ദരിദ്രന്റെ വീട്ടിലെ പെണ്‍കുട്ടി അഥവാ വക്കില്‍ ചോര ചിന്തിയ കഥകള്‍; ബുക്കര്‍ പുരസ്കാരം നേടിയ ബാനു മുഷ്താഖിനെക്കുറിച്ച്

ജീവിതം കീറിയെടുത്ത എഴുത്തുകളിലൂടെ ബാനു മുഷ്താഖ് (banu mushtaq) ഇന്ന് ലോകം അറിയുന്ന സാഹിത്യകാരിയായിരിക്കുന്നു
banu mushtaq
ബാനു മുഷ്താഖ്. ദീപ ബസ്തി banu mushtaq PTI
Updated on
2 min read

ജീവിതം കീറിയെടുത്ത എഴുത്തുകളിലൂടെ ബാനു മുഷ്താഖ് (banu mushtaq) ഇന്ന് ലോകം അറിയുന്ന സാഹിത്യകാരിയായിരിക്കുന്നു. കര്‍ണാടകത്തിലെ ഹാസനില്‍ ഒരു തെരുവില്‍ കഴിയുന്ന ആ എഴുത്തുകാരി തന്റെ വീട്ടിലിരുന്ന് കൊളുത്തിയ അക്ഷര ജ്വാല പടര്‍ന്ന് പന്തലിച്ചിരിക്കുകയാണ്. എഴുതുക എന്നത് തന്നെ സംബന്ധിച്ചെടുത്തോളം പോരാട്ടം തന്നെ എന്നാണ് അഭിഭാഷക കൂടിയായ അവര്‍ വ്യക്തമാക്കുന്നത്. ജീവിതത്തിന്റെ പ്രാരംഭഘട്ടത്തില്‍ കൈപ്പുനീര്‍ കുടിച്ച് വളരേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നു. പട്ടിണിയുടെ കൈപ്പുനീരല്ല, മറിച്ച് മതത്തിന്റെ അല്ലെങ്കില്‍ സമുദായത്തിന്റെ ചട്ടക്കൂടുകള്‍ പണിത ആചാര വിശ്വാസങ്ങളുടെ കൈപ്പുനീരായിരുന്നു അവര്‍ക്കു കുടിക്കേണ്ടി വന്നത്.

ആരോഗ്യവകുപ്പിലായിരുന്നു അവരുടെ പിതാവിനു ജോലി. അതുകൊണ്ടുതന്നെ പല പ്രദേശത്തും മാറി മാറി താമസിക്കേണ്ടി വന്നു. ഒരു ഹിന്ദു ക്ഷേത്രത്തില്‍ പോലും അവര്‍ കുട്ടിക്കാലത്ത് പോയിട്ടുണ്ട്, മുസ്ലിം ചട്ടക്കൂടുകള്‍ ഭേദിച്ച് സൈക്കിള്‍ പഠിച്ചിട്ടുമുണ്ട്. അത്രമാത്രം സ്വതന്ത്രമായിരുന്നു അവരുടെ ചിന്തകള്‍.

banu mushtaq
അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്

പുരുഷനോടൊപ്പം തുല്യമായ അവകാശങ്ങളും അധികാരങ്ങളും സ്ത്രീക്കും ഉണ്ടാകണം എന്ന് ജനന നീതി വേദി പ്രവര്‍ത്തക കൂടിയായ ബാനു പറയുന്നു. 1990 കള്‍ക്ക് ശേഷം പ്രസിദ്ധീകരിച്ച കഥകളില്‍ നിന്നും തെരഞ്ഞെടുത്ത 12 കഥകളാണ് അവരെ ബുക്കര്‍ പുരസ്‌കാരത്തിന്റെ നിറവില്‍ എത്തിച്ചത്. ഹാര്‍ട്ട് ലാമ്പ് എന്നാല്‍ ഹൃദയത്തിലെ ദീപം അല്ലെങ്കില്‍ പ്രകാശം. അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ മുസ്ലിം സ്ത്രീകള്‍ക്ക് അനുഭവപ്പെടുന്ന അടിമത്തം ഇല്ലാതാക്കുക എന്നത് എഴുത്തിന്റെ ലക്ഷ്യം തന്നെയാണ്.

തികച്ചും വേറിട്ട നിലയിലാണ് ബാനുവിന്റെ നിരീക്ഷണങ്ങള്‍. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടില്‍ ചെല്ലുന്ന മുസ്ലിം യുവതികള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നാണ് അവര്‍ അന്വേഷിച്ചത്. ഒരു യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയാല്‍ അവള്‍ പാപിയും നിന്ദ്യയുമായിത്തീരുന്നു, അവളെ ഉപേക്ഷിക്കാന്‍ പോലും അത് കാരണമാകുന്നു.

മറ്റു എഴുത്തുകാര്‍ കാണാത്ത കാര്യങ്ങള്‍ അവര്‍ നിരീക്ഷിച്ചു, മറ്റുള്ളവര്‍ ചര്‍ച്ച ചെയ്യാത്ത പ്രമേയങ്ങള്‍ കണ്ടെടുത്തു. വിവാഹം. പ്രസവം, സ്ത്രീധനം എന്നിങ്ങനെയുള്ള അനേകം വിഷയങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അവര്‍ കഥകളിലൂടെ പറഞ്ഞു. ജീവിതം കൊതിയോടെ നോക്കിക്കാണുന്നവരാണ് യുവതലമുറ. എന്നാല്‍ അവര്‍ക്ക് വന്നു പെടുന്നതോ, നൊമ്പരത്തിന്റെ നരകക്കുഴികള്‍. നമ്മുടെ ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യമായ അവകാശങ്ങളും അധികാരങ്ങളും അനുവദിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് ഈ വൈരുദ്ധ്യം സംഭവിക്കുന്നതെന്ന് അവര്‍ ചോദിക്കുന്നു. അതുകൊണ്ടുതന്നെ ദുരിതം പേറുന്ന സ്ത്രീകളുടെ വിമോചനത്തിനായി പൊരുതുക എന്നത് ദൗത്യമായി അവര്‍ കരുതുന്നു

സാമൂഹ്യ അന്യവല്‍ക്കരണം എന്നത് സ്ത്രീകള്‍ സദാ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നമാണ്. ഇത്തരം കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കാനും പരിഹാരം കണ്ടെത്താനും നമ്മുടെ പൊതുപ്രവര്‍ത്തകര്‍ക്ക് കൂടി കഴിയുന്നില്ലെന്ന് അവര്‍ പറയുന്നു. ഞാന്‍ എഴുതുന്നത് സ്ത്രീകള്‍ക്ക് വേണ്ടിയാണെന്ന് പല സന്ദര്‍ഭങ്ങളിലും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആര് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശരി തനിക്ക് ചില സത്യങ്ങള്‍ വിളിച്ചു പറയാനുണ്ടെന്ന് അവര്‍ പറയുന്നു.

ഒരു സ്ത്രീയുടെ ജീവിതം അവള്‍ക്ക് സ്വന്തം ആകണം, ആഗ്രഹിക്കുന്ന തരത്തില്‍ ജീവിതം നയിക്കുവാന്‍ അവര്‍ക്ക് കഴിയണം. ബാനുവിന്റെ കുടുംബത്തില്‍ ആദ്യത്തെ ബിരുദധാരിയാണവര്‍. 'മകളെ ഡോക്ടറാക്കണമെന്നാണ് പിതാവ് ആഗ്രഹിച്ചത് പക്ഷേ ബാനു മുഷ്താക്ക് വക്കീലായി' കോടതി മുറിയില്‍ കണ്ടു മുട്ടിയ കക്ഷികളില്‍ പലരും കഥാപാത്രങ്ങളായി. 'കഥകളില്‍ കാലിക പ്രശ്‌നങ്ങളാണ് അവര്‍ ചര്‍ച്ച ചെയ്തത്. ഹൃദയത്തെ സ്പര്‍ശിച്ച സംഭവങ്ങള്‍ അവര്‍ തീവ്രമായി ആവിഷ്‌കരിച്ചു.

ദരിദ്രന്റെ മകള്‍ പെണ്ണല്ല എന്നത് അവരുടെ ശ്രദ്ധേയമായ കഥയാണ്. വക്കീലായ തന്റെ ജീവിതത്തില്‍ അനുഭവപ്പെട്ട കാര്യങ്ങളാണ് ഈ കഥയില്‍ ആവിഷ്‌കരിച്ചതെന്ന് അവര്‍ സൂചിപ്പിക്കുന്നുണ്ട്. കോടതിയില്‍ ആയാലും നിയമത്തിന്റെ ലോകം ബഹു ചിത്രമാണെന്ന് അവര്‍ പറയുന്നു. വക്കീലും ജഡ്ജിയും കക്ഷികളും ചേര്‍ന്നുള്ള ഒരു സര്‍ക്കസ് കളിയാണ് കോടതിയില്‍ നടക്കുന്നത്. പണക്കാരന്റെ വീട്ടിലെ ചെറുപ്പക്കാര്‍ മാനം കെടുത്തിയ ദരിദ്ര യുവതികളുടെ അനുഭവങ്ങള്‍ തനിക്കുണ്ടായിട്ടുണ്ടെന്ന് അവര്‍ സൂചിപ്പിക്കുന്നു. മാനം കെടുത്തിയ സ്ത്രീയെ വിവാഹം കഴിക്കാന്‍ പുരുഷന്‍ തയ്യാറാകുന്നില്ല. കാരണം അവള്‍ ദരിദ്രയാണ്. ദരിദ്രയുവതികളുടെ മാനത്തിന് വിലയില്ലാതാകുന്നു എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാമൂഹ്യ പ്രശ്‌നങ്ങളില്‍ അരഞ്ഞുതീരുന്നത് സ്ത്രീയുടെ ജീവിതമാണ്.

banu mushtaq
'നിങ്ങളുടെ പുച്ഛവും പരിഹാസവും എനിക്കു മനസ്സിലാവും; പക്ഷേ എനിക്കത് എന്റെ ജീവിതമായിരുന്നു'

സ്വന്തം മകന്റെ ജീവിതം ആ പെണ്ണ് താറുമാറാക്കിയല്ലോ എന്ന് അമ്മ പരിതപിക്കുന്ന രംഗം ഈ കഥയില്‍ വര്‍ണ്ണിക്കുന്നുണ്ട്. ഏതോ കള്ളന്റെ തെറ്റ് തന്റെ മകന്റെ മീതെ കെട്ടിവെക്കാന്‍ നോക്കുകയാണെന്നും അമ്മ പറയുന്നു. മകന്‍ പതുക്കെയാണെങ്കിലും അവള്‍ പറയുന്നത് സത്യമാണെന്ന് അമ്മയോട് പറയുന്നു. തുടര്‍ന്ന് അവനെ രക്ഷിക്കുവാന്‍ വേണ്ടി നടത്തുന്ന ആലോചനകളിലൂടെയാണ് കഥ നീങ്ങുന്നത്. ഒടുവില്‍ ദരിദ്രന്റെ വീട്ടിലെ പെണ്‍കുട്ടി ആയതിന്റെ പേരില്‍ ഒറ്റപ്പെടുന്ന തരത്തിലേക്കാണ് കഥയുടെ അന്തിമ ഭാഗം നീളുന്നത്. അവള്‍ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീപ്പെട്ടി കോലുരക്കുന്നു. തീ ആളിപ്പടരുകയാണ്. ആ തീയില്‍ അവളുടെ ശരീരവും വെന്തുതീരുന്നു. വ്യവസ്ഥയെ സംരക്ഷിക്കാന്‍ യുവതികളെ ബലിയാടാക്കുന്ന മത മൗലിക വാദികളുടെ ക്രൂരമുഖമാണ് ഈ കഥയില്‍ വെളിവാകുന്നത്.

ബാനു മുഷ്താഖിന്റെ കഥകളുടെ പരിഭാഷകനാണ് ലേഖകന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com