

എന്റെ സങ്കല്പത്തിലെ വായനക്കാരനെക്കുറിച്ച് ഒരു കവിത ഒരിക്കല്‍ മനസ്സില്‍ രൂപംകൊണ്ടു.
'നിന്നെ ഞാനോര്‍ക്കുന്നു നീ
പാതിരാത്തീവണ്ടിയില്‍
എന്റെയീരടി മൂളി
ഉറങ്ങാതിരിപ്പുണ്ടാം.'
എന്നായിരുന്നു അവസാനവരി.
തൃപ്തി തോന്നിയില്ല. 'മൂളി' എന്ന വാക്കിന് ശക്തി പോര.
പകരം മറ്റൊരു വാക്ക് കിട്ടിയില്ല.
ആ കവിത മനസ്സില്‍നിന്ന് കുടഞ്ഞുകളയാന്‍
പരമാവധി ശ്രമിച്ചു.
കഴിഞ്ഞില്ല.
എത്ര ആലോചിച്ചിട്ടും ഉചിതമായ വാക്കു കിട്ടുന്നില്ല. ആ കവിത മറന്നുകളയാനുമാകുന്നില്ല.
ഊണിലും ഉറക്കത്തിലും അതുതന്നെയായി ചിന്ത.
ആ വാക്കു കിട്ടുന്നില്ല.
മറ്റൊരുകാര്യവും ചിന്തിക്കാനുമാവുന്നില്ല.
ദിനചര്യകള്‍ തെറ്റി.
ഓഫീസില്‍ പോകാതെ വിജനതകളില്‍ അലഞ്ഞുതിരിഞ്ഞു. ചുമ്മാ തീവണ്ടിയില്‍ കയറി നിലമ്പൂര്‍ക്ക് പോയി.
രാപകല്‍ മദ്യപിച്ചുനോക്കി.
ആ വാക്കു കിട്ടുന്നില്ല.
ഉറക്കമില്ലാതായി.
ഭ്രാന്താവുമോ? ഭയം തോന്നി. വേണ്ട. കവിതയും വേണ്ട ഒരു കോപ്പും വേണ്ട. മനസ്സമാധാനം മതി. ഒന്നുറങ്ങിയാല്‍ മതി.
തണുത്ത വെള്ളത്തില്‍ കുളിച്ചു.
വൈദ്യന്‍ തന്ന എണ്ണ രാത്രിയില്‍ നിറുകയില്‍ വെച്ചു. ഉള്ളംകാലില്‍ പുരട്ടി.
ഒരുവിധം ഉറക്കം ശരിയായി.
ഓഫീസില്‍ പോകാന്‍ തുടങ്ങി.
മുളംകാടുകള്‍ക്കിടയില്‍ മറയുന്ന ചന്ദ്രനെപ്പോലെ, ജോലിത്തിരക്കിനിടയില്‍ കവിതയെക്കുറിച്ചുള്ള ചിന്ത മങ്ങിമറഞ്ഞു.
ഒരുദിവസം രാവിലെ തിരക്കുള്ള ബസ്സില്‍ കമ്പിയില്‍ പിടിച്ചുതൂങ്ങിനിന്ന് ഓഫീസിലേക്കു പോകുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് മനസ്സില്‍ ഇടിമിന്നല്‍പോലെ ആ വാക്ക് ഉദിച്ചു.
കവിത പൂര്‍ത്തിയായി.
'നിന്നെഞാനോര്‍ക്കുന്നു നീ പാതിരാത്തീവണ്ടിയില്‍
എന്റെയീരടി തീണ്ടി
ഉറങ്ങാതിരിപ്പുണ്ടാം.'
'മൂളി' എന്ന വാക്കിനു പകരം 'തീണ്ടി' എന്ന വാക്ക്!
സന്തോഷംകൊണ്ടു ഭ്രാന്തായി. ഇനി മരിച്ചാലും സാരമില്ല എന്നു തോന്നി.
ഉടന്‍ ബസ്സില്‍നിന്നിറങ്ങി. ഓഫീസില്‍ പോകാതെ നേരെ ബാറിലേക്കുപോയി.
വീട്ടില്‍ പോകാതെ മൂന്നുദിവസം ആ സന്തോഷം ആഘോഷിച്ചു.
മദ്യശാലകളിലെയും തെരുവിലെയും സുഹൃത്തുക്കളെയും പരിചയക്കാരെയും മാത്രമല്ല, അപരിചിതരെപ്പോലും ആ കവിത ചൊല്ലിക്കേള്‍പ്പിച്ച് ബോറടിപ്പിച്ചു.
ഇതൊന്നും നിങ്ങള്‍ വിശ്വസിക്കില്ലെന്നറിയാം.
നിങ്ങളുടെ പുച്ഛവും പരിഹാസവും എനിക്കു മനസ്സിലാവും.
ആ വാക്കും ആ കവിതയും എന്റെ ഉന്മാദവുമൊക്കെ തീര്‍ച്ചയായും ലോകത്തിനു നിസ്സാരമായിരിക്കും.
പക്ഷേ എനിക്കത് എന്റെ ജീവിതമായിരുന്നു.
ലോകത്തിലെ ഏത് അവാര്‍ഡിനേക്കാളും വിലപ്പെട്ട ആനന്ദം.
(കവിത: ആരോ ഒരാള്‍)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates