'ഇസ്രയേലി അനുകൂല ലേഖനം മലയാള മാധ്യമങ്ങള്‍ തിരിച്ചയച്ചു'
ഇസ്രയേലിനെ അനുകൂലിച്ച് ഒരു ലേഖനം എഴുതിയിട്ട് മലയാളത്തിലെ മാധ്യമങ്ങള്‍ അതു പ്രസിദ്ധീകരിക്കാന്‍ മടിച്ചെന്ന് ഒവി വിജയന്‍ തുറന്നു പറഞ്ഞത്, കാല്‍ നൂറ്റാണ്ടു മുമ്പാണ്. പലസ്തീന്‍ - ഇസ്രായേല്‍ വിഷയത്തില്‍ അന്നത്തെ പൊതു ബോധത്തിനു ഭിന്നമായ നിലപാടായിരുന്നു, വിജയന്റേത്. വലിയ ചര്‍ച്ചകള്‍ക്കാണ് അതു വഴിച്ചത്. 1997 ജൂലൈ നാലിലെ മലയാളം വാരികയില്‍ ഒവി വിജയന്‍ എഴുതിയ ലേഖനം വീണ്ടും വായിക്കാം.
കുറിപ്പുകള്‍ ഒ.വി. വിജയന്‍
വാക്കുകളുടെ ഉള്ളിരുപ്പ് ജീര്‍ണ്ണിക്കുകയോ വളരുകയോ ചെയ്യുന്നത് പതുക്കെപ്പതുക്കെയാണെങ്കിലും ദൃഢവും കഠിനവുമായ രീതികളിലാണ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഏതാണ്ട് സമീപഭൂതകാലം വരെയുള്ള വര്‍ഷങ്ങളില്‍ നമ്മുടെ സാമ്രാജ്യവിരോധവിദേശനയത്തിന് ആസ്പദം ഇസ്രായിലിനോടും ദക്ഷിണാഫ്രിക്കയോടും ഉള്ള വൈരുദ്ധ്യമായിരുന്നു. ദക്ഷിണാഫ്രിക്കയിലെ കറുത്ത ഭൂരിപക്ഷം വിമോചിതരായതോടെ നമ്മുടെ വിദേശ നയതന്ത്രകാര്യാലയം അതിന്റെ ഇസ്രായിലി നൂല്‍പ്പാലത്തില്‍ തനിച്ചു നടക്കേണ്ടതായി വന്നു.
മൂന്നാം ലോക വേദികളില്‍ നാം ഉന്നയിച്ച പ്രമേയങ്ങളില്‍ ഇസ്രായേല്‍ ഒരു 'തിയോക്രെസി'യായി. മുന്‍കാല സിയോണിസ്റ്റ് ഭീകരപ്രവര്‍ത്തകരുടെ പിന്തുടര്‍ച്ചാവകാശിയായി. അന്താരാഷ്ട്രതിന്മകളുടെ കാച്ചിക്കുറുക്കിയ പ്രതീകമായി. വാര്‍ത്താവിനിമയത്തില്‍ ഇസ്രായിലിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിച്ച കരിംചായത്തിന്റെ കഥയില്‍ ചോദ്യമുണ്ടായിരുന്നില്ല. ഇസ്രായില്‍ എന്ന കൊച്ചുരാജ്യം ആഗോളമാനങ്ങളുള്ള ഒരു ബലിയാടായി. നമ്മുടെ വിദേശകാര്യാലയത്തിന്റെ മഹാഭാഗ്യം.
അറബിലോകത്തിന്റെ മതതീവ്രതയുടെ മഹാവലയത്തിന് നടുവില്‍ വിഷവാതകച്ചൂളയുടെ രണ്ടാം പതിപ്പിനെ ഏതുസമയവും നേരിടേണ്ടിവരുമെന്ന നിലയില്‍ ഈ കൊച്ചുരാഷ്ട്രം രാപ്പകല്‍ തയ്യാറെടുപ്പില്‍ മുഴുകി. മനുഷ്യചരിത്രത്തിലെ അവിസ്മരണീയമായ സാധനകളിലൊന്ന്. ഏതോ പൗരാണിക സംഘര്‍ഷത്തില്‍ തുടങ്ങി രണ്ടായിരം കൊല്ലം നീണ്ടുനിന്ന ഐതിഹാസികസമരം, നിലനില്പിനുവേണ്ടി. ആ രണ്ടായിരം കൊല്ലങ്ങളില്‍ ഉടനീളം പൊട്ടിപ്പൊടിഞ്ഞു നിന്ന രക്തസാക്ഷിത്വങ്ങള്‍. വ്യക്തി എന്ന നിലയ്ക്കും സമൂഹം എന്ന നിലയ്ക്കും ഒളിച്ചുകഴിയാന്‍ നിര്‍ബന്ധിതനായ യഹൂദന്‍ ഇസ്രായിലിന്റെ ഗര്‍വ്വിഷ്ഠമായ പൗരത്വത്തിലേക്ക് നീങ്ങിയെങ്കിലും സമ്പന്നമായ രക്തസാക്ഷിത്വത്തിന്റെ ആത്മീയസൂക്ഷിപ്പുകാരനായിത്തന്നെ തുടര്‍ന്നു. അതോടൊപ്പം വ്യാവഹാരികലോകത്തിലെ കാര്‍ക്കശ്യങ്ങളെ അംഗീകരിച്ച് അവയില്‍ അപാരമായ സിദ്ധികള്‍ക്ക് ഉടമയാവുകയും ചെയ്തു. നിലനില്പിനുവേണ്ടി, പ്രവാസിയുടെ ആകാംക്ഷ നിറഞ്ഞ അടവുകള്‍.
ഇസ്രായിലിന്റെ കഥ പറയുമ്പോള്‍ യഹൂദന്റെ രാഷ്ട്രീയമോ ശീതസമരത്തിന്റെ അസത്യജടിലമായ സംഘര്‍ഷഹേതുക്കളോ അല്ല എന്റെ മനസ്സില്‍ ഉയരുന്നത്. യഹൂദസാഹിത്യകാരനായ ഏലി വിസെല്‍ വിഷവാതകച്ചൂളയുടെ സ്മരണയെ അതിന്റെ അസ്തിത്വമാനങ്ങളിലേക്ക് മറയില്ലാതെ പുറത്തെടുത്തു. ഇവിടെ യഹൂദനും നാത്സിയും, ഫാസിസത്തോട് ഒരു വര്‍ഗ്ഗീയ ചരടിന്റെ ബലത്തില്‍ സഹകരിച്ച അറബിയും അപ്രത്യക്ഷരാകുന്നു. ശേഷിക്കുന്ന പ്രത്യക്ഷം ഒന്നുമാത്രം. മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നു. അവന്റെ രക്തസാക്ഷിപ്പട്ടികയില്‍നിന്ന് നമ്പറുനോക്കി ഊഴം നിശ്ചയിച്ച് ആധുനികശാസ്ത്രത്തിന്റെ വെടുപ്പുള്ള യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച്. അങ്ങനെ വധിക്കപ്പെട്ട യഹൂദന്മാര്‍ നിര്‍വ്വികാരമായ ഒരു സ്ഥിതിവിവരക്കണക്കായി ആറ് 'മില്യണ്‍' യഹൂദന്മാര്‍, അറുപതുലക്ഷം മനുഷ്യരുടെ ഗോത്രഹത്യയെ മനുഷ്യരുടെ ദുരന്തമായി അറിയേണ്ട ആവശ്യം ആര്‍ക്കുമില്ല. അത് സ്ഥിതി വിവരക്കണക്കാണ്.
ഓര്‍മ്മയുടെ ആലസ്യത്തില്‍ കഴിഞ്ഞുകൂടുന്ന നമ്മള്‍ ഒരുകാര്യം ഓര്‍ക്കേണ്ടതുണ്ട്, സ്ഥിതിവിവരക്കണക്കുകളായല്ല ഒറ്റെയൊറ്റ മനുഷ്യരുടെ വേദനയായി, നരവേട്ടയും ഗോത്രഹത്യയുമായി. ഏലി വിസെല്‍ പറഞ്ഞു: ''ഇത് സംഭവിച്ചത് നമ്മുടെ കാലഘട്ടത്തിലാണ്, ഇത് നടന്നത് ഇന്നലെയാണ്, ഇത് ഇനിയും ആവര്‍ത്തിച്ചുകൂടെന്നില്ല.'' (വാക്കുകള്‍ ഓര്‍മ്മയില്‍നിന്ന്.)
പട്ടികയിലെ കണക്കെടുത്ത് വിഷവാതകച്ചൂളയിലേക്കു വെടുപ്പോടെ പറഞ്ഞയച്ച യഹൂദന്മാരോടുള്ള കടം മനുഷ്യവര്‍ഗ്ഗത്തിന്റെയത്രയും കടബാദ്ധ്യതയാണ്. തുച്ഛമായ തെരഞ്ഞെടുപ്പ് നേട്ടങ്ങളെ ഉന്നംവച്ച് നാം ഇവിടെ വളര്‍ത്തിക്കൊണ്ടുവന്ന ഇസ്രായില്‍ വിരോധം മാറ്റിവയ്‌ക്കേണ്ട കാലം വന്നുകഴിഞ്ഞു. പ്രായോഗിക രാഷ്ട്രീയത്തില്‍, വിദേശകാര്യാലയത്തിന്റെ രേഖാശേഖരത്തില്‍. എന്നാല്‍, പഴയ വാക്കുകള്‍ അങ്ങനെ തന്നെ തുടര്‍ന്നുകൊണ്ടു പോകുന്നു. ഈ അര്‍ത്ഥ ക്ലേശം ഇസ്രായിലിനെ മാത്രം സംബന്ധിക്കുന്ന കാര്യമല്ലെന്ന് ഞാന്‍ ഒരിക്കല്‍ക്കൂടി പറഞ്ഞുകൊള്ളട്ടെ. പ്രശ്‌നം അതീവഗഹനങ്ങളുടെ കഥയാണ്.
ഗഹനങ്ങളില്‍നിന്ന് ദൈനംദിനങ്ങളിലേക്ക് കടക്കട്ടെ. പരീക്ഷണാര്‍ത്ഥം ഞാന്‍ ആസൂത്രണം ചെയ്ത ഒരു കുസൃതിക്കഥ ഇവിടെ പറയാന്‍ പോകുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇസ്രായിലിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ വിശദീകരിക്കുന്ന ഒരു ലേഖനം എഴുതി അതിനെ കേരളത്തില്‍ പ്രകാശിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുകയുണ്ടായി. അതിന്റെ കഥ 'കുറിപ്പുകള്‍' എന്നു പേരുള്ള എന്റെ ഒരു പഴയ പുസ്തകത്തില്‍നിന്ന് ഞാനിവിടെ ഉദ്ധരിക്കുകയാണ്. ക്ഷമിക്കണം.
ഇസ്രായിലിന്റെ സ്ഥാപനത്തിനും നിലനില്പിനുമെതിരെ പുരോഗമനവാദികള്‍ ഉന്നയിക്കുന്ന ഒരു വാദമുണ്ട്. ഇസ്രായിലിലേക്കു തിരിച്ചു വന്ന ജൂതന്മാര്‍ക്ക് ഇസ്രായിലില്‍ നിന്ന് രണ്ടായിരം കൊല്ലം മുന്‍പ് ചിതറിയ ജൂതന്മാരുമായി കാര്യമായ ബന്ധമില്ലെന്നും, അവര്‍ യൂറോപ്യന്‍ വംശജരായ വെളുത്ത മനുഷ്യരാണെന്നും. ആധുനിക ഇസ്രായിലിലെ വെളുത്തവരും കറുത്തവരും തമ്മില്‍ വൈരുദ്ധ്യങ്ങള്‍ പെങ്ങിവന്നിട്ടുണ്ടെന്നത് ശരിതന്നെ. എന്നാല്‍, രണ്ടായിരം കൊല്ലത്തെ ചിതംതെറ്റിയ ബീജാവാപങ്ങള്‍ക്കിടയിലും ജൂതസ്വത്വത്തിന്റെ സ്ഥായിയായ ജനുസ്സുകള്‍ പിടിച്ചുനിന്നു എന്നതിനു തെളിവാണ് ഹിറ്റ്‌ലര്‍ നടത്തിയ ജൂതവേട്ട. ജൂതന്റെ കണ്ണുകളുടെ നിറം, ജൂതന്റെ നാസാഗ്രത്തിന്റെ വിടവ് എന്നിങ്ങനെ ജൂതരെ യൂറോപ്പിലെ നോര്‍ദിക് ഗോത്രങ്ങളില്‍നിന്ന് വേര്‍തിരിക്കുന്ന ഒട്ടനവധി സാമുദ്രിക ലക്ഷണങ്ങള്‍ അവലംബിച്ചായിരുന്നു നാസികള്‍ ജൂതന്മാരെ ആട്ടിപ്പിടിച്ചത്. എന്നാല്‍, ഈ ഗോത്രസ്ഥായിയേക്കാള്‍ കാതലായ വാസ്തവം ജൂതന്റെ ചരിത്രസ്മരണയായിരുന്നു. രണ്ടായിരം കൊല്ലം മുന്‍പ്, ഏതോ ഗോത്രശാപത്തിന്റെ ഫലമായി ചിതറിയ ജൂതന്‍, നൂറ്റാണ്ടുകളിലൂടെയും അന്യമായ ജനസമ്മിശ്രങ്ങളിലൂടെയും, എരുശലേമിലേക്കുള്ള തന്റെ തിരിച്ചുപോക്കിനെ സ്വപ്നം കണ്ടു. ഈ അഖണ്ഡസ്വപ്നത്തിന്റെ ഉലയില്‍ ജൂതന്റെ ഗോത്രചേതന പൊന്നായിത്തിളങ്ങി. അതില്‍ നിന്ന് ശാസ്ത്രത്തിന്റെയും ധനത്തിന്റെയും ദര്‍ശനത്തിന്റെയും കലയുടേയും മഹാപുരുഷന്മാര്‍ ഉണ്ടായിത്തീര്‍ന്നു. റോത്സ് ചൈല്‍ഡ്മാര്‍, റൂബിന്‍ സ്റ്റെയിന്‍മാര്‍, കാറല്‍ മാര്‍ക്സുകള്‍, ഐന്‍സ്‌റ്റൈന്‍മാര്‍, ട്രോട്‌സ്‌കികള്‍ നായാടപ്പെട്ടതും നിലനില്പിനുവേണ്ടി പൊരുതുന്നതുമായ അഭയാര്‍ത്ഥിയുടെ തീവ്രാനുഭവം ഹുണ്ടികക്കാരന്‍ മുതല്‍ സര്‍ഗധനന്മാര്‍ വരെയുള്ള ജൂതസന്തതികളെ ബുദ്ധിയുടെ കണ്ണികള്‍ കൊണ്ട് കോര്‍ത്തിണക്കി.
ഇതര വര്‍ഗ്ഗങ്ങളുടെ ബീജപ്രളയത്തില്‍ മുങ്ങിപ്പോവാതെ രണ്ടായിരം കൊല്ലം പിടിച്ചുനിന്നതിന് നാം ഇന്ന് ജൂതനെ കുറ്റപ്പെടുത്തുകയാണ്. രണ്ടായിരം കൊല്ലത്തിനുശേഷം എരുശലേമിലേക്കു തിരിച്ചുചെന്ന് അവന്റെ ശുദ്ധസ്മരണയെ സഫലീകരിച്ചതിനും നാം അവനെ കുറ്റപ്പെടുത്തുകയാണ്.
ജോര്‍ദ്ദാനും സൗദിഅറേബ്യയും സൈനായിയും എല്ലാം തന്നെ അറേബ്യയാണ്. പശ്ചിമ ജര്‍മനിയോ, സ്‌കാന്‍ഡി നേവിയന്‍ രാജ്യങ്ങളോ ജൂതന്റെ ജന്മഭൂമിയല്ല; ജുതന് ജന്മഭൂമി എരുശലേം മാത്രം. പലസ്തീന്‍മോചകമുന്നണിയെ അസ്ത്രീകരിക്കുന്നതിനും ഇസ്രായിലിനെതിരെ യുദ്ധങ്ങള്‍ സംവിധാനം ചെയ്യുന്നതിനും മുടക്കിയ മുതലിന്റെ ഒരു ഭിന്നിതം മാത്രം മതിയായിരുന്നു പലസ്തീനികളെ ജോര്‍ദാനിലോ, സൈനായിലോ കുടിയിരുത്താന്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രണ്ടു കൊല്ലം മുന്‍പ് ഇസ്രായിലി പ്രശ്‌നത്തെക്കുറിച്ച് പ്രതികരിക്കാനിടയായി. ഇന്ത്യന്‍ എക്സ്പ്രസ് പത്രാധിപര്‍ക്ക് ഒരു കത്തും മലയാളത്തിലൊരു ലേഖനവും എഴുതാന്‍ ഞാന്‍ മുതിര്‍ന്നു. കത്ത് പത്രം പ്രസിദ്ധീകരിച്ചു. എന്നാല്‍, മലയാളത്തിലെ ലേഖനത്തിന് വിചിത്രമായ ഒരു സ്വീകരണമാണ് ലഭിച്ചത്. എന്റെ ലേഖനങ്ങള്‍ സ്വീകരിക്കാറുള്ള മാതൃഭൂമിയും മനോരമയും അവരുടെ വാരികകളും അനുബന്ധിച്ച മറ്റു പ്രസിദ്ധീകരണങ്ങളും ലേഖനം തിരിച്ചയച്ചു. ഇടതുപക്ഷത്തിന്റെ ഔപചാരിക ബാദ്ധ്യതകളുള്ള കലാകൗമുദിയെപ്പോലുള്ള പത്രങ്ങള്‍ക്ക് ഞാന്‍ ആ ലേഖനം അയച്ചുകൊടുക്കാന്‍ മിനക്കെട്ടില്ല. മാതൃഭൂമി വാരികയുടെ പത്രാധിപരായ ശ്രീ. നാരായണന്റെ ക്ഷമാപണരൂപത്തിലുള്ള നിരസനക്കുറിപ്പ് മറ്റുള്ളവകളെ അപേക്ഷിച്ചു സത്യസന്ധമായിരുന്നു. ലേഖനം പ്രസിദ്ധപ്പെടുത്തിയാല്‍ മാതൃഭൂമിയുടെ പ്രസിദ്ധീകരണങ്ങളെ ഗള്‍ഫു നാടുകളില്‍ പരക്കെ നിരോധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന ന്യായമായ ഭയമായിരുന്നു ശ്രീ. നാരായണന്റേത്. എല്ലാ മലയാള പ്രസിദ്ധീകരണങ്ങള്‍ക്കും ഗള്‍ഫില്‍ ഗണ്യമായ പ്രചാരമുണ്ട്; സര്‍ക്കുലേഷന്റെ ഒരു കനത്ത ഭിന്നിതം. ഈ ഭിന്നിതത്തെ അപകടപ്പെടുത്താന്‍ ഒരു മലയാള പത്രത്തിനും ചങ്കൂറ്റവുമില്ല. ഫലം - മദ്ധ്യപൗരസ്ത്യദേശത്തിലെ ഏറ്റവും സജീവമായ ഒരു പ്രശ്‌നത്തെ തുറന്നു ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ ഒരു പ്രസിദ്ധീകരണവും തയ്യാറില്ല, അത്തരമൊരു ചര്‍ച്ചയുടെ പഠനാനുഭവം മലയാളിക്ക് നിഷേധ്യം. കടലിനക്കരെ വാണരുളുന്ന അറബി അവന്റെ പണത്തിന്റെ തെമ്പിലും അസഹിഷ്ണുതയിലും വര്‍ഗ്ഗീയതയിലും മലയാള പത്രങ്ങളെ സെന്‍സര്‍ ചെയ്യുകയെന്ന അസഹനീയമായ അവസ്ഥ എന്റെ ദേശാഭിമാനത്തിനു നോവേല്പിക്കുന്നു.
അറബികളെ രാഷ്ട്രാന്തരീയ ഇടതുപക്ഷത്തിന്റെ ഭാഗമായും ഇസ്രായിലിനെ വലതുപക്ഷത്തിന്റെ കരുവായും കണക്കാക്കുന്ന രാഷ്ട്രീയ നിരക്ഷരതയില്‍, ഇന്നും കുടുങ്ങിക്കിടക്കുകയാണ് ശരാശരി മലയാളി. ഈ അന്താരാഷ്ട്ര നിലപാടിനെ, സങ്കീര്‍ണ്ണ സംവാദങ്ങള്‍ക്ക് വിധേയമാക്കേണ്ടിയിരുന്ന ഒരാഗോള പ്രശ്‌നത്തെ, മലയാളി അവന്റെ പ്രാദേശിക വൈരുദ്ധ്യങ്ങളായി സമന്വയിപ്പിക്കുന്നു. ഇസ്രായിലിന്റെ അനുകൂലിയാണെങ്കില്‍ നമ്പൂതിരിപ്പാടിന്റെ പ്രതികൂലി. എന്നാല്‍, കരുണാകരന്റെ അനുകൂലിയെന്നു പറഞ്ഞുകൂടാ. കാരണം, കരുണാകരനും ചേരിചേരായ്മയുടെ ചേരിയിലാണല്ലോ.
പുരോഗമനത്തിന്റേയും പ്രതിലോമതയുടേയും കാര്യം പറയുകയാണെങ്കില്‍, മറ്റൊരു തിക്തസത്യം നാം അംഗീകരിക്കേണ്ടിവരും. അറബി രാഷ്ട്രങ്ങളില്‍ മിക്കവയും നിഷ്ഠൂരങ്ങളായ രാജവാഴ്ചകളോ, ഫ്യൂഡല്‍ സംവിധാനങ്ങളോ, പട്ടാളഭരണങ്ങളോ ആണ്. ഇസ്രായിലിനാകട്ടെ, കിബട്‌സുകള്‍ എന്ന തങ്ങളുടെ കമ്യൂണുകളിലൂടെ സോഷ്യലിസവും ജനാധിപത്യവും പ്രയോഗത്തില്‍ വരുത്തിയിട്ടുള്ള ഒരു രാഷ്ട്രവും. ഓരോ പൗരന്റേയും ശ്രമത്തിലും സഹനത്തിലും മാത്രം നിന്നുപോകുന്ന ഈ ചെറു രാഷ്ട്രത്തിന് ഒരു കുത്തകമുതലാളിത്തമായി വളരാന്‍ സാദ്ധ്യമല്ലെന്നതാണ് വാസ്തവം.
ഇസ്രായിലിന്റെ പിന്തിരിപ്പന്‍ സ്വഭാവത്തിനു തെളിവായി എടുത്തുപറയുന്നത് അമേരിക്കയുമായുള്ള അതിന്റെ കൂട്ടുകെട്ടാണ്. ഇടതും വലതുമില്ലാത്ത രാഷ്ട്രാന്തരീയസഖ്യങ്ങളെ, അവയുടെ സിനിസിസത്തിന്റെ പൂര്‍ണ്ണതയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതിരിക്കുന്നതു മൗഢ്യമാണ്. എണ്ണയും ഉഷ്ണജലത്തുറമുഖങ്ങളുമാണ് സോവിയറ്റ്യൂണിയന്‍ അറബിനാടുകളില്‍ക്കാണുന്ന ആകര്‍ഷണീയത. സോവിയറ്റ്യൂണിയന്റെ അറബി പക്ഷപാതത്തിന്റെ രഹസ്യവും അതുതന്നെ. ഈ താല്പര്യബന്ധനം ഇല്ലായിരുന്നുവെങ്കില്‍ പ്രത്യയശാസ്ത്രത്തിന്റെയോ, മറ്റേതെങ്കിലും മൂല്യത്തിന്റെയോ ഐക്യദാര്‍ഢ്യം സോവിയറ്റ്യൂണിയനെ അറബികളുടെ മിത്രവും ഇസ്രായിലിന്റെ ശത്രുവും ആക്കിത്തീര്‍ത്തിരിക്കയില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ