

നെറ്റ്ഫ്ലിക്സിൽ ‘അഡോളസെൻസ്’ എന്നൊരു മിനി സീരീസുണ്ട്. ആരും അത് കാണരുത്. പ്രത്യേകിച്ചും മാതാപിതാക്കൾ. കാരണം, അത് നിങ്ങളെ നിസഹായരാക്കും. നിങ്ങളുടെ ചിന്തകളെ ദിവസങ്ങളോളം മഥിക്കും. മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങൾ നിങ്ങൾക്ക് തന്നെ മാർക്കിടാൻ ഒരുമ്പെടും. ആവറേജ് പോലും കിട്ടാതെ നിങ്ങൾ തോറ്റു പോകും. എന്നിട്ട് അത് നിങ്ങളുടെ തെറ്റല്ലാ എന്ന് സ്വയം സമാധാനിക്കാൻ ശ്രമിക്കും. ഇന്നത്തെ കാലത്തെയും കുട്ടികളെയും മൊത്തം കുറ്റം പറയും. അല്ലെങ്കിൽ അച്ഛനുമമ്മമാർ പരസ്പരം ആശ്വസിപ്പിക്കുകയോ പഴി ചാരുകയോ ചെയ്യും.
എന്തൊക്കെ ചെയ്താലും ചിലപ്പോൾ, ഒരു നിമിഷത്തേക്കെങ്കിലും ജെയ്മിയുടെ അച്ഛൻ എഡ്ഡിയെ പോലെ, അവൻ്റെ കട്ടിലിൽ അവൻ്റെ പാവയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് കൊണ്ട് നിങ്ങൾ പറഞ്ഞു പോയേക്കും, ‘അയാം സോറി. എനിക്ക് കുറച്ച് കൂടി നല്ലൊരു അച്ഛനാകാമായിരുന്നല്ലോ എന്ന്’. അതുകൊണ്ട് കാണരുത്.
‘അഡോളസൻസ്’ ഒരു കുറ്റാന്വേഷണ സീരീസാണ്. 13 വയസ്സുള്ള ജെയ്മി മില്ലർ എന്ന കൗമാരക്കാരൻ തന്റെ സ്കൂൾ സഹപാഠിയായ ഒരു പെൺകുട്ടിയെ കുത്തിക്കൊന്നു. ആര് കൊന്നു, എങ്ങനെ കൊന്നു എന്നതൊന്നുമല്ല സീരീസ് ചർച്ച ചെയ്യുന്നത്. അതൊക്കെ ആദ്യ എപ്പിസോഡിൽ തന്നെ കാണിച്ചു തരുന്നുണ്ട്. എന്തിന് കൊന്നു, വാട്ട് വാസ് ദി മോട്ടീവ്, എന്നതിനെ പറ്റിയുള്ള അന്വേഷണമാണിത്.
സഹപാഠിയെ പ്ലാൻ ചെയ്ത് കൊലപ്പെടുത്തുന്ന കൗമാരക്കാരെ ഓർത്ത് മലയാളികൾക്കിന്ന് അത്ഭുതമൊന്നും തോന്നില്ല. കാരണം, കൺമുന്നിൽ നമ്മളത് കണ്ട് കഴിഞ്ഞു. പരസ്പരം ബന്ധമില്ലെങ്കിലും നിസാരമെന്ന് പുറത്ത് നിന്ന് കാണുന്നവർക്ക് തോന്നുന്ന ഒരു മോട്ടീവാണ് രണ്ടിടത്തും. പക്ഷെ അവരുടെ ലോകത്ത്, അവർക്കത് നിസാരമല്ല എന്ന് നമുക്ക് മനസിലാകുന്നില്ല. ശരിക്കും അവരുടെ ലോകം തന്നെ നമുക്ക് മനസിലാക്കാൻ പ്രയാസമുള്ള ഒന്നാണ് എന്നതാണ് സത്യം.
ഇത് വായിക്കുന്ന എത്ര പേർക്ക് ഞാനിനി പറയുന്ന സംഗതികളുടെ അർത്ഥമോ നിർവചനങ്ങളോ ഇതൊക്കെ ആരാണെന്നോ എന്താണെന്നോ അറിയാമെന്ന് പറയണം.
ഈ സീരീസ് കാണും വരെ എനിക്കറിയില്ലായിരുന്നു ഇവയൊന്നും. എനിക്ക് മാത്രമല്ല, സീരിസിലെ മുതിർന്ന കഥാപാത്രങ്ങൾക്കൊന്നും അറിയില്ലായിരുന്നു എന്നതാണ് വാസ്തവം. ലോകം മുഴുവൻ കോടിക്കണക്കിന് വരുന്ന കൗമാരക്കാരെ സ്വാധീനിക്കുന്ന വിചിത്രമായ ഫിലോസഫികളും അവയുടെ ഭാഗമായ ചില പ്രയോഗങ്ങളും ഒക്കെയാണിവ. വിദ്വേഷം കലർന്ന സ്ത്രീവിരുദ്ധതയാണ് ഇതിൻ്റെയെല്ലാം ആണിക്കല്ല്. സീരീസിൻ്റെ രണ്ടാം എപ്പിസോഡിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ മകനാണ് ഈ പുതിയകാല സോഷ്യൽ മീഡിയ ഭാഷയുടെ അർത്ഥം അയാൾക്ക് പറഞ്ഞ് കൊടുക്കുന്നതും കൊലപാതകത്തിൻ്റെ മോട്ടീവിലേക്ക് ക്ലൂ കൊടുക്കുന്നതും.
മൂന്നാമത്തെ എപ്പിസോഡിൽ, പ്രതിയായ ജെയ്മിയും സൈക്കോളജിസ്റ്റ് ബ്രയോണിയും തമ്മിലുള്ള ദീർഘ സംഭാഷണമാണ് ഉള്ളത്. ഒരു പതിമൂന്ന് കാരൻ്റെ മനസിനെ മേൽപ്പറഞ്ഞ പ്രാകൃതമായ കാഴ്ചപ്പാടുകൾ എത്ര കണ്ട് സ്വാധീനിച്ചു എന്നത് സങ്കടത്തോടെയേ കണ്ടിരിക്കാൻ പറ്റൂ. സീരീസിലെ ഏറ്റവും നിലവാരമുള്ള സെഗ്മെൻ്റാണ് ഈ എപ്പിസോഡ്. ചില സോഷ്യൽ മീഡിയ സർക്കിളുകളിലെ സ്ത്രീവിരുദ്ധതയുടെ ആഴം, മാനോസ്ഫിയർ സംസ്കാരം, കുട്ടികളിൽ ഇവയുടെ വിഷലിപ്തമായ സ്വാധീനം ഒക്കെ എത്ര ഭീകരമാണെന്ന് കണ്ടാൽ മനസിലാവും.
നാലാമത്തെ ഭാഗത്തിലാണ് പ്രധാനമായും ജെയ്മിയുടെ ഫാമിലി വരുന്നത്. ഒരു വർഷത്തിലധികമായി കൊലക്കേസിൽ പ്രതിയായി വിചാരണ നേരിടുന്ന കൗമാരക്കാരൻ്റെ കുടുംബത്തിലെ ഇഴയടുപ്പങ്ങളും ശൈഥില്യങ്ങളും നിസഹായതകളും വളരെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട് ഇതിൽ. എപ്പോഴും സ്വന്തം മുറിയുടെ അടഞ്ഞ വാതിലിന് പിറകിൽ കമ്പ്യൂട്ടറിന് മുന്നിൽ മാത്രം ജീവിച്ച മകനെ പറ്റി മാൻഡ എന്ന അമ്മ കുറ്റബോധത്തോടെ ഓർക്കുന്നുണ്ട്. അവൻ്റെ ഒറ്റപ്പെടലുകൾ ഒന്നും അന്ന് അവർക്ക് തിരിച്ചറിയാനായില്ല. അതുപോലെ തന്നെ അച്ഛനും സഹോദരിയും. അവന് അവൻ്റെ ലോകം അവർക്ക് അവരുടേതും. ഇപ്പോൾ, പുറമേ ചിരിക്കുകയും ബർത്ത്ഡേ ആഘോഷിക്കുകയും സിനിമ കാണുകയും ഒക്കെ ചെയ്യുന്ന, എന്നാൽ ഒറ്റക്കാവുമ്പോൾ അറിയാതെ പൊട്ടിക്കരഞ്ഞു പോകുന്ന കുറച്ച് മനുഷ്യരുള്ള ഒരു വീടായി മാറി അത്.
ഈ സീരീസിനെ ഇത്രയും മനോഹരമാക്കുന്നത് യാഥാർത്ഥ്യ ബോധത്തോടെയുള്ള സ്ക്രിപ്റ്റും അഭിനേതാക്കളുടെ ഗംഭീര പ്രകടനങ്ങളും സിംഗിൾ ഷോർട്ട് സീനുകളുമാണ്. ജെയ്മിയെ അവതരിപ്പിച്ച ഓവൻ കൂപ്പർ എന്ന കുട്ടി, ഒരു പ്രതിഭാസമാണ്. മൂന്നാമത്തെ എപ്പിസോഡിൽ ഒരു പതിമൂന്നുകാരൻ്റെ ദേഷ്യം, വെറുപ്പ്, സങ്കടം, നിഷ്കളങ്കത, നിസഹായത, ദുർബലത, ഭയം തുടങ്ങി എന്തുമാത്രം വികാരങ്ങളാണ് അവൻ ഒറ്റ സ്ട്രെച്ചിൽ ചെയ്ത് വച്ചിരിക്കുന്നത്. നാളത്തെ ഡികാപ്രിയോ ആണവൻ. അച്ഛനായി അഭിനയിച്ച, സീരീസിൻ്റെ എഴുത്തുകാരൻ കൂടിയായ സ്റ്റീഫൻ ഗ്രഹാം മറ്റൊരു പ്രതിഭ.
അത്ഭുതത്തോടെ കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ് ഓരോ എപ്പിസോഡും സിംഗിൾ ഷോർട്ട് ആണെന്ന കാര്യം. കാണുന്ന നമ്മളെക്കൂടി ഒപ്പം കൂട്ടിക്കൊണ്ട് പോകുന്ന ക്യാമറാ മാജിക് ഗംഭീരം. കഥാപാത്രങ്ങളോടും സാഹചര്യങ്ങളോടും നമ്മൾ അത്രയും കണക്റ്റഡ് ആവുന്നതിന് കാരണം ഇത് തന്നെ.
മനുഷ്യരാശിയുടെ ചരിത്രത്തിൽ തീയുടെ കണ്ടുപിടിത്തത്തിന് എത്ര പ്രാധാന്യമുണ്ടോ അത്രത്തോളം പ്രാധാന്യമുണ്ട് ഇൻ്റർനെറ്റിൻ്റെ കണ്ടുപിടിത്തത്തിന്. കാരണം അതുവരെയുള്ള മനുഷ്യ ജീവിതത്തെ ഇത്രകണ്ട് മാറ്റി മറിച്ച കണ്ടുപിടിത്തങ്ങൾ വേറെയുണ്ടാവില്ല. പക്ഷെ, രണ്ടും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ‘പൊള്ളും’. ഇൻ്റർനെറ്റ് വഴി ഇന്നത്തെ കുട്ടികൾ (മുതിർന്നവരും) ലോകത്തോട് മൊത്തം കണക്റ്റഡ് ആയിരിക്കുകയും എന്നാൽ സ്വന്തം വീട്ടിലുള്ളവരോട് ഡിസ്കണക്റ്റഡ് ആയിരിക്കുകയും ചെയ്യുന്ന ദുരവസ്ഥ കൂടി കാണാതെ പോകരുത്.
ഈ സീരീസ് കാണരുതെന്ന് ഞാൻ ആദ്യം പറഞ്ഞത് കാര്യമാക്കണ്ട. കാണണം. എല്ലാവരും കാണണം. നൂറ് പാരൻ്റിംഗ് ക്ലാസുകൾ അറ്റൻഡ് ചെയ്യുന്നതിലും വലിയ ഒരു പാഠമായിരിക്കും ഈ സീരീസ്. കാരണം, അത് നിങ്ങളെക്കൊണ്ട് തന്നെ ചിലപ്പോൾ നിങ്ങളെ തിരുത്തും.
(സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പ് അനുമതിയോടെ പ്രസിദ്ധീകരിക്കുന്നു)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates