മലയാളം വാരികയുടെ 1998 ഒക്ടോബര്‍ 23 ലക്കത്തില്‍ നരേന്ദ്ര പ്രസാദ് എഴുതിയ കുറിപ്പ്
അടുത്തകാലത്ത് മാധ്യമപ്രതിനിധികളുള്‍പ്പെട്ട ഒരു മുഖാമുഖ പരിപാടിയില്‍വച്ച്, സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കുത്തരമായി ജാതിയെന്ന പ്രതിഭാസത്തെപ്പറ്റി ഈ ലേഖകന്‍ ചില പരാമര്‍ശങ്ങള്‍ നടത്താനിടയായി. ഒരു വ്യക്തിയുടെ ജാതി, അവന്റെ തനിമയുടെ രൂപീകരണത്തില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണെന്ന് ഒരു വാരികയ്ക്കുവേണ്ടി നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. അതു ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ചോദ്യം. എന്റെ നിലപാട് ഞാന്‍ വിശദീകരിച്ചു. എനിക്കുശേഷം പ്രസംഗിച്ച പ്രഗത്ഭനായ പാര്‍ലമെന്റേറിയനും എന്റെ സുഹൃത്തുമായ സുരേഷ്‌കുറുപ്പ് എം.പി. എന്റെ അഭിപ്രായങ്ങളെ അന്തസ്സോടെ വിമര്‍ശിച്ചു. പൊതുതാല്പര്യമുണര്‍ത്തിയ ഒരു വിവാദം ഈ സംഭവത്തില്‍ നിന്നുണ്ടായി എന്നാണെനിക്കു തോന്നുന്നത്. വിവാദങ്ങള്‍ സത്യാന്വേഷണത്തിന്റെ അടിത്തറയാണ്. അവ ഉയര്‍ന്നുവരുന്നത് ചിന്തയുടെ സജീവതയാണ് കാണിക്കുന്നത്.
ജാതിസ്പര്‍ദ്ധ
ജാതിവികാരം കഴിഞ്ഞ മൂന്നുനാലു ദശാബ്ദങ്ങളായി, വര്‍ദ്ധിച്ചതോതില്‍ പ്രകടമാകുന്നത് പകല്‍പോലെ സത്യമാണല്ലോ. സാമൂഹ്യരാഷ്ട്രീയ മണ്ഡലങ്ങളില്‍ ജാതിചിന്ത ജാതിസ്പര്‍ദ്ധയുടെ സ്വഭാവം സ്വീകരിക്കുന്നു. മതവൈരവും ജാതിസ്പര്‍ദ്ധയും നമ്മുടെ പ്രാദേശികമായ ഐക്യത്തെയും ജനമൈത്രിയേയും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ഒരു ഗ്രാമത്തിന്റെ ഒരുമ ഒരു മരീചികയായിത്തീരുന്നു. പ്രകടമായി ജാതിവ്യവസ്ഥയും അതിന്റെ കൂടെയുണ്ടായിരുന്ന തീണ്ടലും തൊടീലും പോലെയുള്ള ദുരാചാരങ്ങളും അപ്രത്യക്ഷമായിട്ടുണ്ടെന്നത് ആശ്വാസകരമാണ്. എന്നാല്‍ ജാതിമത വികാരത്തിന്റെ കാര്യത്തില്‍ ഇന്ന് അതിന്റെ നിഗൂഢമായ അന്യജാതി-മതവിരോധങ്ങള്‍ നാം സ്വാംശീകരിച്ചിരിക്കുന്നു. രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി ജാതിപ്പേരും മതപ്പേരും ഉപയോഗിക്കുന്നതാണ് നമ്മുടെ ഏറ്റവും വലിയ സാമൂഹ്യവിപത്തുകളിലൊന്ന്. പരസ്യമായി ജാതിക്കാര്യം സംസാരിക്കാതിരിക്കുകയും രഹസ്യമായി ജാതിചിന്തയില്‍ മുങ്ങിക്കുളിക്കുകുയും ചെയ്യുന്ന അവസ്ഥയാണുള്ളത്. ജാതി-മതവിരോധത്തെ നാം ആന്തരീകരിച്ചിരിക്കുന്നു. അതേസമയം ഒരു ഉപസംസ്‌കാരം എന്ന നിലയില്‍ ഓരോ ജാതിയും അതിന്റെ പരസ്പരബന്ധ നിയമങ്ങളിലൂടെയും ആചാരാനുഷ്ഠാനങ്ങളിലൂടെയും വ്യക്തിയിലുണ്ടാക്കിയ സ്വാധീനം ഇല്ലാതാവുകയും അന്യജാതിമതങ്ങളോടുള്ള വെറുപ്പുണ്ടാക്കാനുള്ള ഉപാധി മാത്രമായി ജാതിയേയും മതത്തേയും മാറ്റുകയും ചെയ്തിരിക്കുന്നു.
ജാതിവികാരവും മതവികാരവും നിലനില്‍ക്കുകയും അത് ഉദ്ദീപിപ്പിക്കാനിടയുള്ള വിവേചനവും വിദ്വേഷവും സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍നിന്ന് അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഒരു കേരളീയ സമൂഹമാണ് നമുക്കു വേണ്ടതെന്നിരിക്കെ, ഇപ്പോള്‍ സംഭവിക്കുന്നതെന്താണ്? ജാതിവിവേചനവും വിദ്വേഷവും കൊണ്ട് മനുഷ്യമനസ്സ് പങ്കിലമാവുകയും ജാതിവികാരത്തില്‍നിന്നും മതവികാരത്തില്‍നിന്നും ഗോത്രകാലം മുതല്‍ മനുഷ്യന്‍ ഉരുക്കൂട്ടിയിരുന്ന സ്വത്വബോധം തകര്‍ന്നുപോവുകയും ചെയ്യുകയാണ്. ജാതിവ്യവസ്ഥയെ ന്യായീകരിക്കുകയല്ല, അതൊരു സത്യമാണെന്ന് അംഗീകരിക്കുകയാണ് ഈ ലേഖകന്‍ ഇവിടെ ചെയ്യുന്നത്. ഉപസംസ്‌കാരങ്ങളുടെ സമുച്ചയമാണ് ദേശീയ സംസ്‌കാരമെങ്കില്‍ ജാതിമതവികാരം ദേശീയവികാരത്തിനെതിരല്ലെന്നും കാണാം. മതങ്ങളും ജാതിവ്യവസ്ഥയും ചരിത്രപരമായ ഒരു സാമൂഹ്യസത്യമാണെന്നും മലയാളിയുടെ മനോഘടനയുടെ നിര്‍ണ്ണായകമായ ഒരംശമാണെന്നുമാണ് ഞാന്‍ പറയുന്നത്. പിന്നെ, ജാതിക്കും മതത്തിനുമൊക്കെയപ്പുറത്തുള്ള ഒരു യുട്ടോപ്പിയയില്‍ എന്റെ യൗവനാരംഭത്തില്‍ ഞാനും വിശ്വസിച്ചിരുന്നു. പക്ഷേ, ആഗ്രഹചിന്തയല്ലല്ലോ ജീവിതം. ജാതി എന്ന പ്രശ്‌നത്തെ നേരിടാന്‍ ലിബറല്‍-ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇതുവരെ തയ്യാറാകാത്തതുകൊണ്ടാണ് നമ്മുടെ പൊതുജീവിതം മത-ജാതിവിദ്വേഷംകൊണ്ട് വീര്‍പ്പുമുട്ടുന്നത്.
അധികാരം, ആധ്യാത്മികത
ജാതിയുടെയും മതത്തിന്റെയും അവിശുദ്ധഘടകങ്ങള്‍ മേല്‍ക്കൈ നേടുന്നത് അവ അധികാരത്തിനുവേണ്ടി ഉപയോഗിക്കപ്പെടുമ്പോഴാണ്. ജാതിയുടെയും മതത്തിന്റെയും ചരിത്രം അധികാരദുര്‍വിനിയോഗത്തിന്റെ ചരിത്രം കൂടിയാണ്. അധികാരഘടനയുടെ സ്വഭാവമനുസരിച്ച് ജാതിയുടെയും മതത്തിന്റെയും സ്വഭാവം മാറുന്നു. ജനാധിപത്യത്തിന്റെ കാലഘട്ടത്തില്‍ അതിന്റെ പരസ്യമായ മൂല്യങ്ങളുടെ മറവിലാണ് ജാതിയും മതവും മേല്‍ക്കൈ നേടുന്നത്. അധികാരത്തിനുവേണ്ടി ശ്രമിക്കുമ്പോള്‍ ജാതിയും മതവും അവയുടെ ആദിമമായ ആദ്ധ്യാത്മികത നഷ്ടപ്പെടുത്തുന്നു. ബാഹ്യാചാരങ്ങളില്‍ മാത്രം മതരാഷ്ട്രീയം ശ്രദ്ധിക്കുന്നു; ജാതികളിലെ പ്രമാണികള്‍ അവസരങ്ങള്‍ക്കുവേണ്ടി ജാതിക്കൂറുപയോഗിക്കുക വഴി ജാതിക്കൂറിന്റെ ഉള്ളടക്കം തന്നെ ഇല്ലാതാക്കുന്നു. മനുഷ്യരുടെ പരസ്പരസ്‌നേഹമാണ് ജാതിക്കൂറില്‍നിന്നുണ്ടാവേണ്ടത്. അത് പൂര്‍ണ്ണമായും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്, ജനാധിപത്യത്തെ വെറുമൊരു മറയായി വച്ചുകൊണ്ട് ജാതിയെ സ്വന്തം പ്രയോജനത്തിനുപയോഗിക്കുന്ന ന്യൂനപക്ഷം പ്രമാണികള്‍ കാരണമാണ്. ഇവരെ ഇതിനു സഹായിക്കുന്നത് സാമ്പത്തിക ഘടകങ്ങളാണ്. സമ്പത്തിന്റെയും അധികാരശക്തിയുടേയും ബുള്‍ഡോസറുകള്‍ക്കു കീഴില്‍ മനുഷ്യന്റെ ഗോത്രപരമായ സ്‌നേഹവും നിഷ്‌കളങ്കതയും സര്‍വ്വോപരി പാരമ്പര്യബോധത്തില്‍നിന്ന് ജീവിതത്തെക്കുറിച്ചുണ്ടാകേണ്ട വിശുദ്ധിബോധവും നഷ്ടമാകുന്നു.
ഇത് പുതിയ കാര്യമല്ല. ഇരുപതാംനൂറ്റാണ്ടില്‍ ഉപഭോഗസംസ്‌കാരം പ്രാചീനവും ഗോത്രപരവും മറ്റുമായ അറിവുകളെ ഇല്ലായ്മ ചെയ്യുന്നത് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ലേഖകന്‍ ആദരിക്കുന്ന ഫാദര്‍ കാപ്പന്‍ അവയെ സമര്‍ത്ഥമായി സംക്ഷേപിച്ചിരിക്കുന്നു:
''അറിവിന് വ്യത്യസ്തതലങ്ങളുണ്ട്. പ്രധാനമായും രണ്ട് തലങ്ങള്‍ പരിഗണിച്ചാല്‍ മതിയാകും പ്രായോഗികമായ അറിവ്; മനനാത്മകമായ അറിവ്. എങ്ങനെ പല്ലുതേയ്ക്കണം, എങ്ങനെ ഭക്ഷണം പാകം ചെയ്യണം, എങ്ങനെ പച്ചക്കറിത്തോട്ടം വളര്‍ത്തണം തുടങ്ങിയവ ഒരു സമൂഹത്തില്‍ പെരുമാറേണ്ട വിധത്തെക്കുറിച്ചും അത് പറഞ്ഞുതരുന്നു. നിങ്ങളുടെ ബന്ധുക്കളോടും സമന്മാരോടും എതിര്‍ലിംഗത്തില്‍പ്പെട്ടവരോടും അപരിചിതരോടും എങ്ങനെ സമ്പര്‍ക്കം ശീലിക്കാമെന്നും. ഇത്തരം അറിവുകള്‍ പ്രാചീനഗോത്രത്തില്‍പ്പെട്ടവരടക്കം, എല്ലാവര്‍ക്കും സ്വായത്തമാണ്. പ്രാചീനഗോത്രത്തില്‍പ്പെട്ടവര്‍ക്കാകട്ടെ, എന്ത് അനുവദനീയമാണെന്നും അല്ലെന്നും എന്ത് ആഹരിക്കുന്നുവെന്നും ഏതെല്ലാം രോഗങ്ങള്‍ക്ക് ഏതെല്ലാം ഔഷധച്ചെടികള്‍ ഉതകുമെന്നും ഒക്കെ ക്ലിപ്തമായ ധാരണകളുമുണ്ട്.
മനനാത്മകമായ അറിവ്, സത്താധിഷ്ഠിതമായ ഒന്നാണ്. യാഥാര്‍ത്ഥ്യത്തിന്റെ അന്തിമാര്‍ത്ഥത്തെക്കുറിച്ചുള്ളത് - ഞാന്‍ എവിടെ നിന്നു വരുന്നു, ഞാന്‍ എങ്ങോട്ടാണ് പോവേണ്ടത്, അഥവാ ഞാന്‍ എങ്ങോട്ടെങ്കിലും പോവേണ്ടതുണ്ടോ, ചരിത്രത്തിന് ഒരു നിയതലക്ഷ്യമുണ്ടോ, പ്രകൃതിയും പുരുഷനുമായുള്ള ചര്‍ച്ചയില്‍ ഞാന്‍ നില്‍ക്കുന്നതെവിടെയാണ്. ഞാന്‍ സാക്ഷാത്കരിക്കേണ്ട മൂല്യങ്ങള്‍ ഏതെല്ലാമാണ് - ഇത്തരം അറിവുകള്‍ നാം പുരാവൃത്തങ്ങളിലൂടെ, ഐതിഹ്യകല്പനകളിലൂടെ ദര്‍ശനങ്ങളിലൂടെ മതങ്ങളിലൂടെ നേടാന്‍ ശ്രമിക്കുന്നു. മാര്‍ക്സിസം പോലും ഒരു മനനാത്മകമായ അറിവാണ്... ''ഒരാള്‍ക്ക് പ്രായോഗികമായ അറിവുണ്ടെങ്കിലും മനനാത്മകമായ അറിവ് തീരെ ഇല്ലെന്നുവരാം. മനുഷ്യാസ്തിത്വത്തിന് ദിശയും ഐക്യവും ദൃഢതയും നല്‍കുന്നത് ഈ അറിവാണ്. വൃഷ്ടിയായാലും സമഷ്ടിയായാലും.''
ഗോത്രപരമായ അംശങ്ങള്‍ നിലനിര്‍ത്തുന്ന ജാതിയും ആദ്ധ്യാത്മികതയുള്ള ജീവിതബോധം നിലനിര്‍ത്തുന്ന മതവും അവയുടെ സത്ത ദുരുപയോഗപ്പെടുന്നില്ലെങ്കില്‍ മനുഷ്യാവസ്ഥയുടെ അനുപേക്ഷണീയവശങ്ങളാണ് എന്നുതന്നെ ഫാ. കാപ്പന്‍ പറയുന്നു.
മനനശേഷി എന്ന് ഫാദര്‍ കാപ്പന്‍ വിശേഷിപ്പിക്കുന്നതും ആദ്ധ്യാത്മികതയെന്ന് ഞാന്‍് വിശദമാക്കുകയും ചെയ്യുന്ന ഈ ഗുണത്തിനുപകരം ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും നമുക്ക് എന്താണ് നല്‍കുന്നത് ഫാദര്‍ കാപ്പനെ വീണ്ടും ഉദ്ധരിക്കട്ടെ.
''ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും യാഥാര്‍ത്ഥ്യത്തിന്റെ അളക്കാവുന്ന സീമകളിലെ വെളിച്ചം വീഴ്ത്തുന്നുള്ളൂവെന്നത് മറ്റൊരു കാര്യം. വസ്തുക്കളുടെ പാരമ്പര്യത്തെക്കുറിച്ചോ ഉണ്‍മയെക്കുറിച്ചോ അവയ്‌ക്കൊന്നും കണ്ടെത്താനായിട്ടില്ല.''
മാത്രവുമല്ല, ശാസ്ത്രവും മനുഷ്യന്റെ മനനശേഷിയെ, ആദ്ധ്യാത്മികാനുഭൂതിക്കുള്ള ശേഷിയെ, പ്രകൃതിയുമായുള്ള ഐക്യത്തെ, ലോകത്തെക്കുറിച്ചുള്ള വിശുദ്ധിബോധത്തെയൊക്കെ തകര്‍ത്തുകളയുന്നു. ''ആപല്‍ക്കരങ്ങളായ പുനരുത്ഥാനവാദവും മതമൗലികവാദവും പരക്കെ വ്യാപിച്ചുവരുമ്പോള്‍, ജനങ്ങള്‍ക്ക് ആധികാരികമായ ദര്‍ശനങ്ങളില്‍ ആലംബം നഷ്ടപ്പെടുന്നു,'' ഫാദര്‍ കാപ്പന്‍ പറയുന്നു. മൗലികവാദത്തെയും പുനരുത്ഥാനവാദത്തെയും ചെറുക്കണമെങ്കില്‍, 'ആധികാരികമായ മതദര്‍ശനങ്ങളുടെ ആലംബം' നഷ്ടമായിക്കൂടാ എന്ന് ഈ ലേഖകനും കരുതുന്നു.
മഹത്തായ വെളുപാടുകളുടെ മരണത്തെക്കുറിച്ച് മനീഷികള്‍ ഉല്‍കണ്ഠപ്പെട്ടുതുടങ്ങിയിരിക്കുന്നു. ക്രിസ്ത്യന്‍ വെളിപാടിന്റെ (സൃഷ്ടിയില്‍നിന്ന് പതനത്തിലേക്കും സ്വര്‍ഗ്ഗത്തിലേക്കുമുള്ള അയനം), ഹിന്ദുവെളിപാടിന്റെ (കൃതയുഗത്തില്‍നിന്ന് ദ്വാപരത്രേതായുഗങ്ങളിലൂടെ കലിയുഗത്തിലേക്കുമുള്ള അയനം), മാര്‍ക്സിസ്റ്റ് വെളിപാടിന്റെ (അടിമത്തത്തില്‍നിന്ന് ദ്വാപരത്രേതായുഗത്തിലേക്കും അവിടെനിന്ന് മുതലാളിത്തത്തിലേക്കും തുടര്‍ന്ന് സാമ്യവാദത്തേലിക്കുമുള്ള അയനം) ശോഭകളോരോന്നും നിഷ്പ്രഭമായി വരികയാണ്. എത്രതന്നെ പരിമിതികളുണ്ടെങ്കിലും ഭാഗികതകളുണ്ടെങ്കിലും ഈ വെളിപാടുകളില്‍ മനനത്തിന്റെ ആന്തരദീപ്തി കലര്‍ന്നിരുന്നു.
നമ്മുടെ തനിമ
ആഗോളസംസ്‌കാരമാണോ നമ്മുടെ പുരോഗതി സൂചിപ്പിക്കുന്നത്? ആഗോളസംസ്‌കാരമെന്ന ഏകശിലാ സംസ്‌കൃതി പാശ്ചാത്യ വിസകിതരാഷ്ട്രങ്ങളുടെ ഇഷ്ടത്തിനുവേണ്ടിയുണ്ടാകുന്ന സമതലീകരണമാണ്. ''വൈവിധ്യമാണ് നമ്മെ സംയോജിപ്പിക്കുന്നത്. പലതിനെ ഒന്നാക്കിമാറ്റുന്നതില്‍ സഹായകരമാവുക ഈ വൈവിധ്യമാണുതാനും.'' പല മതങ്ങളുടേയും ജാതികളുടേയും വൈവിധ്യം നിലനിര്‍ത്തുക മാത്രമാണ് ഏകശിലയായി, ആഗോളവിപണിയുടെ ഒരു ചിന്നച്ചീന്തായി മാറിക്കൊണ്ടിരിക്കുന്ന കേരളീയ സമൂഹത്തിന് അതിന്റെ തനിമ പുലര്‍ത്താനുള്ള മാര്‍ഗ്ഗം.
എന്നുവച്ചാല്‍ നാം ചരിത്രത്തിലൂടെ പിന്നോട്ടു പോയി ഗോത്രങ്ങളാകണമെന്നല്ല. കൊളോണിയലിസത്തിന്റെ അവശിഷ്ടങ്ങളായ ഷര്‍ട്ടും പാന്റും ചെരുപ്പും ബെഞ്ചും കോണ്‍ക്രീറ്റും ഇംഗ്ലീഷും സയന്‍സ്സും ഉപേക്ഷിക്കണമെന്നല്ല, ലോകവിജ്ഞാനത്തില്‍നിന്ന് ഒറ്റപ്പെടണമെന്നല്ല. എങ്ങനെയാണ് ഈ സമതലീകൃതലോകത്തില്‍ ഒരു ദേശം അതിന്റെ സംസ്‌കാരം സൂക്ഷിക്കുന്നതെന്നത് മനുഷ്യരാശി ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സമസ്യയാകുന്നു. ഈ പരിഷ്‌കാരത്തോടും സമതലീകരണത്തോടുമൊപ്പം നമുക്ക് - ഇന്ത്യക്ക് - അതിനെ സ്വരൂപിക്കുന്ന കൊച്ചുകൊച്ച് ആദ്ധ്യാത്മികതകളെ പരിരക്ഷിക്കാന്‍ കഴിയുമോ? അതോ ആദ്ധ്യാത്മികതയെ മൗലികവാദികള്‍ അപഹരിച്ച് ഹിംസയുടെയും തമസ്സിന്റെയും ഒരു രാത്രിയിലേക്ക് നമ്മെ കൊണ്ടുപോകുമോ? ഈ ചോദ്യങ്ങള്‍ മറ്റൊരു കാലഘട്ടത്തിലുമില്ലാത്ത രീതിയിലുയരുമ്പോള്‍, ജാതിക്കൂറും മതവികാരവുമൊക്കെ, ഫാദര്‍ കാപ്പന്‍ പറഞ്ഞതുപോലെ, നമ്മുടെ തനിമയാര്‍ന്ന ആദ്ധ്യാത്മികത നിലനിര്‍ത്താനുപകരിക്കുമെന്ന് ഞാന്‍ കരുതുന്നു. ഈ വിചാരം പ്രതിലോമപരമാണെന്നു കരുതുന്നവര്‍ എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്? സമതലീകൃതവും വന്ധ്യവുമായ ഉപഭോഗസംസ്‌കാരത്തിനുവേണ്ടിയോ, അതോ (ഹോ!) വിപ്ലവത്തിനുവേണ്ടിയോ?
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക