'അച്യുത മേനോന്റെ പ്രവചനം പാളി; സോവിയറ്റ് യൂണിയന്‍ തിരസ്‌കൃതമായതിന് കാരണം ഗോര്‍ബച്ചേവ് ആയിരുന്നുവോ?'

'അച്യുത മേനോന്റെ പ്രവചനം പാളി; സോവിയറ്റ് യൂണിയന്‍ തിരസ്‌കൃതമായതിന് കാരണം ഗോര്‍ബച്ചേവ് ആയിരുന്നുവോ?'

കേരളത്തിലും ഗോര്‍ബച്ചേവിന്റെ പരിഷ്‌കരണങ്ങളുടെ കാറ്റ് ആദ്യഘട്ടത്തില്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും വീശിത്തുടങ്ങിയിരുന്നു

ഷ്യന്‍ വംശജനായ അച്ഛന്റേയും യുക്രൈന്‍ വംശജയായ അമ്മയുടേയും പുത്രനായ ഗോര്‍ബച്ചേവ്, തന്റെ അവസാന നാളുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ മിസൈലുകളുടേയും മിറാഷുകളുടേയും ഭാഷയില്‍ കുരുതിയുടെ ഗാഥ പാടിയപ്പോള്‍ ആരുടെ പക്ഷം പിടിച്ചിരിക്കും? മോസ്‌കോയിലെ സെന്‍ട്രല്‍ ക്ലിനിക്കില്‍ അന്തരിച്ച ഗോര്‍ബച്ചേവ് രണ്ടര വര്‍ഷമായി ലോകരഹസ്യങ്ങളറിയാതെ കഠിനരോഗങ്ങളോട് പൊരുതുകയായിരുന്നു. യുക്രൈനില്‍ പുട്ടിന്റെ സൈന്യം പൊടുന്നനവെ അധിനിവേശം നടത്തിയതിനെക്കുറിച്ച് ഗോര്‍ബച്ചേവിന്റെ പരിഭാഷകന്‍ പവേല്‍ പലാഷ്‌ചെങ്കോയെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ആദ്യം ഗോര്‍ബച്ചേവ് ഈ സൈനിക നടപടിയെ ന്യായീകരിച്ചിരുന്നുവെന്നും പിന്നീട് സമാധാനത്തിന്റെ വഴി തേടണമെന്ന് പുട്ടിനെ ഉപദേശിച്ചിരുന്നുവെന്നുമാണ്.

ക്രീമിയന്‍ മേഖല റഷ്യ പിടിച്ചെടുത്തതിനെ ഗോര്‍ബച്ചേവ് ന്യായീകരിച്ചുവെന്നതിന് അദ്ദേഹത്തിന് യുക്രൈന്‍ ഭരണകൂടം 2014 മുതല്‍ വിലക്ക് കല്‍പിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ മാതൃ-പിതൃ രാജ്യങ്ങളുടെ രക്തരൂക്ഷിത സംഘര്‍ഷങ്ങളോട് ഒന്നുമറിയാതെ പുറംതിരിഞ്ഞ്, ലോകത്തിന്റെ സാമൂഹികഘടനയെ കീഴ്‌മേല്‍മറിച്ച മിഖായേല്‍ ഗോര്‍ബച്ചേവ് എന്ന പരിഷ്‌കരണവാദി, മോസ്‌കോയിലെ നൊവോഡെവിച്ചി ശ്മശാനത്തില്‍ പത്‌നി റെയ്‌സയുടെ ശവകുടീരത്തിനരികെ അന്തിയുറങ്ങാന്‍ പോകുന്നു. ഇസങ്ങളുടെ ഈറ്റില്ലത്തില്‍ നിന്ന് പരമ്പരാഗത ഡോഗ്മകളെ തകിടം മറിച്ച് മാനവികതയുടെ മഹാകാശത്തില്‍ സ്‌നേഹത്തിന്റെ ഇന്ദ്രചാപം കുലച്ച ലോകനേതാവിനെയാണ് ഗോര്‍ബച്ചേവിന്റെ വേര്‍പാടോടെ ലോകത്തിന് നഷ്ടമായത്. ഒരര്‍ഥത്തില്‍ കമ്യൂണിസത്തിന്റെ മാനവികമുഖമായാണ് ലോകം ആ പഴയ സ്റ്റാലിനിസ്റ്റിനെ കണ്ടത്.

1950 ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കാന്‍ഡിനേറ്റ് അംഗത്വത്തിന് അപേക്ഷിച്ച് ഗോര്‍ബച്ചേവ് എഴുതിയ കത്ത്:

യഥാര്‍ഥ വിപ്ലവബോധവും ആധുനിക ചിന്തയുമുള്ള ബോള്‍ഷെവിക്കുകളുടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവുകയെന്നത് ഏറ്റവും വലിയ ആദരവായി ഞാന്‍ കണക്കാക്കുന്നു. സഖാക്കള്‍ ലെനിനും സ്റ്റാലിനും കാണിച്ചു തന്ന സമരോല്‍സുക പാതയിലൂടെ ഒരു യഥാര്‍ഥ കമ്യൂണിസ്റ്റായി എന്റെ ജീവിതം ഞാനിതാ സമര്‍പ്പിക്കുന്നു. 

മോസ്‌കോ സ്‌റ്റേറ്റ് സര്‍വകലാശാലയില്‍ നിയമം പഠിക്കുമ്പോഴാണ്, ഗോതമ്പ് കര്‍ഷകരുടെ വിയര്‍പ്പ് മണമറിഞ്ഞ് അവരെ വര്‍ഗബോധമുള്ള സഖാക്കളായി മാറ്റാന്‍ യത്‌നിച്ച ഗോര്‍ബച്ചേവ് പത്തൊമ്പതാം വയസ്സില്‍ പാര്‍ട്ടി അംഗത്വമെടുക്കുന്നത്. യംഗ് കമ്യൂണിസ്റ്റ് ലീഗ് (കോംസോമോള്‍) പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടി നേതാക്കളുടെ പ്രീതി കരസ്ഥമാക്കാന്‍ എളുപ്പത്തില്‍ സാധിച്ച മിഖായേല്‍ ഗോര്‍ബച്ചേവ് 1961 ല്‍ ഈ സംഘടനയുടെ നേതൃത്വത്തിലെത്തുകയും മോസ്‌കോയില്‍ നടന്ന ലോക യുവജനോല്‍സവത്തിന്റെ മുഖ്യസാരഥിയാവുകയും ചെയ്തു. യുവജനങ്ങളുടെ പ്രശ്‌നങ്ങളുമായി ഇടപഴകുമ്പോള്‍ തന്നെ കാര്‍ഷികവൃത്തിയും അതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ പ്രശ്‌നവുമായിരുന്നു അദ്ദേഹത്തെ അലട്ടിയിരുന്നത്. 

പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കാര്‍ഷിക പഠനയാത്രകളും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി. ഇതിനകം ലിയോണ്‍ ട്രോട്‌സ്‌കി കഴിഞ്ഞാല്‍ സോവിയറ്റുകളെ പിടിച്ചുകുലുക്കുന്ന ഉജ്വലപ്രഭാഷകന്‍ എന്ന പേരും ഗോര്‍ബച്ചേവിന് ലഭിച്ചിരുന്നു. ഗോര്‍ബച്ചേവിനെ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി സെന്‍ട്രല്‍ കമ്മിറ്റി ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. അപ്പോഴും കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നതിനും മുന്‍വര്‍ഷങ്ങളിലെ വിളനാശത്തില്‍ നിന്ന് രാജ്യത്തെ കൃഷിക്കാരെ രക്ഷിക്കുന്നതിനുമുള്ള പദ്ധതികള്‍ക്കാണ് അദ്ദേഹം പ്രാധാന്യം നല്‍കിയത്. ചെര്‍ണെങ്കോയുടെ മരണശേഷം, അധികം എതിര്‍പ്പുകളൊന്നും നേരിടാതെ ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയന്റെ ഭരണാധികാരിയായി. റെഡ്‌സ്‌ക്വയറില്‍ അദ്ദേഹത്തിന്റെ ഛായാപടമുയര്‍ന്നു.

സമൂഹത്തേയും സമ്പദ്ഘടനയേയും പൊളിച്ചെഴുതുന്നതിനുള്ള പെരിസ്‌ട്രോയിക്ക എന്ന മുദ്രാവാക്യം ഗോര്‍ബച്ചേവ് പരസ്യമായി നടപ്പാക്കുന്നത് ഇക്കാലത്താണ്. കാര്‍ഷിക  വ്യാവസായിക രംഗങ്ങളിലെ വന്‍കുതിച്ചുചാട്ടം ലക്ഷ്യമാക്കിയുള്ള പരിഷ്‌കരണങ്ങളായിരുന്നു പെരിസ്‌ട്രോയിക്ക. സാമ്പ്രദായിക വാദികളില്‍ മുറുമുറുപ്പുയര്‍ന്നുവെങ്കിലും രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ 1985-90 പഞ്ചവല്‍സര പദ്ധതിയിലേക്കുള്ള പുരോഗതിയുടെ മാഗനാകാര്‍ട്ടയായി മാറി, പെരിസ്‌ട്രോയിക്ക. എതിര്‍പ്പുകളെയെല്ലാം സ്റ്റാലിനിസ്റ്റ് ശൈലിയില്‍ തന്നെ ഗോര്‍ബച്ചേവ് നേരിട്ടു. അമേരിക്കന്‍ കാര്‍ഷിക സമ്പദ്ഘടനയോട് കിടപിടിക്കാവുന്ന വിധം കൃഷിയില്‍ വരുത്തിയ വിപ്ലവം സോവിയറ്റ് റിപ്പബ്ലിക്കുകള്‍ക്കകത്തും രാജ്യത്തിന് പുറത്തും വലിയ ആദരം നേടി. ജനാധിപത്യത്തിലൂടെ മാത്രമേ റഷ്യക്ക് വിജയം നേടാനാകൂ. ബഹുകക്ഷി സംവിധാനവും സ്വതന്ത്രമായ തെരഞ്ഞെടുപ്പും അതിന് അനിവാര്യമാണ്. സര്‍ക്കാരുകള്‍ മാറി വരികയെന്നതും നല്ല കീഴ്‌വഴക്കം തന്നെയാണെന്ന് ഗോര്‍ബച്ചേവ് പാശ്ചാത്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലോകം ഗോര്‍ബച്ചേവിനെ സാകൂതം വീക്ഷിക്കുകയായിരുന്നു. കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റ് വിരുദ്ധരും ഈ നേതാവിന്റെ സൈദ്ധാന്തികമായ ചാഞ്ചാട്ടങ്ങളില്‍ സംശയാലുക്കളാവുകയും ഒപ്പം പുരോഗമന നടപടിയിലും അന്താരാഷ്ട്രബന്ധങ്ങളിലെ സമാധാനപൂര്‍ണമായ സമീപനങ്ങളിലും അദ്ദേഹത്തെ വാഴ്ത്തുകയും ചെയ്തു. സോവിയറ്റ് ഉപഗ്രഹങ്ങളെന്ന് കരുതപ്പെട്ട പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്വാതന്ത്ര്യത്തിന്റെ കാറ്റ് വീശി. റഷ്യന്‍ ഫെഡറേഷനുകളുടെ അടച്ചിട്ട അറകളില്‍ ശുദ്ധവായു വീശിത്തുടങ്ങി. ഭൂപടങ്ങളുടെ കാലുഷ്യം നിറഞ്ഞ അതിരുകള്‍ ഇല്ലാതായി. ബെര്‍ലിന്‍ മതില്‍ തകര്‍ന്നു വീണു. 

പെരിസ്‌ട്രോയിക്ക, സോവിയറ്റ് യൂണിയന്റെ ആഭ്യന്തരഘടനയില്‍ വന്‍ അഴിച്ചുപണികള്‍ നടത്തിയതിന്റെ പിറ്റേ വര്‍ഷം ഗ്ലാസ്‌നോസ്റ്റ് ആവിഷ്‌കൃതമായി. അതൊരു തുറന്നിടല്‍ തന്നെയായിരുന്നു. കുടത്തിലെ ഭൂതങ്ങള്‍ പുറത്ത് വന്നു. യാന്ത്രിക കമ്യൂണിസത്തിന് അന്ത്യകൂദാശയൊരുങ്ങി. വരട്ടുതത്ത്വവാദങ്ങള്‍ക്ക് പകരം പ്രായോഗിക നടപടികളിലൂടെ, മാനവികതയിലൂന്നിയ പ്രത്യയശാസ്ത്രമെന്ന സംജ്ഞയിലേക്ക് മാര്‍ക്‌സിസം  ലെനിനിസത്തിന് പുതിയൊരു കവചമണിയിക്കുകയായിരുന്നു മിഖായേല്‍ ഗോര്‍ബച്ചേവ്. അത് ഏറെക്കുറെ നന്‍മയുടെ പക്ഷം ചേര്‍ന്നുള്ള നിലപാട് തന്നെയായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പുതിയ വാതായനങ്ങള്‍ തുറന്നുകൊടുത്തത് യുവാക്കളെയാകെ ആകര്‍ഷിച്ചു. 
ഇരുളിലായിരുന്ന പല മുറികളിലേക്കും വെളിച്ചം കടന്നുചെന്നു.

1986 ലെ ചെര്‍ണോബില്‍ ആണവ ദുരന്തം രാജ്യത്തിന് വലിയ ആഘാതമായി. പരമ്പരാഗതമായി രാജ്യം ആവര്‍ത്തിക്കുന്ന ആസൂത്രണപ്പിഴവിനേയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തേയും കടുത്ത വിമര്‍ശനത്തിനു വിധേയമാക്കിയ ഗോര്‍ബച്ചേവിന് അഫ്ഗാന്‍ യുദ്ധം, കുവൈറ്റിലെ ഇറാഖി അധിനിവേശം, ഒന്നും രണ്ടും ഗള്‍ഫ് യുദ്ധങ്ങള്‍, പലസ്തീന്‍ പ്രശ്‌നം, അമേരിക്കയുമായും പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ഇവയൊക്കെ വലിയ വെല്ലുവിളികളായിരുന്നു.

കേരളത്തിലും ഗോര്‍ബച്ചേവിന്റെ പരിഷ്‌കരണങ്ങളുടെ കാറ്റ് ആദ്യഘട്ടത്തില്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും വീശിത്തുടങ്ങിയിരുന്നു. സി.പി.ഐ നേതൃത്വം പൂര്‍ണമായും പ്രഥമഘട്ടത്തില്‍ ഗോര്‍ബച്ചേവിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചു. പിന്നീടാണ് മുതലാളിത്ത പാതയിലേക്കുള്ള പരിവര്‍ത്തനമായി ചിലരെങ്കിലും ഗോര്‍ബച്ചേവിനെ വായിക്കുന്നതും അദ്ദേഹത്തെ തള്ളിക്കളയുന്നതും. കമ്യൂണിസത്തിന്റെ അന്തകനായും ഗോര്‍ബച്ചേവിനെ ചില ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ പില്‍ക്കാലത്ത് വിശേഷിപ്പിച്ചു.

സി. അച്യുതമേനോന്‍, കെ.വി സുരേന്ദ്രനാഥ് തുടങ്ങിയ നേതാക്കള്‍ ഗോര്‍ബച്ചേവിന്റെ പരിഷ്‌കരണസിദ്ധാന്തത്തെ പിന്തുണച്ചിരുന്നു. സോവിയറ്റ് പരീക്ഷണത്തിന്റെ പാഠവും കമ്യൂണിസത്തിന്റെ ഭാവിയും എന്ന പേരില്‍ ആയിടെ സി. അച്യുതമേനോന്‍ മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനഭാഗം ഇങ്ങനെ:

സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഗോര്‍ബച്ചേവ് അധികാരമേറ്റ ശേഷം പ്രഖ്യാപിച്ച പെരിസ്‌ട്രോയിക്ക, ഗ്ലാസ്‌നോസ്റ്റ് എന്നീ സിദ്ധാന്തങ്ങളും അതേത്തുടര്‍ന്ന് നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങളും ജനാധിപത്യവല്‍ക്കരണ പ്രക്രിയയുടെ ഭാഗമായാണ് ഞാന്‍ കാണുന്നത്. സോവിയറ്റ് യൂണിയന്‍ കരുതലോടെയാണ് പരിഷ്‌കാരങ്ങളുടെ പിറകെ പോയതെങ്കില്‍ പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങള്‍ അതിശീഘ്രമായാണ് മാറ്റത്തിലേക്ക് കുതിച്ചത്. ഇത്തരമൊരു അന്തരാളഘട്ടത്തിലൂടെ ലോക കമ്യൂണിസം കടന്നുപോകാനുള്ള കാരണം ഗോര്‍ബച്ചേവ് അല്ലെന്നും ഏഴുപതിറ്റാണ്ടായി സോവിയറ്റ് യൂണിയനിലും നാലുപതിറ്റാണ്ടായി കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സോഷ്യലിസം കെട്ടിപ്പടുക്കുന്നതില്‍ വന്നുഭവിച്ച തെറ്റുകളാണെന്നും അച്യുതമേനോന്‍ അടിവരയിടുന്നു. അച്യുതമേനോന്‍ ഇത്ര കൂടി പ്രവചിച്ചു: ഗോര്‍ബച്ചേവിലൂടെ സോവിയറ്റ് യൂണിയന്‍ കമ്യൂണിസത്തെ തിരസ്‌കരിക്കുന്നു എന്നല്ല ഞാന്‍ മനസ്സിലാക്കുന്നത്. മറിച്ച് കാലസ്ഥിതിക്ക് അനുയോജ്യമായ മാറ്റങ്ങള്‍ സോവിയറ്റ് വ്യവസ്ഥിതിയില്‍ വരുത്തി സോഷ്യലിസത്തിന് പുതുജീവന്‍ നല്‍കാന്‍ ശ്രമിക്കുകയാണ്. ആ പ്രവചനം പക്ഷേ പാളുന്നതും പുട്ടിന്റെ റഷ്യ, ബൈഡന്റെ അമേരിക്ക പോലെ മറ്റൊരു മുതലാളിത്തശക്തിയായി മാറുന്നതിനുമാണ് കാലം സാക്ഷിയായത്. ചെക്കോസ്ലോവാക്യയില്‍ സോവിയറ്റ് രഥമുരുണ്ടപ്പോള്‍ അതിനെ ന്യായീകരിച്ച ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ത്ത അച്യുതമേനോനെ പോലുള്ളവരുടെ സോവിയറ്റ് സ്വപ്‌നം പക്ഷേ നിറവേറ്റപ്പെട്ടില്ല. എഴുപത് കൊല്ലത്തെ മിഥ്യകളെ തച്ചുടച്ച് സത്യത്തെ നേരിടുന്ന നേതാവാണ് ഗോര്‍ബച്ചേവ് എന്നായിരുന്നു ഒ.വി വിജയന്‍, ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ ഗോര്‍ബച്ചേവ്  സോവിയറ്റ് ആഭിമുഖ്യത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായമായി അക്കാലത്ത് രേഖപ്പെടുത്തിയിരുന്നത്.  

1991 ല്‍ ബോറിസ് യെല്‍സിന്റെ അധികാരാരോഹണത്തോടെ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും അവയുടെ ആസ്ഥാനങ്ങളും കമ്മിറ്റികളും പ്രവര്‍ത്തനവുമെല്ലാം സമ്പൂര്‍ണമായി നിരോധിക്കപ്പെട്ടു. റെഡ് സ്‌ക്വയറില്‍ ചെങ്കൊടി താഴ്ന്നു, പകരം ത്രിവര്‍ണ പതാക ഉയര്‍ന്നു. സോഷ്യലിസ്റ്റ് സ്വര്‍ഗമെന്ന സോവിയറ്റ് നാട് ഭൂപടത്തില്‍ നിന്ന് ഇല്ലാതായി. റഷ്യന്‍ ഫെഡറേഷന്‍ നിലവില്‍ വന്നു. മഹത്തായ ഒരു രാജ്യത്തെയും ആ രാജ്യത്തിന്റെ സോഷ്യലിസ്റ്റ് സ്വത്വത്തേയും തച്ചുടച്ചത് ഗ്ലാസനോസ്റ്റും പെരിസ്‌ട്രോയിക്കയുമായിരുന്നോ? ലോകരീതികളെ ചോദ്യം ചെയ്ത് പുതിയ യുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച രാജ്യത്തേയും അതിന്റെ വിപ്ലവ ശില്‍പികളേയും തിരസ്‌കൃതമാക്കിയത് മിഖായേല്‍ ഗോര്‍ബച്ചേവായിരുന്നുവോ? വെര്‍ണര്‍ ഹെര്‍സോഗും ആന്‍ഡ്രേ സിംഗറും ചേര്‍ന്ന് സംവിധാനം ചെയ്ത മീറ്റിംഗ് ഗോര്‍ബച്ചേവ് എന്ന സിനിമയുടെ അവസാനഭാഗത്ത് ഗോര്‍ബച്ചേവ്, ഒരു കവിതയുടെ വരി മൂളിനടന്നു മറയുന്ന ദൃശ്യമുണ്ട്. ആ കവിതയുടെ ആദ്യവരിയിതാണ്:
ഈ പാതയിലൂടെ ഞാന്‍ ഏകനായി നടന്നുനീങ്ങുന്നു...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com