
നാളെയൊരു ദിവസം പി സി ജോര്‍ജ്ജ് ബിജെപി സംസ്ഥാന അധ്യക്ഷനായി മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് വര്‍ത്തമാനം പറയുമ്പോള്‍ കിട്ടാന്‍ പോകുന്ന ആധികാരികതയുടെ പരീക്ഷണപ്പറക്കലാണോ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്? സംസ്ഥാന അധ്യക്ഷനായില്ലെങ്കിലും ദേശീയ സെക്രട്ടറിയോ രാജ്യസഭാംഗമോ ആകാന്‍ യോഗ്യത തെളിയിക്കുകയാണോ ജോര്‍ജ്ജ്. നവംബറില്‍ വരാനിരിക്കുന്ന രാജ്യസഭാ ഒഴിവുകളിലൊന്നില്‍ പി സി ജോര്‍ജ്ജിന്റെ പേരാകുമോ ബിജെപി പരിഗണിക്കുക?
പി സി ജോര്‍ജ്ജ് മുന്‍ എംഎല്‍എയും യുഡിഎഫ് ഭരിക്കുമ്പോള്‍ ഗവണ്‍മെന്റ് ചീഫ് വിപ്പായിരുന്ന ആളുമാണ്. എംഎല്‍എ എന്ന നിലയില്‍ നിയമസഭയുടെ വിവിധ സമിതികളില്‍ അംഗവും പലതിലും പലവട്ടം അധ്യക്ഷനുമൊക്കെയായിരുന്നു. ഒരു ഘട്ടത്തില്‍, സാമൂഹികപ്രതിബദ്ധതയോടുള്ള ജോര്‍ജ്ജിന്റെ പ്രതിബദ്ധത വി എസ് അച്യുതാനന്ദന്‍ പോലും വിശ്വസിച്ചുപോയിട്ടുണ്ട്. പക്ഷേ, ജോര്‍ജ്ജ് ഇപ്പോള്‍ തികഞ്ഞ വര്‍ഗ്ഗീയവാദിയും മുസ്്‌ലിം സമുദായത്തിനെതിരേ നിരന്തരം വിഷം ചീറ്റുന്നയാളുമായി മാറിയിരിക്കുന്നു. അങ്ങനെയല്ലാതിരുന്നപ്പോഴും, അതല്ലെങ്കില്‍ ഈ ഉള്ളിലിരിപ്പ് പുറത്തു വരുന്നതിനു മുമ്പും സ്ത്രീകളെയും ഇരകളെയും ജാതിയില്‍ 'താഴ്ന്ന'വരെയും പദവിയില്‍ 'കുറഞ്ഞവരെയു'മൊക്കെ വളരെ മോശമായി വിശേഷിപ്പിക്കുന്ന സാമൂഹികവിരുദ്ധ മനസ്സ് പലവട്ടം പലവിധത്തില്‍ പ്രകടിപ്പിച്ചിട്ടുള്ളയാളാണ്. അതിന് തെളിവുകളുമുണ്ട്. അതിന്റെ പേരില്‍ പരാതിയും കേസും കോടതിയും പൊലീസ് സ്റ്റേഷനുമൊക്കെയായി ജോര്‍ജ്ജ് കയറിയിറങ്ങിയിട്ടുമുണ്ട്. ജനം ടിവിയിലെ ചര്‍ച്ചയില്‍ മുസ്്‌ലീങ്ങളെയാകെ അതിനീചമായി അധിക്ഷേപിച്ചതിനാണ് ജോര്‍ജ്ജിനെതിരേ ഒടുവില്‍ കേസെടുത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി, രാഷ്ട്രീയ പ്രവര്‍ത്തനം തുടരാന്‍ പോലും ജോര്‍ജ്ജ് അര്‍ഹനല്ല എന്നും പറഞ്ഞു. അറസ്റ്റും റിമാന്‍ഡുമുണ്ടായെങ്കിലും ജയിലില്‍ കിടന്നില്ല. നെഞ്ചുവേദന കാരണം ആശുപത്രിയിലാക്കി. അവിടുന്നു തന്നെ ജാമ്യത്തിലുമിറങ്ങി. എന്നിട്ട് കഴിഞ്ഞ ദിവസം ജോര്‍ജ്ജ് പറഞ്ഞത് കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ മാത്രം ലൗ ജിഹാദിലൂടെ ക്രൈസ്തവ സമുദായത്തിനു നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെയാണ് എന്നാണ്. ക്രിസ്ത്യാനികള്‍ പെണ്‍കുട്ടികളെ നേരത്തെ കല്യാണം ചെയ്തയയ്ക്കണം എന്നും പറഞ്ഞു. പലവിധത്തില്‍ അന്വേഷിച്ചും പലരെയും ബുദ്ധിമുട്ടിക്കുകയും ചെയ്ത ശേഷമാണെങ്കിലും പൊലീസും കോടതിയും കണ്ടെത്തിയത് ലൗ ജിഹാദ് എന്ന ഒരു സംഗതിയേ ഇല്ല എന്നായിരുന്നല്ലോ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ അത് പാര്‍ലമെന്റില്‍ സമ്മതിക്കുകയും ചെയ്തു. അതേ കാര്യമാണ് ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ പി സി ജോര്‍ജ്ജ്് എന്ന മുന്‍ നിയമസഭാംഗം വിളിച്ചു പറയുന്നത്. അതിന് മകന്റെ പിന്തുണ കിട്ടുന്നതു സ്വാഭാവികം. പക്ഷേ, കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലും പിന്തുണച്ചിരിക്കുന്നു. കേരള സമൂഹത്തെ വര്‍ഗ്ഗീയമായി വേര്‍തിരിക്കുന്നതിന് വര്‍ഗ്ഗീയ മനോഭാവമുള്ള സാമൂഹിക വിരുദ്ധരും രാഷ്ട്രീയ ദുരുദ്ദേശ്യങ്ങളുള്ള വര്‍ഗ്ഗീയവാദികളും ചേര്‍ന്നുണ്ടാക്കിയ കള്ളക്കഥ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും റിലീസ് ചെയ്തിരിക്കുന്നു. പരമാവധി കാണികളെയും കേള്‍വിക്കാരെയും വായനക്കാരെയുമുണ്ടാക്കാന്‍ ജോര്‍ജ്ജിനെ പിന്തുണയ്ക്കുന്ന വര്‍ഗ്ഗീയശക്തികള്‍ ശ്രമിക്കുകയും ചെയ്യുന്നു. അവര്‍ക്ക് പി സി ജോര്‍ജ്ജ് ഇപ്പോള്‍ പ്രതീക്ഷയുടെ ഗോപുരമാണ്, നാളെയുടെ നേതാവാണ്. ജോര്‍ജ്ജിനെ പരമാവധി പിന്തുണയ്ക്കാനും കൊണ്ടു നടക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെ വര്‍ഗ്ഗീയവല്‍കരിക്കാന്‍ ശ്രമിക്കുന്ന ആ സമുദായത്തിലെ ചില കൂട്ടായ്മകള്‍ക്ക് ജോര്‍ജ്ജാണ് ഇപ്പോള്‍ വഴിയും വെളിച്ചവും. കേരളത്തിലെ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും സാധാരണ ബിജെപിക്കാരുള്‍പ്പെടെ ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരും അറപ്പോടെ അകറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന വര്‍ഗ്ഗീയവിഷമാണ് ജോര്‍ജ്ജിന്റെ അടയാളം. അതുതന്നെയാണ് ജോര്‍ജ്ജിനെ വര്‍ഗ്ഗീയ ശക്തികള്‍ക്ക് സ്വീകാര്യനാക്കുന്നതും. മുമ്പ് ജോര്‍ജ്ജിനെ കൊണ്ടു നടന്ന് ജയിപ്പിച്ച മുസ്ലിം സമുദായത്തിലെ വര്‍ഗ്ഗീയ ശക്തികള്‍ക്ക്, എസ്ഡിപിഐയ്ക്കും കൂട്ടാളികള്‍ക്കും തങ്ങള്‍ ഈ നാടിനോടു ചെയ്ത ദ്രോഹത്തിന്റെ തോത് ഇപ്പോഴെങ്കിലും പിടികിട്ടിയിട്ടുണ്ടാകും. യുഡിഎഫും എല്‍ഡിഎഫും നിരാകരിച്ച ജോര്‍ജ്ജ് സ്വതന്ത്രനായി മല്‍സരിച്ച ഘട്ടത്തിലാണ് അവര്‍ ഏറ്റെടുത്തതും ജയിപ്പിക്കാന്‍ രാപ്പകലില്ലാതെ കഷ്ടപ്പെട്ടതും. ജോര്‍ജ്ജ് ഏതെങ്കിലും സമുദായത്തിനു മാത്രമല്ല കേരളത്തിനാകെ ഇന്ന്് ഭീഷണിയായി മാറിയതില്‍ ആ ജയത്തിനൊരു പങ്കുണ്ട്. അന്ന് തോറ്റിരുന്നെങ്കില്‍ പത്തി മടങ്ങുമായിരുന്നു. ഇപ്പോള്‍ ജോര്‍ജ്ജിന്റെ തനി നിറം തുറന്നു കാട്ടാന്‍ അവര്‍ തന്നെ മല്‍സരിക്കുകയാണ്. ആ ദേഷ്യം കൂടിയാണ് സമുദായത്തിനും മതേതര കേരളത്തിനാകെയുമെതിരേ വിഷം ചീറ്റാന്‍ ജോര്‍ജ്ജിനു പ്രകോപനം. ഇനിയും കേസെടുക്കുമോ അറസ്റ്റ് ഉണ്ടാകുമോ ആശുപത്രിയില്‍ പോകുമോ എന്നതൊന്നുമല്ല ഇപ്പോഴത്തെ വിഷയം. ജോര്‍ജ്ജിനെ സാമൂഹികമായി ബഹിഷ്‌കരിക്കാന്‍ കേരളം തയാറാകേണ്ടതല്ലേ എന്നതാണ്.
ജോര്‍ജ്ജ് എന്നും എപ്പോഴും
2018 സെപ്റ്റംബറില്‍ നടന്ന ഒരു സമൂഹമാധ്യമ ക്യാംപെയ്‌നേക്കുറിച്ച് ഓര്‍ക്കുകയാണ്. പി സി ജോര്‍ജിനോട് വായടയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നതായിരുന്നു ആ ക്യാംപെയ്ന്‍. അതിലേക്ക് എത്തിയ വിഷം നിറഞ്ഞ വര്‍ത്തമാനങ്ങളില്‍ ചിലത് താഴെ ചേര്‍ക്കുന്നു: ഇതാണ് അന്നുമിന്നും എന്നും ജോര്‍ജ്ജ്. സമകാലിക മലയാളം വാരിക 2018 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച സമഗ്ര റിപ്പോര്‍ട്ടില്‍ നിന്നാണ് ഇപ്പോഴും പ്രസക്തമായ ഈ വിവരങ്ങള്‍.
- 2018 സെപ്റ്റംബര്‍ 9: കന്യാസ്ത്രീ പ്രോസ്റ്റിറ്റിയൂട്ട് എന്ന് പി സി ജോര്‍ജ്ജ്.
'ആ കന്യാസ്ത്രീ ഏതായാലും ഒരു പ്രോസ്റ്റിറ്റിയൂട്ട് ആണെന്ന കാര്യത്തില്‍ സംശയമില്ല. അവര്‍ക്ക് വെര്‍ജിനിറ്റി ടെസ്റ്റ് നടത്തേണ്ടി വരും. പന്ത്രണ്ട് പ്രാവശ്യം ഒരുതരി സുഖം. പതിമൂന്നാം തവണ എങ്ങനെയാണത് ബലാല്‍സംഗമാകുന്നത്. അവരെവിടെയായിരുന്നു പന്ത്രണ്ട് തവണ നടന്നപ്പോള്‍. ആരോടാ ഇത് പറയുന്നത്? ഒന്നാമത്തെ പ്രാവശ്യം എന്തുകൊണ്ട് പരാതി കൊടുത്തില്ല. പറയാതിരിക്കാന്‍ പറ്റ്വോ. പലരുമായും ശാരീരികമായി ബന്ധം പുലര്‍ത്തുന്ന സ്ത്രീ പ്രോസ്റ്റിറ്റിയൂട്ടാണെന്ന് പറയേണ്ടി വരും.
- 2018 ഫെബ്രുവരി: എംഎല്‍എ ഹോസ്റ്റലിലെ കന്റീന്‍ ജീവനക്കാരന്റ കരണത്ത്.
എംഎല്‍എ ഹോസ്റ്റലിലെ കന്റീന്‍ ജീവനക്കാരന്‍ മനുവിനെ തല്ലിയെന്ന പരാതിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞെങ്കിലും കേസ് നിലനില്‍ക്കുന്നു. ഉച്ചഭക്ഷണം ലഭിക്കാന്‍ വൈകി എന്നതായിരുന്നു മര്‍ദനത്തിനു കാരണം. 'ഞാന്‍ എംഎല്‍എയുടെ മുറിയില്‍ എത്തിയപ്പോള്‍ അദ്ദേഹം ഒരു സ്ത്രീയോടു കയര്‍ത്തു സംസാരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ എന്നെയും ചീത്ത വിളിച്ചു. എന്നെ ചീത്ത വിളിക്കേണ്ട കാര്യമൊന്നുമില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞതും എന്റെ മുഖത്തടിക്കുകയായിരുന്നു. മനു അന്ന് മാധ്യമങ്ങളോടു പറഞ്ഞതിങ്ങനെ. മനു പറഞ്ഞത് നുണയാണെന്നാണ് ജോര്‍ജ്ജ് പ്രതികരിച്ചത്. 'ഞാന്‍ ഊണു പറഞ്ഞത് ഒന്നരയ്ക്കാണ്. 2.05 ആയിട്ടും കാണാതെ വന്നപ്പോള്‍ കാന്റീന്‍ സൂപ്പര്‍വൈസറെ ഫോണില്‍ വിളിച്ചു ചോദിച്ചു. ഊണ് പയ്യന്റെ കൈയില്‍ കൊടുത്തുവിട്ടിട്ടുണ്ടല്ലോ എന്നാണ് അവര്‍ പറഞ്ഞത്. ഇങ്ങനെയുള്ളവമ്മാരെയൊന്നും ജോലിക്ക് വക്കരുതെന്ന് ഞാന്‍ പറഞ്ഞു. അതു കേട്ടുകൊണ്ടാണ് അവന്‍ വന്നത്. ഇറങ്ങിപ്പോകാന്‍ ഞാന്‍ പറഞ്ഞതേയുള്ളു, തല്ലിയൊന്നുമില്ല.' എന്ന് ജോര്‍ജ്ജ്.
- 2018 ജൂലൈ 17: ടോള്‍ പ്ലാസയില്‍ പി സി ജോര്‍ജ്ജിന്റെ പരാക്രമം.
കാത്തു കിടക്കേണ്ടി വന്നതില്‍ പ്രതിഷേധിച്ച് തൃശൂരിലെ ടോള്‍ പ്ലാസയുടെ ബാരിക്കേഡ് തകര്‍ത്തു. കാറില്‍ നിന്ന് ഇറങ്ങി ജോര്‍ജ്ജ് ഓട്ടോമാറ്റിക് ബാരിക്കേഡ് തകര്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ ലോകം കണ്ടു. ജീവനക്കാരോട് കയര്‍ത്തുകൊണ്ടായിരുന്നു ഇത്. ഡ്രൈവറും സഹായിയും വേണ്ട സഹായവും ചെയ്തു. പിന്നീട് കാര്‍ ഓടിച്ചു പോയി. ''ട്രെയിന്‍ പോകുന്നതിനു മുമ്പ് എത്താന്‍ തിരക്കിട്ടു വരികയായിരുന്നു ഞാന്‍. എന്റെ കാറിലെ എംഎല്‍എ സ്റ്റിക്കര്‍ ടോള്‍ പ്ലാസ ജീവനക്കാരന്‍ കണ്ടതുമാണ്. എന്നിട്ടും നിര്‍ത്തിച്ചു. ഞങ്ങള്‍ കാത്തുകിടന്നിട്ടും അയാള്‍ വന്നില്ല. പിറകേയുള്ളവര്‍ ഹോണടിച്ചുകൊണ്ടിരിക്കുകാരുന്നു. കുറച്ചു നേരം ഞങ്ങള്‍ കാത്തു. പിന്നെ അങ്ങനെ ചെയ്യുകയല്ലാതെ വെറേ നിര്‍വാഹമില്ലായിരുന്നു. '' പി സി ജോര്‍ജ്ജിന്റെ പ്രതികരണം.
- 2017 ജൂണ്‍ 29: നാക്കും തോക്കുമെടുത്തു ജോര്‍ജ്ജ്
' എനിക്ക് തോക്ക് ലൈസന്‍സുണ്ട്. നിരപരാധികളായ ആളുകളെ രക്ഷിക്കാനാണ് ഞാന്‍ അതുപയോഗിക്കുന്നത്.' പി സി ജോര്‍ജ്ജിന്റെ വാക്കുകള്‍. സമരം ചെയ്ത തൊഴിലാളികള്‍ക്കു നേരേ തോക്കു ചൂണ്ടിയത് ദൃശ്യങ്ങളുള്‍പ്പെടെ പുറത്തു വന്നപ്പോഴായിരുന്നു ഇത്. മുണ്ടക്കയത്തെ തോട്ടംതൊഴിലാളി സമരത്തിലേക്കാണ് ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്ക് ജോര്‍ജ്ജ് തോക്കേന്തി വന്നത്. ആദ്യം കണ്ടപ്പോള്‍ നാക്കു മാത്രമേ ഉണ്ടായിരുള്ളു. പിന്നെയാണ് മട്ടുമാറിയതും തോക്കെടുത്തതും. തൊഴിലാളികള്‍ മുദ്രാവാക്യം വിളികളോടെയാണ് നേരിട്ടത്. അവരെ ജോര്‍ജ്ജ് വിളിച്ചത് ഗൂണ്ടകളെന്നാണ്. 'രാത്രിയിലെത്തി മോശമായി ആരെങ്കിലും പെരുമാറുന്നുണ്ടെങ്കില്‍ ആസിഡ് മുഖത്തൊഴിച്ചേക്കണം എന്ന് ഞാന്‍ അവിടുത്തെ സ്ത്രീകളോടു പറഞ്ഞപ്പോള്‍ ഗൂണ്ടകള്‍ എന്നോട് മോശമായി സംസാരിച്ചു. അവരെന്നെ ചുണയുണ്ടെങ്കില്‍ തോക്കെടുക്കാന്‍ വെല്ലുവിളിച്ചു. എന്റെ കൈയിലുണ്ടായിരുന്ന ചെക് നിര്‍മിത പിസ്റ്റളെടുത്ത് കാണിച്ചുകൊടുത്തു. അത്രേയുണ്ടായുള്ളു. അതിനാ ഞാന്‍ തോക്കു ചൂണ്ടീന്നൊക്കെ ഇവമ്മാര് പറഞ്ഞുണ്ടാക്കുന്നത്' എന്ന് ജോര്‍ജ്ജ്. എന്നാല്‍ തങ്ങളുമായി വാക്കേറ്റത്തിനു വന്ന എംഎല്‍എ മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തി തോക്കെടുത്തു ചൂണ്ടുകയുമാണ് ചെയ്തതെന്ന് തൊഴിലാളികള്‍ പറയുന്നു. ദൃശ്യങ്ങള്‍ സാക്ഷി.
- 2017 ജൂലൈ 31: നടി പിറ്റേന്ന് അഭിനയിക്കാന്‍ പോയതെങ്ങനെ
-'പെണ്‍കുട്ടീടെ പേരുപറഞ്ഞുകൂടാ. എരാന്നു പറഞ്ഞു പറഞ്ഞാ രാജ്യത്തു മുഴുവന്‍ ഇതു നടക്കുന്നത്. നാണംകെട്ട പരിപാടി. ആ പെണ്‍കുട്ടി, ഡല്‍ഹീലെ പെങ്കൊച്ചൊണ്ടല്ലോ നിര്‍ഭയ, അതിനേക്കാള്‍ ക്രൂരമായ പീഡനമായിരുന്നെന്നാണ് ഈ പൊലീസ് കോടതിയില്‍ പറഞ്ഞത്. പൊലീസ് പറഞ്ഞത് വിശ്വസിച്ചേക്കാം. പക്ഷേ, പിറ്റേന്നിന്റെ പിറ്റേന്ന് എങ്ങനെയാണ് ഈ കൊച്ച് സിനിമ അഭിനയിക്കാന്‍ പോയെ? ഇത്ര ക്രൂരമായ പീഡനമേറ്റ കൊച്ചെങ്ങനെയാ സിനിമ അഭിനയിക്കാന്‍ പോയത്? ഏതാശുപത്രീലാ പോയത്? നിങ്ങള്‍ പത്രക്കാര് പറഞ്ഞാമതി, ഞാന്‍ സമ്മതിച്ചേക്കാം. ഇത്രേം വലിയ പീഡനത്തിന് ഇരയായ കുട്ടി നേരേ പോയി സിനിമാ അഭിനയിക്കുക; അതെന്നാ പീഡനമാ?
- 2017 സെപ്റ്റംബര്‍ 2: നമ്പി നാരായണന്റെ നഷ്ടരപരിഹാരത്തില്‍ നുണ പൊളിഞ്ഞ് ജോര്‍ജ്ജ്.
' ലോകംകണ്ട പ്രശസ്തനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ ഈ തെണ്ടികള്‍, നാണംകെട്ട കേരള പൊലീസ് നാലുവര്‍ഷം പിടിച്ച് അകത്തിട്ടു. നിങ്ങള്‍ക്കറിയാമോ. തെണ്ടികള്‍ സിഐഎ ചാരന്മാരുടെ കാശും വാങ്ങിച്ചോണ്ട് ചെയ്തതാ. സുപ്രീംകോടതി പറഞ്ഞു കാശ് കൊടെടാന്ന്. ഒരുകോടി രൂപ നഷ്ടപരിഹാരം. ആ മനുഷ്യന്റെ കണ്ണീന്നു കണ്ണീര് കണ്ടവന്‍ ഞാനാ. കേരള സര്‍ക്കാരിന്റെ പത്തു ലക്ഷം രൂപ വീട്ടില്‍ക്കൊണ്ടുക്കൊടുത്തത് ഞാനാണ്. അങ്ങേര് ഒരുകോടി വേണ്ടാന്നു പറഞ്ഞു. പത്തു ലക്ഷം മതി. കോടതി വിധിച്ചാല്‍ വാങ്ങിക്കണമല്ലോ ഞാന്‍. അതുകൊണ്ട് പി സീ പത്തു ലക്ഷം മതി എന്ന് പറഞ്ഞു. വാങ്ങിച്ചില്ലെങ്കില്‍ ചരിത്രത്തില്‍ ഞാന്‍ കള്ളനാണെന്ന് പറയില്ലേന്നു പറഞ്ഞു. ഞാന്‍ ഉമ്മന്‍ ചാണ്ടിയോടു പറഞ്ഞു, ചേട്ടാ ചേട്ടന്‍ കൊണ്ടുപോടി കാശ് കൊടുക്കണം. ഉമ്മന്‍ ചാണ്ടിയോടു ചോദിച്ചോ. പത്തു മിനിറ്റ് കഴിഞ്ഞ് ഉമ്മന്‍ ചാണ്ടി എന്നെ വിളിച്ചു പറഞ്ഞു, പി സീ പി സിതന്നെ കൊണ്ടുക്കൊടുക്കണം. പിറ്റേ ദിവസം ഈ പത്ത് ലക്ഷം രൂപാടെ ചെക്ക് എടുത്തോണ്ട് അങ്ങേരുടെ വീട്ടില്‍ കൊണ്ടുപോടി കൊടുത്തത് ഞാനാ. ചോയീര്, നമ്പി നാരായണന്‍ ജീവിച്ചിരിപ്പുണ്ടല്ലോ.' എന്ന് ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ജോര്‍ജ്ജ് പറഞ്ഞത്.
നടിയെ ജോര്ജ്ജ് അധിക്ഷേപിച്ചു സംസാരിച്ചതിനേക്കുറിച്ചുള്ള ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ഏഷ്യാനെറ്റ് ന്യൂസ് പി സി ജോര്‍ജ്ജിന്റെ സാന്നിധ്യത്തില്‍ ഇത് പുനസംപ്രേഷണം ചെയ്തു. നമ്പി നാരായണനോട് ഫോണില്‍ പ്രതികരണം തേടി. നമ്പി നാരായണന്റെ വാക്കുകള്‍: ' ഈ പറയുന്നതില്‍ പലതും വാസ്തവമല്ല. ഞാന്‍ ജയിലില്‍ കിടന്നത് അമ്പത് ദിവസമാണ്. നവംബര്‍ 30 മുതല്‍ ജനുവരി 19 വരെ. സുപ്രീംകോടതി ഒരുകോടിയൊന്നും വിധിച്ചിട്ടില്ല. ഞാനുള്‍പ്പെടെ ആറുപേര്‍ക്കും കൂടി കോടതിച്ചെലവിന് ഒരു ലക്ഷം രൂപ തരാനാണ് വിധിച്ചത്. അത് നഷ്ടപരിഹാരമല്ല. ഒരുകോടി നഷ്ടപരിഹാരത്തിന് ഞാന്‍ തിരുവനന്തപുരം സബ്കോടതിയെ സമീപിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എനിക്ക് പത്തുലക്ഷം രൂപ അടിയന്തര ഇടക്കാലാശ്വാസമായി നല്‍കാന്‍ വിധിച്ചു. 2001 മാര്‍ച്ചില്‍. അന്ന് അത് ഗവണ്‍മെന്റ് തരാതെ സ്റ്റേ വാങ്ങി. പിന്നെ എന്റെ അഭിഭാഷകന്‍ ഉണ്ണികൃഷ്ണന്റെ അധ്വാനം കൊണ്ട് പതിനൊന്ന് വര്‍ഷം കഴിഞ്ഞിട്ട് 2012ല്‍ ആ പത്ത് ലക്ഷം എനിക്കു കിട്ടി.'
ചോദ്യം: പി സി ജോര്‍ജ്ജ് ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ച് പത്ത് ലക്ഷം രൂപ വാങ്ങിത്തന്നുവെന്നാണ് പറയുന്നത്. അങ്ങനെയുണ്ടായോ?
മറുപടി: ഇല്ല, അങ്ങനെയൊന്നുമുണ്ടായിട്ടില്ല. ഹൈക്കോടതിയില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഈ പത്ത് ലക്ഷം അനുവദിച്ചുതന്നത്. ആര്‍ക്കെങ്കിലും ഞാന്‍ നന്ദി പറയണമെങ്കില്‍ അത് എന്റെ അഭിഭാഷകന്‍ ഉണ്ണികൃഷ്ണനാണ്. അതു കഴിഞ്ഞിട്ട് ആ പണം ഡിജിപി വഴി, അന്ന് കെ എസ് ബാലസുബ്രഹ്മണ്യനാണ് ഡിജിപി, ഒരു പൊലീസ് കോണ്‍സ്റ്റബിളാണ് എന്റെ വീട്ടിലെത്തിച്ചത്. ഇതാണുണ്ടായത്.'
- 2017 സെപ്റ്റംബര്‍ 14: കേസെടുത്താല്‍ തപാലില്‍ വിസര്‍ജ്ജ്യം
'നടിയെ അപകീര്‍ത്തിപ്പെടുത്തിയതിനു പി സി ജോര്‍ജ്ജിനെതിരേ കേസെടുത്തതിനു തുടര്‍ച്ചയായി തനിക്ക് വളരെ മോശം ഭാഷയിലുള്ള കത്തുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുവെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. രണ്ടുവട്ടം മനുഷ്യവിസര്‍ജ്ജ്യം തപാലില്‍ ലഭിച്ചു. ഓണത്തിനു തൊട്ടുമുമ്പായിരുന്നു രണ്ടാമത്തേത്. ചിലരുടെ മനോഭാവം പ്രകടമാക്കുന്ന നടപടിയാണ് ഇതെന്നും അവര്‍ പറഞ്ഞു.
- 2016, ജൂണ്‍ 6: ജെസ്നയയുടെ തിരോധാനത്തില്‍ അച്ഛനെതിരേ
'ഞാന്‍ ആ പെങ്കൊച്ചിന്റെ വീട്ടില്‍ പോയി. അപ്പനും ആങ്ങളയുമൊക്കെ എന്തു സന്തോഷത്തോടെയാ എന്നെ വന്നു കണ്ടത്. എന്നെ സ്വീകരിക്കുകയാ, ഉമ്മന്‍ ചാണ്ടിയെ സ്വീകരിക്കാന്‍ ന്ില്‍ക്കുകയാ. കൊച്ച് പോയത് ഒരു വലിയ നേട്ടമായി, ഉമ്മന്‍ ചാണ്ടി വീട്ടീച്ചെല്ലുന്നത് ഒരു വലിയ നേട്ടമായി വച്ചിരിക്കുവാ. യാതൊരു ദുഃഖവും ആ അപ്പന്റെയോ സഹോദരന്റെയോ മുഖത്തു ഞാന്‍ കണ്ടില്ല. ഞാനിറങ്ങിവന്ന് അവിടെ നാട്ടുകാരോടു മുഴുവനും അന്വേഷിച്ചപ്പോ ആ അപ്പനെപ്പറ്റി നല്ല അഭിപ്രായമല്ല ഉള്ളത്. ഭാര്യയുടെ മരണത്തിനു രോഗമാണ് കാരണമെന്നതു പോലും സംശയാസ്പദമാണെന്നും രണ്ടാമത് ഒരു കീപ്പുണ്ടെന്നുമൊക്കെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഈ കുട്ടിയുടെ തിരോധാനം സംബന്ധിച്ച് ആ അപ്പനെ ചോദ്യം ചെയ്യണമെന്ന് അന്നുതന്നെ ഞാന്‍ ആവശ്യപ്പെട്ട ആളാ. പൊലീസ് എന്തുകൊണ്ടോ അന്വേഷിച്ചില്ല. അതിലെന്തോ മറിമായം നടക്കുന്നുണ്ട്. ജെസ്നയ്ക്കു വേണ്ടി പൊലീസ് വെറുതേ പ്ലെയിനേക്കേറി കാശും മുടക്കി നടക്കുകയാ. ആ അപ്പനെ ചോദ്യം ചെയ്താല്‍ കാര്യങ്ങള്‍ മണിമണിപോലെ പുറത്തുവരും.''
- മാന്യതയുള്ള പെണ്‍കുട്ടികള്‍ക്ക് രാത്രി പുറത്തിറങ്ങേണ്ടി വരില്ല.
(സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തോടുള്ള മറുപടി)
- 2015 ജനുവരി 19: ചാനലില്‍ തന്തയ്ക്കു വിളി
മാതൃഭൂമി ന്യൂസ് ചാനലിലെ ചര്‍ച്ചയില്‍ ബിജു രമേശിനെതിരേ. അഛന്റെ മൂല്യമറിയാവുന്നവര്‍ മറ്റുള്ളവരുടെ അച്ഛനു വിളിക്കില്ലെന്നു ബിജു രമേശ് പറഞ്ഞതിനു നല്‍കിയ മറുപടി;
' ഇവനെപ്പോലുള്ളവരുടെ തന്തയില്ലായ്ക കേള്‍ക്കാന്‍ എനിക്ക് മനസ്സില്ല. നീ കള്ളുകച്ചവടക്കാരനല്ലേടാ തെണ്ടീ. നീ പോടാ തെണ്ടീ, പരമ തെണ്ടീ....' എന്ന്.
- 2013 മാര്‍ച്ച് 3: ഗണേഷിന്റെ തല്ലുകേസില്‍ എതിരേ ജോര്‍ജ്ജ്; പിന്നെ കൂടെയും
യുഡിഎഫ് സര്‍ക്കാരില്‍ വനം മന്ത്രിയായിരുന്ന കെബി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് പി സി ജോര്‍ജ്ജ് അന്ന് വാര്‍ത്തയിലെത്തിയത്. ഗണേഷ് കുമാറിനെ 'കാമുകിയുടെ ഭര്‍ത്താവ്' വീട്ടില്‍ കയറി തല്ലി. ആ വിവരം പുറത്തുവിട്ടുകൊണ്ടായിരുന്നു ജോര്‍ജ്ജിന്റെ രംഗപ്രവേശം. ഇഷ്ടവിഷയങ്ങളായ സ്ത്രീ, സ്റ്റണ്ട്, സെക്സ് എല്ലാം ഒത്തുചേര്‍ന്ന കേസ്. 'ഫെബ്രുവരി 22നാണ് സംഭവം. ഒരു പത്രം ഇന്ന് അതിനേക്കുറിച്ചു വിശദമായി എഴുതി. പക്ഷേ, മന്ത്രിയുടെ പേര് പറഞ്ഞിട്ടില്ല. ആ മന്ത്രി ഗണേഷ് കുമാറാണ്. മറ്റു 19 മന്ത്രിമാരെയും പുകമറയില്‍ നിര്‍ത്താതിരിക്കാനാണ് ഞാന്‍ ഈ പേരു വെളിപ്പെടുത്തുന്നത്.' എന്ന് ജോര്‍ജ്ജ്. ഏതായാലും ഗണേഷ് കുമാറിന്റെ രാജിയിലും വിവാഹ മോചനത്തിലുമാണ് ആ വിവാദം അവസാനിച്ചത്.
പക്ഷേ, ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഗണേഷ് കുമാര്‍ മറ്റൊരു തല്ലുകേസില്‍ പെട്ടപ്പോള്‍ പിന്തുണയുമായാണ് ജോര്‍ജ്ജ് എത്തിയത്. സ്വന്തം മണ്ഡലമായ പത്തനാപുരത്തു വച്ച് കാറിനു സൈഡ് കൊടുക്കാതിരുന്ന തര്‍ക്കത്തിനിടെ ഗണേഷ് മകനെ അടിക്കുകയും തന്നോട് മോശമായി സംസാരിക്കുകയും ചെയ്തുവെന്നായിരുന്നു സ്ത്രീയുടെ പരാതി. ആ വിഷയത്തില്‍ ജോര്‍ജ്ജ് സംസാരിച്ചത് ഗണേഷ് കുമാറിന്റെ പക്ഷത്തു നിന്നുകൊണ്ടാണ്. പിന്നീട് ഈ കേസ് ഒത്തുതീര്‍ത്ത് ഗണേഷ് ഖേദം പ്രകടിപ്പിച്ചു. ജോര്‍ജ്ജിന് മിണ്ടാട്ടം മുട്ടി.
- ഈഴവത്തെണ്ടികള്‍ എന്ന് വിളിച്ച് എസ്എന്‍ഡിപി നേതാക്കളെ അധിക്ഷേപിച്ചതും പട്ടികജാതിക്കാര്‍ ഒരു നിലയിലായിക്കഴിഞ്ഞാല്‍ വെളുത്ത പെങ്കൊച്ചുങ്ങളെ കെട്ടാന്‍ നടക്കും എന്നു പറഞ്ഞതും വന്‍ പ്രതിഷേധത്തിന് ഇടയാക്കി. പി സി ജോര്‍ജ്ജിന്റെ പൂഞ്ഞാറിലെ വീട്ടിലേക്ക് എസ്എന്‍ഡിപി യോഗവും ദളിത് സംഘടനകളും മാര്‍ച്ച് നടത്തി. കന്യാസ്ത്രീക്കെതിരായ പരാമര്‍ശങ്ങളേത്തുടര്‍ന്ന് ഒറ്റ ദിവസംതന്നെ അഞ്ച് സംഘടനകളാണ് ജോര്‍ജ്ജിന്റെ വീട്ടിലേക്ക് പ്രകടനം നടത്തിയത്.
ഇതാണ് ജോര്‍ജ്ജ്, ഇതിനപ്പുറമാണ് ജോര്‍ജ്ജ് എന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയും സിപിഎം നേതാവുമായിരുന്ന എം സി ജോസഫൈന്‍ കൃത്യമായി പറഞ്ഞിരുന്നു. അതിന്റെ അടുത്ത ദിവസമാണ് തിരുവനന്തപുരത്തെ വനിതാ കമ്മീഷന്‍ ആസ്ഥാനത്തേക്ക് മനുഷ്യവിസര്‍ജ്യം തപാലില്‍ ചെന്നത്.
അത് ജോര്‍ജ്ജാണോ അയച്ചത് എന്നതിനു തെളിവില്ല. പക്ഷേ, മുകളില്‍ പറഞ്ഞ ഓരോ വാക്കിനും വരിക്കും തെളിവുകളുണ്ട്; കേള്‍ക്കാനും കാണാനും കഴിയുന്ന തെളിവുകള്‍.
ഇനിയും ജോര്‍ജ്ജിനെ കേരളം സഹിക്കാതിരിക്കാന്‍ കര്‍ക്കശമായ വ്യവസ്ഥകളോടെ കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം നിറവേറ്റാതെ കേരള പൊലീസ് മറ്റെന്തു നന്മകള്‍ ചെയ്താലും പി സി ജോര്‍ജ്ജിന്റെ കാര്യത്തിലെ ചോദ്യം അവിടെത്തന്നെ നില്‍ക്കും; കൂടുതല്‍ മിഴിവോടെ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക