മാട്രിമോണിയുടെ ചതി, അറിയാം ഉപഭോക്തൃ അവകാശങ്ങള്‍

മാട്രിമോണിയുടെ ചതി, അറിയാം ഉപഭോക്തൃ അവകാശങ്ങള്‍
Updated on
2 min read

ത്തില്‍ പത്ത് പൊരുത്തവുമുള്ള ജീവിതപങ്കാളിക്കായി തെരഞ്ഞുനടന്ന് 'ചെരുപ്പ് തേഞ്ഞ' പുരുഷന്മാരുടെയും മനസ്സിനിണങ്ങിയതും സല്‍ഗുണസമ്പന്നനുമായ യുവാക്കളുടെ വിവാഹാഭ്യര്‍ഥനകള്‍ക്കായി കാത്തിരിക്കുന്ന യുവതികളുടെയും, പ്രത്യേകിച്ചും അവരുടെ വീട്ടുകാരുടെയും ആശങ്കകള്‍ ഒരുപോലെ പരിഹരിച്ചുകൊണ്ടാണ് 'മാട്രിമോണി'കള്‍ ആളുകള്‍ക്കിടയില്‍ സ്വീകാര്യത നേടുന്നത്.

പരിചയക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പിന്നെ നാട്ടിന്‍പുറത്തെ ബ്രോക്കര്‍ വഴിയും കറങ്ങി തിരിഞ്ഞെത്തിയിരുന്ന വിവാഹലോചനകളില്‍ നിന്നും മാറി രാജ്യത്തിന്റെ മറ്റൊരു കോണില്‍ താമസിക്കുന്ന ആളുകളെ വരെ പരസ്പരം കോര്‍ത്തിണക്കാന്‍ കഴിഞ്ഞതോടെ മാട്രിമോണികളിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെട്ടു. മതവിശ്വാസത്തിന്റെയും പ്രത്യേക ആചാരങ്ങളടേയും ഭാഗമായി ജീവിക്കുന്ന ആളുകള്‍ക്ക് അവര്‍ക്ക് അനുയോജ്യരായ വ്യക്തികളെ കണ്ടെത്താന്‍ ഇനം തിരിച്ചുള്ള മാട്രിമോണികള്‍ കൂടിയെത്തിയതോടെ കാര്യങ്ങള്‍ ഒന്നുകൂടി എളുപ്പവുമായി.

എന്നാല്‍, ആളുകള്‍ കൂടുതലായി എത്തുന്ന ഏതൊരു ഇടത്തിലെയും എന്നപോലെ മാട്രിമോണി സ്ഥാപനങ്ങളുടെയും അനുബന്ധ ആപ്പുകളുടെയും മറവില്‍ തട്ടിപ്പുകള്‍ക്കും ഇതോടെ കളമൊരുങ്ങി. അത്തരത്തില്‍ ഒന്നാണ് വിവാഹിതരായവരുടെ വിലാസം നല്‍കി കബളിപ്പിച്ചു കൊണ്ട് ആവശ്യക്കാരില്‍ നിന്നും പണം തട്ടുന്ന രീതി. ഇങ്ങനെ ഒരനുഭവം ഒരുപാടു പേര്‍ക്ക് ഉണ്ടായി കാണും. നിശ്ചിത തുക നല്‍കിയാല്‍ വിവാഹം ആലോചിക്കുന്നവരുടെ വിലാസം നല്‍കാമെന്ന് വാഗ്ദാനം നല്‍കും. പണം ലഭിച്ച ശേഷം വിലാസവും ഫോണ്‍ നമ്പറും പോസ്റ്റല്‍ ആയി അയക്കും. കവര്‍ തുറന്നു നോക്കി അതിലുള്ള നമ്പറില്‍ വിളിക്കുമ്പോഴാണ് ചതി മനസ്സിലാവുക. പലരും വിവാഹം കഴിഞ്ഞവരായിരിക്കും. ഇത്തരം ചതിയില്‍ വീണവര്‍ പലരും ആത്മാഭിമാനം കാരണം മിണ്ടാതിരിക്കും. എന്നാല്‍ അതിനെതിരെ നിയമ യുദ്ധം നടത്തുന്നവരുമുണ്ട്.

ചതി വന്ന വഴി

മകന് വധുവിനെ കണ്ടെത്താനാണ് മലപ്പുറം തിരൂരില്‍ പ്രവര്‍ത്തിക്കുന്ന മാട്രിമോണി സ്ഥാപനത്തെ എറണാകുളം സ്വദേശി സമീപിച്ചത്. 2000 രൂപ ഫീസായി നല്‍കിയ പരാതിക്കാരന് 8 പെണ്‍കുട്ടികളുടെ വിശദാംശങ്ങളാണ് ഏജന്‍സി നല്‍കിയത്. അതില്‍ 7 പെണ്‍കുട്ടികളും നേരത്തെ വിവാഹിതരായിരുന്നു. അവശേഷിച്ച ഒരു പെണ്‍കുട്ടിയുടെ പൂര്‍ണമായ വിവരം നല്‍കിയതുമില്ല. പരാതിക്കാരന്‍ പല പ്രാവശ്യം എതിര്‍കക്ഷിയെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും വിവരങ്ങള്‍ നല്‍കാന്‍ അവര്‍ തയ്യാറായില്ല. ആവശ്യപ്പെട്ട പണം നല്‍കിയിട്ടും സേവനം കൃത്യമായി നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചവരുത്തി എന്നും, ഇതുമൂലം ഏറെ മനക്ലേശവും ധനനഷ്ടവും വന്നുവെന്നും പരാതിപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

ആരാണ് ഉപഭോക്താവ്

2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 2(7) പ്രകാരം, സേവനം തേടുകയോ ലഭിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയും 'ഉപഭോക്താവ്' എന്ന നിര്‍വചനത്തില്‍ പെടുന്നു. പരാതിക്കാരന്‍ വിവാഹ ബ്യുറോയില്‍ അനുയോജ്യരായ യുവതികളുടെ വിവരങ്ങള്‍ തേടി, സേവനം നേടുകയും നിശ്ചിത ഫീസ് അടയ്ക്കുകയും ചെയ്തതിനാല്‍, അയാള്‍ ഒരു 'ഉപഭോക്താവ്' ആയി യോഗ്യത നേടുന്നു. അതിനാല്‍, ഈ പരാതി 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 35 പ്രകാരം നിലനില്‍ക്കുന്നതാണ്.

2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 2(11) പ്രകാരം, 'സേവനത്തിലെ പോരായ്മ'യില്‍ ഉപഭോക്താവിന് നഷ്ടമോ ബുദ്ധിമുട്ടോ ഉണ്ടാക്കുകയോ, സേവന നിലവാരത്തിലെ പോരായ്മ, അപൂര്‍ണ്ണത അല്ലെങ്കില്‍ അപര്യാപ്തത എന്നിവ ഉള്‍പ്പെടുന്നു. ഈ സാഹചര്യത്തില്‍, വിവാഹ ബ്യൂറോ വാഗ്ദാനം ചെയ്ത സേവനങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്നതു സേവനത്തിലെ വ്യക്തമായ പോരായ്മയ്ക്ക് തുല്യമാണ്.

കൂടാതെ, ആ ബ്യൂറോ, ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 2(47) പ്രകാരം അന്യായമായ വ്യാപാര രീതികളില്‍ ഏര്‍പ്പെട്ടു. സേവനത്തിലെ അശ്രദ്ധയോ കാലതാമസമോ ഒരു പോരായ്മയാണ്.

ഉപഭോക്തൃ കോടതിയുടെ കണ്ടെത്തല്‍

മകന് അനുയോജ്യരായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ വിവാഹ ബ്യൂറോയെ സമീപിച്ച പരാതിക്കാരനെ തെറ്റിദ്ധരിപ്പിക്കുകയും ഇതു മൂലം ധനനഷ്ടവും മനക്ലേശവും ഉണ്ടായി എന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ ഇത് അധാര്‍മികമായ വ്യാപാര രീതിയാണ്. ഈ സാഹചര്യത്തില്‍ വിവാഹ ബ്യൂറോ പരാതിക്കാരില്‍ നിന്ന് ഫീസായി വാങ്ങിയ 2000 രൂപ, 7000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവുമുള്‍പ്പടെ 14000 രൂപ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു.

ഉപഭോക്താവിനെ വഞ്ചിച്ചാല്‍ ഏതൊരു സ്ഥാപനത്തിനെതിരെയും കൃത്യമായ തെളിവുകളുണ്ടെങ്കില്‍ ഉപഭോക്തൃ കോടതിയെ സമീപിക്കാവുന്നതാണ്. കോടതിയിലെ നടപടി ക്രമങ്ങള്‍ ലളിതവും സാധാരണക്കാരന് സഹായകമാവുന്നതുമാണ്. അപ്പോള്‍ വഞ്ചിക്കപ്പെട്ടാല്‍ ഉടനെ ഉപഭോക്തൃ കോടതിയെ സമീപിക്കൂ .

ഉപഭോക്ത്യ കോടതിയില്‍ സമീപിക്കുമ്പോള്‍ നല്‍കേണ്ട പരാതിയുടെ പകര്‍പ്പ് താഴെ ക്ലിക്ക് ചെയുക.

Attachment
DOC
consumer court.docx
Download

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com