'വിദേശത്തു പഠിക്കാന്‍ പോവാനും ചില മിനിമം പുരോഗതി വേണം; യുപിയൊക്കെ അതിലേക്ക് എന്ന് വളരും?'

private university
സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്ഫയല്‍
Updated on

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. വിദ്യാഭ്യാസം കോര്‍പ്പറേറ്റുകളുടെ കൈപ്പിടിയിലേക്കു പോവുമെന്ന്, പുതിയ നീക്കത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുമ്പോള്‍ സംസ്ഥാനത്തു നിന്നു വിദേശ സര്‍വകലാശാലകളില്‍ പഠിക്കാന്‍ പോവുന്ന വിദ്യാര്‍ഥികളെയാണ് മറുപക്ഷം ചൂണ്ടിക്കാട്ടുന്നത്. വിദേശ സര്‍വകലാശലകള്‍ ഇവിടെയുണ്ടെങ്കില്‍ പിന്നെ ഈ കുട്ടികള്‍ക്ക് അങ്ങോട്ടു പോവേണ്ടി വരുമോയെന്ന് അവര്‍ ചോദിക്കുന്നു.

ഇതിനിടയിലാണ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ എസ് ശ്യാംസുന്ദര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ ചില അഭിപ്രായ പ്രകടനങ്ങള്‍ വീണ്ടും വൈറല്‍ ആയി മാറിയത്. ഇന്ത്യയിലെയും വിദേശത്തെയും സര്‍വകലാശാലകളെ താരതമ്യം ചെയ്തുകൊണ്ടാണ് ശ്യാം സുന്ദര്‍ സംസാരിച്ചത്. ഈ ചര്‍ച്ചകള്‍ക്കിടയില്‍ ഒരു വര്‍ഷം മുമ്പ് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഒരിക്കല്‍ക്കൂടി പങ്കു വയ്ക്കുകയാണ്, മാധ്യമ പ്രവര്‍ത്തകനായ ഷിജു ആച്ചാണ്ടി. നാട്ടിലെ ദുരിതം കൊണ്ടാണ് കുട്ടികള്‍ നാടു വിടുന്നതെങ്കില്‍ പട്ടിണിയും പരിവട്ടവുമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരല്ലേ കുടുതലായും പോവേണ്ടതെന്ന് ചോദിക്കുന്നു, അദ്ദേഹം. വിദേശത്തു പഠിക്കാന്‍ പോവാനും ഒരു മിനിമം പുരോഗതി വേണമെന്നും അതു കേരളത്തിന് ഉള്ളതുകൊണ്ടാണ് കുട്ടികള്‍ ധാരാളമായി നാടു വിടുന്നതെന്നും ഷിജു ആച്ചാണ്ടി പറയുന്നു. ഇതു സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട് എന്നതിനാല്‍ ഷിജു ആച്ചാണ്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പുനപ്രസിദ്ധീകരിക്കുകയാണ്, ഇവിടെ.

കുറിപ്പ് ഇങ്ങനെ:

200 രൂപ ദിവസക്കൂലിയും പട്ടിണിയും ഉള്ള ഉത്തരേന്ത്യന്‍ ഗ്രാമാന്തരങ്ങളില്‍ നിന്ന് എന്തുകൊണ്ടാണ് ഇതു പോലെ കാനഡയിലേക്കും യൂറോപ്പിലേക്കും കുട്ടികള്‍ ഒഴുകാത്തത്?

നാട്ടിലെ ദുരിതം കൊണ്ടാണെങ്കില്‍ അവരല്ലേ ആദ്യം പോകേണ്ടത്?

അതായത്, വിദേശത്തു പഠിക്കാന്‍ പോകാനും ഒരു മിനിമം പുരോഗതി വേണം. അതു കേരളത്തിലുണ്ടായിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ ഉടുത്ത തുണിയുമായി, ഓട്ട വീണ പഴഞ്ചന്‍ ബോട്ടുകളില്‍ ഇടിച്ചു കയറി, അലറുന്ന കടലുകള്‍ താണ്ടി, ജീവന്‍ പണയം വച്ച്, ചെന്നിറങ്ങുന്നിടത്തു ജയിലോ ജോലിയോ എന്നറിയാതെയല്ല പോകുന്നത്. വിസയും പാസ്‌പോര്‍ട്ടും ഭാഷാ യോഗ്യതകളുമായി, മാന്യമായി വിമാനം കയറി നിയമവിധേയമായി പോകുകയാണ്. (അതിന്റെ ഗുണദോഷങ്ങള്‍ മറ്റൊരു വിഷയമാണ്.)

ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സില്‍ (2017) ഇന്ത്യയില്‍ യു പി 24 –ാമതാണ്. ബീഹാര്‍ 25 ഉം മധ്യപ്രദേശ് 23 ഉം ഒഡിഷ 22 ഉം ആണ്. പഞ്ചാബ് മൂന്നാം സ്ഥാനത്തും ഗോവ രണ്ടാം സ്ഥാനത്തുമാണ്. ഒന്നാം സ്ഥാനത്ത് കേരളമാണ്.

കേരളത്തിലും പഞ്ചാബിലും നിന്നാണ് വിദേശത്തേക്കുള്ള കുടിയേറ്റം കൂടുതല്‍. കാരണം വികസനമില്ലായ്മയേക്കാള്‍ വികസനമാണ് എന്നര്‍ത്ഥം.

ആയിരങ്ങളെ വികസിത വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനായി അയക്കാന്‍ കഴിയുന്ന ഒരവസ്ഥ കേരളത്തിനുണ്ടായിട്ടുണ്ട്. അതുണ്ടാക്കിയതില്‍ ഇയാളീ പറയുന്ന രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ട്.

കേരളത്തെ പോലെ കുട്ടികളെ വിദേശത്തേക്ക് അയക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് യു പി യും ഉത്തരേന്ത്യയും എന്നു വളരും? അവര്‍ എല്ലാവരും ആ അവസ്ഥയിലേക്കു വളരുമ്പോള്‍ ലോകത്തിലെ 130 –ാം റാങ്കില്‍ നിന്ന് ഇന്ത്യയും വളരും. അപ്പോള്‍ ചിലപ്പോള്‍ കുടിയേറ്റപ്രവണത കുറയുകയും ചെയ്‌തേക്കാം. അതൊക്കെ സംഭവിക്കട്ടെ.

അതല്ലാതെ, കേരളം മാത്രമായി നശിച്ചു പണ്ടാരടങ്ങിയിരിക്കുവാണ് എന്ന കരച്ചില്‍ അനാവശ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com