Illuminati |സത്യാനന്തരയുഗത്തിലെ പ്രച്ഛന്നസത്യങ്ങള്‍

ഗൂഢാലോചന സിദ്ധാന്തങ്ങള്‍ കുറേപ്പേര്‍ക്കെങ്കിലും ആകർഷകമായി തോന്നുന്നതിനു ചില കാരണങ്ങളുണ്ട്
Illuminati |സത്യാനന്തരയുഗത്തിലെ പ്രച്ഛന്നസത്യങ്ങള്‍
Updated on

ന്റെയൊരു ചങ്ങാതിയുണ്ട്. ഏത് സംഭവവികാസത്തിനു പിറകിലും ഒരു ഗൂഢാലോചന ദര്‍ശിക്കും. ആളോടു സംസാരിക്കുക രസമാണ്. പെരുമ്പാവൂര്‍ ജിഷ സംഭവം നടന്ന സമയത്ത് ഇതുമായി ഒരു രാഷ്ട്രീയ നേതാവിനു ബന്ധമുണ്ടെന്ന് ആള്‍ക്ക് ഉറപ്പായിരുന്നു. ജിഷയ്ക്കും പ്രദേശത്തെ ഒരു രാഷ്ട്രീയ നേതാവിനും ഒരേ മുഖച്ഛായയാണെന്നുവരെ അദ്ദേഹം തന്റെ ഗൂഢാലോചനാ സിദ്ധാന്തത്തെ സ്ഥിരീകരിക്കുന്നതിനുവേണ്ടി കണ്ടുപിടിച്ചു കളഞ്ഞു.

ഈ ചങ്ങാതി ഒരൊറ്റപ്പെട്ട ഉദാഹരണമല്ല. ഇവ്വിധം വന്യഭാവന ഉണര്‍ത്തുന്ന ഒട്ടനവധി താല്‍പ്പര്യങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒരുപാടുണ്ട് നമ്മുടെ ഇടയ്ക്ക്. കുട്ടിക്കാലത്ത് ഒന്നുകില്‍ ഒരുപാടു കെട്ടുകഥകള്‍ കേട്ടുവളര്‍ന്നവരാകാം ഇക്കൂട്ടര്‍. അല്ലെങ്കില്‍ അത്തരം കെട്ടുകഥകള്‍ പറയാന്‍ അവര്‍ക്ക് താല്‍പ്പര്യമുണ്ടാകാം എന്നും തോന്നുന്നു. മാധ്യമ ലോകത്ത് ഈ രീതിയില്‍ കഥയുണ്ടാക്കാന്‍ കഴിവുള്ളവര്‍ക്ക് നല്ല സാദ്ധ്യതയാണ് എന്നു തോന്നിയിട്ടുണ്ട്. ഇല്ലുമിനാറ്റി, ഫ്രീമേസൺസ്, ഡീപ് സ്റ്റേറ്റ്, സീക്രട്ട് കാർട്ടലുകൾ എന്നിവയൊക്കെ ഇത്തരക്കാരില്‍ താല്‍പ്പര്യമുണര്‍ത്തുന്ന വാക്കുകളാണ്. ഇടക്കാലത്ത് നമ്മുടെ സിനിമകളിലൊക്കെ ഇവ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട്.

സാത്താനെ ആരാധിക്കുന്ന പീഡോഫൈലുകളുടെ ഒരു രഹസ്യ സംഘമാണ് ലോകത്തെ നിയന്ത്രിക്കുന്നതെന്നും ഡൊണാൾഡ് ട്രംപ് ഈ ഗൂഢാലോചനക്കാര്‍ക്കെതിരെ പോരാടുന്ന രാഷ്ട്രീയ നേതാവാണെന്നും വിശ്വസിക്കുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഗൂഢാലോചനാ സിദ്ധാന്തമാണ് QAnon.

ശരിക്കും പറഞ്ഞാല്‍ മനഃശാസ്ത്രപരവും ചരിത്രപരവും സാമൂഹികവുമായ ഘടകങ്ങളാണ് ഇവയോടുള്ള താൽപ്പര്യത്തിനു പിറകിലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗൂഢാലോചന സിദ്ധാന്തങ്ങള്‍ കുറേപ്പേര്‍ക്കെങ്കിലും ആകർഷകമായി തോന്നുന്നതിനു ചില കാരണങ്ങളുണ്ട്. ഒന്നാമതായി മനഃശാസ്ത്രപരമായ കാരണങ്ങളാണ്. കാര്യങ്ങളാകെ കുഴഞ്ഞിരിക്കുകയാണെന്നും അനീതി മാത്രമാണ് ഈ ലോകത്ത് നടക്കുന്നതെന്നുമുള്ള തോന്നല്‍ വ്യാപകമാകുമ്പോള്‍ ചില പാറ്റേണുകളും വിശദീകരണങ്ങളും തേടാൻ മനുഷ്യർ ശ്രമിക്കുന്നത് സ്വാഭാവികമാണ്. സങ്കീർണമായ ആഗോളസംഭവ വികാസങ്ങളെ അഭിമുഖീകരിക്കുമ്പോൾ, ക്രമരാഹിത്യമോ ഘടനാപരമായ പ്രശ്നങ്ങളോ അല്ല ഇതിനു പിറകിലെന്നും മറിച്ച് ചില നിഗൂഢവ്യക്തികളോ അത്തരം സംഘങ്ങളോ ആണ് ഇതിന് ഉത്തരവാദികളെന്നു വിശ്വസിക്കാനും മനുഷ്യരില്‍ വലിയൊരു വിഭാഗം ഇഷ്ടപ്പെടുന്നുണ്ട്. കാര്യങ്ങൾ എന്തുകൊണ്ട് സംഭവിക്കുന്നു എന്നതിനു ലളിതമായ ഒരു ഉത്തരമാണ് അവര്‍ക്കു വേണ്ടത്. ആ ഉത്തരം നിഴലിനു സമാനമായ ‘ആഴത്തിലുള്ള അവസ്ഥ’ അതുമല്ലെങ്കിൽ ഒരു ‘രഹസ്യ കാബൽ’ എന്നതാണ്.

ഭയവും ഉല്‍ക്കണ്ഠയുമാണ് രണ്ടാമത്തെ കാരണം. ആധുനിക രാഷ്ട്രീയ സമൂഹത്തിന്റെ ഒരു പ്രധാന സ്വഭാവം തീര്‍ച്ചയായും അനിശ്ചിതത്വമാണ്. ഈ അനിശ്ചിതത്വമാകട്ടെ പേടിപ്പെടുത്തുന്ന ഒന്നാണ്. സാമ്പത്തികമായ അസ്ഥിരതയും, രാഷ്ട്രീയ അഴിമതികളും അതുമല്ലെങ്കിൽ സാമൂഹികമായ തകർച്ചയും പെരുകുമ്പോള്‍ “ഇതൊന്നും നമുക്കു നിയന്ത്രിക്കാന്‍ കഴിയുന്നതല്ലെന്ന” തോന്നല്‍ മനുഷ്യരെ നിരാശരാക്കും. അപ്പോള്‍ നിരാശകളെ നിയന്ത്രിക്കാൻ ചിലര്‍ കണ്ടെത്തുന്ന ഒരു മാർഗമാണ് രഹസ്യ വരേണ്യവർഗങ്ങളെക്കുറിച്ചുള്ള ഗൂഢാലോചന സിദ്ധാന്തങ്ങൾ. മുതലാളിത്ത വ്യവസ്ഥ, ഉദ്യോഗസ്ഥവൃന്ദം അല്ലെങ്കിൽ മേഖലാരാഷ്ട്രീയം പോലുള്ള അമൂർത്ത സംവിധാനങ്ങളെ കുറ്റപ്പെടുത്തുന്നതിനുപകരം, അവർ എവിടെയോ മറഞ്ഞിരുന്നു ചരടുവലിക്കുന്ന, കാര്യങ്ങള്‍ നിയന്ത്രിക്കുന്ന കൂട്ടം ആളുകളെ കുറ്റപ്പെടുത്താന്‍ തുടങ്ങും.

തനിക്കു മാത്രമായി ഒരു അറിവുണ്ട് എന്ന മിഥ്യാബോധം അതുമല്ലെങ്കില്‍ “എനിക്ക് സത്യം അറിയാം!” എന്നു തെളിയിക്കാനുള്ള വ്യഗ്രത; ഇതാണ് മൂന്നാമത്തെ കാരണം. മറ്റുള്ളവർക്ക് കാണാന്‍ പറ്റാത്ത ‘മറഞ്ഞിരിക്കുന്ന സത്യങ്ങൾ’ അറിയുന്നതിൽ തനിക്കു കഴിവുണ്ടെന്നു മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താന്‍ ഇവര്‍ താല്‍പ്പര്യപ്പെട്ടുകൊണ്ടിരിക്കും. ഇല്ലുമിനാറ്റി, ഡീപ് സ്റ്റേറ്റ് തുടങ്ങിയവയില്‍ വിശ്വസിക്കുന്നത് താന്‍ മറ്റുള്ളവരില്‍നിന്നും വേറിട്ടൊരു സ്വതന്ത്രചിന്ത ഉള്ള ആളാണെന്ന തോന്നല്‍ അയാളിലും മറ്റുള്ളവരിലും ഉണ്ടാകാന്‍ സഹായിക്കുന്നു. മാര്‍ക്സിസം അടക്കമുള്ള ദാര്‍ശനിക പദ്ധതികളെ അടിസ്ഥാനപ്പെടുത്തി പ്രശ്നങ്ങളെ വിശകലനം ചെയ്യാനും ഉത്തരങ്ങള്‍ തേടാനും ശ്രമിക്കുന്നവരേയും, പ്രശ്നങ്ങള്‍ യുക്തിപരമായി വിശകലനം ചെയ്യേണ്ടുന്നവയും അവയ്ക്കുള്ള ഉത്തരങ്ങള്‍ ജനാധിപത്യപരമായ ചര്‍ച്ചകളിലൂടേയും പ്രക്രിയകളിലൂടേയും ഉരുത്തിരിഞ്ഞു വരേണ്ടതാണെന്ന് വാദിക്കാന്‍ മുതിരുന്നവരേയും പൊതുവെ ഗൂഢാലോചന സിദ്ധാന്തക്കാര്‍ പുച്ഛത്തോടെയാണ് കാണുക. “ഇടയനു പിറകെ പോകുന്ന കുഞ്ഞാടുകള്‍ക്ക്” ഇല്ലാത്ത ആന്തരികമായ (Esoteric) ഒരു അറിവ് തങ്ങള്‍ക്കുണ്ടെന്നാണ് അവരുടെ ഭാവം. മറ്റുള്ളവരറിയാത്ത ഒരു കാര്യം തങ്ങള്‍ക്കറിയാമെന്ന ഈ “വിശ്വാസം വെച്ചുപുലര്‍ത്തുന്നവര്‍ക്കിടയിൽ” ഗ്രൂപ്പ് ഐഡന്റിറ്റി വളർത്താനും ഈ കാഴ്ചപ്പാട് സഹായിക്കുന്നു. സാത്താനെ ആരാധിക്കുന്ന പീഡോഫൈലുകളുടെ ഒരു രഹസ്യ സംഘമാണ് ലോകത്തെ നിയന്ത്രിക്കുന്നതെന്നും ഡൊണാൾഡ് ട്രംപ് ഈ ഗൂഢാലോചനക്കാര്‍ക്കെതിരെ പോരാടുന്ന രാഷ്ട്രീയ നേതാവാണെന്നും വിശ്വസിക്കുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഗൂഢാലോചനാ സിദ്ധാന്തമാണ് QAnon. യു.എസ് ഗവണ്‍മെന്റിന്റെ ഭാഗമെന്ന് ആരോപിക്കപ്പെടുന്ന ‘Q’ എന്ന നിഗൂഢ വ്യക്തി, ഓൺലൈനിൽ നിഗൂഢ സന്ദേശങ്ങൾ (Q ഡ്രോപ്പുകൾ എന്നാണ് ഈ സന്ദേശങ്ങള്‍ വിളിക്കപ്പെടുന്നത്) പോസ്റ്റ് ചെയ്തുപോരുന്നതായാണ് അവരുടെ വാദം. പിഡോഫിലിയയെ കുറിക്കുന്നതെന്ന് ഈ ഗൂഢാലോചന സിദ്ധാന്തക്കാര്‍ വാദിക്കുന്ന പീറ്റ്സാ ഇമോജികള്‍ ആണ് ഉയര്‍ത്തിക്കാണിക്കപ്പെടുന്ന തെളിവ്. യു.എസിലെ ‘ഡീപ് സ്റ്റേറ്റ്’ (ബ്യൂറോക്രാറ്റുകൾ, ലിബറലുകൾ, സെലിബ്രിറ്റികൾ, മാധ്യമങ്ങൾ) ഈ സംഘത്തിന്റെ ഭാഗമാണെന്നും ആരോപിക്കപ്പെടുന്നു. ട്രംപ് ഈ ഉന്നതരെ അറസ്റ്റ് ചെയ്യുകയും കൂട്ടമായി വിചാരണ ചെയ്യുകയും വധിക്കുകയും ചെയ്യുമെന്നാണ് ഈ ‘ഗൂഞാലോചന’ക്കാര്‍ വിശ്വസിക്കപ്പെടുന്നത്. സെമിറ്റിക് മതങ്ങളിലെ അന്ത്യവിധിദിനംപോലെ ‘ദ സ്റ്റോം’ എന്നു വിളിക്കപ്പെടുന്ന ആ ഒരു നിമിഷത്തിനായിട്ടാണ് ഈ വിശ്വാസികൾ കാത്തിരിക്കുന്നത്. രസകരമായ ഒരു കാര്യമെന്തെന്നു വെച്ചാല്‍, ഈ ‘വിശ്വാസികള്‍’ പറയുന്നത് ഫ്രാ‍ന്‍സിസ് മാര്‍പാപ്പയും ദലൈലാമയുമെല്ലാം QAnon എന്നുപറയുന്ന ഈ സംഘത്തിന്റെ ഭാഗമാണ് എന്നതാണ്. പക്ഷേ, ഇതു സംബന്ധിച്ച് അന്വേഷണങ്ങള്‍ നടത്തിയ യു.എസ് ഗവണ്‍മെന്റിന്റെ ഇന്‍വെസ്റ്റിഗേറ്റിങ് ഏജന്‍സികള്‍ കണ്ടെത്തിയത് അപകടകാരിയായ ഈ ഗൂഢാലോചനാ സിദ്ധാന്തത്തിന് ആഭ്യന്തര സുരക്ഷിതത്വത്തിനു ഭീഷണിയുയര്‍ത്താന്‍ കഴിവുള്ള വലതുപക്ഷ സംഘടനകളുമായി ബന്ധമുണ്ടെന്നാണ്. ബൈഡന്‍ അധികാരം കയ്യാളിയ കാലത്ത് ഈ ഗൂഢാലോചനാ സിദ്ധാന്തത്തിനു പഴയമട്ടിലുള്ള സ്വീകാര്യതയുണ്ടായില്ലെങ്കിലും കൊവിഡ് കാലത്തും മറ്റും വീണ്ടും അത് തലപൊക്കിയിരുന്നു. ഇക്കഴിഞ്ഞ യു.എസ് തെരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍ ട്രംപ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇത്തരമൊരു ഡീപ് സ്റ്റേറ്റിനെക്കുറിച്ച് പറഞ്ഞിരുന്നു. യുക്രൈനിലെ തന്റെ ഇടപെടല്‍ ഈ ഡീപ് സ്റ്റേറ്റ് തകിടം മറയ്ക്കുന്നതായി പിന്നീടും.

ചരിത്രം അവശേഷിപ്പിച്ചിട്ടുള്ളത്

എന്തായാലും ഇത്തരം ഗൂഢാലോചനകളോ രഹസ്യസമൂഹങ്ങളോ സംഘങ്ങളോ ചരിത്രത്തിലുണ്ടായിട്ടേയില്ല എന്നു പൂര്‍ണമായും നിഷേധിക്കുന്നത് ചരിത്രവിരുദ്ധമായിരിക്കും. വിദേശ ഹസ്തങ്ങളുടെ ഇടപെടലിനെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും ആവര്‍ത്തിച്ചു പറയാറുള്ള ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനു കാരണമായി ഇത്തരം ശക്തികളുടെ ഇടപെടല്‍കൂടി കാരണമായി ചൂണ്ടിക്കാണിച്ചിരുന്നു. പലപ്പോഴും പരിഹസിക്കപ്പെട്ടിരുന്നു കമ്യൂണിസ്റ്റുകാരുടെ സി.ഐ.എ ഗുഢാലോചന പേടി. ഒരു ജനപ്രിയ മലയാള സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കമ്യൂണിസ്റ്റുകാരന്‍ തന്റെ പിറകിലെ കാല്‍പ്പെരുമാറ്റം കേട്ട് “ഓ... അച്ഛനായിരുന്നോ... ഞാന്‍ വിചാരിച്ചു വല്ല സി.ഐ.എയുമായിരിക്കുമെന്ന്” എന്നു പറയുന്നതുകേട്ട് തിയേറ്ററുകള്‍ അലറിച്ചിരിച്ചിട്ടുണ്ട്. എന്നാല്‍, ലോകമെമ്പാടുമുള്ള ജനാധിപത്യ ഗവണ്‍മെന്റുകളെ അട്ടിമറിക്കുന്നതിനു ഗൂഢാലോചനകളുണ്ടായിട്ടുണ്ടെന്നും സി.ഐ.എ അവയില്‍ ഭാഗഭാക്കായിരുന്നെന്നുമുള്ള ത് ചരിത്രവസ്തുതയാണ്.

ബവേറിയൻ ഇല്ലുമിനാറ്റി, ഫ്രീമേസൺസ്, ടെംപ്ലർമാർ, രഹസ്യ കാർട്ടലുകൾ തുടങ്ങിയ ഗ്രൂപ്പുകൾ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ നിലവിലുണ്ടായിരുന്നു. അവരുടെ യഥാർത്ഥ സ്വാധീനം ചർച്ച ചെയ്യുമ്പോള്‍ രഹസ്യശക്തി എന്ന ആശയം പൂർണമായും ഫിക്‍ഷനല്ലെന്നും എന്നാല്‍, അവ സംബന്ധിച്ച വിശദീകരണത്തിലാണ് അതിശയോക്തിയുള്ളതെന്നും വേണം പറയാന്‍. ആളുകള്‍ ചിന്തിക്കുന്ന രീതിയലല്ലെങ്കിലും ഒത്തുകളിക്കുന്ന വരേണ്യരുടെ, വ്യവസ്ഥകളെ കൈകാര്യം ചെയ്യുന്ന വരേണ്യവർഗത്തിന്റെ, നിരവധി ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്. ഉദാഹരണത്തിന് കൊളോണിയൽ സാമ്രാജ്യങ്ങൾ (ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മുതലായവ) എണ്ണ ഭീമന്മാരും ഫാര്‍മ കാര്‍ട്ടലുകളും ഉള്‍പ്പെട്ട കോർപ്പറേറ്റ് ഗൂഢാലോചന, വാട്ടര്‍ഗേറ്റ് തുടങ്ങിയവ. എന്നാല്‍, ഇവയെല്ലാം എല്ലാം നിയന്ത്രിക്കുന്ന, ഒറ്റപ്പെട്ടതും സർവശക്തവുമായ ഗ്രൂപ്പുകളല്ല. മറിച്ച് വ്യത്യസ്ത മേഖലകളിൽ ഇടപാടുകൾ നടത്തുന്ന സ്വാർത്ഥതാല്‍പ്പര്യങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഗ്രൂപ്പുകളാണ്. ചുരുക്കത്തില്‍ ഇത്തരം രഹസ്യ ഗ്രൂപ്പുകളോ ഇടപെടലോ ഇല്ല എന്നല്ല. അതു സംബന്ധിച്ച കാഴ്ചപ്പാടുകളിലും വിശദീകരണങ്ങളിലുമാണ് പ്രശ്നം. അവ ഒരേസമയം, വലിയൊരു വ്യവസ്ഥയിലെ ചില ഘടകങ്ങളും ഉല്‍പ്പന്നങ്ങളുമാണ് എന്ന് ഈ ഗൂഢാലോചന സിദ്ധാന്തക്കാര്‍ അംഗീകരിച്ചുതരില്ല. ‍

‘രഹസ്യാത്മകത’കളിലുള്ള മനുഷ്യരുടെ വിശ്വാസത്തിനു ഇതിനൊക്കെ പുറമേ മാദ്ധ്യമങ്ങളുടേയും പോപ്പ് സംസ്കാരത്തിന്റേയും പിന്തുണയും സ്വാധീനവുമുണ്ട്. ഉദാഹരണത്തിന് ഈയിടെ വിവാദം സൃഷ്ടിച്ച ‘എമ്പുരാന്‍’ എന്ന സിനിമ തന്നെ ശ്രദ്ധിക്കുക. അന്താരാഷ്ട്രീയവും ദേശീയവും പ്രാദേശികവുമായ സംഭവവികാസങ്ങളുടെ പരസ്പരബന്ധത്തേക്കാള്‍ ഇത്തരം കമ്പോള സിനിമകള്‍ ഇവയ്ക്കു പിറകില്‍ മറഞ്ഞിരിക്കുന്ന രഹസ്യസംഘങ്ങളുടേയും അവരുടെ പ്രവര്‍ത്തനങ്ങളുടേയും വ്യാപ്തിയിലായിരിക്കും ഊന്നല്‍ നല്‍കുക. ആ സിനിമകളില്‍ വീരപരിവേഷമുള്ള നായകന് ഈ ഗൂഢാലോചനാസംഘം പ്രതിദ്വന്ദിയാകുന്നു. ഈ തരത്തില്‍ ഹോളിവുഡ് സിനിമകളും പുസ്തകങ്ങളും ഈ ചിന്താഗതികള്‍ക്കു വേണ്ടത്ര ഇന്ധനമേകുന്നതായും കാണാം. ഡാവിന്‍ചി കോഡ്, നാഷണല്‍ ട്രഷര്‍ തുടങ്ങിയ സിനിമകള്‍ ശക്തമായി പ്രവര്‍ത്തിക്കുകയും ഇടപെടുകയും ചെയ്യുന്ന രഹസ്യഗ്രൂപ്പുകള്‍ എന്ന ആശയത്തെ പ്രബലമാക്കുന്നു. ഫിക്ഷന്‍ പലപ്പോഴും യാഥാര്‍ത്ഥ്യത്തിനും ഫാന്റസിക്കും ഇടയിലുള്ള അതിരുകളെ ദുര്‍ബലമാക്കുകയോ മായ്ചുകളയുകയോ ചെയ്യുന്നതായാണ് അനുഭവം.

ഇന്റര്‍നെറ്റിന്റെ സമാന്തരലോകമാണ് രഹസ്യഗ്രൂപ്പുകളേയും ഗൂഢാലോചനകളേയും സംബന്ധിച്ച വ്യാജസത്യങ്ങള്‍ക്കു ബലമേകുന്ന മറ്റൊരിടം. സ്ഥിരീകരിക്കാത്ത വിവരങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി വേഗത്തിൽ പ്രചരിക്കുന്നുണ്ട്. ഒരാൾ ഒരു ഗൂഢാലോചനയിൽ വിശ്വസിക്കാൻ തുടങ്ങിയാൽ, അൽഗോരിതങ്ങൾ അയാളെ സമാനമായ ഉള്ളടക്കത്തിലേയ്ക്ക് കൂടുതൽ ആഴത്തിൽ തള്ളിവിടുന്നു. QAnon, Pizzagate, Great Reset തുടങ്ങിയ സിദ്ധാന്തങ്ങള്‍ക്കു കിട്ടുന്ന സ്വീകാര്യത തെറ്റായതും അവ്യക്തമായതുമായ വിവരങ്ങൾക്ക് എങ്ങനെ സ്വീകാര്യത ലഭിക്കുന്നുവെന്നു കാണിക്കുന്നു.

സ്വേച്ഛാധിപത്യസ്വഭാവമുള്ളതോ ദേശീയതാവാദത്തിലൂന്നിയ പോപ്പുലിസ്റ്റോ ആയ പ്രസ്ഥാനങ്ങളെ നയിക്കുന്ന രാഷ്ട്രീയ നേതാക്കൾ എതിരാളികളെ അപകീർത്തിപ്പെടുത്താൻ ഡീപ് സ്റ്റേറ്റ് പോലുള്ള പദങ്ങൾ ഉപയോഗിക്കാറുണ്ട്. അധികാരത്തിന്റെ ശ്രേണികളില്‍ ഗൂഢസ്വാധീനം ചെലുത്തുന്ന ഒരു വരേണ്യവർഗമുണ്ടെന്നും ആ വരേണ്യവര്‍ഗമാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നും സ്ഥാപിക്കുന്നതിലൂടെ, അവർ അധികാരം പിടിച്ചെടുക്കുന്നതിനെ ന്യായീകരിക്കുകയോ യഥാർത്ഥ ഭരണ പരാജയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കുകയോ ചെയ്യുന്നു.

ജനങ്ങള്‍ക്കിടയിലുള്ള സ്ഥാപന വിരുദ്ധ വികാരങ്ങളാണ് (anti institutional sentiments) ആണ് മറ്റൊരു കാരണം. കോർപ്പറേറ്റുകള്‍ സർക്കാരുകളെ നിയന്ത്രിക്കുന്നുവെന്ന അഭിപ്രായം തീര്‍ച്ചയായും കഴമ്പുള്ളതാണ്. എന്നാൽ, മുതലാളിത്തം, സാമ്രാജ്യത്വം, നവലിബറലിസം എന്നിവയുടെ വ്യവസ്ഥാപരമായ പ്രശ്നങ്ങൾ പരിശോധിക്കുന്നതിനുപകരം, ചിലര്‍ “ഇല്ലുമിനാറ്റി ലോകത്തെ ഭരിക്കുന്നു” എന്നതുപോലുള്ള അമിതലാളിത്യമുള്ള വിശദീകരണങ്ങളിലേയ്ക്ക് തിരിയുന്നു. ഘടനാപരമായ പ്രശ്നങ്ങളുടെ സങ്കീര്‍ണത ഗണിതശാസ്ത്ര പ്രശ്നങ്ങള്‍പോലെ ബൗദ്ധികപ്രയത്നം ആവശ്യമുള്ളതാണെങ്കില്‍ ഫാന്റസി കൂടുതല്‍ എളുപ്പമുള്ളതാകുന്നു എന്നതാണ് കാരണം.

സത്യാനന്തരയുഗത്തിലെ പ്രച്ഛന്നസത്യങ്ങള്‍

തീര്‍ച്ചയായും രഹസ്യ അധികാര ഘടനകൾ നിലവിലുണ്ട്. പക്ഷേ, അവ പരസ്പരം വിഘടിച്ചു നില്‍ക്കുന്നവയാണ്. അവര്‍ക്കിടയില്‍ പരസ്പര മത്സരവുമുണ്ട്. വരേണ്യവർഗ ഗൂഢാലോചന നടക്കുന്നത് സർവശക്തരായ ഗ്രൂപ്പുകളിലൂടെയല്ല. സ്വാധീന ശൃംഖലകളിലൂടെയാണ്. ആഗോള രാഷ്ട്രീയം രൂപപ്പെടുന്നതാകട്ടെ, അധികാര പോരാട്ടങ്ങളിലൂടെയാണ്. ‘ഇല്ലുമിനാറ്റി’ പോലുള്ള ഒരു ശക്തിയുടേയും നിയന്ത്രണവും സ്വാധീനവും ഇക്കാര്യത്തിലില്ല. യഥാര്‍ത്ഥത്തില്‍ രഹസ്യഗ്രൂപ്പുകളേയും ഗൂഢാലോചനകളേയും നമ്മുടെ പ്രശ്നങ്ങള്‍ക്കുള്ള കാരണമായി കാണുന്ന പ്രവണത ആരെയാണ് സഹായിക്കുന്നത് എന്നത് അന്വേഷണങ്ങളില്‍ വെളിവാക്കപ്പെട്ടിട്ടുണ്ട്. 2001-ല്‍ എഴുതപ്പെട്ട Them: Adventures with Extremists എന്നൊരു പുസ്തകമുണ്ട്. ജോണ്‍ റോണ്‍സ് എന്നൊരു ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ രചിച്ചതാണ്. ‘ദ സീക്രട്ട് റൂളേഴ്സ് ഒഫ് ദ വേള്‍ഡ്’ എന്നൊരു ഡോക്യുമെന്ററിയും അദ്ദേഹത്തിന്റേതാണ്. ‘Them’ എന്ന പുസ്തകം അദ്ദേഹം എഴുതിത്തുടങ്ങിയത് വ്യത്യസ്തതരം തീവ്രവാദികളെക്കുറിച്ചുള്ള ഒരു പുസ്തകമായിട്ടാണ്, എന്നാൽ, ജോൺ അവരിൽ ചിലരെ-ഇസ്‌ലാമിക മതമൗലികവാദികൾ, നവനാസികൾ, കു ക്ലക്സ് ക്ലാൻസുകള്‍ - പരിചയപ്പെട്ടപ്പോൾ, അവർക്കിടയില്‍ സമാനമായ ഒരു വിചിത്രവിശ്വാസം ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ന്യൂനപക്ഷം വരുന്ന, നിഴൽപോലെ തോന്നിക്കുന്ന ഒരു വരേണ്യവർഗം ഒരു രഹസ്യ മുറിയിൽനിന്ന് ലോകത്തെ ഭരിക്കുന്നു. കേരളത്തില്‍ നമ്മള്‍ ഇടയ്ക്കിടയ്ക്ക് കേള്‍ക്കുന്ന ജിഹാദി-കമ്യൂണിസ്റ്റ് ഗൂഡാലോചന പോലെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com