പൊതു വിദ്യാലയത്തില്‍ പഠിച്ചിട്ടും 'പൊതു സമൂഹ'ത്തിലെ ഒരു കൂട്ടുകാരിയും പഞ്ചമിക്കില്ല...

മഴ പെയ്ത ഒരു സായാഹ്നത്തില്‍ ഞങ്ങള്‍ ആ കോളനി സന്ദര്‍ശിച്ചപ്പോള്‍, പഞ്ചമിയുടെ വീട്ടില്‍ അച്ഛനും അമ്മയും പഞ്ചമിയും രണ്ട് കുട്ടികളുമുണ്ട്
പൊതു വിദ്യാലയത്തില്‍ പഠിച്ചിട്ടും 'പൊതു സമൂഹ'ത്തിലെ ഒരു കൂട്ടുകാരിയും പഞ്ചമിക്കില്ല...

യനാട് ജില്ലയില്‍ മീനങ്ങാടി പഞ്ചായത്തിലെ അപ്പാട് പഞ്ചമി കോളനിയിലെ ആദിവാസികള്‍ക്കിടയില്‍, നാഗരികതയുമായി ബന്ധപ്പെട്ട സാമൂഹിക വിനിമയങ്ങളില്‍ പ്രധാനപ്പെട്ട ചാലകശക്തിയായി ഒരു ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചമി ലൈബ്രറി. ഏകദേശം എഴുപത്തിയഞ്ച് ആദിവാസി കുടുംബങ്ങളാണ് ഈ കോളനിയില്‍ കഴിയുന്നത്. രാഷ്ട്രീയമായി നടത്തിയ വലിയ സമരത്തിലൂടെയാണ് ഇവര്‍ക്കിവിടെ ജീവിക്കാനുള്ള ഭൂമി സര്‍ക്കാറില്‍നിന്നു പതിച്ചുകിട്ടിയത്. വനാവകാശ നിയമപ്രകാരം പതിച്ചുകൊടുത്ത ഈ ഭൂമിയുടെ ഉടമസ്ഥാവകാശം ഭൂമി അന്യാധീനപ്പെടാതിരിക്കാന്‍ സര്‍ക്കാരില്‍തന്നെ നിക്ഷിപ്തമാണ്. വീട് വെക്കാം, കൃഷി ചെയ്യാം, ഉല്പാദന ഉപാധി എന്ന നിലയില്‍ ഭൂമി ഉപയോഗിക്കാം. 2002-ല്‍ കാപ്പിക്കുന്നില്‍ നടന്ന കുടില്‍കെട്ടി സമരത്തില്‍ ഇവര്‍ പങ്കെടുക്കുകയും സ്ത്രീകളടക്കം ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. കേരളത്തില്‍ നടന്ന ഭൂസമരങ്ങളില്‍ ഇതു രേഖപ്പെടുത്തുന്നത് മറ്റൊരു ചരിത്രപരമായ കാരണം കൊണ്ടുകൂടിയാണ്. അന്നു സമരക്കാരിലുണ്ടായിരുന്ന വെള്ളച്ചി ജയിലില്‍ പോകുമ്പോള്‍ ഒന്‍പതു മാസം ഗര്‍ഭിണി ആയിരുന്നു. പതിനേഴു ദിവസത്തെ ജയില്‍വാസത്തിനുശേഷം തിരിച്ചുവന്നതിന്റെ പിറ്റേ ദിവസമാണ്, വെള്ളച്ചിയുടെ പ്രസവം. ഭൂമിക്കുവേണ്ടിയുള്ള സമരം കഴിഞ്ഞു പുറത്തിറങ്ങിയ വെള്ളച്ചി പ്രസവിച്ച കുട്ടിക്ക് 'പഞ്ചമി' എന്നു പേര്‍ വിളിച്ചു. ഈ കോളനി 'പഞ്ചമി കോളനി' എന്ന പെണ്‍പേരില്‍ അറിയപ്പെടുന്നു. ഒരു കോളനി ഭൂമിക്കുവേണ്ടി ആദിവാസികള്‍ നടത്തിയ ആ സമരകാലത്തിന്റെ മുദ്രയായി, പെണ്‍ പേരില്‍ അങ്ങനെ ചരിത്രത്തിന്റെ ഭാഗധേയമായി. കണിയാമ്പറ്റ സ്‌കൂളില്‍ പ്ലസ്ടു വരെ പഠിച്ച പഞ്ചമിയെ കാണുമ്പോള്‍ രണ്ട് കൈക്കുഞ്ഞുങ്ങളുണ്ട്. സ്‌കൂളില്‍വെച്ചു പഠിച്ചതില്‍ ഏറ്റവും പ്രിയപ്പെട്ട പാഠഭാഗമേതെന്നു ചോദിച്ചപ്പോള്‍ 'പ്ലാവിലക്കഞ്ഞി' എന്ന ഒരു കഥ പഞ്ചമി ഓര്‍മ്മിച്ചു പറഞ്ഞു. വിശപ്പും ഭക്ഷണവും ഉള്ള ഒരു കഥയായതുകൊണ്ടാണ് പഞ്ചമി അത് ഓര്‍ത്തിരിക്കുന്നത്. സ്‌കൂളില്‍ ഒപ്പം പഠിച്ച കൂട്ടുകാരുമായി പഞ്ചമിക്ക് അത്ര സൗഹൃദമില്ല. ഒപ്പം സ്‌കൂളില്‍ പഠിച്ച ഏതെങ്കിലുമൊരു മുസ്ലിം/ക്രിസ്തീയ കൂട്ടുകാരിയുടെ വീട്ടില്‍ കല്യാണങ്ങള്‍ക്കോ വിരുന്നുസല്‍ക്കാരങ്ങള്‍ക്കോ പോയിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍, അങ്ങനെ ഒരിടത്തും പോയിട്ടില്ലെന്ന് പഞ്ചമി പറഞ്ഞു. മൂപ്പന്റെ വീട്ടില്‍ ഒരു കല്യാണം നടന്നപ്പോള്‍ പോയ ഓര്‍മ്മയുണ്ട്. അതും അമ്മ വെള്ളച്ചിയോടൊപ്പം. സ്‌കൂള്‍ ചങ്ങാത്തം തുടരാതിരുന്നതെന്ത് എന്നു ചോദിച്ചപ്പോള്‍ പഞ്ചമി ചിരിച്ചു: ''സ്‌കൂളിലെ ചങ്ങാതിമാര്‍ സ്‌കൂളിലെ ചങ്ങാതിമാരല്ലേ... എനിക്കീട കൂട്ടുകാര്ണ്ട്...''

പഞ്ചമിയും മകളും അച്ഛനും അമ്മയ്ക്കുമൊപ്പം
പഞ്ചമിയും മകളും അച്ഛനും അമ്മയ്ക്കുമൊപ്പം

മഴ പെയ്ത ഒരു സായാഹ്നത്തില്‍ ഞങ്ങള്‍ ആ കോളനി സന്ദര്‍ശിച്ചപ്പോള്‍, പഞ്ചമിയുടെ വീട്ടില്‍ അച്ഛനും അമ്മയും പഞ്ചമിയും രണ്ട് കുട്ടികളുമുണ്ട്. കോളനിയില്‍ പ്രവര്‍ത്തിക്കുന്ന 'പഞ്ചമി ലൈബ്രറി'യുടെ ലൈബ്രേറിയന്‍ ജിത്തുവും ജിത്തുവിന്റെ കൂട്ടുകാരനും വി. സുരേഷ് എന്ന വയനാടന്‍ ജീവിതങ്ങളുടെ രാഷ്ട്രീയ/സര്‍ഗ്ഗാത്മക സൂക്ഷ്മതകള്‍ അറിയുന്ന സുഹൃത്തും ഒപ്പം വന്നു.

''എങ്ങനെയാണ് കോളനിയിലെ മനുഷ്യര്‍ ആനന്ദങ്ങള്‍ കണ്ടെത്തുന്നത്?'' എന്നു ചോദിച്ചപ്പോള്‍ പഞ്ചമി ചിരിച്ചു. വായന, എഴുത്ത്, പാട്ടുകള്‍...

ഇഷ്ടപ്പെട്ട പാട്ടിനെക്കുറിച്ചും സിനിമയെക്കുറിച്ചും ചോദിച്ചു.

മിക്കവാറും ചോദ്യങ്ങള്‍ക്കും ഹൃദ്യമായ ചിരിയായിരുന്നു പഞ്ചമിയുടെ മറുപടി. ചിരി പ്രകൃതിയുടെ സാര്‍വ്വലൗകികമായ ഒരു ഭാഷയാണെന്നും വിനിമയം ചെയ്യാന്‍ വാക്കുകള്‍ തന്നെ എപ്പോഴും വേണമെന്നില്ലെന്നും ബോധ്യമായി. കാറ്റില്‍ മരങ്ങളുടെ ഇലകളിളകുന്നത് ചിരിയുടെ ആ ഭാഷകൊണ്ടുതന്നെ. 

ടെലിവിഷന്‍ ആ വീട്ടിലുണ്ടായിരുന്നില്ല. പഞ്ചമി മൊബൈല്‍ ഫോണും ഉപയോഗിക്കുന്നില്ല. സോഷ്യല്‍ മീഡിയകളില്‍ ഉള്ള റീലുകളോ ട്രോളുകളോ പുതുകാല തരംഗങ്ങളോ പഞ്ചമി അറിയുന്നില്ല. എന്നാല്‍, പഞ്ചമിക്കും കുടുംബങ്ങള്‍ക്കും ഉറങ്ങാന്‍ വീടുണ്ട്. ആ സ്വച്ഛത പഞ്ചമിയുടെ ചിരിയിലും മുഖത്തുമുണ്ടായിരുന്നു.

ലൈബ്രേറിയന്‍ ജിത്തു എന്നാല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. അതില്‍ വരുന്ന 'ജോക്ക്സ്' ആസ്വദിക്കാറുമുണ്ട്. തമാശകള്‍ എന്നല്ല 'ജോക്ക്സ്' എന്നുതന്നെയാണ് ജിത്തു പറഞ്ഞത്. ആദിവാസികളെ പൊതുസമൂഹമോ ഭരണകൂടമോ അടിച്ചമര്‍ത്തുന്നു എന്നൊരു അഭിപ്രായം ജിത്തുവിന് ഇല്ല. എന്നാല്‍, കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏറെ മെച്ചപ്പെടേണ്ടതുണ്ട്. ഇയാള്‍ വായിച്ച പുസ്തകത്തിന്റെ പേര് ഓര്‍മ്മയില്ലെങ്കിലും അതിലെ ഒരു കഥാപാത്രത്തെ ഓര്‍ത്തിരിക്കുന്നുണ്ട്. ആ കഥാപാത്രം, ഒരു മരച്ചുവട്ടിലിരുന്ന് ചുവന്ന ആകാശം സ്വപ്‌നം കാണുന്നു...

പതിന്നാലോളം വായനക്കാര്‍ പഞ്ചമി കോളനിയിലുണ്ട്. അവര്‍ക്ക് മലയാളം വായിക്കാനറിയാം. എന്നാല്‍, 'പ്രേക്ഷകന്‍' എന്ന നിലയില്‍ ജിത്തുവിന് ഇഷ്ടം തമിഴ് സൂപ്പര്‍ താരം വിജയിയെ ആണ്.

''എന്തുകൊണ്ട്?''

ആ ചോദ്യം കേട്ടപ്പോള്‍ ജിത്തു പറഞ്ഞു:

''തമിഴ് സിനിമകള്‍ ഇഷ്ടമാണ്. എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍... അത് ഇഷ്ടമാണ്.''

പഞ്ചമിക്കും ഇഷ്ടം, തമിഴ് സിനിമാനടന്‍ വിജയിയെയാണ്. പഞ്ചമിയും മലയാള പടങ്ങള്‍ അങ്ങനെ കാണാറില്ല. പഞ്ചമിയുടെ അമ്മ വീട് ഗൂഡല്ലൂരായിരുന്നു. തമിഴ് പടങ്ങള്‍ കാണുന്നത് അങ്ങനെയാണ്. 

അമ്മ വെള്ളച്ചിയും പഞ്ചമിയുടെ രണ്ടാമത്തെ കുട്ടിയും
അമ്മ വെള്ളച്ചിയും പഞ്ചമിയുടെ രണ്ടാമത്തെ കുട്ടിയും

ചരിത്രവും വര്‍ത്തമാനവും ഭാഷയും സിനിമയും ആദിവാസികളില്‍ പ്രവര്‍ത്തിക്കുന്നത് പൊതു സമൂഹം എന്ന വ്യവഹാര മണ്ഡലത്തിനകത്തു നിലനില്‍ക്കുന്ന രീതിയില്‍ അല്ല. ജീവിതാനുഭവങ്ങളിലും സാമൂഹികമായ കാഴ്ചപ്പാടുകളിലും പൊതുസമൂഹവുമായി ഒരുതരത്തിലുള്ള സമാനതകളും കണ്ടെത്താനുമാവില്ല. ഒരു പൊതു വിദ്യാലയത്തില്‍ പഠിച്ചിട്ടും 'പൊതു സമൂഹ'ത്തിലെ ഒരു കൂട്ടുകാരിയും പഞ്ചമിക്കില്ല. മലയാള സിനിമകളോ സൂപ്പര്‍ താരങ്ങളോ പഞ്ചമിയെ പ്രചോദിപ്പിച്ചിട്ടുമില്ല.

മീനങ്ങാടിയില്‍നിന്ന് മാനന്തവാടിയിലേക്കുള്ള യാത്രയ്ക്കിടയില്‍ മഴ ചാഞ്ഞും ചെരിഞ്ഞും വട്ടം കറങ്ങിയും പെയ്യുന്നുണ്ടായിരുന്നു. അടുത്തിരിക്കുന്ന യുവാവ് യൂ ട്യൂബില്‍ ട്രൈബല്‍ ആല്‍ബത്തില്‍ ചിഞ്ചു എന്ന ആദിവാസി ഗായിക പാടുന്ന ഒരു പാട്ട് കേള്‍ക്കുന്നുണ്ടായിരുന്നു:

കോകോ... കോകോ...
കൊച്ച ബന്താളോ...
വയല് കൊഞ്ചും വളച്ചു നാഞ്ചും
എത്തിനോക്കാലോ...
കണ്ണുരുട്ടി കാട്ടൂത്ത
പോക്കകളേനേ...
കോകോ... കോകോ...
കൊച്ച ബന്താളോ...
അങ്ങട്ടും മല
ഇങ്ങട്ടും മല
വെള്ളിമല
നോക്ക്....
വെള്ളിമലൈ...

ബസിലേക്ക് ചതുര ജനലയിലൂടെ വെള്ളം തുള്ളിച്ചാടി കയറിയപ്പോഴും സൈഡ് ഷട്ടര്‍ താഴ്ത്താന്‍ തോന്നിയില്ല... അങ്ങട്ടും മല... ഇങ്ങട്ടും മല... മലമുകളിലും മഴ.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com