
അര നൂറ്റാണ്ടുമുമ്പ് വിദ്യാര്‍ഥികള്‍ക്കായി നടത്തപ്പെട്ട ഒരു സാഹിത്യശില്പശാലയില്‍ കണ്ടുമുട്ടിയ ഒരു പെണ്‍കുട്ടിയെ ഓര്‍ത്ത് ഇന്നു കരയേണ്ടിവരുമെന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ വിചാരിച്ചതേയില്ല.
ഒരു ക്രൈസ്തവ സ്ഥാപനത്തില്‍ വെച്ചായിരുന്നു ആ ശില്പശാല. നിറയെ വൃക്ഷങ്ങളുള്ള വിശാലമായ സ്ഥലം.
ഇരുപതോളം ആണ്‍കുട്ടികളും പത്തോളം പെണ്‍കുട്ടികളും.
ക്രൈസ്തവ പുരോഹിതന്മാരുടെയും കന്യാസ്ത്രീകളുടെയും മേല്‍നോട്ടം. അതിഥിമന്ദിരത്തില്‍ ധാരാളം മുറികള്‍. നല്ല താമസവും ഭക്ഷണവും.
പകല്‍ വലിയ എഴുത്തുകാരുടെ ക്ലാസ്സുകള്‍. ചര്‍ച്ചകള്‍. കഥകവിതവായനകള്‍. ആശയസംഘട്ടനങ്ങള്‍.
രാത്രി മുറികളില്‍ ഉറങ്ങാതെ കവിതചൊല്ലല്‍. സാഹിത്യചര്‍ച്ച.
നാടും വീടുമായുള്ള ബന്ധങ്ങള്‍ അറ്റുപോയതിന്റെ അന്ധാളിപ്പുമായി, സുഹൃത്തുക്കളുടെ ഔദാര്യത്തില്‍ ജീവിച്ചിരുന്ന എനിക്ക് ആ ദിവസങ്ങള്‍ എല്ലാ വേദനകളും മറന്നുള്ള ആഘോഷമായിരുന്നു. പുതിയ ലോകങ്ങള്‍. പുതിയ ആശയങ്ങള്‍. പുതിയ ആവേശങ്ങള്‍. പുതിയ സൗഹൃദങ്ങള്‍.
പുതിയ ആത്മബന്ധങ്ങള്‍.
നാലാംദിവസം രാത്രി ശില്പശാല സമാപിക്കുന്നു.
അടുത്ത ദിവസം രാവിലെ എല്ലാവരും പിരിയുകയാണ്.
ഭക്ഷണശേഷം എല്ലാവരും ഹാളില്‍ ഒത്തുകൂടി. ഓരോരുത്തരും ആ ദിവസങ്ങളുടെ അനുഭവം പങ്കിടുകയാണ്.
ഏതാണ്ടു പതിനെട്ടുവര്‍ഷം മാത്രം പഴക്കമുള്ള എന്റെ ഹൃദയം ഭാരിച്ചു. ഉല്‍സവം തീരുമ്പോഴെന്നപോലെ ഒരു വിഷാദം എന്നെ ഗ്രസിച്ചു. നാളെ വീണ്ടും അനിശ്ചിതമായ ജീവിതത്തിലേക്ക്.
ഞാന്‍ പുറത്തിറങ്ങി. നിലാവുള്ള രാത്രി. വൃക്ഷങ്ങളുടെ ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ നിലാവു ചോര്‍ന്നൊലിക്കുന്നു.
ഒരു മരത്തിനു കീഴിലെ സിമന്റുബെഞ്ചില്‍ ഞാന്‍ ഇരുന്നു. എന്തിനെന്നറിയാതെ സങ്കടം വരുന്നു.
'താനെന്താടോ ഇവിടെ വന്ന് ഒറ്റയ്ക്കിരിക്കുന്നെ?'
ഒരു പെണ്‍കുട്ടിയാണ്. കഥാകാരി. ക്രിസ്ത്യന്‍ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നു. വടക്കുള്ള ഏതോ കുടിയേറ്റപ്രദേശത്തെ കലാലയത്തില്‍നിന്നാണ്. അവളുടെ പേരിനോടൊപ്പം ഗ്രാമത്തിന്റെ പേരുമുണ്ട്.
അത്രയേ അറിയൂ. പരിചയപ്പെടുകയോ സംസാരിക്കയോ ചെയ്തിട്ടില്ല. എങ്കിലും മഷിയെഴുതാത്ത ആ വലിയ കണ്ണുകള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.
'ഒന്നുമില്ല'
വരണ്ട ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു.
'താന്‍ കവിത ചൊല്ലീത് എനിക്കിഷ്ടമായി. അതു കേട്ടപ്പൊ എനിക്കെന്തോ ഒരു വിഷമം തോന്നി.'
പേരറിയാത്ത ഏതോ ഒരു പൂവിന്റെ മണം അവളുടെ സാന്നിദ്ധ്യത്തിനുണ്ടെന്നു തോന്നി.
ഞാന്‍ ഒന്നും മിണ്ടിയില്ല. അവള്‍ കഥവായിച്ചപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. കൂട്ടുകാരനോട് സംസാരിക്കുകയായിരുന്നു.
'നാളെ കാലത്തേ നമ്മളെല്ലാം പിരിയും.'
അവളുടെ ശബ്ദത്തിലും സങ്കടമുണ്ട്.
മൂകമായ നിമിഷങ്ങള്‍. കാറ്റില്‍ ഇലകളുലയുന്ന ശബ്ദം.
'അഡ്രസ്സു തരാവോ'
അവള്‍ ചോദിച്ചു.
'അങ്ങനെ കൃത്യമായ അഡ്രസ്സില്ല. ഇപ്പോള്‍ ഒരു കൂട്ടുകാരന്റെ മുറിയിലാണ് താമസം.'
ഞാന്‍ പറഞ്ഞു.
പെട്ടെന്ന് ദൂരെ വെളിച്ചത്തിലേക്കുനോക്കി അവള്‍ പറഞ്ഞു:
'പോട്ടെ. അവരൊക്കെ പോകുന്നു.'
അവള്‍ ഓടിപ്പോയി.
പിന്നീടിന്നേവരെ അവളെ കണ്ടിട്ടില്ല. അവളെപ്പറ്റി ഒന്നും കേട്ടിട്ടില്ല. എങ്കിലും പ്രത്യേകതയുള്ള ആ ഗ്രാമത്തിന്റെ പേരിനൊപ്പം അവളുടെ പേരും മഷിയെഴുതാത്ത ആ വലിയ കണ്ണുകളും ഓര്‍മ്മയില്‍നിന്നു മാഞ്ഞുപോയില്ല.
ഇന്ന് ഒരു പത്രക്കടലാസ്സില്‍, ചരമവാര്‍ത്തയില്‍, ആ പേരും ആ ഗ്രാമത്തിന്റെ പേരും കണ്ടു. കൂടെയുള്ള വൃദ്ധയുടെ ചിത്രത്തില്‍ മഷിയെഴുതാത്ത ആ വലിയ കണ്ണുകളും.
ഇനി ആ ഓര്‍മ്മ അനാഥമായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക