് പോസ്റ്റര്‍/ഫെയ്‌സ്ബുക്ക്‌

സംസ്ഥാന സര്‍വീസിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളെതെരെഞ്ഞെടുക്കുന്നതിന് കേരള പബ്‌ളിക് സര്‍വീസ് കമ്മീഷന്‍ ഇക്കാലമത്രയും നടത്തി വന്ന മത്സരപ്പരീക്ഷകളില്‍ കഴിഞ്ഞ കാലങ്ങളില്‍ പലകുറിവന്നിട്ടുള്ള ഒന്നാണ് കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷി ആരെന്ന ചോദ്യം. ഇതിന് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്നു കൃത്യമായി ഉത്തരം നല്‍കിയവര്‍ വിരളമായിരിക്കും. പക്ഷെ കഴിഞ്ഞ തിരുവോണ നാളില്‍ റിലീസ് ചെയ്ത,ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്ത 'പത്തൊമ്പതാം നൂറ്റാണ്ട്'എന്ന ബിഗ്ബജറ്റ് സിനിമ ചരിത്രം വിസ്മരിച്ചആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന അതിസാഹസികനായ നവോത്ഥാന നായകനെ കൃത്യമായി അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. തന്നെയുമല്ലപത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തെക്കുറിച്ച് കേരളീയ പൊതുമണ്ഡലത്തിന്സാമാന്യം നല്ലൊരുധാരണ നല്‍കാനും സിനിമ വഴിയൊരുക്കിയെന്നതില്‍സംശയമില്ല. സംവിധായകന്‍ വിനയനും ഇത്തരമൊരു ചിത്രം നിര്‍മ്മിക്കാന്‍ സധൈര്യംമുന്നോട്ട് വന്ന ഗോകുലം ഗോപാലനും നിശ്ചയമായും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. വേലായുധപ്പണിക്കരെ അവതരിപ്പിച്ച സിജു വില്‍സണും നങ്ങേലിയായി വേഷമിട്ട കയാദു ലോഹറും സിനിമയില്‍ തിളങ്ങി നില്‍ക്കുന്നു. പണിക്കരുടെ മുത്തച്ഛനായ പെരുമാളിനെ വളരെ മനോഹരാമയി അവതരിപ്പിച്ച നിര്‍മ്മാതാവ് കൂടിയായ ഗോകുലം ഗോപാലന്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. ചെമ്പന്‍ വിനോദിന്റെ അഭിനയത്തികവില്‍ വേറിട്ട കായംകുളം കൊച്ചുണ്ണിയെയാണ് പ്രേക്ഷകര്‍ക്ക് അനുഭവിക്കാനായത്.


കഴിഞ്ഞ നൂറ്റാണ്ടുകളില്‍ നിലനിന്നിരുന്ന ജാതി വിവേചനവും അതിനെതിരായ ചെറുത്ത് നില്‍പ്പുംപ്രമേയമായ നിരവധി സിനികമള്‍ മുന്‍കാലങ്ങളില്‍ പലപ്പോഴായി വന്നിട്ടുണ്ടെങ്കിലും അവയിയിലൊന്നും തന്നെ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍തീരെപരാമള്‍ശിക്കപ്പെട്ടില്ല. കേരളീയ നവേത്ഥാനത്തിന്റെ പിതാവ് ആരെന്ന ചോദ്യത്തിന് നിസംശയം ശ്രീനാരായണഗുരുവിനെ തന്നെയാണ് എല്ലാവരും ഉയര്‍ത്തിക്കാണിക്കുന്നത്. നിശ്ചയമായും ഗുരു മുന്നോട്ട് വെച്ചമതാതീതമായ ആത്മീയതയും ഭൗതികതയും കൃത്യമായി സമന്വയിപ്പിക്കുന്ന സമഗ്രവും സര്‍വ്വതല സ്പര്‍ശിയുമായ ദീര്‍ഘവീക്ഷണത്തോടെയുള്ള ചിന്താപദ്ധതികള്‍ തന്നെയാണ് കേരള നവോത്ഥാനത്തിന് വഴിയൊരുക്കിയത്എന്നതില്‍ സംശയമില്ല.

ആറാട്ടുപുഴ വേലായുധ ചേകവര്‍ എന്നും മംഗലം വേലായുധപ്പെരുമാള്‍ എന്നും അറിയപ്പെട്ടിരുന്ന വേലായുധ പണിക്കര്‍ എങ്ങനെ കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായി മാറിയെന്നതിനെ കുറിച്ച് പൊതുസമൂഹത്തിന് വേണ്ടത്ര അറിവ് ലഭിച്ചിട്ടില്ലെന്നകാര്യം വസ്തുതതന്നെയാണ്. ഒരുവിധത്തിലുള്ളന്യായീകരണവും അതിനെ സാധൂകരിക്കുകയില്ല. വേലായുധ പണിക്കരുടെ അതിസാഹസികമായ ജീവചരിത്രം വിശദീകരിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ പലരും രചിച്ചിട്ടുണ്ട്. അതൊന്നും തന്നെ പൂര്‍ണമായും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന തരത്തിലുള്ളവയാണെന്ന് പറയുവാനും കഴിയുകയില്ല. കേരളമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടുന്ന വിധത്തില്‍ അവയൊന്നും തന്നെ എത്തപ്പെട്ടിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും.

അതേസമയം വിനയന്‍ സംവിധാനം ചെയ്ത'പത്തൊമ്പതാം നൂറ്റാണ്ടി'ല്‍ മുഖ്യ കഥാപാത്രമായി അവതരിപ്പിക്കപ്പെട്ട വേലായുധപ്പണിക്കരെ കൂടാതെയുള്ള പ്രധാന കഥാപാത്രങ്ങളായ കായംകുളം കൊച്ചുണ്ണിയെ കുറിച്ച് നിരവധി സിനിമകളും സീരിയലുകളും നാടകങ്ങളും ജീവചരിത്ര ഗ്രന്ഥങ്ങളും ചിത്രകഥകളും പുറത്ത് വന്നിട്ടുണ്ട്. നങ്ങേലിയെ കുറിച്ച്ഒട്ടനവധി ലേഖനങ്ങളും പ്രബന്ധങ്ങളും പുസ്തകങ്ങളും  പ്രഭാഷണങ്ങളും ചിത്രപ്രദര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്. മലയാളത്തില്‍ ലഘു നാടകങ്ങളും ഡോക്യുമെന്റികളും വന്നിട്ടുണ്ട്. എന്തിനേറെ ഹിന്ദിയിലടക്കം ഹ്രസ്വചിത്രം വരെ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.

നങ്ങേലി എന്ന ഒരു സ്ത്രീ ജീവിച്ചിരുന്നേയില്ലെന്നും അതൊരു മിത്ത് മാത്രമാണ് എന്നും വാദിക്കുന്ന ചിലര്‍ സജീവമായി രംഗത്തുള്ളപ്പോള്‍ രണ്ട് നൂറ്റാണ്ട് മുമ്പുള്ള സാമൂഹിക അന്തരീക്ഷത്തെ കൃത്യമായി ചിത്രീകരിക്കുന്ന സിനിമയില്‍ നങ്ങേലിയെ ഒരു കഥാപാത്രമായി അവതരിപ്പിക്കുന്നതില്‍ വിനയന്‍ കാണിച്ച ബ്രില്യന്‍സ് അഭിനന്ദനാര്‍ഹമാണ്. വളരെ ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളകുടുംബത്തില്‍ പിറന്നുവെങ്കിലും പിന്നാക്ക വിഭാഗത്തില്‍ പെട്ടതിനാല്‍ഇവിടെ നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥയുടെ ഭാഗമായി വേലായുധ ചേകവരുടെ കുടുംബത്തെ സവര്‍ണ സമുദായങ്ങള്‍ അയിത്തം കല്‍പ്പിച്ച് അകറ്റി നിര്‍ത്തിയിരുന്നു. ചേകവരുടെ മുത്തച്ഛന്‍ വലിയധനവാനായിരുന്ന പെരുമാളച്ചന്റെകാലത്ത്തന്നെ വിദേശരാജ്യങ്ങളിലേക്ക് സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റുമതി ചെയ്യുമായിരുന്നു. 19ഓളം പായ്ക്കപ്പലുകള്‍ കുടുംബത്തിന് സ്വന്തമായിഉണ്ടായിരുന്നു. ആനയും കുതിരയുമൊക്കെയുള്ള സമ്പന്നമായ ഈഴവ കുടുംബത്തില്‍ പിറന്ന വേലായുധന്‍ (1825 - 1874)ചെറുപ്പത്തില്‍ തന്നെ മലയാളം,സംസ്‌കൃതം,തമിഴ് തുടങ്ങിയ ഭാഷകളിലുംആയുര്‍വ്വേദം,ജ്യോതിഷം,വ്യാകരണ ശാസ്ത്രം തുടങ്ങിയവയിലുംകൂടാതെഗുസ്തിയും കളരിയുമടക്കമുള്ള ആയോധനകലകളിലും പ്രാവീണ്യം നേടിയിരുന്നു.

കേവലം49ാം വയസ്സില്‍ വേലായുധപണിക്കരെശത്രുക്കള്‍ ചതിയിലൂടെ കൊലപ്പെടുത്തുന്ന സമയത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രായം18വയസ്സ് മാത്രം. അതുപോലെ വേലായുധപ്പണിക്കര്‍ സവര്‍ണരുടെ വിലക്കുകള്‍ അവഗണിച്ച്1852ല്‍ ചെറുവാരണത്ത് ശിവപ്രതിഷ്ഠ നടത്തുേമ്പാള്‍ നാരായണ ഗുരുജനിച്ചിട്ടേയില്ല.1853ല്‍ ചേര്‍ത്തല തണ്ണീര്‍മുക്കം ചെറുവാരണംകരയിലും അദ്ദേഹം ശിവക്ഷേത്രനിര്‍മാണം നടത്തിയിട്ടുണ്ട്. 1855ല്‍വാരണപ്പള്ളിയിലും ചേകവര്‍ സമാനമായ രീതിയില്‍ ക്ഷേത്രം സ്ഥാപിച്ചു. പില്‍ക്കാലത്ത് യുവാവായ നാരായണ ഗുരുവാരണപ്പള്ളിയില്‍ വിദ്യാഭ്യാസത്തിന് എത്തിയ വേളയില്‍ ഈ ക്ഷേത്രങ്ങളില്‍ പതിവായി പോകുമായിരുന്നു. വേലായുധപ്പണിക്കരുടെഏഴ് ആണ്‍മക്കളില്‍ ഒരാളായ കുഞ്ഞ്കുഞ്ഞ് പണിക്കര്‍അക്കാലത്ത് വാരണപ്പള്ളിയില്‍ ഗുരുവിന്റെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്നു. കെ.കരുണാകരന്‍, എ.കെ.ആന്റണി മന്ത്രി സഭകളില്‍ ധനമന്ത്രിയും പി.എസ്.സി ചെയര്‍മാനുമായിരുന്ന എം.കെ.ഹേമചന്ദ്രന്‍ കുഞ്ഞ്കുഞ്ഞ് പണിക്കരുടെ കൊച്ചുമകനാണ്. പില്‍ക്കാലത്ത് അരുവിപ്പുറം പ്രതിഷ്ഠ അടക്കമുള്ള ധീരമായ ഇടപെടലുകളിലേക്ക് നാരായണഗുരുവിന് ശക്തമായ പ്രേരണ നല്‍കിയത് വേലായുധപ്പണിക്കരായിരുന്നുവെന്നതില്‍ സംശയം വേണ്ട. ഗുരുവിനെ മഹാത്മ ഗാന്ധിജിയോട് ഉപമിക്കുകയാണെങ്കില്‍ വേലായുധപ്പണിക്കര്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ആണെന്ന് പറയാം.

ശബരിമല സ്ത്രീ പ്രവേശ വിഷയത്തില്‍ കേരളത്തില്‍ നവോത്ഥാന ചര്‍ച്ചകള്‍ പൊടിപൊടിക്കവെയാണ് സവര്‍ണ്ണ ജാതിമേധാവിത്വത്തിനെതിരെ പടപൊരുതിയ മധ്യതിരുവിതാംകൂറിലെ വീരപുരുഷനാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന യാഥാര്‍ത്ഥ്യം പലരും മനസ്സിലാക്കുന്നത്. ആലപ്പുഴയില്‍ നടന്ന പൊതുയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വേലായുധപ്പണിക്കരുടേയും ചേര്‍ത്തലയിലെ നങ്ങേലിയുടേയും പേര് പ്രസംഗത്തില്‍ അനവധി തവണ എടുത്ത് പറയുകയുണ്ടായി.
പണിക്കര്‍ക്ക് ഉചിതമായ സ്മാരകം പണിയുമെന്ന പ്രഖ്യാപനം ഇത് വരെ പ്രാവര്‍ത്തികമായിട്ടില്ല. പണിക്കര്‍ ബാല്യവും യൗവ്വനവും ചെലവഴിച്ച ആലപ്പുഴ ജില്ലയിലെ മംഗലം എന്ന ദേശത്തെ കല്ലശ്ശേരില്‍ എന്ന എട്ട് കെട്ടും മൂന്ന് പടിപ്പുരകളും നിരവധി അറകളുമൊക്കെയുള്ള പഴയ വീട് ഇന്ന് നാശത്തിന്റെ വക്കിലാണ്. പ്രദേശത്തെ പണിക്കരുടെ പ്രതിമ മാത്രമാണ് ഓര്‍മ്മ നിലനിര്‍ത്താനുള്ള ഏക വസ്തു.

പത്തൊമ്പതാം നൂറ്റാണ്ടിലെ മധ്യതിരുവിതാംകൂറിലെ കേരളത്തെ കുറിച്ചാണ്'പത്തൊമ്പതാം നൂറ്റാണ്ട്'എന്നും ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന ധീരപുരുഷനെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി അല്ല അതെന്നുംസിനിമ പുറത്ത് വന്ന പല അഭിമുഖങ്ങളിലും സംവിധായകന്‍ വിനയന്‍ ആവര്‍ത്തിക്കുകയുണ്ടായി. വേലായുധപ്പണിക്കരുടെ സമകാലികനും സമീപനാട്ടുകാരനുമായ കായംകുളം കൊച്ചുണ്ണിയെന്ന തസ്‌ക്കര വീരനും സിനിമയില്‍ കടന്നു വരുന്നുണ്ട്. മോഷ്ടാവാണെങ്കിലും പാവപ്പെട്ടവരെ സഹായിച്ചത്വഴി ഇന്നു പോലും നിരവധി ആരാധകരും വിശ്വാസികളു (പത്തനംതിട്ട ജില്ലയില്‍ കൊച്ചുണ്ണി പ്രധാന പ്രതിഷ്ഠയായി ഹിന്ദു ക്ഷേത്രമുണ്ട്)മുള്ള കായംകുളം കൊച്ചുണ്ണിയും തമ്മില്‍ പലപ്പോഴായി ഇടഞ്ഞിട്ടുണ്ട് എന്ന് പറയുന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കു തരണനല്ലൂര്‍ നമ്പൂതിരിപ്പാട് കൊണ്ടുപോയ സാളഗ്രാമവും തിരുവിതാംകൂര്‍ മഹാരാജാവിന്റെ രത്‌നവും കായംകുളം കായലില്‍ വെച്ച്കൊള്ളക്കാര്‍ അപഹരിച്ച സംഭവം ചരിത്രത്തിലുണ്ട് .തിരുവിതാംകൂര്‍ പൊലീസും ബ്രിട്ടീഷ് പട്ടാളവും തലകുത്തി അന്വേഷിച്ചിട്ടും യാതൊരു തുമ്പും കിട്ടിയില്ല. സാളഗ്രാമവും രത്‌നവും കണ്ടുപിടിച്ച് നല്‍കണമെന്ന തിരുവിതാംകൂര്‍ മഹാരാജാവിന്റെ അഭ്യര്‍ഥന വേലായുധപണിക്കര്‍ പലകുറി തള്ളിക്കളയുന്നുണ്ട്. എന്നാല്‍ നിര്‍ബന്ധത്തിന് വഴങ്ങിതന്റെ ആള്‍ബലവുംശക്തിയും ധൈര്യവുമുള്‍പ്പെടെയുള്ള കഴിവുകളും ഉപയോഗിച്ച് രത്‌നവും സാളഗ്രാമവും പിടിച്ചെടുത്ത് രാജാവിന് നല്‍കിയെന്നും ചരിത്രം പറയുന്നുണ്ട്. ഇതിന്റെ പേരില്‍ തിരുവിതാംകൂര്‍ മഹാരാജാവ് വീരശൃംഖല നല്‍കി പണിക്കരെ ആദരിച്ചുവെന്നും പറയുന്നു.

അത് പോലെശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് കൊണ്ട്‌പോയ സാളഗ്രാമം മോഷ്ടിച്ചത്കുപ്രസിദ്ധ തസ്‌ക്കര വീരനായ കായംകുളം കൊച്ചുണ്ണിയാണെന്നും മഹാരാജാവിന്റെ അഭ്യര്‍ത്ഥന പ്രകാരം പണിക്കരാണ് കൊച്ചുണ്ണിയെ പിടികൂടിയതെന്നുമുള്ളവേറേയുംകഥകളും പ്രചാരത്തിലുണ്ട്. കായംകുളം കൊച്ചുണ്ണിയെ പിടിച്ചുകൊടുത്തത് വേലായുധപ്പണിക്കാരായിരുന്നുവെന്ന് അര്‍ത്ഥശങ്കക്ക് ഇടയില്ലാത്ത വിധം തെളിയിക്കുന്ന രേഖകളൊന്നും തന്നെ ലഭ്യമല്ല. അതേ പോലെ തന്നെ കൊച്ചുണ്ണി നടത്തിയ കൊലപാതകവും മോഷണങ്ങളും സംബന്ധിച്ച് കണ്ടെടുക്കപ്പെട്ട രേഖകളില്‍ ഒന്നും തന്നെ സാളഗ്രാമം മോഷ്ടിച്ചത് കൊച്ചുണ്ണിയാണ് എന്ന് പറയുന്നുമില്ല. പക്ഷെ അത്തരമൊരു മോഷണം നടത്താനുള്ള ധൈര്യം അന്ന് കൊച്ചുണ്ണിക്ക് മാത്രമാണ് ഉണ്ടായിരുന്നുള്ളൂവെന്ന കാര്യത്തില്‍ ആര്‍ക്കും തന്നെ എതിരഭിപ്രായമില്ല. കൊച്ചുണ്ണിയാണ് മോഷണം നടത്തിയത് എന്നതിന് യാതൊരു തെളിവുമില്ലാത്ത സ്ഥിതിക്ക് ഒരു പക്ഷെ അത്തരമൊരു മോഷണത്തിെന്റ ഉത്തരവാദിത്തം കുബുദ്ധികളായ അധികാരികള്‍ കൊച്ചുണ്ണിയുടെ തലയില്‍ കെട്ടിവെച്ചതാകാനെ തരമുള്ളൂ. കാരണം സാളഗ്രാമം പോലെ വിലപിടിച്ച സാധനങ്ങള്‍ കൊണ്ട് പോകുന്നഅതീവ രഹസ്യമായവിവരങ്ങള്‍കൊച്ചുണ്ണിക്ക് ലഭിക്കാനുള്ള സാധ്യതയില്ല. ഇനി ലഭിച്ചുവെങ്കില്‍ തന്നെ അത് ആരെങ്കിലും ചോര്‍ത്തി കൊടുക്കണം.ഫലത്തില്‍ മോഷണത്തിന്ഒത്താശ ചെയ്തത് രാജാവുമായി അടുപ്പമുള്ള ചിലരാണ് എന്ന് വ്യക്തം. ഒരു പക്ഷെ ഇവര്‍ കൊച്ചുണ്ണിയെഅതിനായിഉപയോഗപ്പെടുത്തിയിട്ടുണ്ടാകാം. സിനിമയില്‍ മോഷണ മുതല്‍ പങ്കു വെക്കുന്ന കാര്യത്തില്‍ കൊച്ചുണ്ണിയോടൊപ്പം കൊട്ടാരവുമായി അടുപ്പമുള്ളവരും വിദേശികളും കടന്നുവരുന്നുണ്ട്. കൃത്രിമ തെളിവുകള്‍ കണ്ടുപിടിക്കാന്‍ കഴിയുന്ന ശാസ്ത്ര സാങ്കേതിക വിദ്യകള്‍ നിലവിലുള്ള ഇക്കാലത്ത്പോലും കാണാമറയത്ത് നടക്കുന്ന പല കൊള്ളയും കൊലയുമൊക്കെ പലരുടേയും പേരില്‍ ചാര്‍ത്തികൊടുക്കുന്ന പതിവ് അധികാരികളും പൊലീസും നിര്‍ബാധം തുടരുമ്പോള്‍ ഈ സംഭവത്തില്‍ കൊച്ചുണ്ണിയെ മറയാക്കി മറ്റുപലരും നടത്തിയ മോഷണമാണ് ഇതെന്ന് വ്യാഖ്യാനിക്കുന്നതില്‍ തെറ്റില്ല.

കൊച്ചുണ്ണിയുടെ ജീവിതത്തേയും പ്രചാരത്തിലുള്ള കഥകളെയും കുറിച്ച് ആഴത്തില്‍ പഠിച്ച പൊലീസ് ഉദ്യോഗസ്ഥനായ ഡോ.നസീം പറയുന്നത് കൊച്ചുണ്ണിയെ പിടിച്ച് കൊടുത്തത് പണിക്കരാകാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ്. പണിക്കരേയും കൊച്ചുണ്ണിയേയും താരതമ്യം ചെയ്യാനാവില്ലെങ്കിലും രണ്ടുപേരും സവര്‍ണ്ണ സമുദായക്കാരുടെ എതിര്‍പ്പ് നേരിട്ടിരുന്നവരാണ്എന്ന വസ്തുതഅദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. കൊച്ചുണ്ണിയെ ഒറ്റിക്കൊടുത്തത് നായര്‍ സമുദായത്തില്‍ പെട്ട ഒരാളാണെന്നും പേര് സഹിതം ഡോ.നസീം പറയുന്നുണ്ട്. കൊച്ചുണ്ണിയെ കുറിച്ച്അദ്ദേഹം രചിച്ച ബൃഹദ് ഗ്രന്ഥം പ്രകാശനത്തിന് ഒരുങ്ങുന്നതായി അറിയുന്നു.

മോഷ്ടിച്ച് കിട്ടുന്ന പണം പാവങ്ങള്‍ക്ക് നല്‍കുന്ന കൊച്ചുണ്ണിയുടെ പ്രവൃത്തി അധാര്‍മ്മികമാണെന്ന് സിനിമയില്‍ വേലായുധ പണിക്കര്‍ പറയുന്നുണ്ട്. കൊച്ചുണ്ണിയെ പിടിച്ചുകൊടുത്തത് വേലായുധപ്പണിക്കരാണെന്ന് സിനിമയില്‍ കാണിക്കുന്നത് കലാകാരനെന്ന നിലയില്‍ താന്‍ എടുത്ത സ്വാതന്ത്ര്യമാണെന്നും സംവിധായകന്‍ വിശദീകരിക്കുന്നുണ്ട്. പണിക്കര്‍ സ്ഥാനം വേലായുധ ചേകവന് മഹാരാജാവില്‍ നിന്ന് ലഭിക്കുന്നതും അതിനെ തുടര്‍ന്നാണ് എന്നും സിനിമയിലുണ്ട്. പക്ഷെ മധ്യ തിരുവിതാംകൂറിലെ സാമ്പത്തികമായി ഉയര്‍ന്ന നിരവധി ഈഴവര്‍ക്കും പണിക്കര്‍ എന്ന പേര് അല്ലാതെ തന്നെയുണ്ട്. ഏതായാലും വേലായുധപ്പണിക്കരെ വകവരുത്തിയതിന് പിന്നില്‍ അദ്ദേഹം രാജാവുമായി അടുക്കുന്നത്ഇഷ്ടമില്ലാത്ത രാജാവിനോട് അടുത്ത് നില്‍ക്കുന്നവരായ ചിലരാണ് എന്നു സിനിമയില്‍ വ്യക്തമായി കാണിക്കുന്നുണ്ട്. അത് തന്നെയാണ് സംഭവിച്ചിട്ടുള്ളത് എന്നാണ് പണിക്കരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊതുവെ പ്രചാരത്തിലുള്ള കഥകളും പറയുന്നത്. 

പണിക്കര്‍ ഏറെ വിശ്വസിച്ചിരുന്ന അത്ര അകന്നതല്ലാത്ത ഒരുബന്ധു ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന പണിക്കരെ ഗാഢനിദ്രയില്‍ കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ആയോധന കലയില്‍ ശക്തനായ പണിക്കര്‍ തിരിച്ച് ഇയാളെ വകവരുത്തിയെന്നും പറയുന്നു. ഈ വ്യക്തിയെ നാട്ടില്‍ വിളിച്ചിരുന്നത്'തൊപ്പിയിട്ട കിട്ടന്‍'എന്നാണ്. മിക്കവാറും കൃഷ്ണന്‍ എന്നത് ലോപിച്ചായിരിക്കും കിട്ടന്‍ എന്ന പേരുണ്ടായത്. തൊപ്പിയിട്ടു എന്നതിന് അര്‍ത്ഥം മുസ്ലീം ആയി മതപരിവര്‍ത്തനം ചെയ്തു എന്നാണ്. കായംകുളത്തെ ചില മുസ്ലീംകളാണ് മതപരിവര്‍ത്തനത്തിന് പിന്നിലെന്നും പറയുന്നു. അക്കാലത്ത് മധ്യതിരുവിതാംകൂറില്‍ വ്യാപാരത്തില്‍ സജീവമായിരുന്നത് മുസ്ലീംകളും ഈഴവരുമാണ്. സ്വാഭാവികമായി ഇരു സമുദായങ്ങളും തമ്മില്‍ പലപ്പോഴും ശത്രുത ഉടലെടുക്കുവാനുള്ള സാധ്യതയുമുണ്ട്. ഈ അകല്‍ച്ചയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഭിന്നിപ്പിച്ച് ഭരിക്കുന്നതില്‍ കേമന്മാരായ കൂട്ടര്‍ എരിതീയില്‍ എണ്ണയൊഴിച്ച് ഇതിനെ സമര്‍ത്ഥമായി ദുരുപയോഗം ചെയ്തിട്ടുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഇംഗ്ലണ്ടിലെപ്രശസ്തമായ സസക്‌സ് സര്‍വ്വകലാശാലയിലെ നരവംശശാസ്ത്ര ദക്ഷിണേഷ്യന്‍ പഠന വിഭാഗം പ്രൊഫസറായ ഡോ. ഫിലിപ്പോ ഒസെല്ലയും ജീവിത പങ്കാളിയായ കരോലിന്‍ ഒസെല്ലോയും വര്‍ഷങ്ങളോളം കേരളത്തില്‍ താമസിച്ച് നിരവധി പേരെ കണ്ട് തയ്യാറാക്കിയ'സോഷ്യല്‍ മൊബിലിറ്റി ഇന്‍ കേരള;മോഡേണിറ്റി ആന്റ് ഐഡന്റിറ്റി ഇന്‍ കോണ്‍ഫ്‌ളിക്റ്റ്'എന്ന ഗവേഷണ പ്രബന്ധത്തില്‍ ആറാട്ടുപുഴ വേലായുധപണിക്കരെ കുറിച്ച് പരാമര്‍ശമുണ്ട്. നിലവില്‍ ഇന്റര്‍നെറ്റില്‍ ലഭിക്കുന്ന വിവരങ്ങളില്‍ പണിക്കരെ നാരായണഗുരുവിന് മുേമ്പ നടന്ന മഹാനായി ഒസെല്ലോ ദമ്പതികള്‍ കണ്ടെത്തിയ കാര്യങ്ങളില്‍ വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മാറ്റങ്ങളെ കുറിച്ച് മൂന്ന് പതിറ്റാണ്ടിലേറെയായിഫിലിപ്പോ ഒസെല്ലോ ആദ്യം തയ്യാറാക്കിയ പ്രബന്ധത്തില്‍ ഭീമമായ അബന്ധങ്ങള്‍ കടന്നുകൂടിയിരുന്നു. ഗവേഷണത്തിെന്റ ഭാഗമായി സ്വകാര്യത നില നിര്‍ത്താനായി പ്രദേശത്തിന്റെ പേര് ബോധപൂര്‍വ്വം വെളിപ്പെടുത്തിയില്ലെങ്കിലും ആലപ്പുഴയിലെ ചെന്നിത്തലയില്‍ താമസിച്ചാണ് അദ്ദേഹവും പത്‌നിയും ഈഴവരെ കുറിച്ചുള്ളഗവേഷണം നടത്തിയത് എന്ന കാര്യം വ്യക്തമാക്കപ്പെട്ടിരുന്നു. ചെന്നിത്തലയും ആറാട്ടുപുഴയും തമ്മിലുള്ള ദൂരം കേവലം22കിലോമീറ്ററില്‍ താഴെ മാത്രമാണ്. എന്നാല്‍ എന്തുകൊണ്ടോ ഫിലിപ്പോയും കരോലിനും ഒസെല്ലോ ആദ്യം രേഖപ്പെടുത്തിയ വിവരങ്ങളില്‍ പണ്ടെങ്ങോ ജീവിച്ചിരുന്ന സാങ്കല്‍പ്പിക കഥാപാത്രം കണക്കെയായിരുന്നു വേലായുധപ്പണിക്കരെ അവതരിപ്പിച്ചത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുകയുണ്ടായി. വേലായുധ പണിക്കരുടെ യഥാര്‍ത്ഥ ചരിത്രം അറിയാവുന്ന അക്കാദമിക പണ്ഡിതര്‍ പ്രൊഫസര്‍ ഒസെല്ലയോട് നേരിട്ട് അക്കമിട്ട് കാര്യം ബോധ്യപ്പെടുത്തി കൊടുത്തു. കൂടുതല്‍ ന്യായീകരണം ഒന്നും നടത്താതെ തനിക്ക് ലഭിച്ച തെറ്റായ വിവരങ്ങളാണ് അത്തരം ഒരു പിഴവിന് വഴിയൊരുക്കിയത് എന്ന് അദ്ദേഹം സ്വകാര്യ സംഭാഷണങ്ങളില്‍ പലരോടും പറഞ്ഞതായി അറിയുന്നു.
അടുത്ത കാലത്ത് തിരുവനന്തപുരത്ത് വിമാനമിറങ്ങാന്‍ അനുവദിക്കാതെ തിരിച്ചയക്കപ്പെടുക വഴി മാധ്യമ വാര്‍ത്തകളില്‍ വീണ്ടും സ്ഥാനം പിടിച്ചയാളാണ് ഫിലിപ്പോ ഒസെല്ലോ. ഏതായാലും വേലായുധ പണിക്കരുടെ വിഷയത്തില്‍ തനിക്ക് പറ്റിയ പിഴവ് തിരുത്താന്‍ തയ്യാറായി എന്ന് അറിയുന്നത് സന്തോഷമുള്ള കാര്യമാണ്. ഒസെല്ലോയുടെ നിരീക്ഷണങ്ങളില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കു തരണനല്ലൂര്‍ നമ്പൂതിരിപ്പാട് കൊണ്ടുപോയ സാളഗ്രാമം മോഷണം പോയിയെന്നും വേലായുധപണിക്കരാണ് അത് കണ്ടെത്തി തിരികെ കൊടുത്തതെന്നും പറയുന്നുണ്ടെങ്കിലും കൊച്ചുണ്ണിയുടെ പേര് പരാമര്‍ശിക്കുന്നതേയില്ല.

കേരള നവോത്ഥാന ചരിത്രത്തില്‍ നിശ്ചയമായും അടയാളപ്പെടുത്തേണ്ട സംഭവങ്ങളാണ്വേലായുധ പണിക്കര്‍1860ല്‍ നടത്തിയ പ്രശസ്തമായ മൂക്കുത്തി സമരവും1866ല്‍ കായംകുളത്ത് സംഘടിപ്പിച്ച അച്ചിപ്പുടവ സമരവും. അക്കാലത്ത് സ്വര്‍ണ്ണമൂക്കുത്തി ധരിക്കാനുള്ള അവകാശം ഈഴവര്‍ അടക്കമുള്ള അവര്‍ണ്ണ സ്ത്രീകള്‍ക്ക് അക്കാലത്ത് ഉണ്ടായിരുന്നില്ല. സ്വര്‍ണ്ണ മൂക്കുത്തിയണിഞ്ഞ ഒരു സ്ത്രീയുടെ മൂക്ക് സവര്‍ണ്ണ തമ്പുരാക്കന്മാര്‍ മുറിച്ചെടുത്തു. ഇത് സിനിമയില്‍ വ്യക്തമായി കാണിക്കുന്നുണ്ട്. ഇതിനെതിരെ പ്രതികരിക്കാനായി1000മൂക്കുത്തികള്‍ നിര്‍മിച്ച് പന്തളത്ത് സ്ത്രീകളെ വിളിച്ചുകൂട്ടി മൂക്ക് കുത്തിച്ച് സ്വര്‍ണ്ണമൂക്കുത്തി അണിയിക്കുകയായിരുന്നു വേലായുധപ്പണിക്കര്‍.  അനുചരന്മാരോടൊപ്പം കുതിരപ്പുറത്ത് സ്ഥലത്തെത്തി തുടക്കം മുതല്‍ ഒടുക്കം വരെ പണിക്കര്‍ കാവല്‍ നിന്നുവെന്നുമാണ് ചരിത്രം. അതേ പോലെ തന്നെയാണ്മാറ് മറയ്ക്കാനുള്ള സവര്‍ണ വിഭാഗത്തിലെ സ്ത്രീകളുടെ അവകാശത്തിനെതിരെ പണിക്കര്‍ പ്രതിഷേധിച്ചു. കര്‍ഷകതൊഴിലാളികളെ കൊണ്ട് പാടത്തിറങ്ങാതെസമരങ്ങള്‍ സംഘടിപ്പിച്ച്കൊണ്ട് ഈഴവരടക്കമുള്ള പിന്നാക്ക വിഭാഗത്തിലെസ്ത്രീകള്‍ക്കും മാറ് മറക്കാനുള്ള അവകാശം വേലായുധ പണിക്കര്‍ നേടിക്കൊടുത്തു. പണിമുടക്കിയ കാലത്ത് തൊഴിലാളികളുടെ ജീവിതച്ചെലവ് മുഴുവന്‍ പണിക്കര്‍ സ്വയം ഏറ്റെടുത്തിരുന്നു.
അവര്‍ണ്ണ സ്ത്രീകള്‍ക്ക് മേല്‍മുണ്ട് ധരിക്കാനുള്ള അവകാശം നേടിയെടുത്ത1859ല്‍ നടന്ന ഏത്താപ്പ് സമരവുംനയിച്ചവേലായുധപ്പണിക്കര്‍1861ല്‍ ഈഴവ സമുദായാംഗങ്ങളെ ചേര്‍ത്തു കഥകളിയോഗം സ്ഥാപിച്ചു. അക്കാലത്ത് സവര്‍ണ്ണര്‍ക്ക് അല്ലാതെ കഥകളി അവതരിപ്പിക്കാന്‍ അവകാശമുണ്ടായിരുന്നില്ല. ക്ഷേത്രകലയായതിനാല്‍ അവ കാണുന്നതിനും പിന്നാക്കവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല.

വെളുത്ത നിറവും ഏഴടിയോളം ഉയരവുമുള്ള അരോഗ ദൃഡഗാത്രനായ കാഴ്ചയില്‍ അതിസുന്ദരനായ വേലായുധ ചേകവന്‍ പൂണൂല്‍ ധരിച്ച്താനൊരു നമ്പൂതിരി യുവാവ് ആണെന്ന് പറഞ്ഞ് വൈക്കം ക്ഷേത്രത്തില്‍ താമസിച്ച്പൂജാദികാര്യങ്ങളടക്കമുള്ള ആചാരങ്ങളും ക്ഷേത്രനിര്‍മാണത്തിന് ആവശ്യമായ കാര്യങ്ങളും പഠിച്ച ശേഷമാണ് ആറാട്ടുപുഴ മംഗലത്ത്1852ല്‍ ജ്ഞാനേശ്വരം ക്ഷേത്രം സ്ഥാപിച്ചത്. അവര്‍ണ്ണന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് വേണ്ട പ്രായശ്ചിത്തമായ ശുദ്ധി കലശത്തിനും മറ്റുമായി വരുന്ന പണവും ഏല്‍പ്പിച്ചാണ് അദ്ദേഹം വൈക്കം ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങിയത്. വേലായുധപ്പണിക്കരുടെ ക്ഷേത്ര പ്രതിഷ്ഠകള്‍ക്ക് എതിരെ സവര്‍ണ്ണര്‍ അക്കാലത്ത് കോടതികളെ സമീപിച്ചിരുന്നുവെങ്കിലും പണിക്കര്‍ ഒരു കേസ്സിലും ശിക്ഷിക്കപ്പെടുകയുണ്ടായിട്ടില്ല. അത്തരം കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കിയത് കൂടിയാകണം നാരായണ ഗുരുവിന് പില്‍ക്കാലത്ത് കേരള നവോത്ഥാനത്തിന് കരുത്ത് പകരുന്ന ഇടപെടലുകള്‍ക്ക് പ്രേരണയായത്.

നവോത്ഥാന ചര്‍ച്ചകള്‍ സജീവമായ കഴിഞ്ഞ വര്‍ഷങ്ങളില്‍ മലയാളികള്‍ നിരവധി പഴയകാല രചനകള്‍ വീണ്ടും വായിക്കുകയുണ്ടായി. പി.ഭാസ്‌ക്കരനുണ്ണി രചിച്ച പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന കൃതിയുടെ പുതിയ എഡിഷന്‍ ഏറെ കാലത്തിന് ശേഷം വീണ്ടും പുറത്തിറങ്ങി.വ്യാപകമായി വിറ്റഴിക്കപ്പെട്ടആ കൃതി പുതിയ തലമുറയില്‍ നല്ല രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. മുന്‍ മന്ത്രി ബിനോയ് വിശ്വം എം.പിയുടെ മുത്തച്ഛന്‍ ഇ.മാധവന്‍1934ല്‍ രചിച്ചസ്വതന്ത്ര സമുദായം എന്ന കൃതിയുംഒ.വി.വിജയന്റെ അടുത്ത ബന്ധുവായ ഇ.കെ.ചാമി1920കളില്‍ രചിച്ച'പാലക്കാടിന്റെ സാമൂഹിക ചരിത്രം'എന്ന പുസ്തകവും ഇതോടൊപ്പം ചര്‍ച്ച ചെയ്യപ്പെട്ടതാണ്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ ആറാട്ടുപുഴ വേലായുധപ്പണിക്കരുംകഴിഞ്ഞനൂറ്റാണ്ടുകളിലെ കേരളവും വരുംനാളുകളില്‍വീണ്ടും സജീവചര്‍ച്ചയ്ക്ക് വിധേയമാകുമെന്നതില്‍ സംശയമില്ല.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com