ഒടുവില്‍ നമ്മള്‍ കൈകോര്‍ത്ത് നടന്നതെന്നാണ്?

ഒടുവില്‍ നമ്മള്‍ കൈകോര്‍ത്ത് നടന്നതെന്നാണ്?

Published on

പിണക്കസ്സുഖം. ഹിരണ്യന്‍ മാഷ് അടിക്കടി ഉപയോഗിച്ചിരുന്ന വാക്കായിരുന്നു അത്. മാഷിന്റെ മരണവാര്‍ത്തയും പലരുടെയും അനുസ്മരണക്കുറിപ്പുകളും വായിച്ചതിനിടയിലെപ്പോഴോ ആണ്, ഗുല്ലക്ക് എന്ന സീരീസിലെ ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ എവിടെയോ കണ്ടത്. പെട്ടെന്ന് ഓര്‍മയിലേക്ക് കയറി വന്നത് ആ വാക്കാണ്; പിണക്കസ്സുഖം. ഗുല്ലക്ക് ഫോട്ടോ സീന്‍ എന്നു തിരഞ്ഞാല്‍ കാണാം, മനസ്സില്‍ തൊടുന്ന ആ രംഗം. ഒരു കുടുംബത്തിന്റെ ഫോട്ടൊയെടുപ്പാണ്. എതിര്‍വശത്തു നിന്ന മകനെ ഫോട്ടോഗ്രാഫര്‍ അച്ഛനടുത്തേക്ക് മാറ്റി നിര്‍ത്തുന്നു, ആദ്യം അവന്‍ ഒരു കൈ അകലെ, ഫോട്ടോഗ്രാഫര്‍ നിര്‍ബന്ധിക്കുമ്പോള്‍ ഒന്നു കൂടി ചേര്‍ന്ന് ഒരു ചാണ്‍ അകലെ, പിന്നെയും നിര്‍ബന്ധിക്കുമ്പോള്‍ അച്ഛനോട് തൊട്ടുതൊട്ട്. ആദ്യത്തെ തൊടലിന്റെ അകലം മാറിയപ്പോള്‍ അച്ഛന്‍ അവനെ ചേര്‍ത്ത് പിടിക്കുന്നു, ഹൃദയം തുറന്നൊരു കരച്ചിലാണ് പിന്നെ. അച്ഛനും മകനും എല്ലായിടത്തും ഇങ്ങനെയൊക്കെയാണ് എന്നൊരു കമന്റോടെയാണ് സോഷ്യല്‍ മീഡിയയില്‍ അതാരോ ഷെയര്‍ ചെയ്ത് കണ്ടത്. ആവണം; സമുദ്രങ്ങള്‍ക്ക് നോട്ടിക്കല്‍ മൈല്‍ എന്ന പോലെ വലിയ ദൂരങ്ങള്‍ രേഖപ്പെടുത്താനുള്ള സ്‌കെയിലുകള്‍ വേണ്ടി വരും അതിനെ അളന്നെടുക്കാന്‍. ചായയുടെ ആ പരസ്യത്തില്‍ പറയും പോലെ ഉയരം കൂടുന്തോറും മാത്രമല്ല, ദൂരം കൂടുമ്പോഴും കടുപ്പം കൂടിക്കൂടി വരുമെന്ന് മക്കളുടെ അച്ഛനെഴുത്തുകള്‍ വായിക്കുമ്പോള്‍ നമുക്കു തോന്നും.

'എന്റെ ആദ്യത്തെ ഹീറോ'; പാകിസ്ഥാന്‍ ക്രിക്കറ്റ് താരം വസീം അക്രം പിതാവിനെ ഓര്‍ക്കുന്നതിങ്ങനെയാണ്. അതിലെന്താണിത്ര? മിക്കവാറും എല്ലാ മക്കളുടെയും ആദ്യത്തെ ഹീറോ അച്ഛനല്ലേ എന്നൊച്ചയിടാന്‍ വരട്ടെ. വസീം അക്രത്തെ ക്രിക്കറ്റ് മൈതാനങ്ങളിലേക്ക്വിരല്‍ പിടിച്ചു നടത്തിയ ഒരച്ഛന്‍ ആയിരുന്നേയില്ല, ചൗധരി മുഹമ്മദ് അക്രം. വേറെ എവിടെയോ മറ്റൊരു കുടുംബമുള്ളയാള്‍, നാലു മക്കളില്‍ മൂന്നാമത്തെയാള്‍ക്ക് പത്തു വയസ്സു മാത്രം പ്രായമുള്ളപ്പോള്‍ അമ്മയെ വിട്ടുപോയൊരാള്‍. 'അച്ഛന് വേറെയും ഭാര്യയുണ്ടായിരുന്നു. അതില്‍ കുട്ടികളുണ്ടായിരുന്നോ? അറിയില്ല. അല്ലെങ്കിലും അച്ഛന്‍ തന്നെക്കുറിച്ച് അധികമൊന്നും പറയില്ല, അധികമെന്നല്ല, ഒട്ടും തന്നെ. എങ്കിലും ശാന്ത സ്വഭാവിയായിരുന്നു, അച്ഛന്‍. വല്ലാത്ത ക്ഷമയുള്ള ഒരാള്‍, എപ്പോഴും ആശ്രയിക്കാവുന്ന ഒരാള്‍.'ദിവസവും മുടങ്ങാതെ ജോലിക്കു പോവുന്ന, അവധി ദിവസം വൈകുനേരം ഒരൊറ്റ പെഗ് വിസ്‌കിയുമായി ബാല്‍ക്കണിയിലിരിക്കുന്ന അച്ഛന്‍. അച്ഛന്റെ ഒരേയൊരു വിനോദമാവണം അത്. സുല്‍ത്താന്‍ എന്ന ആത്മകഥയില്‍ അച്ഛനെക്കുറിച്ച് പറയുമ്പോഴൊക്കെയുണ്ട്, മക്കള്‍ അച്ഛനെക്കുറിച്ച് പറയുമ്പോള്‍ മാത്രം തെളിഞ്ഞു വരുന്ന ആ ആഴം.

ഒടുവില്‍ നമ്മള്‍ കൈകോര്‍ത്ത് നടന്നതെന്നാണ്?
ഗാന്ധിജിയുടെ ഇഷ്ട സോപ്പ്, സീനത്ത് അമന്റെ പരിമളം, പിന്നെ ആ പെണ്‍കുട്ടിയും

വസീം അക്രത്തിന്റെ അച്ഛനെപ്പോലെയായിരുന്നില്ല, റിച്ചാര്‍ഡ് വില്യംസ്. രണ്ടു മക്കളെ, സെറീനയേയും വീനസിനേയും വിരല്‍ പിടിച്ചു കളിക്കളത്തിലേക്കു നടത്തിക്കൊണ്ടു പോയത് അയാളാണ്. നന്നേ ചെറുപ്പത്തില്‍ മക്കളെ ടെന്നിസ് കോര്‍ട്ടിലെത്തിച്ച്, അതു പോരെന്ന് തോന്നിയപ്പോള്‍ പ്രൊഫഷണല്‍ പരിശീലനമൊന്നും ഇല്ലാതിരുന്നിട്ടും സ്വയം കോച്ച് ആയി മാറിയ ഒരാള്‍. അയാളാണ് അവരെ വിജയത്തിന്റെ ഓരോ പടിയും കയറ്റിക്കൊണ്ടുപോയത്. കിങ് റിച്ചാര്‍ഡ്; വില്‍ സ്മിത്ത് അഭിനയിച്ച ആ ബയോപിക് കണ്ടിട്ടുണ്ടോ? മക്കളുടെ വിജയം അച്ഛന്റെ ജീവിതം കൊണ്ടെഴുതുന്ന മാന്ത്രിക ഭംഗിയുള്ള സിനിമ? അങ്ങനെയൊരു അച്ഛനെക്കുറിച്ച് എന്താവും മക്കള്‍ക്കു പറയാനുണ്ടാവുക? എന്തായിരിക്കും അവരുടെ അച്ഛനെഴുത്ത്? 'നമ്മള്‍ എന്താണോ, അതായിരിക്കുക, സന്തോഷമായിരിക്കുക; അതാണ് അച്ഛന്‍ എപ്പോഴും പറയുക. അതു പറയുന്ന അച്ഛനെയാണ് എനിക്ക് ഏറ്റവും ഇഷ്ടം' - സെറീന ഒരഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാവുണ്ണിയുടെ മഴയച്ഛന്‍ എന്ന കവിത വായിച്ചിട്ടുണ്ടോ? 'മഴയില്‍ കണ്ടെത്തിയ അച്ഛന്റെ ചൂണ്ടുവിരല്‍ ഞാന്ന് കുഞ്ഞുങ്ങള്‍ ലോകസഞ്ചാരത്തിനിറങ്ങുന്നു' കവിത ഇവിടെ വച്ചു നിര്‍ത്തി നമുക്കൊരു സിനിമ കാണാന്‍ പോവാം. ഒരച്ഛനു പിന്നാലെ മകന്‍ നടക്കുന്ന, അവരിങ്ങനെ സംസാരിച്ചുകൊണ്ടേയിരിക്കുന്ന സിനിമ; പര്‍സ്യൂട്ട് ഒഫ് ഹാപ്പിനെസ്. അത് സത്യത്തില്‍ സിനിമയല്ലെന്നും പില്‍ക്കാലത്ത് വലിയ സമ്പന്നനായി മാറിയ ഒരാളുടെ, ദാരിദ്യ കാലത്തെ ജീവിതമാണെന്നും നമുക്കറിയാം. തല ചായ്ക്കാന്‍ ഒരു കൂരയില്ലാതെ, കുഞ്ഞു മകനുമായി സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തില്‍ ക്രിസ് ഗാര്‍ഡ്‌നര്‍ ചെലവഴിച്ച നാളുകള്‍. മോട്ടിവേഷന്‍ സ്പീക്കര്‍മാരുടെ ബൈബിളാണത്. പിന്നീട് എപ്പോഴൊക്കെയോ പിറക്കാനിരിക്കുന്ന മോട്ടിവേഷന്‍ തിയറികള്‍ക്കു വേണ്ടി കൂടിഅപാരമായചിരിയോടെ നേരിട്ട ജീവിതത്തില്‍, അയാളുടെ കണ്ണുകള്‍ നിറയുന്ന ഒരു രംഗം മകനൊപ്പം ശുചിമുറിയില്‍ കിടന്നുറങ്ങിയ ആ രാത്രിയിലേതാണ്. ആരോ മുട്ടി വിളിക്കുന്ന വാതില്‍ തുറക്കാതിരിക്കാന്‍ ചവിട്ടിപ്പിടിച്ച്, മടിയില്‍ ഉറങ്ങുന്ന ക്രിസ്റ്റഫര്‍ ഉണരാതിരിക്കാന്‍ ആവുംവിധമെല്ലാം നോക്കുന്ന അയാളുടെ കവിളിലൂടെ കണ്ണീര്‍ ഒലിച്ചിറങ്ങുന്നുണ്ട്. (ഇവിടെ വച്ചാണോ അതോ മുഷിഞ്ഞ ഷര്‍ട്ടുമിട്ട് ബ്രോക്കറേജ് ഫേമില്‍ ഇന്റര്‍വ്യൂവിന് ചെയ്യുന്ന സീനിലാണോ വില്‍ സ്മിത്ത് പുതിയ ആരാധകരെ റിക്രൂട്ട് ചെയ്യുന്നതെന്ന് നമുക്കു വേണമെങ്കില്‍ തര്‍ക്കിക്കാവുന്നതേയുള്ളൂ! ) തലയ്ക്കു മുകളില്‍ സ്വന്തമായി ഒരു മേല്‍ക്കൂര ഇല്ലാതിരുന്നിട്ടും ഉറക്കം പോലും മുറിയാത്ത വിധത്തില്‍ മകനെ കൊണ്ടു നടന്ന അച്ഛനെപ്പറ്റി ക്രിസ്റ്റഫര്‍ എന്താവും പറയുക? ക്രിസ്റ്റഫര്‍ ജൂനിയര്‍ ഓര്‍മക്കുറിപ്പൊന്നും എഴുതിയിട്ടില്ല, എങ്കിലും ഇക്കാര്യമാരാഞ്ഞവരോട് അയാള്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്, : 'ഞങ്ങള്‍ക്ക് വീടില്ലായിരുന്നോ? ദിവസവും സ്ഥലം മാറുമെന്നല്ലാതെഅതൊന്നും ഞാന്‍ അറിഞ്ഞതേയില്ലല്ലോ'' ക്രിസ് ഗാര്‍ഡ്‌നര്‍ അതു കേട്ടിട്ടുണ്ടാവുമോ? ഉണ്ടെങ്കില്‍ അയാളുടെ ഉള്ളില്‍ പതിഞ്ഞ താളത്തില്‍ ഒരു മഴ പെയ്തിട്ടുണ്ടാവും. രാവുണ്ണിക്കവിത അവിടെ നമ്മളെ കാത്തുനില്‍പ്പുണ്ട്. വീടിന്നകത്തും പുറത്തും മഴ, തോരാതെ തോരാതെ' എന്നാണ് അത് അവസാനിക്കുന്നത്.

ഒടുവില്‍ നമ്മള്‍ കൈകോര്‍ത്ത് നടന്നതെന്നാണ്?
കൊല്ലുന്നെങ്കില്‍ കൊല്ല്, ചിലയ്ക്കാതെ!

'മൂന്നു മണിക്കൂ കുവുന്ന കോഴിയായിരുന്നു അച്ഛന്റെ അലാം. അഥവാ ഉറങ്ങിപ്പോയാലും തൊട്ടുപിന്നാലെ അടുത്ത കോഴി കൂവും. അഞ്ചു മണിക്ക് കരിമ്പു പാടത്ത് എത്തിയിരിക്കും കക്ഷി. പിന്നെയങ്ങോട്ട് വിശ്രമമില്ലാത്ത പണിയാണ്. വെട്ടി കെട്ടിവയ്ക്കുന്ന കരിമ്പിന്റെ എണ്ണത്തിനാണ് കൂലി. പതിനൊന്നു മക്കളുള്ള വലിയ കുടുംബത്തെ പോറ്റാന്‍ ആ എണ്ണം കുറയാതെ നോക്കണം.' വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ആല്‍വിന്‍ കളിച്ചരന്‍ അച്ഛനെക്കുറിച്ച് എഴുതുകയാണ്. 'അവസരം കിട്ടിയിരുന്നെങ്കില്‍ നല്ലൊരു ക്രിക്കറ്റര്‍ ആവുമായിരുന്നു അച്ഛന്‍. കരിമ്പു പാടത്തെ നടത്തം കാലുകളെ ബലമുള്ളതാക്കും, നന്നായി ഓടാന്‍ പറ്റും. കത്തി പ്രത്യേക രീതിയില്‍ ദീര്‍ഘനേരം പിടിച്ചുള്ള പണി കൈകള്‍ക്ക് ഉറപ്പു നല്‍കും, ബാറ്റു ചെയ്യുന്നതിന് അതുകൊണ്ടുണ്ടാവുന്ന മെച്ചം ചെറുതല്ല.വാരാന്ത്യത്തില്‍ ഗ്രാമത്തിലെ ക്രിക്കറ്റ് മാച്ചില്‍ അച്ഛനായിരുന്നു താരം. ആ കളിക്കു വേണ്ടി മാത്രമായിരുന്നു അച്ഛന്‍ കരിമ്പു പാടത്തു നിന്ന് ഇടവേളയെടുത്തിരുന്നത്.' സന്തോഷവും സങ്കടവും ചേര്‍ത്ത ഏതോ മായാ മിശ്രിതം കൊണ്ടാണ് ആല്‍വിന്‍ കളിച്ചരന്‍ അച്ഛന്റെ ചിത്രം വരച്ചുവയ്ക്കുന്നത്. അതേ മിശ്രിതം കൊണ്ടാവണം ആലങ്കോട് ലീലാകൃഷ്ണന്‍, രാത്രിയില്‍ ഓണപ്പുടവയുമായി വരുന്ന അച്ഛനെ കവിതയില്‍ വരച്ചതും.

'അച്ഛനോണത്തലേന്ന്, നിലാവത്ത്

കൊച്ചു പൂക്കളം തീര്‍ത്തു ഞാന്‍ കാക്കവേ

ഓണമാതേവര്‍ വന്നെത്തി, പാതിരാപ്പാണനാരും പിരിഞ്ഞു പോയിട്ടാണ്

ചൂട്ടുകറ്റ മിന്നിച്ചു വന്നെത്തുന്നു, ചീട്ടി തന്‍ പുതു കുപ്പായമേകുന്നു

അച്ഛനപ്പോള്‍ ചിരിച്ച കണ്ണീരില്‍ അന്നെത്രയുത്രാടപ്പാച്ചിലിന്‍ നോവുകള്‍'

ഒടുവില്‍ നമ്മള്‍ കൈകോര്‍ത്ത് നടന്നതെന്നാണ്?
'ഒരു മരതകപ്പച്ചിലക്കാട്ടിലെന്‍ മരണശയ്യ വിരിക്കൂ സഖാക്കളേ!

പിണക്കസ്സുഖത്തിലേക്കും ഗുല്ലക്കിലേക്കും തിരിച്ചു വരാം. എല്ലാ ആണ്‍കുട്ടികളുടെയും സ്വപ്നം അച്ഛനെ ഒരിക്കലെങ്കിലും ഒന്നു കെട്ടിപ്പിടിക്കുകയെന്നതാണ് എന്നായിരുന്നു, ആ വീഡിയോയ്ക്ക് കണ്ട പല കാപ്ഷനുകളിലൊന്ന്. ശരിക്കും അങ്ങനെയൊരു സ്വപ്നമുണ്ടോ? ഉണ്ടായിരിക്കാം, അതു നമ്മള്‍ തിരിച്ചറിയുമ്പോഴേക്കും വൈകിപ്പോവുന്നതാവണം. അവസാനമായി നിങ്ങള്‍ അച്ഛനെ ആലിംഗനം ചെയ്തതെന്നാണ് എന്നായിരുന്നു കുറച്ചു നാള്‍ മുമ്പ് ക്വാറയില്‍ ചര്‍ച്ചയ്ക്കുവന്ന ഒരു ചോദ്യം. ശരിക്കും ഓര്‍ത്തു നോക്കൂ, എന്നായിരുന്നു അത്?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com