'പാർട്ടി അവരെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു; ആ തെറ്റിൽ നിന്ന് കൈ കഴുകാനാവില്ല'

പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്ന, അല്ലെങ്കിൽ നിരുത്സാഹപ്പെടുത്താത്ത സമീപനമായിരുന്നു പാർട്ടിയുടേതെങ്കിലും അത് വിവാഹവുമായി ബന്ധപ്പെടുത്തിയുള്ളതാകണമെന്ന വ്യവസ്ഥാപിത ധാരണ തന്നെയായിരുന്നു കമ്യൂണിസ്റ്റു പാർട്ടിക്കും ഉണ്ടായിരുന്നത്
TV Thomas and KR gowri
ടി വി തോമസ് കെ ആര്‍ ഗൗരിയമ്മ
Updated on
2 min read

കമ്യൂണിസ്റ്റുപാർട്ടി കേരളത്തിലെ ജനജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് പഠിക്കുക എനിക്കേറ്റവും കൗതുകവും താല്പര്യവുമുള്ള കാര്യമാണ്. സമ്പദ്ഘടനയിലും സാമൂഹികബന്ധങ്ങളിലും പാർട്ടി ചെലുത്തിയ സ്വാധീനം പഠിക്കാൻ പല തരത്തിലുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ സ്ത്രീപുരുഷബന്ധത്തെക്കുറിച്ചുള്ള പാർട്ടിയുടെ കാഴ്ചപ്പാട് കാര്യമായ അന്വേഷണങ്ങൾക്ക് വിധേയമായിട്ടുണ്ടെന്ന് തോന്നുന്നില്ല.

കമ്യൂണിസ്റ്റുപാർട്ടിയുടെ പഴയകാലത്തെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമായി പഴയ രഹസ്യരേഖകൾ, പൊലീസ് റെക്കോഡുകൾ, പ്രവർത്തകരുടെയും നേതാക്കളുടെയും കത്തുകൾ, ഡയറികൾ, പഴയ പത്രങ്ങൾ, ആനുകാലികങ്ങൾ, ലഘുലേഖകൾ തുടങ്ങിയവ പരിശോധിക്കുമ്പോഴും പാർട്ടി പ്രവർത്തകർ, നേതാക്കൾ, അനുഭാവികൾ, പാർട്ടിയുടെ വിമർശകർ, ശത്രുക്കൾ തുടങ്ങിയവരുമായി സംസാരിക്കുമ്പോഴും, പാർട്ടിക്കുള്ളിൽ പ്രവർത്തകർ തമ്മിൽ മനുഷ്യവ്യക്തികൾ എന്ന നിലയിൽ നിലനിന്ന ബന്ധങ്ങളെക്കുറിച്ച്, സ്ത്രീപുരുഷ ബന്ധത്തെയും സദാചാരത്തെയും കുറിച്ചുള്ള വ്യവസ്ഥാപിത ധാരണകളെ പാർട്ടി എങ്ങനെ സമീപിച്ചു എന്നതിനെക്കുറിച്ചൊക്കെ അറിയാൻ ശ്രമിച്ചിട്ടുണ്ട്. സ്ത്രീപുരുഷബന്ധങ്ങളെ കുറിച്ചുള്ള പരമ്പരാഗത സങ്കല്പങ്ങൾ അഴിച്ചുപണിയാൻ പാർട്ടിക്ക് കഴിഞ്ഞില്ല. പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്ന, അല്ലെങ്കിൽ നിരുത്സാഹപ്പെടുത്താത്ത സമീപനമായിരുന്നു പാർട്ടിയുടേതെങ്കിലും അത് വിവാഹവുമായി ബന്ധപ്പെടുത്തിയുള്ളതാകണമെന്ന വ്യവസ്ഥാപിത ധാരണ തന്നെയായിരുന്നു കമ്യൂണിസ്റ്റു പാർട്ടിക്കും ഉണ്ടായിരുന്നത്. അതിൻ്റെ ഇരകളായ ദുരന്തനായകരായിരുന്നു ടി.വി തോമസും ഗൗരിയമ്മയും. ടി.വി തോമസും ഗൗരിയമ്മയും തമ്മിലുള്ള ബന്ധത്തെ മുൻനിർത്തി, കമ്യൂണിസ്റ്റ് പാർട്ടിയും ലൈംഗിക സദാചാരവും എന്ന വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള സമഗ്രമായ ഒരു പഠനത്തിന് സാധ്യതയുണ്ട്.

TV Thomas and KR gowri
ടി വി തോമസ് കെ ആര്‍ ഗൗരിയമ്മ എന്നിവരുടെ വിവാഹ ക്ഷണപത്രിക

വിവാഹം നടക്കുമ്പോൾ ടി.വിയ്ക്ക് 47 വയസ്സുണ്ട്. ഗൗരിയമ്മയ്ക്ക് 38. ഏതാണ്ട് 1949 മുതൽ ഗൗരിയമ്മയും ടിവിയും തമ്മിൽ ബന്ധമുണ്ട്. വിവാഹം എന്ന താല്പര്യമുണ്ടായിരുന്നെങ്കിൽ ഒളിവു ജീവിതത്തിൻ്റെ അനിശ്ചിതത്വങ്ങൾ ഒഴിഞ്ഞ 52 മുതൽ എന്നു വേണമെങ്കിലും അതാകാമായിരുന്നതേയുള്ളൂ. 57 ൽ രണ്ടു പേരും മന്ത്രിമാരായതിനു ശേഷം പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദം മൂലമാണ് ടി.വിയും ഗൗരിയമ്മയും വിവാഹിതരായത്.

ടിവിയും ഗൗരിയമ്മയും വിവാഹം കഴിക്കണമെന്ന കാര്യത്തിൽ പാർട്ടി നേതാക്കളിൽ പലർക്കും, പ്രത്യേകിച്ച് ആലപ്പുഴയിൽ നിന്നുള്ളവർക്ക് നിർബ്ബന്ധമുണ്ടായിരുന്നു. ടി.വി പങ്കെടുക്കാത്ത സംസ്ഥാന കൗൺസിൽ യോഗങ്ങളിൽ വിഎസ് അച്ചുതാനന്ദൻ ഇക്കാര്യം സ്ഥിരമായി ഉന്നയിക്കാറുണ്ടായിരുന്നു. പ്രധാനപ്പെട്ട രണ്ട് പാർട്ടിനേതാക്കൾ തമ്മിലുള്ള ബന്ധം വലിയ ഒരു സദാചാരപ്രശ്നമായാണ് ഒരു വിഭാഗം പാർട്ടി നേതാക്കളെങ്കിലും കണ്ടത്. ഗൗരിയമ്മയുടെ വീട്ടിൽപോയി വിവാഹത്തെക്കുറിച്ച് സംസാരിക്കാൻ പാർട്ടി സംസ്ഥാനകൗൺസിൽ അച്ചുതമേനോനെ നിയോഗിക്കുകയായിരുന്നു.

വിവാഹം എന്ന ചങ്ങലയിൽ ബന്ധിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ടിവിയും ഗൗരിയമ്മയും തമ്മിലുള്ള ബന്ധം ഊഷ്മളമായി തുടരുകയും രണ്ടുപേരുടെയും ജീവിതത്തിൽ അനാവശ്യമായ സംഘർഷങ്ങൾ ഒഴിവാകുകയും ചെയ്യുമായിരുന്നു എന്നാണ് എൻ്റെ വിശ്വാസം. യാഥാസ്ഥിതിക സമൂഹത്തിൻ്റെ സദാചാര ശാസനകളെ കമ്യൂണിസ്റ്റ് പാർട്ടി ശിരസാ വഹിച്ചതിൻ്റെ ദുരന്തഫലമാണ് ടി.വി തോമസിൻ്റെയും ഗൗരിയമ്മയുടെയും വ്യക്തിജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ. മറ്റുള്ളവർ എന്തു പറയും എന്ന് ഭയന്നു ജീവിച്ചവരല്ല ടിവിയും ഗൗരിയമ്മയും.

കള്ളു കുടിക്കുന്നത് ഒളിച്ചുവയ്ക്കുകയും സദാചാരത്തിൻ്റെ വിശുദ്ധളോഹ അണിഞ്ഞു നടക്കുകയും ചെയ്ത കാപട്യക്കാരനായിരുന്നില്ല ടി വി സദാചാരഭീതിയും ഉത്കണ്യുഠയുമുള്ള ആളായിരുന്നില്ല ഗൗരിയമ്മയും. അത്തരത്തിൽ ധീരരായിരുന്ന രണ്ടു വിപ്ലവകാരികളെപ്പോലും യാഥാസ്ഥിതികത്വത്തിൻ്റെ കൂട്ടിലടച്ചു എന്ന തെറ്റിൽനിന്ന് കൈ കഴുകി രക്ഷപ്പെടാൻ കമ്യൂണിസ്റ്റുപാർട്ടിക്ക് കഴിയില്ല.

ഇന്ന് ( മാർച്ച് 26) സ. ടി വിയുടെ ഓർമ്മദിനം.

(സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പ് അനുമതിയോടെ പ്രസിദ്ധീകരിക്കുന്നു)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com